
ചൊവാഴ്ച്ച നടക്കുന്ന ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിന്റെ ഏർലി വോട്ടിംഗിൽ ആദ്യ 9 ദിവസങ്ങളിൽ 735,317 പേർ വോട്ട് ചെയ്തതായി ബോർഡ് ഓഫ് ഇലെക്ഷൻസ് പറയുന്നു. ഒക്ടോബർ 25 മുതൽ നവംബർ 2 ഞായറാഴ്ച്ച വൈകിട്ട് 5 മണി വരെയുള്ള കണക്കാണിത്.
ആബ്‌സെന്റീ ബാലറ്റുകൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല. തിങ്കളാഴ്ച്ച അടച്ചിടുന്ന പോളിംഗ് സ്റ്റേഷനുകൾ ചൊവാഴ്ച്ച അന്തിമ വോട്ടിംഗിനു തുറക്കുമ്പോൾ ആവേശകരമായ പോളിംഗ് പ്രതീക്ഷിക്കുന്നു.
സാധാരണ ഒരു മില്യൺ വോട്ടുകൾ വരെ വീഴുന്ന ന്യൂ യോർക്ക് മേയർ മത്സരത്തിൽ ഇക്കുറി 2 മില്യൺ കടക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിൽ 2.6 മില്യൺ വോട്ടുകൾ വീണതാണ് ഇപ്പോഴുള്ള റെക്കോർഡ്.
ഡെമോക്രാറ്റിക് സോഷ്യലിസ്റ് സ്ഥാനാർഥിയായ ഇന്ത്യൻ വംശജൻ സോഹ്രാൻ മാംദാനിയാണ് (34) സർവേകളിൽ മുന്നിട്ടു നിൽക്കുന്നത്. ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹത്തോടു തോറ്റ മുൻ ഗവർണർ ആൻഡ്രൂ കോമോ ആണ് പ്രധാന എതിരാളി. റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവ ഒരിക്കൽ കൂടി രംഗത്തുണ്ടെങ്കിലും ഏറെ പിന്നിലാണ് എന്നാണു വിലയിരുത്തൽ.
മൂന്ന് സ്ഥാനാർഥികൾ തമ്മിലുള്ള ഗണ്യമായ വ്യത്യാസങ്ങൾ വോട്ടർമാരിൽ കൗതുകം പകർന്നത് ഉയർന്ന വോട്ടിങ്ങിനു ഒരു കാരണമായി കാണപ്പെടുന്നു. ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനമാണ് മാംദാനിക്കു പിന്തുണ വർധിപ്പിച്ച പ്രധാന ഘടകം.
New York early polling crosses 700,000