
ന്യൂജേഴ്സി: അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയായ 'നാമം ' ( NAMAM ) ത്തിൻ്റെ പതിനഞ്ചാം സ്ഥാപക വാർഷികദിനാഘോഷങ്ങൾ നാമത്തിന്റെ സ്ഥാപക അംഗമായിരുന്ന യശ:ശരീരയായ സുധാ നാരായണന്റെ ദീപ്ത സ്മരണകൾക്കായി സമർപ്പിക്കുമെന്ന് നാമം ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ അറിയിച്ചു.
2017 ൽ വിടപറയുന്നതു വരെ സംഘടനയുടെ നെടുംതൂണായി വർത്തിച്ചിരുന്ന സുധാ നാരായണന്റെ സമർപ്പണവും നേതൃപാടവവും കലാഭിമുഖ്യവും നാമത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങളെ രൂപപ്പെടുത്തുന്നതിൽ ഗണ്യമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
കലാരംഗത്തിന് അവർ നൽകിയിട്ടുള്ള സംഭാവനകളും പുലർത്തിയ പ്രതിബദ്ധതയും വിലമതിക്കാനാവാത്തതാണ്. ഇന്ത്യൻ ക്ലാസിക് കലാപാരമ്പര്യങ്ങളുടെയും പൈതൃകങ്ങളുടെയും കടുത്ത ആരാധികയായിരുന്ന സുധാ നാരായണൻ ആത്മീയ ഉത്കർഷം ഉള്ള വ്യക്തിത്വവുമായിരുന്നു. യുവ കലാകാരൻമാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായി ഒട്ടേറെ കലാപരിപാടികൾ ആസൂത്രണം ചെയ്ത് സുധാ നാരായണൻ അവതരിപ്പിച്ചിരുന്നു.
സംസ്കാരവും പാരമ്പര്യവും സേവന തല്പരതയും സമന്വയിക്കുന്ന കലാപ്രകടനങ്ങളുടെ ത്രസിപ്പിക്കുന്ന വേദിയായി നാമം ആഘോഷങ്ങളെ അവർ മാറ്റിയെടുത്തിരുന്നു. നാമത്തിന്റെ പ്രഖ്യാപിതമായ ആദർശങ്ങളും സത്തയും ഉൾക്കൊണ്ട് മാർഗ്ഗദർശിയും സംയോജക യുമായി പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച സുധാ നാരായണൻ നാമത്തെ സംബന്ധിച്ച് സ്മരണകളിൽ എക്കാലവും ജ്വലിക്കുന്ന മാർഗ്ഗദീപമായിരിക്കുമെന്ന് നാമം പ്രസിഡൻ്റ് പ്രദീപ് മേനോൻ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് എബ്രഹാം, കൾച്ചറൽ ചെയർ മാലിനി നായർ, ട്രസ്റ്റി ബോർഡ് ചെയർ ഗീതേഷ് തമ്പി എന്നിവർ അറിയിച്ചു.
2010 മുതല്‍ നോർത്ത് അമേരിക്കയില്‍ സജീവമായ 'നാമം ' സാമൂഹിക-സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ സംഘടനയാണ്. 'നാമം ' സംഘടിപ്പിച്ചു വരുന്ന എക്സല്ലൻസ് അവാർഡ് നൈറ്റ് , സ്പ്രിംഗ് ഫെസ്റ്റിവെൽ , ജീവകാരുണ്യ സന്നദ്ധ സേവനങ്ങൾ പോലുള്ള മികച്ച പരിപാടികൾ പ്രവാസി സമൂഹത്തിൻ്റെ സവിശേഷ ശ്രദ്ധയാകർഷിച്ചു വരുന്നു. https://www.namam.org