
പട്‌ന: ബിഹാറിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെഗുസരായിയിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിയുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി കുളത്തിൽ ഇറങ്ങിയത്.

തന്റെ പതിവ് വേഷമായ വെള്ള ടീ ഷർട്ടും കാർഗോ പാന്റ്‌സുമണിഞ്ഞാണ് രാഹുൽ ഗാന്ധി തോണിയിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടിയത്. രാഹുലിന്റെ ഈ അപ്രതീക്ഷിത നീക്കം കൂടിനിന്ന ജനക്കൂട്ടത്തിൽ ആവേശം നിറച്ചു. ‘രാഹുൽ ഗാന്ധി സിന്ദാബാദ്’ വിളികളോടെയാണ് അണികൾ ആവേശം പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു.
രാഹുൽ ഗാന്ധി തോണിയിൽ നിന്ന് വെള്ളത്തിലേക്ക് ചാടുന്നതിന്റെയും മത്സ്യത്തൊഴിലാളികളുമായി സംവദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലായി. കോൺഗ്രസിന്റെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിലും രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും രാഹുൽ ഗാന്ധി അവരുമായി ചർച്ച ചെയ്തുവെന്ന് കോൺഗ്രസ് എക്‌സ് കുറിപ്പിൽ വ്യക്തമാക്കി.

ബെഗുസരായിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചു. മോദി വോട്ടിന് വേണ്ടി നാടകം കളിക്കുകയാണെന്നും, തെരഞ്ഞെടുപ്പിന് ശേഷം വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുമെന്നും രാഹുൽ ആരോപിച്ചു.