
മുകളിൽ മുരണ്ടുകൊണ്ടിരുന്ന ഫാനിൽ നോക്കിക്കിടന്നുകൊണ്ട് തളർച്ച ബാധിച്ച ശബ്ദത്തിൽ കെ ജെ ജോയ് പാടുന്നു: "ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തിൽ സ്നേഹബന്ധം, ഈ സ്നേഹബന്ധം ഈ ലോക യാഥാർഥ്യമേ..."
പല്ലവി പാടി നിർത്തിയ ശേഷം കിടക്കയിൽ നിന്ന് തല ചെരിച്ച് ഞങ്ങളെ നോക്കി അദ്ദേഹം. എന്നിട്ട് വിഷാദം കലർന്ന പുഞ്ചിരിയോടെ പറഞ്ഞു: "നിങ്ങൾ ചോദിച്ചില്ലേ ആരെങ്കിലും കാണാൻ വരാറുണ്ടോ എന്ന് ? അതിനുള്ള മറുപടിയാണിത്.."
ചിരിയുടെ അലയൊലികൾ നിറഞ്ഞ അന്തരീക്ഷത്തിൽ പൊടുന്നനെ നേർത്ത വിഷാദം പടർന്ന പോലെ. "അധികമാരും വരാറില്ല ഇവിടെ. സിനിമാക്കാർ പ്രത്യേകിച്ചും. സുശീലാമ്മയും വാണി ജയറാമും ഇടക്ക് വിളിക്കും. അവർക്ക് കുറച്ചു നല്ല പാട്ടുകൾ കൊടുത്തിട്ടുണ്ടല്ലോ ഞാൻ." -- താളനിബദ്ധമായ ഈണങ്ങളാൽ മലയാള സിനിമയുടെ ഒരു കാലത്തെ യൗവനദീപ്തമാക്കിയ സംഗീത സംവിധായകൻ പറഞ്ഞു. "മതി, അത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ. മുന്നിൽ നിന്ന് ചിരിക്കുന്നവരുടെയും പിന്നിൽ നിന്ന് കുത്തുന്നവരുടെയും ലോകമാണ് സിനിമ. സലിൽ ചൗധരി, എം എസ് വി എന്നിവരെ പോലുള്ള നല്ല മനുഷ്യർ വളരെ അപൂർവം..'' തുറന്നിട്ട ജനാലയിലൂടെ, കൽപനാ ഹൗസിന്റെ വിശാലമായ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന മരങ്ങളെ നിർവികാരനായി നോക്കിക്കിടന്നു ജോയ്.
ജോയിയുമായി ചെന്നൈയിലെ വസതിയിൽ വെച്ചുള്ള അവസാന കൂടിക്കാഴ്ച്ചയിൽ നിന്ന് ഇന്നും ഓർമ്മയിൽ അവശേഷിക്കുന്ന ഹൃദയസ്പർശിയായ നിമിഷം. ടെലിവിഷൻ പരിപാടി ചിത്രീകരിക്കാൻ ചെന്നതാണ് ഞങ്ങൾ. പൂർണ്ണമായും ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. ഒരു പക്ഷാഘാതത്തിന്റെ തിക്തഫലം.
"ചന്ദനച്ചോല" (1975) യിൽ യേശുദാസ് ഭാവാർദ്രമായി പാടിയ ഗാനത്തിന്റെ ആദ്യവരി വീണ്ടുമൊരിക്കൽ കൂടി പാടി ജോയ്; ഇത്തവണ കൈകൾ രണ്ടും ഉയർത്തിക്കൊണ്ട്. "ഗസൽ പോലെ കംപോസ് ചെയ്യണം എന്നോർത്ത് ചെയ്ത പാട്ടാണ്. എഴുതി ട്യൂൺ ചെയ്തതാണ് എന്നാണോർമ്മ. ഒരു പുതിയ എഴുത്തുകാരനായിരുന്നു ...." മുപ്പത്ത് രാമചന്ദ്രൻ എന്ന പേര് ഓർമ്മിപ്പിച്ചപ്പോൾ കിടന്നുകൊണ്ടുതന്നെ കൈകൂപ്പി ജോയ്. "എത്ര അർത്ഥവത്തായ വരികൾ. ഇറ്റ്സ് എബൌട്ട് ലൈഫ്..." നിമിഷനേരത്തെ മൗനത്തിന് ശേഷം ഒരു ചോദ്യം കൂടി: "പറയൂ, ചന്ദനച്ചോലയിലെ ഏത് പാട്ടാണ് മോശം ?"
ശരിയാണ്. പ്രണയവും പ്രേതവും അടിപിടിയും മെലോഡ്രാമയുമൊക്കെയുള്ള ഒരു സാധാരണ തട്ടുപൊളിപ്പൻ പടം. പക്ഷേ "ചന്ദനച്ചോല"യിലെ പാട്ടുകൾ മിക്കതും സൂപ്പർ ഹിറ്റായിരുന്നു. വിൻസന്റും സുധീറും വിധുബാലയും അഭിനയിച്ച ഈ ജേസിച്ചിത്രം ഇന്ന് ഓർക്കപ്പെടുന്നതുപോലും ആ പാട്ടുകളിലൂടെയല്ലേ ? ബിന്ദൂ നീ ആനന്ദ ബിന്ദുവോ ( സുശീല), ബിന്ദൂ നീയെൻ ജീവബിന്ദുവോ (സുശീല), മണിയാൻചെട്ടിക്ക് മണി മിട്ടായി (യേശുദാസ്, സദൻ), മുഖശ്രീ കുങ്കുമം ചാർത്തുമുഷസ്സേ (യേശുദാസ്), ലവ്ലി ഈവനിംഗ് (വാണിജയറാം)... ഗാനരചയിതാക്കളായി സാക്ഷാൽ വയലാറും ഡോ ബാലകൃഷ്ണനും പുതുമുഖങ്ങളായ കോന്നിയൂർ ഭാസും മുപ്പത്ത് രാമചന്ദ്രനും. ഇക്കൂട്ടത്തിൽ മുപ്പത്തിന്റെ ഗാനം എല്ലാം കൊണ്ടും വേറിട്ട് നിന്നു. വരികളുടെ ഭാവതീവ്രതക്ക് ഇണങ്ങുന്ന ഈണവും ആലാപനവും കൂടി ചേർന്നപ്പോൾ മറക്കാനാവാത്ത അനുഭവമായി മാറി ആ ഗാനം.
സിനിമക്ക് വേണ്ടി ആദ്യം പാട്ടെഴുതുകയായിരുന്നു പാലക്കാട് ജില്ലയിലെ ഏഴുവന്തല സ്വദേശിയായ മുപ്പത്ത് രാമചന്ദ്രൻ. ചെറുപ്പം മുതലേയുണ്ട് സാഹിത്യത്തോടുള്ള പ്രണയം. ആദ്യ കവിത ജയകേരളത്തിൽ അച്ചടിച്ചുവന്നത് തൃശൂർ സെന്റ് തോമസ് കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോഴാണ്. സുദീർഘമായ ഒരു കാവ്യസപര്യയുടെ തുടക്കം. പേരൂർ ഗാന്ധിസദനത്തിൽ നിന്ന് ടി ടി സി പാസായി ഏഴുവന്തല നോർത്ത് യു പി സ്കൂളിൽ അധ്യാപകനായി ചേർന്ന ശേഷവും കവിതയോടുള്ള സ്നേഹം ഉപേക്ഷിച്ചില്ല രാമചന്ദ്രൻ. ഒപ്പം ശാസ്ത്ര ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു എന്നു മാത്രം.
പ്രാദേശിക കലാസമിതികളുടെ നാടകങ്ങൾക്ക് വേണ്ടി പാട്ടുകൾ എഴുതുന്ന പതിവുണ്ടായിരുന്നു അന്ന്. അത്തരമൊരു നാടകം കാണാനിടവന്ന ഡോ ബാലകൃഷ്ണനാണ് യുവകവിയുടെ കഴിവുകൾ തിരിച്ചറിഞ്ഞു അദ്ദേഹത്തെ സിനിമയിൽ പാട്ടെഴുതാൻ ക്ഷണിച്ചത്. "പാട്ടിന്റെ സന്ദർഭം വിശദമായി രാമചന്ദ്രന് എഴുതിയയച്ചത് ഞാനാണ്," -- ചന്ദനച്ചോലയുടെ സഹസംവിധായകരിൽ ഒരാളായിരുന്ന സത്യൻ അന്തിക്കാടിന്റെ ഓർമ്മ. "അതിനിണങ്ങുന്ന ഗാനം അദ്ദേഹം എഴുതി അയച്ചുതന്നു. മദ്രാസിലായിരുന്നു കമ്പോസിംഗ്. വരികളിൽ ചില്ലറ മാറ്റങ്ങൾ വേണ്ടിവന്നപ്പോൾ കവിയുടെ അസാന്നിധ്യത്തിൽ ഡോക്ടർ ബാലകൃഷ്ണൻ തന്നെ അത് നിർവഹിക്കുകയായിരുന്നു."
സാഹിത്യം കഴിഞ്ഞാൽ ശാസ്ത്രമായിരുന്നു മുപ്പത്ത് രാമചന്ദ്രന്റെ ഇഷ്ടവിഷയം. കുട്ടികൾക്ക് വേണ്ടി നിരവധി ശാസ്ത്രസംബന്ധിയായ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അദ്ദേഹം. സിനിമക്ക് വേണ്ടി രചിച്ച ആദ്യഗാനത്തിൽ പോലുമുണ്ട് "ശാസ്ത്ര സാന്നിധ്യം" എന്നത് ഇന്നോർക്കുമ്പോൾ കൗതുകമുള്ള കാര്യം.
"ഒരു ശാസ്ത്ര ഗ്രന്ഥവുമിന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി
നാളുകൾ പൊഴിയും ആളുകൾ മറയും
തെറ്റുകൾ മണ്ണിൽ മറഞ്ഞുപോകും..."
ശാസ്ത്രത്തിന് പോലും പിടിതരാത്ത ചില സത്യങ്ങളുണ്ട് ജീവിതത്തിൽ എന്ന നിരീക്ഷണം പാട്ടിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ആദ്യഗാനം സൂപ്പർഹിറ്റായെങ്കിലും പിന്നീടൊരു സിനിമക്ക് കൂടിയേ പാട്ടെഴുതിയുള്ളൂ രാമചന്ദ്രൻ. ഡോ ബാലകൃഷ്ണൻ തന്നെ സംവിധാനം നിർവഹിച്ച "മധുരം തിരുമധുരം" എന്ന സിനിമയിൽ എ ടി ഉമ്മർ ചിട്ടപ്പെടുത്തിയ ആ വിഷാദഗാനം പാടിയത് എസ് ജാനകി.
"വേദന വിളിച്ചോതി വരും നിന്റെ കാമുകൻ
ചേതന തിരിച്ചോതി വരില്ലവൻ വീണ്ടും
മനസ്സിലെ മോഹത്തിൻ കളിക്കൂട്ടുകാരൻ.."
പുതുമുഖ ഗാനരചയിതാക്കൾക്ക് കയറിച്ചെന്ന് എളുപ്പം ഇരിപ്പിടം ഉറപ്പിക്കാൻ കഴിയുന്ന മേഖലയല്ല അന്ന് സിനിമ. ഏതെങ്കിലും വ്യക്തിയുടേയോ ഗ്രൂപ്പിന്റേയോ ശക്തമായ പിന്തുണ വേണം. ഇല്ലെങ്കിൽ അവസരം തേടിയലയാൻ തയ്യാറാവണം. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടക്ക് അതിനൊന്നും സമയമുണ്ടായിരുന്നില്ല രാമചന്ദ്രന്; താല്പര്യവും. പകരം അദ്ധ്യാപനത്തിലും പ്രഭാഷണ വേദികളിലും കൂടുതൽ സജീവമായി അദ്ദേഹം. 2008 ഒക്ടോബറിലായിരുന്നു രാമചന്ദ്രൻ മാഷിന്റെ അന്ത്യം. ദീർഘകാലം അസുഖബാധിതനായി കിടന്ന ശേഷം കെ ജെ ജോയ് ഓർമ്മയായത് 2024 ജനുവരിയിലും. എങ്കിലും അൻപത് വർഷം മുൻപ് ഇരുവരും ചേർന്നൊരുക്കിയ പാട്ട് ഇപ്പോഴും ആസ്വാദകമനസുകളിൽ ജീവിച്ചിരിക്കുന്നു.
അൽപ്പം ലഹരി അകത്തുചെന്നാൽ സ്ഥിരമായി "ഹൃദയം മറക്കുന്ന" ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. നഷ്ടപ്രണയത്തിന്റെ ഓർമ്മയാണ് അവന് ആ ഗാനം. സ്കൂൾ കാലം മുതലുള്ള ഗാഢ പ്രണയം നിർദ്ദയം ഉപേക്ഷിച്ച് ഒരു നാൾ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പതിനഞ്ചു വയസ്സിന് മൂത്ത ഗൾഫുകാരനായ ബന്ധുവിനെ കെട്ടി സ്ഥലം വിട്ട മുൻ കാമുകിയെ കുറിച്ചാണ് ആ പാട്ടെന്ന് വിശ്വസിച്ചു അവൻ. അത്തരം നിരാശാകാമുകർ വേറെയുമുണ്ടാകും. സിനിമാഗാനങ്ങളെ ജീവിതവുമായി ചേർത്തുവെച്ചിരുന്നവരാണല്ലോ അന്നത്തെ തലമുറ.
ക്ഷീണിത ശബ്ദത്തിൽ ജോയ് പാടിക്കൊണ്ടേയിരിക്കുന്നു ഓർമ്മകളിൽ: "അനഘമാം രത്നമെന്നോർത്തു ഞാൻ ലാളിച്ചു, കനലെന്നറിഞ്ഞപ്പോൾ നൊന്തുപോയി, താളുകൾ മറിഞ്ഞു ജീവിതഗ്രന്ഥത്തിൽ സൗഹൃദം പോറൽ വരുത്തിവെച്ചു...."
കടപ്പാട് :
മാതൃഭൂമി ഓൺലൈൻ