
ആ ഗ്രാമം ജീവിച്ചിരുന്നത് പുഴയുടെ ശാന്തതയിലും, കൊച്ചമ്പലത്തിൻറെ ഉണർവിലുമായിരുന്നു. പക്ഷേ, ആ അമ്പലത്തിനോട് ചേർന്ന് ഇരുളിനെ പ്രണയിച്ചുകൊണ്ട് നിൽക്കുന്ന ഏഴിലംപാലമരം, ഗ്രാമത്തിൻറെ നിഗൂഢമായ ഹൃദയമായിരുന്നു ആരും മുഴുവനായി മനസ്സിലാക്കാൻ കഴിയാത്ത, പക്ഷേ എല്ലാവരും അനുഭവിക്കുന്ന ഒരു ആത്മാവിന്റെ പ്രതീകം.
രാത്രിയുടെ നിശ്ശബ്ദതയിൽ, ആ മരത്തിൽ പൂക്കൾ വിരിഞ്ഞു. പുഴയോരത്ത് നിന്നുള്ള കാറ്റ് വെള്ളിനക്ഷത്രങ്ങളുടെയും നിലാവിൻറെയും തണുപ്പുമായി ചേർന്ന്, അതിൽ ചേർത്തു കൊണ്ടുവന്നത് ഒരു വശ്യമായ ഗന്ധം അതൊരു സാധാരണ സുഗന്ധമല്ല; അത് പ്രണയത്തിൻ്റെയും ഭീതിയുടെയും അതിരിൽ നിലനിൽക്കുന്ന, ഹൃദയത്തെ തൊടുന്ന ഒരു ദിവ്യരാഗം പോലെ.
ആ ഗന്ധം ആദ്യം അനുഭവിച്ചത് നന്ദന ആയിരുന്നു. ഇരുപത് വയസ്സിന്റെ ഉണർവിൽ, നഗരജീവിതത്തിൽ നിന്നൊരു ഇടവേളയെടുത്ത് ഗ്രാമത്തിലെ തറവാടിലേക്ക് അവധി ആഘോഷിക്കാൻ വന്നതായിരുന്നു അവൾ. ഒരു വൈകുന്നേരം മുറ്റത്ത് നിന്നപ്പോൾ, കാറ്റ് അവളുടെ മുടിയിഴകളിൽ തളിർത്തു; അതിനൊപ്പം ആ ഗന്ധം കടന്നുപോയി - അവളെ ഒരു നിശ്ശബ്ദ സംഗീതം പോലെ പിന്തുടർന്ന്, ചിലപ്പോൾ ചിരിപ്പിച്ചു, ചിലപ്പോൾ അകാരണമായ ഭയത്തിൽ മുങ്ങിച്ചു.
ഒരു രാത്രിയിൽ, കിണറ്റരികിൽ നിൽക്കുമ്പോൾ, ആ ഗന്ധം അതിൻറെ ഉച്ചിയിൽ എത്തി. പിന്നിൽ ആരോ നിൽക്കുന്നതുപോലെ തോന്നിയപ്പോൾ, അവൾ തിരിഞ്ഞുനോക്കി പാലമരത്തിൻ്റെ ഇലക്കൂട്ടങ്ങൾക്കിടയിൽ ഒരു നേർത്ത നിഴൽ മാത്രം.
പിന്നീടുള്ള രാത്രികളിൽ, നന്ദന ഉറങ്ങാതെ വീടിന് പിന്നിലെ ജനലിനടുത്ത് കാത്തിരുന്നു. പാലപ്പൂവിൻ്റെ ഗന്ധം നിറയുമ്പോൾ, അവളറിയാതെ ജനലിനടുത്തെത്തും. അവിടെ, കാറ്റ് ഇലകളിലൂടെ ഒഴുകുമ്പോൾ, ഗന്ധർവൻ അനന്തൻ അവളെ കാത്തിരിക്കും. അവൻറെ കണ്ണുകളിൽ നക്ഷത്രങ്ങളുടെ തിളക്കം, വാക്കുകളിൽ കവിതയുടെ ഈണം. അവൻ അവളെ ആകാശത്തിലെ കഥകൾ പറഞ്ഞു കേൾപ്പിക്കും, കാണാമറയത്തെ സംഗീതം പകർന്നു തരും.
ആറാട്ടുപുഴ പൂരത്തിന് തലേദിവസം, ഗ്രാമം അഗ്നിപോലെ ജ്വലിക്കും. ഊരകം അമ്മതിരുവടി തിടമ്പേറ്റിയ ഗജവീരന്റെ പുറത്ത്, ചെണ്ടമേളത്തിൻ്റെ ഉന്മാദ താളത്തിൽ എഴുന്നെള്ളിയെത്തും. സ്‌കൂൾകാലത്ത്, നന്ദന ഈ കാഴ്ച കണ്ടുനിന്നത് ഭ്രാന്തമായ സന്തോഷത്തോടെയായിരുന്നു. താളങ്ങളുടെ വിസ്മയത്തിൽ അവൾ സ്വന്തം അസ്‌തിത്വം മറന്നു ആ ശബ്ദം അവളുടെ ഉള്ളിലെ വിശ്വാസത്തിൻ്റെയും ശക്തിയുടെയും പ്രതീകമായി മാറി.
വർഷങ്ങൾക്കുശേഷം, നഗരജീവിതത്തിൽ നിന്നൊരു ഇടവേളയെടുത്ത് നന്ദന വീണ്ടും പുഴയരികിലെത്തി. ആ രാത്രിയിൽ, പാലപ്പൂവിൻറെ ഗന്ധം വീണ്ടും അവളെ പിടികൂടി. ചെണ്ടമേളം നിലച്ചപ്പോൾ, ആ ഗന്ധം രാഗിണിയെപ്പോലെ ഒഴുകി. അതൊരു വിളിയായിരുന്നു.
അവൾ വീണ്ടും അനന്തനെ കണ്ടു പാലപ്പൂവിൻറെ പൂക്കളിൽ ഒളിച്ചിരുന്ന് അവൻ അവളോട് സംസാരിച്ചു. നന്ദന അവനെ സ്നേഹിച്ചു. പക്ഷേ അവൾക്കറിയാമായിരുന്നു - ഓരോ നിമിഷവും അവൾക്ക് തിരഞ്ഞെടുക്കേണ്ടി വരും: ചെണ്ടമേളത്തിന്റെ തീവ്രത, അല്ലെങ്കിൽ പാലപ്പൂവിൻറെ മയക്കമുള്ള രാഗം.
തൻറെ അടുത്ത ദിവസം, ദേവിയുടെ എഴുന്നെള്ളം തുടങ്ങാനിരിക്കെ, നന്ദന കണ്ണുകൾ അടച്ചു. അകലെ നിന്ന് ചെണ്ടമേളത്തിൻറെ ഒരു നേർത്ത മുഴക്കം ഒഴുകിയെത്തി. അതൊരു ശബ്ദമല്ലായിരുന്നു വേരുകളോടുള്ള വിളി ആയിരുന്നു. അതേ സമയം, പാലപ്പൂവിൻറെ ഗന്ധം വിരഹത്തിൻ്റെ കയ്പ്പായി മാറി. അനന്തൻ, ഒരു നേർത്ത മഞ്ഞായി, പാലമരത്തിൻറെ വേരുകളിലേക്ക് അലിഞ്ഞു.
നന്ദന തിരിഞ്ഞു നടന്നു ചെണ്ടമേളത്തിന്റെ താളത്തിലേക്ക്.
അവൾ പിന്നീട് എല്ലാ വർഷവും പൂരത്തിന് തലേന്ന്, ചെണ്ടമേളത്തിൻറെ ആവേശത്തിൽ പങ്കുചേരും. എന്നാൽ എഴുന്നെള്ളം കഴിഞ്ഞാൽ, അവൾ പാലമരച്ചുവട്ടിലേക്ക് നടക്കും.
കാരണം, ചെണ്ടമേളത്തിൻറെ ഊർജം അവളെ ജീവിക്കാൻ പഠിപ്പിച്ചു. പക്ഷേ, പാലപ്പൂവിൻറെ ഗന്ധം അവൾ -തിരഞ്ഞെടുക്കാൻ കഴിയാതെ പോയ. എന്നാൽ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന ഒരു ദിവ്യപ്രണയത്തിൻ്റെ ഓർമ്മയായി അവളെ പിന്തുടരും.
വർഷങ്ങൾക്കുശേഷം, നന്ദന വിവാഹിതയായി, അമ്മയായി, ലോകം കണ്ടു. എങ്കിലും, ഓരോ പാലപ്പൂക്കാലത്തും, ആ ഗന്ധം അവളെ തേടി വരും. അപ്പോൾ, അവൾ ഓർക്കും - പാലമരച്ചുവട്ടിൽ കാത്തിരുന്ന അനന്തൻറെ കണ്ണുകളിലെ നക്ഷത്രത്തിളക്കം.
പാലപ്പൂവിൻറെ ഗന്ധം, നന്ദനയ്ക്ക് ഇനി ഭയത്തിന്റെയോ ദുരൂഹതയുടെയോ അല്ല. മറിച്ച്, ഒരു ദിവ്യപ്രണയത്തിൻറെ നിശ്ശബ്ദമായ ഓർമ്മ, അവളുടെ ഉള്ളിൽ എന്നും പാടുന്ന അദൃശ്യരാഗം.