
ഫിലാഡല്‍ഫിയയുടെ അടുത്ത ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആരായിരിക്കും? ഈ ചോദ്യത്തിന്‌റെ ഉത്തരത്തിനായുള്ള കാത്തിരിപ്പിലാണ് ഫിലാഡല്‍ഫിയ. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി നിലവിലെ ഡിഎ ലാറി ക്രാസ്‌നറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മുഡ്ജി പാട്രിക് ഡുഗനും മത്സരിക്കുമ്പോള്‍ വിജയം ആരുടെ ഭാഗത്തായിരിക്കുമെന്ന ആകാംഷയിലാണ് വോട്ടര്‍മാര്‍. നവംബര്‍ 4 ചൊവ്വാഴ്ച ഫിലാഡല്‍ഫിയയുടെ അടുത്ത ജില്ലാ അറ്റോര്‍ണി ആരെന്ന ചോദ്യത്തിന് ഉത്തരമാകും.
2018 മുതല്‍ ഫിലാഡല്‍ഫിയയുടെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയാണ് ലാറി ക്രാസ്‌നര്‍. സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ്, ക്രാസ്‌നര്‍ ഫിലാഡല്‍ഫിയയിലെ പൗരാവകാശ അഭിഭാഷകനായിരുന്നു. മികച്ച ജനപിന്തുണയുള്ള ക്രാസ്‌നറെ പിന്തള്ളി അറ്റോര്‍ണി സ്ഥാനത്തേക്ക് കടന്നു വരികയെന്നത് പാട്രിക് ഡുഗനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ ഈ മത്സരം രണ്ടുപേര്‍ക്കും നിര്‍ണായകമാകും.
രാഷ്ട്രീയത്തേക്കാള്‍ സുരക്ഷയില്‍ വിശ്വസിക്കുകയും ഫിലാഡല്‍ഫിയയുടെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ തനിക്ക് പിന്തുണ നല്‍കണമെന്നാണ് പാട്രിക് ഡുഗന്‍ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. ഫിലാഡല്‍ഫിയയില്‍ നിങ്ങള്‍ സുരക്ഷിതരാണെന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനു അല്ല എന്ന ഉത്തരമാണ് ഒട്ടുമിക്കവരും നല്‍കുന്നതെന്ന് ഡൂഗന്‍ ചൂണ്ടിക്കാട്ടി. രാത്രിയില്‍ ഒറ്റയ്ക്കു നടക്കാന്‍ കഴിയാത്ത വിധം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. നിരപരാധികള്‍ തോക്കിനിരയാകുന്നതും മോഷണത്തിനിരയാകുന്നതും വര്‍ധിച്ചുവരികയാണ്. ക്രമസമാധാന നില സംരക്ഷിക്കുന്ന കാര്യത്തില്‍ നിലവിലെ ഡിഎ പരാജയപ്പെട്ടുവെന്നും ഡൂഗന്‍ വിമര്‍ശിച്ചു.

രാഷ്ട്രീയത്തെക്കുറിച്ച് താല്‍പ്പര്യമില്ലെങ്കില്‍ പോലും, ഈ തിരഞ്ഞെടുപ്പ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ മറ്റേതിനേക്കാളും കൂടുതല്‍ ബാധിക്കുന്നുവെന്നും ഡൂഗന്‍ ചൂണ്ടിക്കാട്ടി. നഗരത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ സൈ്വര്യജീവിതത്തിനുമാണ് താന്‍ പ്രാധാന്യം കൊടുക്കുന്നത്. താന്‍ ഒരു രാഷ്ട്രീയക്കാരനല്ല ഒരു ജഡ്ജിയാണെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജി എന്ന നിലയിലുള്ള 17 വര്‍ഷത്തെ തന്റെ അനുഭവ സമ്പത്തുവെച്ച് ഫിലാഡല്‍ഫിയയുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കും. ഒരു ഡോളര്‍ മോഷ്ടിക്കുന്നവനും ആയിരം ഡോളര്‍ മോഷ്ടിക്കുന്നവനും ഒരുപോലെ ശിക്ഷിക്കപ്പെടണം. 8 വര്‍ഷത്തിനിടെ 15,000ത്തോളമാളുകളാണ് ഫിലാഡല്‍ഫിയയില്‍ തോക്കിനിരയായത്. 23,000ത്തോളം കാറുകള്‍ മോഷ്ടിക്കപ്പെട്ടു. മയക്കുമരുന്നു കച്ചവടം വ്യാപകമാകുന്നു. ഇതെല്ലാം വെളിപ്പെടുത്തുന്നത് നിലവിലെ അറ്റോര്‍ണിയുടെ പരാജയമാണെന്നും ഡൂഗന്‍ വിമര്‍ശിച്ചു. നിയമം പാലിക്കാനും സമാധാനമായി ജീവിക്കാനും ആഗ്രഹിക്കുന്നവര്‍ തനിക്ക് വോട്ടു ചെയ്യണമെന്നും താന്‍ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഡൂഗന്‍ പറഞ്ഞു.
ആദ്യം സൈന്യത്തിലും പിന്നീട് കോടതിമുറിയിലുമായി പൊതുസേവനത്തെ ചുറ്റിപ്പറ്റി തന്റെ കരിയര്‍ കെട്ടിപ്പടുത്ത ഡൂഗന്‍ 1981-ല്‍ യുഎസ് ആര്‍മി റിസര്‍വ്‌സില്‍ ഒരു ന്യൂക്ലിയര്‍ ബയോളജിക്കല്‍ വാര്‍ഫെയര്‍ സ്‌പെഷ്യലിസ്റ്റായാണ്് ജോയിന്‍ ചെയ്യുന്നത്. 1989 വരെ എയര്‍ബോണ്‍ ഇന്‍ഫന്‍ട്രിമാനായി സേവനമനുഷ്ഠിച്ച ശേഷം
റട്ജേഴ്സ്-കാംഡന്‍ ലോ സ്‌കൂളില്‍ നിന്ന് നിയമ ബിരുദം നേടി ജോലിയില്‍ തുടര്‍ന്നു. സൈനികജോലിയിലെ മികച്ച സംഭാവനകള്‍ക്ക് ബ്രോണ്‍സ് സ്റ്റാര്‍, കോംബാറ്റ് ആക്ഷന്‍ ബാഡ്ജ്, പാരച്യൂട്ടിസ്റ്റ് ബാഡ്ജ്, എക്‌സ്‌പെര്‍ട്ട് ഇന്‍ഫന്‍ട്രിമാന്‍സ് ബാഡ്ജ്, ഗ്ലോബല്‍ വാര്‍ ഓണ്‍ ടെററിസം സര്‍വീസ് മെഡല്‍ എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടി. 2007-ല്‍, ഫിലാഡല്‍ഫിയ മുനിസിപ്പല്‍ കോടതിയിലേക്ക് നിയമിതനായി. കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട വെറ്ററന്‍സിന് പുനരധിവാസവും ബദല്‍ ശിക്ഷയും വാഗ്ദാനം ചെയ്യുന്ന ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട ഫിലാഡല്‍ഫിയയിലെ വെറ്ററന്‍സ് കോടതി സ്ഥാപിച്ചതിലൂടെയാണ് ജഡ്ജി എന്ന നിലയില്‍, അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. 2024 ഡിസംബറില്‍ ഫിലാഡല്‍ഫിയ ജില്ലാ അറ്റോര്‍ണി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഡുഗന്‍ ബെഞ്ചില്‍ നിന്ന് രാജിവച്ചു.
പാട്രിക് ഡുഗന്റെ വെബ്‌സൈറ്റ്: https://www.judgeduganforda.com