
ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ പതിനൊന്നാമത് വാര്‍ഷികവും കേരളപ്പിറവി ആഘോഷവും ഡസ്‌പ്ലെയിന്‍സിലുള്ള പ്രയിറി ലേയ്ക്ക് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടന്നു.

പ്രസിഡന്റ് വിജി എസ് നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍, പ്രസിഡന്റ് ഏവരേയും സ്വാഗതം ചെയ്യുകയും 2014 നവംബര്‍ ഒന്നിന് രൂപീകൃതമായ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുകയും, പ്രത്യേകിച്ച് അമേരിക്കയിലും ഇന്ത്യയിലും നടത്തിയ ചാരിറ്റിയെക്കുറിച്ചും അതിനുവേണ്ടി അകമഴിഞ്ഞ് സംഭാവന നല്‍കിയ ഏവരോടും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. ഭാവിയിലും നിങ്ങള്‍ ഓരോരുത്തരുടേയും ആത്മാര്‍ത്ഥമായ സഹകരണവും കൂട്ടായ പ്രവര്‍ത്തനവും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു. കൂടാതെ 1956 നവംബര്‍ ഒന്നിന് ഏതൊരു മലയാളിക്കും അഭിമാനകരമായ ദിനമാണെന്നും, കാരണം ഭാഷാ അടിസ്ഥാനത്തില്‍ കേരളമെന്ന നമ്മുടെ കൊച്ചു സംസ്ഥാനം രൂപംകൊണ്ടു, ആ ദിവസം നമ്മള്‍ കേരള പിറവിയായി എല്ലാ വര്‍ഷവും ആഘോഷിക്കുന്നു. ഏവര്‍ക്കും കേരള പിറവി ആശംസകള്‍ നേരുകയും ചെയ്തു.

രാധാകൃഷ്ണന്‍ നായര്‍ കേരള പിറവിയെക്കുറിച്ച് സംസാരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. തദവസരത്തില്‍ 'റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ സുരക്ഷിതമാക്കാം' എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ റിജി മാഞ്ചിറയില്‍ നടത്തുകയും, വിവിധ റിട്ടയര്‍മെന്റ് പ്ലാനുകളെക്കുറിച്ചും , ബെനിഫിറ്റ്‌സിനെക്കുറിച്ചും സംസാരിച്ചു. കൂടാതെ ഏവരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കെ.എച്ച്.എന്‍.എ മുന്‍ പ്രസിഡന്റും സ്‌കോക്കി കമ്മീഷണറുമായ അനില്‍ കുമാര്‍ പിള്ള ചടങ്ങില്‍ സന്നിഹിതനായിരുന്നു.

വിവിധ പരിപാടികള്‍ക്ക് എം.ആര്‍.സി പിള്ള, രഘുനാഥന്‍ നായര്‍, പ്രസന്നന്‍ പിള്ള, ജിതേന്ദ്ര കൈമള്‍, രാജഗോപാലന്‍ നായര്‍, പ്രസാദ് പിള്ള, ദീപക് നായര്‍, വിജയ പിള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അരവിന്ദ് പിള്ള എം.സിയായി പ്രവര്‍ത്തിക്കുകയും, സദസിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.