
ഹാലോവീൻ ആഘോഷത്തിനിടയിൽ വെള്ളിയാഴ്ച്ച രാത്രി ന്യൂ ജേഴ്സി പാറ്റേഴ്‌സണിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ തീ പിടിത്തത്തിൽ കൊല്ലപ്പെട്ടു. 14, 12, 7 വയസുള്ള മൂന്നു കുട്ടികളുടെ ജഡങ്ങൾ ബാത്റൂമിലാണ് കണ്ടെത്തിയത്. 38 വയസുള്ള മാതാപിതാക്കളാണ് മരിച്ച മറ്റു രണ്ടു പേർ. വീടിന്റെ രണ്ടാം നിലയിലാണ് ജഡങ്ങൾ കണ്ടെത്തിയത്.
കുടുംബനാഥൻ പലസ്തീൻ വംശജൻ ആണെന്നും അസംബ്ലി അംഗമായ അബ്ദൽ അസീസിന്റെ ബന്ധുവാണെന്നും മേയർ ആന്ദ്രേ സയാഗ് പറഞ്ഞു. അഗ്നിസേനാ വകുപ്പിലും കുടുംബത്തിനു ബന്ധുക്കളുണ്ട്.
രാത്രി 10 മണിയോടെയാണ് തീ പിടിത്തം ഉണ്ടായതെന്നു 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നു. കാരണം വ്യക്തമല്ലെന്ന് ഫയർ ഫോഴ്സ് മേധാവി അലെജാന്ദ്രോ അലീഷ്യ പറഞ്ഞു.
"ഏറെക്കാലത്തിനിടയിൽ കണ്ട ഏറ്റവും വലിയ ദുരന്തം," അലീഷ്യ പറഞ്ഞു. "വല്ലാത്തൊരു ദുരന്തം എന്നേ പറയാനുള്ളൂ."
പൂർണമായി കത്തിക്കരിഞ്ഞ വീട് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നു.
രണ്ടാം നിലയിൽ ഉണ്ടായ അഗ്നിബാധ ശക്തമായ കാറ്റു മൂലം പെട്ടെന്ന് മുകളിലേക്ക് പടർന്നതാണെന്നു കരുതുന്നതായി അലീഷ്യ പറഞ്ഞു. ഒരു ഫയർ ക്യാപ്റ്റനും ഒരു സേനാ അംഗവും ആശുപത്രിയിലായി.
ദുരന്തത്തിനിരയായ കുടുംബത്തിലെ അംഗങ്ങൾ വളരെ നല്ല മനുഷ്യർ ആയിരുന്നുവെന്നു അയൽവാസികൾ സി ബി എസിൽ പറഞ്ഞു.
അന്വേഷണം തുടരുമ്പോൾ, എന്തെങ്കിലും അട്ടിമറി നടന്നതായി സംശയിക്കാൻ കാരണം കണ്ടിട്ടില്ലെന്നു അലീഷ്യ പറഞ്ഞു.
5 of family perish in NJ blaze