
ന്യൂയോര്‍ക്ക്: പുരുഷ- വനിതാ വിഭാഗത്തില്‍ കെനിയന്‍ ആധിപത്യം കണ്ട 54-ാമത് ന്യൂയോര്‍ക്ക് സിറ്റി മാരത്തോണില്‍, സെക്കന്‍ഡില്‍ താഴെ വ്യത്യാസത്തില്‍ ബെന്‍സണ്‍ കിപ്‌റൂട്ടോ പുരുഷ വിഭാഗം ജേതാവായപ്പോള്‍ ഒബിരി വനിതാ വിഭാഗത്തില്‍ ജേതാവായി.
ന്യൂയോര്‍ക്ക് സിറ്റി മാരത്തോണില്‍ ആദ്യമായി പങ്കെടുക്കുന്ന കിപ്‌റൂട്ടോ 2:08:40 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്. ഒരു സെക്കന്‍ഡില്‍ താഴെ വ്യാത്യാസത്തില്‍ കെനിയയുടെ തന്നെ അലക്‌സാണ്ടര്‍ മുട്ടീസോ മുന്‍യാവോ രണ്ടാം സ്ഥാനവും, 2021-ലെ മാരത്തോണ്‍ ജേതാവായ കെനിയയുടെ ആല്‍ബര്‍ട്ട് കൊറിര്‍ (2:08:57) മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തില് അവസാന മൈലില്‍ ആധിപത്യം നേടിയ 2023-ലെ മാരത്തോണ്‍ ജേതാവായിരുന്ന ഹെലന്‍ ഒബിരി 2:19:51 എന്ന സമയത്തില്‍ സ്വന്തം രാജ്യക്കാരിയും 2022-ലെ മാരത്തോണ്‍ ജേതാവുമായ ഷാരോണ്‍ ലോക്കെഡിയെയാണ് പതിനാറ് സെക്കന്‍ഡില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിലുള്ള ജേതാവായ ഷീല ചെപ്കുറൈയ്ക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2023-ല്‍ മാര്‍ഗരറ്റ് ഒക്കായോ സൃഷ്ടിച്ച റിക്കാര്‍ഡാണ് ഇത്തവണ തകര്‍ന്നത്. വനിതാ വിഭാഗം ജേതാക്കളായ കെനിയയുടെ ആദ്യ മൂന്നുപേരും പുതിയ മാരത്തോണ്‍ റിക്കാര്‍ഡോടെയാമ് വിജയം നേടിയത്.
നാലാം സ്ഥാനം നേടിയ ഫിയോന ഒകിഫി അമേരിക്കക്കാരില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആറാം സ്ഥാനം നേടിയ ജോയല്‍ റീയ്ച്ച്ഹൗ പുരുഷ വിഭാഗത്തില്‍ ഒന്നാമതെത്തിയ അമേരിക്കക്കാരനായി.

വീല്‍ചെയര്‍ വിഭാഗത്തില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള മാര്‍സെല്‍ ഹഗ് (1:30:16) പുരുഷ വിഭാഗത്തിലും, അമേരിക്കയുടെ സൂസന്നാ സ്‌കോറോണി (1:42:10) വനിതാ വിഭാഗത്തിലും ജേതാവായി.
100,000 അമേരിക്കന്‍ ഡോളറാണ് ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നത്. റിക്കാര്‍ഡ് നേടിയവര്‍ക്ക് 50,000 ഡോളര്‍ അധികമായും ലഭിക്കും.
ഓട്ടക്കാര്‍ക്ക് അനുയോജ്യമായ കാലാവസ്ഥയായിരുന്നു ഇത്തവണത്തേത്. മാരത്തോണ്‍ ആരംഭിച്ചപ്പോള്‍ 50*ഫാരന്‍ഹീറ്റായിരുന്നു താപനില.

150 രാജ്യങ്ങളില്‍ നിന്നായി 50,000-ലധികം പേര്‍ 26.2 മൈല്‍ ദൈര്‍ഘ്യമുള്ള മാരത്തോണില്‍ പങ്കെടുത്തത്. പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കാന്‍ പതിനായിരക്കണക്കിന് കാണികള്‍ മാരത്തോണ്‍ കടന്നുപോകുന്ന റോഡിന് ഇരുവശവും ഉണ്ടായിരുന്നു. ടെലിവിഷനിലടക്കം രണ്ട് മില്യന്‍ പേര്‍ മാരത്തോണ്‍ വീക്ഷിച്ചിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.
സ്റ്റാറ്റന്‍ഐലന്റിലെ വെറിസോണ ബ്രിഡ്ജില്‍ നിന്നാരംഭിച്ച്, ബ്രൂക്ക്‌ലിന്‍, ക്യൂന്‍സ്, ബ്രോങ്ക്‌സ് എന്നീ സിറ്റികളിലൂടെ കടന്ന് മന്‍ഹട്ടനിലെ സെന്റര്‍ പാര്‍ക്കിലാണ് സമാപിച്ചത്.

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. പ്രധാന ഗ്ലോബല്‍ ഐ.ടി സര്‍വീസ് ബിസിനസ് സംരംഭമായ ടാറ്റാ കണ്‍സള്‍ട്ടന്‍സ് സര്‍വീസ് (ടി.സി.എസ്) ആയിരുന്നു പ്രധാന സ്‌പോണ്‍സര്‍.
ആദ്യ മാരത്തോണില്‍ 55 പേര്‍ മാത്രം ഫിനിഷ് ചെയതപ്പോള്‍ കഴിഞ്ഞ വര്‍ഷം 55,642 പേര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയിരുന്നു.