
ഹൃദയം ഒരു താമരയിതൾ പോൽ വിറച്ചു നിൽക്കുന്നു
അവിടെ നിന്ന് നൊമ്പരച്ചോര ഇറ്റു വീഴുന്നു.
ഓരോ തുള്ളിയും ബന്ധനത്തിൻ്റെ മായരൂപം
ഉടലെടുത്തും ഒടുങ്ങിയും പോകുന്ന സത്യങ്ങൾ
അവ മണ്ണിൽ ചേരുമ്പോൾ അറിവായ്
ആഴമാർന്ന ഉണർവ്വിൻ വെളിച്ചം നിറയുന്നു
ദുഃഖത്തിന് വേരില്ല ഒരൊഴുക്ക് മാത്രമാണ്
ആ ഒഴുക്ക് നിലയ്ക്കുമ്പോൾ നിർമ്മലത പിറക്കുന്നു
ഇറ്റുപോയതെല്ലാം മിഥ്യയുടെ അവശേഷിപ്പുകൾ
ബാക്കിയായതോ ഉണ്മയുടെ നിശ്ശബ്ദത മാത്രം
മൗനം ഒരു ആഴിയാകുന്നു
അലകളില്ലാത്തത്
അവിടെ ചിന്തകൾ ചെന്ന് അലിഞ്ഞു ചേരുന്നു