Image

ഒബാമയും മാംദാനിയും തമ്മിൽ ഫോണിൽ സംസാരിച്ചു; പ്രചാരണത്തിൽ മതിപ്പെന്നു മുൻ പ്രസിഡന്റ് (പിപിഎം)

Published on 02 November, 2025
 ഒബാമയും മാംദാനിയും തമ്മിൽ ഫോണിൽ സംസാരിച്ചു; പ്രചാരണത്തിൽ മതിപ്പെന്നു മുൻ പ്രസിഡന്റ് (പിപിഎം)

ചൊവാഴ്ച്ച നടക്കുന്ന ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നു കരുതപ്പെടുന്ന ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ്റ് സ്ഥാനാർഥി സോഹ്രാൻ മാംദാനിയെ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ശനിയാഴ്ച്ച നേരിട്ടു വിളിച്ചു ആശംസകൾ നേർന്നു. മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ എൻഡോഴ്‌സ്‌മെന്റ് നടത്തുക പതിവില്ലാത്ത ഒബാമ മാംദാനിയെ എൻഡോഴ്സ് ചെയ്തിട്ടില്ല. എന്നാൽ മാംദാനിയുടെ പ്രചാരണത്തിൽ അദ്ദേഹം ഏറെ മതിപ്പു രേഖപ്പെടുത്തിയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  

കൂടെ നിൽക്കും എന്ന ഉറപ്പോടെ, ഭാവിയിലേക്ക് എല്ലാ സഹായവും ഒബാമ വാഗ്‌ദാനം ചെയ്തു. അര മണിക്കൂറോളം അവർ സംസാരിച്ചതായി 'ന്യൂ യോർക്ക് പോസ്റ്റ്' അറിയിച്ചു.

ചൊവാഴ്ച്ച മാംദാനി വിജയം നേടുന്നതിനപ്പുറം അദ്ദേഹത്തിന്റെ ഭാവിയിൽ തനിക്കു താൽപര്യമുണ്ടെന്ന് ഒബാമ അറിയിച്ചു. ഭരണകൂടത്തിലേക്കു സ്റ്റാഫിനെ നിയമിക്കുന്നതിലും മാംദാനിയുടെ വാഗ്‌ദാനങ്ങൾ നടപ്പാക്കുന്നതിലുമുള്ള വെല്ലുവിളികളും ചർച്ചാ വിഷയമായി.

സെനറ്റിലെ ഡെമോക്രാറ്റിക്‌ നേതാവ് ചക് ഷൂമർ ഉൾപ്പെടെയുള്ള ചില പാർട്ടി നേതാക്കൾ മാംദാനിയെ എൻഡോഴ്സ് ചെയ്തിട്ടില്ല എന്നിരിക്കെ ഒബാമയെ പോലൊരു നേതാവ് ബന്ധപ്പെട്ടത് പാർട്ടി അണികളിൽ ചലനമുണ്ടാക്കും.

ഷൂമർ ഈയാഴ്ച്ച പറഞ്ഞത് മാംദാനിയുമായി സംസാരിക്കുന്നുണ്ട് എന്നാണ്. യുഎസ് ഹൗസിലെ ഡെമോക്രാറ്റിക്‌ നേതാവ് ഹകീം ജെഫ്രിസ് കഴിഞ്ഞയാഴ്ച്ച മാംദാനിക്കു പിന്തുണ പ്രഖ്യാപിച്ചു.

ജൂണിലെ ഡെമോക്രാറ്റിക്‌ പ്രൈമറിക്കു ശേഷം രണ്ടാം തവണയാണ് ഒബാമയും മാംദാനിയും സംസാരിക്കുന്നത്. എപ്പോഴെങ്കിലും തമ്മിൽ കാണാമെന്ന ഉറപ്പിലാണ് സംഭാഷണം അവസാനിച്ചത്.

മാംദാനി നന്ദി പറഞ്ഞതായി വക്താവ് പറഞ്ഞു. ഒബാമയുടെ ഓഫിസ് ഇതേപ്പറ്റി പറഞ്ഞിട്ടില്ല.

Obama, Mamdani talk over phone

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക