
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതില്‍ നടന്‍ പ്രേംകുമാറിന് അതൃപ്തി. പുതിയ ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടു നിന്നിരുന്നു. തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രേംകുമാര്‍ പറഞ്ഞു.
പല വിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന്റെ ഭാഗമായാണോ നിലവിലെ ചെയര്‍മാനെ മാറ്റിയതെന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തോട് തനിക്ക് അറിയില്ല എന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.
പ്രേംകുമാറിനെ വിളിക്കാന്‍ സമയം കിട്ടിയില്ല. വിവാദങ്ങളെക്കുറിച്ച് അറിയില്ല എന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ ആയ കുക്കു പരമേശ്വരനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ചുമതല ലഭിച്ചത് അറിയുന്നത്, മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴാണ് താന്‍ അറിയുന്നത്.
അതുകൊണ്ട് പ്രേംകുമാറിനെ വിളിക്കാന്‍ കഴിഞ്ഞില്ല. ഇനി വിളിക്കും. പുതിയ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ പഴയ ചെയര്‍മാന്‍ വേണമെന്നില്ല. പഴയ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തപ്പോഴും മുമ്പുള്ള ചെയര്‍മാന്‍ ഇല്ലായിരുന്നു. ഇത് ബാറ്റണ്‍ ഒന്നുമല്ലല്ലോ കൈമാറാന്‍, അദ്ദേഹത്തെ ഔദ്യോഗികമായി വിളിച്ച് പറിഞ്ഞിട്ടുണ്ടാകും. അദ്ദേഹത്തിന്റെ മുഴുവന്‍ പിന്തുണയുമുണ്ടാകും എന്നായിരുന്നു കുക്കു പരമേശ്വരന്‍ പറഞ്ഞത്.