
ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർഥി സോഹ്രാൻ മാംദാനിയെ ശനിയാഴ്ച്ച ഫോണിൽ വിളിച്ചു അരമണിക്കൂറോളം സംസാരിച്ച മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ അദ്ദേഹത്തെ എൻഡോഴ്സ് ചെയ്യാത്തത് ചർച്ചാ വിഷയമായി. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം പ്രാദേശിക സ്ഥാനാർഥികളെ എൻഡോഴ്സ് ചെയ്യാറില്ലെന്ന് വിശദീകരണം ഉണ്ടായെങ്കിലും അതു ശരിയല്ലെന്നു വസ്‌തുതകൾ തെളിയിക്കുന്നതായി 'ന്യൂ യോർക്ക് പോസ്റ്റ്' ചൂണ്ടിക്കാട്ടുന്നു.
വിവാദപുരുഷനായിരുന്ന മേയർ ബിൽ ഡി ബ്ലാസിയോയെ 2013ൽ ഒബാമ പിന്തുണച്ചിരുന്നു. ഇക്കുറി ന്യൂ ജേഴ്സിയിൽ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക് റെപ്. മിക്കി ഷെറിലിനെ പിന്തുണയ്ക്കാൻ ശനിയാഴ്ച്ച നുവാർക് എസെക്‌സ് കൗണ്ടി കമ്യൂണിറ്റി കോളജിൽ നടന്ന ചടങ്ങിൽ ഒബാമ പ്രസംഗിക്കാൻ എത്തിയിരുന്നു താനും.
എന്നാൽ ന്യൂ യോർക്കിലേക്കു അദ്ദേഹം എത്തിയില്ല.
ഒബാമയുടെ ഭരണകാലത്തു വൈറ്റ് ഹൗസിൽ ഡയറക്റ്ററും പിന്നീട് സൗത്ത് ആഫ്രിക്കയിൽ അംബാസഡറും ആയിരുന്ന മാംദാനി അഡ്വൈസർ പാട്രിക് ഗാസ്പാർഡ് പറഞ്ഞു: "പ്രസിഡന്റ് ഒബാമ പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ എൻഡോഴ്‌സ്‌മെന്റ് നൽകാറില്ല. സ്ഥാനമൊഴിഞ്ഞ ശേഷം അദ്ദേഹത്തിന്റെ നയമാണത്. ഫെഡറൽ ഓഫീസുകളിലേക്കും ഗവർണർ സ്ഥാനങ്ങളിലേക്കും മത്സരം നടക്കുമ്പോൾ മാത്രമേ അദ്ദേഹം പിന്തുണ നൽകാറുള്ളൂ. സോഹ്രാനെ അദ്ദേഹം വിളിച്ചത് വലിയൊരു പിന്തുണയും ന്യൂ യോർക്കിൽ ഉള്ളവർക്കു സൂചനയുമാണ്."
എന്നാൽ ഡി ബ്ലാസിയോയ്ക്കു പുറമെ പലരെയും ഒബാമ എൻഡോഴ്സ് ചെയ്തിട്ടുണ്ട് എന്നതാണ് വാസ്തവം. ലോസ് ഏഞ്ചലസിൽ എറിക് ഗാർസെറ്റി മേയർ സ്ഥാനത്തേക്കു മത്സരിച്ചപ്പോഴും ഇപ്പോഴത്തെ മേയർ കാരൻ ബാസ് സ്ഥാനാർഥി ആയപ്പോഴും ഒബാമ പിന്തുണ നൽകി. ഷിക്കാഗോയിൽ റഹം എമ്മാനുവലിനെ അദ്ദേഹം പിന്തുണച്ചു.
ഫ്ലോറിഡ സെന്റ് പീറ്റേഴ്സ്ബർഗിൽ റിക്ക് ക്രിസ്‌മാനെയും കണക്ടിക്കട്ട് സ്റ്റാംഫോർഡിൽ കരോളിൻ സിമ്മൺസിനെയും തുണച്ചു. ഇതൊക്കെ കൊച്ചു നഗരങ്ങളുമാണ്.
മാംദാനി ന്യൂ യോർക്കിനു നല്ല മേയറാവില്ലെന്നു ഒബാമ തിരിച്ചറിയുന്നു എന്നാണ് റിപ്പബ്ലിക്കൻ വ്യാഖ്യാനം. "അമേരിക്കയുടെ ഏറ്റവും വലിയ മഹാനഗരത്തിൽ കമ്മ്യൂണിസ്റ്റ് മേയർ സ്ഥാനാർഥിയെ പിന്തുണച്ചെന്ന ചീത്തപ്പേര് ഉണ്ടാക്കി മറ്റു ഡെമോക്രറ്റുകൾക്കു കൂടി ദൂഷ്യം ചെയ്യേണ്ട എന്നു ഒബാമ കരുതുന്നു," സ്ട്രാറ്റജിസ്റ്റ് റോബ് റയാൻ പറഞ്ഞു.
ഏർലി വോട്ടിംഗ് തുടരുമ്പോൾ ഏറ്റവും ഒടുവിൽ വന്ന സർവേ പറയുന്നത് മാംദാനിക്കു 40.6% പിന്തുണ ഉള്ളപ്പോൾ ആൻഡ്രൂ കോമോയുടെ പിന്തുണ 34% എത്തിയെന്നാണ്. മത്സരം ഏറ്റവും കടുത്തു നില്കുന്നു എന്ന സൂചനയാണ് അറ്റ്ലസ്ഇന്റൽ പോളിംഗ് നൽകുന്നത്.
എന്നാൽ റിയൽക്ലിയർപൊളിറ്റിക്സ് ശരാശരിയിൽ മാംദാനിക്കു 14.5% ലീഡുണ്ട്.
Obama hasn't endorsed Mamdani