Image

സി പി ഐയുടെ ചായകോപ്പയിലെ കൊടുങ്കാറ്റും സി പി എമ്മിന്റെ വല്യേട്ടൻ കളിയും (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 04 November, 2025
സി പി ഐയുടെ ചായകോപ്പയിലെ കൊടുങ്കാറ്റും സി പി എമ്മിന്റെ വല്യേട്ടൻ കളിയും (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

സി പി എമ്മിനെ  സി പി ഐക്ക് തളയ്ക്കാൻ കഴിഞ്ഞോ. മുന്നണി മര്യാദ പോലും പാലിക്കാതെ മുഖ്യമന്ത്രി ഒറ്റക്ക് പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധവുമായി എൽ ഡി എഫിലെ രണ്ടാമത്തെ കക്ഷിയായ സി പി ഐ വരികയുണ്ടായി. സി പി ഐയുടെ പ്രതിഷേധം വക വയ്ക്കാതെ മുഖ്യമന്ത്രി പി എം ശ്രീ പദ്ധതിയുമായി മുൻപോട്ട് പോയപ്പോൾ തങ്ങളുടെ മന്ത്രിമാരോട്  മന്ത്രി സഭ യോഗത്തിൽനിന്ന് വിട്ടു നില്ക്കാൻ വരെ സി പി ഐ സംസ്ഥാന നേതൃത്വം നിര്ദേശിക്കുകയുണ്ടായി. അത്തരം നടപടികളിലേക്ക് പോലും തങ്ങളുടെ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഒടുവിൽ അനുനയവുമായി മുഖ്യ മന്ത്രിയും സി പി എമ്മുംരംഗത്ത് വരികയുണ്ടായി. അത് സി പി ഐ സി പി എമ്മിനെ തളച്ച രീതിയിലേക്ക് പലരും വ്യാഖ്യാനിക്കുകയുണ്ടായി.  സി പി എമ്മിനെ ഒരു പരിധി വരെ നിലക്ക് നിർത്താൻ സി പി യ്ക്ക് കഴിഞ്ഞെങ്കിലും തളയ്ക്കാൻ കഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല. 

സി പി ഐയുടെ നിർദേശം മാത്രമേ അംഗീകരിച്ചുള്ളു. പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി ഒപ്പുവച്ചതോന്നും ഇതുവരെ പിൻവലിച്ചിട്ടില്ല. അടുത്ത എൽ ഡി എഫ് യോഗത്തിൽ ചർച്ച ചെയ്യാമെന്നേ പറഞ്ഞിട്ടുള്ളു. ചുരുക്കത്തിൽ പദ്ധതിക്ക് കേരളം പച്ചക്കൊടി കാണിച്ചിരിക്കുന്നുയെന്ന്തന്നെയാണ്. പി എം ശ്രീ പദ്ധതി ഒപ്പുവച്ചത് പിൻവലിക്കാത്തിടത്തോളം കാലം ഒപ്പു വച്ച പദ്ധതിക്ക് അംഗീകാരമുണ്ട്. സി പി ഐ യെ ഭയപ്പെട്ടതുകൊണ്ടോ അവരുടെ ശക്തി കണ്ടതുകൊണ്ടോ അല്ല ഈ നിർദ്ദേശം സി പി എം മുന്നോട്ട് വച്ചത്. സി പി ഐയുടെ പ്രതിഷേധം ചായക്കോപ്പയിലെ കൊടും കാറ്റാണെന്ന് സി പി എമ്മിനറിയാം അത് എം എൻ സ്മാരകം മുതൽ തൃശൂർ വരെയേ കാണുവെന്നും സി പി എമ്മിനറിയാം. അത്രയ്കുള്ള ശക്തിയെ ഇന്ന് സി പി യ്ക്കുള്ളു. മുന്നണിയിൽ കല്ല് കടിയുണ്ടാകാതെയിരിക്കാനും അതിന്റെ പേരിൽ പ്രതിപക്ഷം മുതലെടുക്കാതിരിക്കാനും മാധ്യമങ്ങൾ അതേറ്റുപിടിച്ച് സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാതിരിക്കാനും കരണമാകാതിരിക്കാനുമാണ് ഒത്തുതീർപ്പ് എന്നരീതിയിൽ ഇപ്പോൾ സി പി എമ്മും പിണറായിയും നാടകം കളിച്ചത്. ആ നാടകം കളി എത്രനാളുണ്ടാകുമെന്ന് പറയാൻ കഴിയില്ലെങ്കിലും അതിനു മുൻപ് സി പി ഐയെ തങ്ങളുടെവരുതിയിലാക്കും . അതിന് സി പി എമ്മിന് അത്ര പണിപ്പെടേണ്ട കാര്യമില്ല.

സി പി ഐ ഇന്ന് അർദ്ധ ശരശയ്യയിലാണ് ഇപ്പോൾ. അംഗ ബലവും നേതൃ നിരയും ശുഷ്ക്കമായ സി പി ഐ ഇന്ന് പട്ടിണി കൊണ്ട് മെലിഞ്ഞ ചില രാജ്യത്തിലെ   ജനങ്ങളെപ്പോലെയാണ്. ഒരു കാലത്ത് എടുത്ത് പറയാവുന്ന ഒരുപിടി നേതാക്കളുടെ പാർട്ടിയായിരുന്നു സി പി ഐ. ആദർശം കൊണ്ടും ലാളിത്യം കൊണ്ടും നേതൃ പാടവം കൊണ്ടും സമ്പുഷ്ടമായ ഒരു നിരയായിരുന്നു. പി കെ വി, വെളിയം , സി കെ ചന്ദ്രപ്പൻ അങ്ങനെ ഒരു നീണ്ട നിര സി പി ഐ യിൽ ഉണ്ടായിരുന്നു. നിലപാടും നട്ടെല്ലും ഒള്ള അവരായിരുന്നു പ്രസ്ഥാനത്തെ നയിച്ചിരുന്നത്. അവരിൽ കൂടി പാർട്ടി വളർന്നു ശക്തി പ്രാപിച്ചു.  അതുകൊണ്ട് തന്നെ സി പി ഐ ശക്തമായ രാഷ്ട്രീയ പാർട്ടിയായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്നു. ഒപ്പത്തിനൊപ്പം എന്നതായിരുന്നു അന്ന് സി പി എമ്മും സി പി ഐയും. 
എന്നാൽ ഇന്ന് എടുത്തു പറയാവുന്ന തല മുതിർന്ന ശക്തരായ നേതാക്കൾ സി പി ഐയിൽ ഇല്ല. ഇമ്മിണി ഇത്തിരി വലിയ സഖാക്കൾ എന്നതിനപ്പുറം നേതാക്കൾ ഇന്ന് സി പി യ്ക്ക് നേതൃനിരയിൽ ഇല്ലയെന്നതാണ്  സത്യം. അതുമാത്രമല്ല സി പി ഐ പല ജില്ലകളിലും നിർജ്ജീവവുമാണ്. ഒരു കാലത്ത് സി പി യ്ക്ക് തിരുപനംതപുരത്തുനിന്നും ലോക്സഭയിൽ പ്രതിനിധിയെ അയക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർഥി പരാജയപ്പെടുക മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക്തള്ള  പ്പെടുകയും ഉണ്ടായത് അതിനുദാഹരമാണ്. ഇന്ന് സി പി ഐ ക്ക്  ലോക്സഭയിൽ പ്രതിനിധികളെ ഇല്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. ദേശീയ തലത്തിൽ ഇടതുപക്ഷത്തിന് പ്രസക്തി തീരെ ഇല്ലാതായിട്ട് നാളുകൾ കുറെയായി. കോൺഗ്രസിനൊപ്പം ചില സംസ്ഥാനങ്ങളിൽ ചുരുക്കം ചില സീറ്റുകളിൽ മത്സരിച്ച ജയിക്കുന്നതൊഴിച്ചാൽ ഇടതുപക്ഷം ഒരു ശക്തിയെ അല്ലായെന്നതാണ് യാഥാർഥ്യം. പ്രത്യേയ ശാസ്ത്രങ്ങളോടുള്ള ജനങളുടെ മിടിപ്പും മതങ്ങളെ കുട്ടുപിടിച്ച ബി  ജെ പി യുടെ വളർച്ചയും ഇടതുപക്ഷത്തിന്റെ വളർച്ച മുരടിപ്പിക്കാൻ ഇടയാക്കി. അതിൽ ഏറ്റവും ആഘാതം ഏൽപിച്ചത് സി പി ഐക്കാണ്.

ഇന്ന് പല്ലുകൊഴിഞ സിംഹമായി തങ്ങളുടെ ആശ്രിതരായി മാറിയ സി പി ഐ വേലക്കെടുക്കേണ്ട എന്നതായിരിക്കാം സി പി എം ചിന്തിച്ചത്. അതായിരിക്കാം പി എം ശ്രീ പദ്ധതി എൽ ഡി ഫിലും അതിലെ രണ്ടാമനായ സി പി ഐ യോടും ആലോചിക്കാതെ ഒപ്പിട്ടത്. മുന്നണിയിലെ മൂന്നാമനായ  കേരള കോൺഗ്രസ് ജോസ് മാണിയുടെ കാര്യത്തിലും  ഏതാണ്ട് ഇത് തന്നെയാണ് അവസ്ഥ. ഇപ്പോൾ സി പി ഐ യുമായി ഒരു അനുരഞ്ജനം മാത്രമേയുള്ളു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലും വരാനിരിക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിലും മുന്നണിയിൽ കല്ലുകടി ഉണ്ടാക്കാതിരിക്കാൻ വേണ്ടിമാത്രം ഒരു അനുരഞ്ജനം. അത് സി പി ഐ അറിഞ്ഞില്ലെങ്കിലും ബി ജെ പ്പിക്കതറിയാം. ഇമ്മിണി ഇത്തിരി വല്യ നേതാവ് ഇപ്പോൾ സി പി ഐ യിൽ ബിനോയ് വിശ്വം മാത്രമാണ്. അദ്ദേഹം എത്ര കുട്ടിയാൽ കൂടും. എടുത്തു പറയാവുന്നവർ പിന്നെയുള്ളത് പന്ന്യൻ രവീന്ദ്രനും സി കെ ദിവാകരനുമാണ്. അവർ ഏതാണ്ട് വിരമിക്കലിന്റെ വക്കിലാണ്. സജ്ജീവമായി  രാഷ്ട്രീയത്തിൽ അവരുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ തലയെടുപ്പുള്ള നേതാക്കൾ ഇന്ന് സി പി ഐയിൽ ഇല്ലായെന്നതാണ് സത്യം. ഒരു കാലത്ത് സി പി എമ്മിനെ വരെ നിയന്ത്രിക്കാൻ കഴിവുണ്ടായിരുന്ന സി പി ഐക്ക് ഇന്ന് എൽ ഡി എഫിലെ മൂന്നാമനായ കേരള കോൺഗ്രസ്സ് ജോസ് മാണിയോടുപോലും മുഖം കറുപ്പിച്ച് ഒരു വാക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ്. പാർട്ടിയുടെ വളർച്ച ഇന്ന് കിഴോട്ടാണെന്നതാ അതിനു കാരണം. അതിനു തുടക്കമിട്ടത് കാണാം രാജേന്ദ്രനും. കാനം തൊട്ടാണ്  സി പി ഐ  സി പി എമ്മിനോട്  വിധേയത്വം കാണിച്ചു തുടങ്ങിയത്. സി പി ഐ തങ്ങളുടെ അടിയാളാണെന്ന് ഇന്ന് ചിന്തിക്കുന്നതും അതുകൊണ്ടാണ്. എന്ത് സി പി ഐ എന്ന് ഗോവിന്ദൻ പറയാനും ഏത് സി പി ഐ എന്ന് ഇ പി പറയാനും നിരന്തരമായി സി പി ഐയെ സി പി എം നേതാക്കൾ അപമാനിക്കാനും കാരണവും ഇതാണ്. പറമ്പത്ത് പണിയെടുക്കാൻ വരുന്ന അടിയാൻമ്മാരോട് ജൻമിമാർ പണ്ട് എങ്ങനെ പെരുമാറിയോ അതുപോലെയാണ് ഇന്ന് സി പി എം സി പി ഐ യോടെ പെരുമാറുന്നതെന്നതിന് ഉദാഹരണമാണ് ഇത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പി എം ശ്രീ പദ്ധതിയിൽ സി പി ഐയെ അറിയിക്കാതിരുന്നത്. സി പി ഐയുടെ ഇപ്പോഴത്തെ പ്രതിഷേധം സി പി എം മുഖവിലക്കെടുത്തത് നാട്ടുകാരെ കാണിക്കാൻവേണ്ടി വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിയിൽ കല്ലുകടിയുണ്ടാകാതിരിക്കാൻ മാത്രം. തദ്ദേശ തിരഞ്ഞെടുപ്പിലും അതിനുശേഷം നടക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനവും സീറ്റും കിട്ടിയില്ലെങ്കിൽ അതോടെ സി പി ഐ സി പി എമ്മിന് ചാവാലി പട്ടിക്ക്  തുല്ല്യമാകും. അതാണ് സി പി എമ്മിന്റെയും ലക്‌ഷ്യം . വീരന്റെ ജനതദള്ളുപോലെ. കുറേക്കാലം ഇങ്ങനെ സി പി എമ്മിന്റെ പുറകെ നടക്കും പിന്നെ കിടക്കും പിന്നെ ഒന്നുമല്ലാതാകും. തന്നെയാണ് ഇടതുപക്ഷത്തിനും സംഭവിക്കാൻ പോകുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക