
ഐസിസി വനിതാ ഏകദിന ലോകകപ്പ് കിരീടത്തിൽ ഇന്ത്യയുടെ ചരിത്ര മുത്തം. 52 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യയുടെ പെൺപുലികൾ നേടിയെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 298 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246ൽ ഒതുങ്ങി. ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ഷഫാലി വർമയുടേയും ദീപ്തി ശർമയുടേയും ഓൾറൗണ്ട് മികവാണ് ഇന്ത്യയെ വിശ്വവിജയികളാക്കിയത്.
ഇന്ത്യ 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ആൾ ഔട്ടായി. സ്മൃതി മന്ഥന (58 പന്തില്‍ 45), ഷഫാലി വര്‍മ (78ല്‍ 87), ജെമിമ റോഡ്രിഗസ് (37ല്‍ 24), ദീപ്തി ശര്‍മ (58ല്‍ 58), റിച്ച ഘോഷ് (24ല്‍ 34) എന്നിവരുടെ കിടയറ്റ ബാറ്റിംഗാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 20ഉം അമന്‍ജോത് കൗര്‍ 12ഉം റണ്‍സെടുത്തു. രാധ യാദവ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കായി അയബോംഗ കാക മൂന്നും നോങ്കുലുലേകു മ്ലാബ, നഡിനെ ഡി ക്ലെര്‍ക്ക്, ക്ലോയെ ട്രയോണ്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
സമ്മർദം താങ്ങാനാവാത്തവരെന്നു പേരു കേൾപ്പിച്ച ഇന്ത്യൻ സംഘം ഇക്കുറി ലോകകപ്പിൽ മുത്തമിടുമ്പോൾ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ദീപ്തി ശർമ എന്ന ലോകോത്തര ഓൾറൗണ്ടറോടാണ്. ഹർമൻപ്രീതിനെയും സ്മൃതി മന്ഥനയെയും പോലുള്ള വമ്പൻ പേരുകാർക്ക് സ്ഥിരത പുലർത്താൻ സാധിക്കാതെ വന്നപ്പോൾ, ദീപ്തി ഫൈനലിൽ ബാറ്റ് കൊണ്ടും പന്തു കൊണ്ടും തന്‍റെ പ്രകടനത്തെ അനശ്വരമാക്കി. സ്മൃതി മന്ഥനയും ജമീമ റോഡ്രിഗ്സും ഹർമൻപ്രീത് കൗറും ഷഫാലി വർമയുമെല്ലാം മടങ്ങിയ ശേഷം, റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത് ദീപ്തിയായിരുന്നു. 58 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം ദീപ്തി നേടിയത് 58 റൺസ് .