
കാലത്തിനപ്പുറം ആകാശഗോപുര-
വാതിൽ തുറന്നതു കണ്ടു.
ആരൊക്കെ പോകുന്നു? സൂക്ഷിച്ചു നോക്കുമ്പോൾ,
ആകെപ്പരുങ്ങലിലായി.
കാലാരി പുത്രനാം അയ്യപ്പസ്വാമിയോ,
കാലത്തിനൊപ്പം ചരിച്ചു.
മാളികദേവിയെ കൂട്ടിനു കൂട്ടിയെൻ
അയ്യപ്പസ്വാമി പോകുന്നു.
പോകുന്ന നേരത്ത് സല്ലാപമോരോന്നായ്,
ചൊല്ലുന്ന പോലെന്തോ തോന്നി .
"എന്തേ ഈ നേരത്ത്, ഇങ്ങനെ തോന്നുവാൻ "?
ദേവിയാരാഞ്ഞൊന്നു നോക്കി.”
"ഒന്നുമില്ലെന്നെ, മടുത്തെടോ ഈ നാട്ടിൽ,
ജീവനും കൊണ്ടങ്ങുപോകാം.
വാതിലിൽ കാവലായ് നിൽക്കുന്നൊരെൻ പ്രിയ -
ദ്വാരപാലകരെകൊന്നു.”
“ഇന്നലെ വാതിലിൻ പാളികൾ മോഷ്ടിച്ചു.
നാളെയീ എന്നെയും തൂക്കും.
പിന്നെയോ, തന്നേയും കെട്ടുകെട്ടിച്ചീടും
ജീവനും കൊണ്ടിന്നേ പോകാം.”
“പുഞ്ചക്കൃഷിയിലെ ലാഭവും, നഷ്ടവും
നോക്കാതെ പാവം കൃഷിക്കാർ,
പട്ടിണി കൊണ്ടവർ തൃപ്തിയടഞ്ഞിട്ട്
മിച്ചം വെച്ചുണ്ടാക്കും കാശും
കൊള്ളപ്പലിശയ്ക്കെടുക്കുംപണം പോലും,
കാണിക്ക പാത്രത്തിൽ വീണു.
ആപ്പണം, ധൂർത്തടിച്ചർമാദിച്ചീടുവാൻ,
ആരൊക്കെ കയ്യിട്ടുവാരി.”
“ചിത്തത്തിൽ ശാന്തി പുലർത്തുവാനന്നു ഞാൻ,
കാനനം വാസനം ആക്കി.
ഇത്രയും കാലം നാം സന്തോഷം പങ്കിട്ട്,
ഒന്നിച്ച് താപസ്യം ചെയ്തു.”
“വയ്യ മടുത്തയ്യോ കണ്ണുനീർ കണ്ടെൻ്റെ
ഉള്ളം കലുഷതമായി.
കണ്ടുനിൽക്കാനുള്ള ത്രാണിയുണ്ടായല്ല,
കണ്ടു മടുത്തതും കൊണ്ടേ.”
“എന്തൊക്കെ ചേരുവ, ചേർത്തവർ ഉണ്ടാക്കും
സാധനം, അരവണയായ്
അപ്പത്തിൽ കല്ലു കടിക്കുന്നു, പൂപ്പലോ,
തോരണം ചാർത്തിയ പോലെ”
“കണ്ടിട്ടും, കാണാത്ത പോലെത്രനാൾ നമ്മൾ
കണ്ണടച്ചങ്ങിനിരിക്കും?
താനെന്തേ, കണ്ടിട്ടും മിണ്ടാതിരിക്കുന്നു,
താനും കൊതിച്ചില്ലേ പോവാൻ?”
“നാമിവിടില്ലെന്നറിഞ്ഞാലീ പാവങ്ങൾ,
കഷ്ടപ്പെട്ടെത്തുകയില്ല.
കയ്യിട്ടു വാരുന്ന തസ്കര വീരന്മാർ,
കാണിക്ക വഞ്ചി തുഴയും.”
“താമസിച്ചീടുവാൻ ലോകത്തെൻ ഭക്തർ തൻ
മാനസം എത്രയോ ബാക്കി.
പിഞ്ചുഹൃദയങ്ങൾ, നൊമ്പര മാനസം,
മണ്ണിൽ അനവധി ദേഹി.”
“ ‘നീയാണതെന്നെന്ന്’ ചൊല്ലുന്നൊരാപ്പൊരുൾ,
ഞാനല്ലേ സത്യമാക്കേണ്ടു.
പോയിടാം, കാനനവാസനിൽ നിന്നിന്ന്
മാനസവാസനായ് മാറാം.”