
ജീവിതത്തിന്റെ ഓരോ വഴിത്തിരിവും ദൈവഹിതത്തിന്റെ രേഖകളാണ് എന്നു വിശ്വസിക്കുന്ന ഒരാളാണ് മാമ്മൻ സി. ജേക്കബ്. മേൽപ്പാടം എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ച ബാലൻ, പിന്നീട് അമേരിക്കൻ സമൂഹത്തിന്റെ ഹൃദയത്തിൽ മലയാളിത്തത്തിന്റെ മണമൊഴുക്കിയ ആത്മാർത്ഥ പ്രവർത്തകനായി വളർന്നു. ദൈവശാസ്ത്രപഠനം, സേവനമനോഭാവം, ജനസേവനത്തിലെ പ്രതിബദ്ധത — ഇവയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തൂണുകൾ. കൗൺസിലർ, സമൂഹനേതാവ്, കുടുംബസ്നേഹി, പ്രവാസി മലയാളികളുടെ ഐക്യത്തിന്റെ പ്രതീകം എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ അദ്ദേഹത്തിന് യോജ്യമാണ്. ജീവിതത്തിന്റെ എല്ലാ അദ്ധ്യായങ്ങളിലും “മറ്റുള്ളവരെ സഹായിക്കുന്നതിൽ തന്നെയാണ് യഥാർത്ഥ സന്തോഷം” എന്ന അമ്മച്ചിയിൽ നിന്നു പകർന്നുകിട്ടിയ പാഠം അദ്ദേഹം ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ആത്മാർത്ഥമായ വിശ്വാസവും അക്ഷീണമായ പ്രയത്‌നവുമാണ് ഈ എഴുപത്തിയഞ്ചുകാരന്റെ വിജയമന്ത്രം...

നാടുമായി ബന്ധപ്പെട്ട ഓർമ്മകൾ?
മേൽപ്പാടം എന്ന മനോഹരമായ ഗ്രാമത്തിലാണ് എന്റെ ബാല്യകാലം തുടങ്ങിയത് ജീവിതത്തിന്റെ മൂല്യങ്ങൾ പഠിച്ചതും അവിടെനിന്നാണ്. പിതാവ് മാമ്മൻ ചാക്കോ പിഡബ്ലിയുഡി കോൺട്രാക്ടർ ആയിരുന്നു. കഠിനാധ്വാനത്തിന്റെ മാതൃകയായിരുന്നു അദ്ദേഹം. അമ്മച്ചി സാറാമ്മ ചാക്കോയിൽ നിന്നാണ് മറ്റുള്ളവരെ സഹായിക്കുന്നതിൽ സന്തോഷം കാണുന്ന ജീവിതദർശനം എനിക്ക് പകർന്നുകിട്ടിയത്. അതാണ് എന്റെ ജീവിതത്തിന്റെ അടിസ്ഥാനം.

വിദ്യാഭ്യാസവും വിദ്യാർത്ഥിജീവിതവും എങ്ങനെയായിരുന്നു?
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പരുമല ദേവസ്വം ബോർഡ് കോളജിൽ പ്രീഡിഗ്രിക്കായി ചേർന്നു. ആ കാലത്ത് കെ.എസ്.യുവിൽ ഞാൻ വളരെ സജീവമായിരുന്നു. കോളജ് യൂണിയൻ സെക്രട്ടറിയായി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചതും ഉമ്മൻ ചാണ്ടി സർ കെ.എസ്.യുവിന്റെ പ്രസിഡന്റായിരുന്ന സമയത്തെ ആത്മബന്ധവുമാണ് അക്കാലത്തെ മറക്കാനാകാത്ത ഓർമ്മകൾ. അദ്ദേഹത്തിന്റെ മരണം വരെയും ഞങ്ങൾക്കിടയിൽ ആ അടുപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഞാൻ എഴുതിയ “ജനകീയനായ ജനനായകൻ” എന്ന പുസ്തകം ആ ബന്ധത്തിന്റെ ഹൃദയസ്പർശിയായ ഓർമ്മയാണ്. സെപ്റ്റംബറിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം.

പ്രീഡിഗ്രിക്ക് ശേഷം തിയോളജി പഠനത്തിലേക്ക് വഴിത്തിരിഞ്ഞത്?
ദൈവത്തിന്റെ വിളിയാണെന്ന് കരുതുന്നു. മദ്രാസിലെ ഹിന്ദുസ്ഥാൻ ബൈബിൾ കോളജിൽ തിയോളജിക്കൽ സ്റ്റഡിക്ക് ചേർന്നത് അതിന്റെ തുടക്കമായിരുന്നു. 1972-ൽ അമേരിക്കയിലെ നോർത്ത് ഈസ്റ്റ് ബൈബിൾ കോളജിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചത് എന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. അതിനുശേഷം ഫ്ലോറിഡയിലെ നോവ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സും, കെറൂബിയൻ സ്കൂൾ ഓഫ് തിയോളജിയിൽ നിന്നും പാസ്റ്ററൽ കൗൺസിലിംഗിൽ ഡോക്ടറേറ്റും നേടി.

അമേരിക്കയിലേക്കുള്ള യാത്രയെ കുറിച്ച് പറയാമോ?
1972-ൽ ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിൽ വെറും ഏഴ് ഡോളറുമായി പെൻസിൽവേനിയയിലെത്തി. അത് അത്യന്തം ലളിതമായൊരു തുടക്കമായിരുന്നു. ന്യൂയോർക്കിൽ വച്ചായിരുന്നു വിവാഹം നടന്നത്. 1977-ൽ ഫ്ലോറിഡയിലേക്ക് താമസം മാറുമ്പോൾ വിരലിലെണ്ണാവുന്ന മലയാളി കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂ. ന്യൂയോർക്കിലെ തിരക്കും ട്രാഫിക്കുമൊന്നുമില്ലാതെ ഒരു കൊച്ചുകേരളം പോലെ മനോഹരമായിടമായിരുന്നു ഫ്ലോറിഡ — അതിനാലാണ് അതിനോട് ഒരു ആകർഷണം തോന്നിയത്. ഇന്ന് ഫ്ലോറിഡയും തിരക്കേറിയ സ്ഥലമാണ്.

വിദ്വേഷമോ വിവേചനമോ നേരിട്ടിട്ടുണ്ടോ?
അതില്ലെന്ന് ഉറപ്പോടെ പറയാം. വിദ്യാർത്ഥികളെ ഹൃദയപൂർവം സ്വീകരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. പാർട്ട്-ടൈം ജോലികൾ കണ്ടെത്തി തരുന്നതുൾപ്പെടെ ഒരുപാടുപേർ സഹായിച്ചിട്ടുണ്ട്. അമേരിക്കൻ സംസ്കാരത്തിന്റെ സുതാര്യമായ മുഖമാണ് എനിക്ക് അനുഭവേദ്യമായിട്ടുള്ളത്.

കരിയർ വഴികൾ എങ്ങനെയായിരുന്നു വികസിച്ചത്?
ഇൻഷുറൻസ് മേഖലയിലും കളക്ഷൻ ഏജൻസിയിലുമായിരുന്നു അമേരിക്കയിലെ ആദ്യത്തെ ജോലികൾ.ഇതിനിടയിൽ 1989-ൽ മാർത്തോമാ സഭ എന്നെ മാംഗ്ലൂർ-മണിപ്പാൽ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികളുടെ കൗൺസിലറും ചാപ്ലെയിനുമായി നിയമിച്ചു. ഇന്നവിടെ ഓരോ പാർസണേജ്, ഓരോ പാരിഷ്, ഓരോ കൗൺസിലിംഗ് സെന്റർ എന്നിങ്ങനെയുള്ള സൗകര്യങ്ങളുണ്ട്. അതിന്റെ തുടക്കക്കാരനാകാനുള്ള ഭാഗ്യമുണ്ടായി. പിന്നീട് റിയൽ എസ്റ്റേറ്റ് മേഖലയിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. കൗൺസിലിംഗ് വോളന്ററി വർക്കായിരുന്നതുകൊണ്ട് ജീവിതമാർഗം എന്ന നിലയിൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് ചുവടുറപ്പിക്കുകയായിരുന്നു.

കൗൺസിലർ എന്ന നിലയിൽ ഏറ്റവും സംതൃപ്തി നൽകിയ അനുഭവം?
മാംഗ്ലൂർ-മണിപ്പാൽ മെഡിക്കൽ കോളജിൽ സ്റ്റുഡന്റ് കൗൺസിലർ ആയി പ്രവർത്തിക്കുമ്പോഴായിരുന്നു അത്. വഴിതെറ്റാതെ യുവാക്കളെ മുന്നേറാൻ സഹായിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ചിലപ്പോൾ രക്ഷിതാക്കളോട് നേരിട്ട് സംസാരിച്ച് വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അവരിൽ നിന്നുള്ള സമ്മർദ്ദമാണ് യഥാർത്ഥ പ്രശ്നമെന്ന് കണ്ടെത്തി രക്ഷകർത്താക്കളെ അറിയിച്ചിട്ടുമുണ്ട്. ആ കുട്ടികൾ പിന്നീട് ഡോക്ടർമാരായും എഞ്ചിനീയർമാരായും വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുകയും എന്നെ നേരിൽവന്നുകണ്ട് സ്നേഹവും നന്ദിയും അറിയിക്കുകയും ചെയ്തതാണ് ജീവിതം സാർത്ഥകമായി തോന്നിയ നിമിഷങ്ങൾ.

സംഘടനാപ്രവർത്തനങ്ങൾ?സംതൃപ്തി നൽകിയ അനുഭവങ്ങൾ?
1996-98 കാലഘട്ടം ഫൊക്കാനയുടെ സുവർണ്ണകാലമായാണ് കരുതപ്പെടുന്നത്. അന്ന് ഞാൻ ജനറൽ സെക്രട്ടറിയായിരുന്നു. എണ്ണായിരത്തോളം മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച റോച്ചസ്റ്റർ കൺവൻഷൻ ഇന്നും ഓർമ്മയിലുണ്ട് — ടി.കെ. രാമകൃഷ്ണൻ, ഉമ്മൻ ചാണ്ടി, കെ.ടി. തോമസ്, സുരേഷ് ഗോപി, യേശുദാസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ആ സമ്മേളനം പ്രവാസി ചരിത്രത്തിലെ ഒരു മൈൽസ്റ്റോണായിരുന്നു. പിന്നീട് ട്രസ്റ്റി ബോർഡ് ചെയർമാനും ഇലക്ഷൻ കമ്മീഷണറും ആയി പ്രവർത്തിച്ചു. 2023-ൽ ഫൊക്കാന നടത്തിയ കേരള കൺവൻഷന്റെ ചെയറായും സേവനം അനുഷ്ഠിച്ചു.

ഫൊക്കാന മലയാളിത്തം സംരക്ഷിക്കുന്ന ഏറ്റവും വലിയ പ്രവാസി സംഘടനയാണ്. തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി നടത്തുന്ന മാജിക് പ്ലാനെറ്റിന് വേണ്ടി ഫൊക്കാന നല്ലൊരു സംഭാവന നൽകി.ഫൊക്കാന വിമൻസ് ഫോറം വഴി അമ്മമാർക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ 100 തയ്യൽ മെഷീനുകൾ വിതരണം ചെയ്തപ്പോൾ അതിൽ നല്ലൊരു പങ്കുവഹിക്കാൻ ഞാൻ പ്രതിനിധാനം ചെയ്യുന്ന കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡയ്ക്ക് സാധിച്ചു. ഫൊക്കാനയുടെ ഹൗസിങ് പ്രോജക്ടിന്റെ ഭാഗമായി കൈരളിയിലൂടെ കേരളത്തിൽ ആറു വീടുകൾ നിർമ്മിച്ചുനൽകാനായതും സംതൃപ്തി നൽകി അനുഭവമാണ്.

അമേരിക്കൻ ജീവിതം വ്യക്തിപരമായി എങ്ങനെ സ്വാധീനിച്ചു?
ജീവിതത്തിന്റെ സൗകര്യങ്ങൾ മെച്ചപ്പെട്ടു എന്നത് ശരിയാണ്.എന്നാൽ, അത് എനിക്കുള്ള മൂല്യങ്ങൾ മാറ്റിയില്ല. നാടിനോടുള്ള സ്നേഹവും ഭാഷയോടുള്ള ആത്മബന്ധവും ഇന്നും ഉറച്ചതാണ്. വീട്ടിൽ മലയാളം മാത്രമേ സംസാരിക്കൂ. അമേരിക്കയുടെ സംസ്കാരം ഉൾക്കൊണ്ടുകൊണ്ടുതന്നെ പൂർണമായി അമേരിക്കനൈസ്ഡ് ആകാതെ ശ്രദ്ധിക്കാറുണ്ട്.

ദൈവശാസ്ത്രപഠനം ജീവിതത്തെ എങ്ങനെ മാറ്റി?
ദൈവശാസ്ത്രപഠനം എന്നെ ആത്മാവിന്റെ അടിത്തറയിലേക്കാണ് നയിച്ചത്. ജീവിതം ദൈവഹിതമനുസരിച്ച് നയിക്കുമ്പോഴാണ് അതിന് അർത്ഥമുണ്ടാകുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഓരോ അവസരവും ദൈവത്തിന്റെ ദാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?
യാത്ര ഇപ്പോഴും തുടരുകയാണ്. എന്നാൽ തിരിഞ്ഞുനോക്കുമ്പോൾ ദൈവം നൽകിയ ഓരോ വഴിത്തിരിവിനും പിന്നിൽ ഒരു ലക്ഷ്യം കാണാം — സേവനം, സ്‌നേഹം, ആത്മാർത്ഥത. അതാണ് ജീവിതത്തിന്റെ യഥാർത്ഥ വിജയം.
കുടുംബം?
റിട്ടയേർഡ് നഴ്‌സായ ഭാര്യ മേരിക്കുട്ടിയാണ് എന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്നിലെ കരുത്ത്. മക്കൾ — ബീന ജേക്കബ് (ഫിസിഷ്യൻ അസിസ്റ്റന്റ്), മാത്യു ജേക്കബ് (ഫിലിപ്സ് കമ്പനി ഉദ്യോഗസ്ഥൻ), ബ്ലസ്സി ജേക്കബ് (ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്). മരുമക്കൾ ബ്രട്ട് ഗ്രേഡി, ജോസ് ലിൻ ജേക്കബ് (ഫാർമസിസ്റ്റ്). കൊച്ചുമക്കൾ നിക്കോളാസ്, ഇസബെല്ല, സായൂ ജേക്കബ് — ഇവരൊക്കെ ജീവിതത്തിലെ ആശീർവാദങ്ങളാണ്.