Image

സ്നാപ്പ് പദ്ധതിക്ക് ഭാഗികമായി പണം നൽകാമെന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു (പിപിഎം)

Published on 04 November, 2025
 സ്നാപ്പ് പദ്ധതിക്ക് ഭാഗികമായി പണം നൽകാമെന്നു ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചു (പിപിഎം)

യുഎസ് സർക്കാർ അടച്ചു പൂട്ടിയിരിക്കെ വരുമാനം കുറഞ്ഞ കുടുംബങ്ങൾക്കു നൽകി വരുന്ന ഫുഡ് സ്റ്റാമ്പുകൾ മുടങ്ങാതിരിക്കാൻ സ്നാപ്പ് പദ്ധതിക്കു ഭാഗികമായി പണം നൽകുമെന്നു ട്രംപ് ഭരണകൂടം അറിയിച്ചു.

അടിയന്തര ഫണ്ടുകളിൽ നിന്നു പണം എടുത്തു കൊടുക്കാൻ മാസച്യുസെറ്റ്സിലും റോഡ് ഐലൻഡിലും വെള്ളിയാഴ്ച്ച കോടതികൾ ഉത്തരവിട്ടതിനെ തുടർന്നു കാർഷിക വകുപ്പ് തിങ്കളാഴ്ച്ച നൽകിയ മറുപടിയിലാണ് ഈ ഉറപ്പ്. നവംബറിൽ സ്നാപ്പിനു കിട്ടേണ്ട പണത്തിന്റെ 50% നൽകുമെന്നു ഉറപ്പിൽ പറയുന്നു.

കൂടുതൽ സഹായം ഇപ്പോൾ ആവശ്യമുള്ളവർ സ്വന്തം സ്റ്റേറ്റുകളിൽ നിന്ന് അതു വാങ്ങാമെന്നും ഭരണകൂടം പറയുന്നു.

പ്രകൃതി ദുരന്തത്തിനും മറ്റും മാറ്റി വച്ചിട്ടുള്ള പണത്തിൽ നിന്നാണ് ഈ സഹായം എടുക്കുക.

മാസം തോറും 42 മില്യൺ ആളുകൾക്ക് ഭക്ഷണ സഹായം നൽകാൻ സ്നാപ്പ് $8 ബില്യൺ ചെലവഴിക്കുന്നു. അവരുടെ അടിയന്തര ഫണ്ടിൽ $4.65 ബില്യൺ ഉണ്ട്.

ഒരാൾക്ക് $190 എന്ന നിലയിലാണ് സഹായം ലഭിക്കുക.

അടിയന്തര ഫണ്ടുകളിൽ നിന്നു പണമെടുക്കാൻ കഴിയില്ലെന്ന കാർഷിക വകുപ്പിന്റെ വാദം യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജുമാരായ ബോസ്റ്റൺ കോടതിയിലെ ഇന്ദിര തൽവാനിയും പ്രൊവിഡൻസിലെ ജോൺ ജെ. മക്കോണലും തള്ളിയിരുന്നു. സ്നാപ്പ് തുടരുന്നു എന്നുറപ്പു വരുത്താനുള്ള കടമ ഫെഡറൽ അധികൃതർക്കുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി.  

അപ്പീൽ പോകുമെന്നു വൈറ്റ് ഹൗസ് പറഞ്ഞെങ്കിലും കോടതി വിധി മാനിക്കുമെന്നും ഭാഗികമായെങ്കിലും പണം നൽകാൻ വഴി കണ്ടെത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു.

കുട്ടികളുടെ പോഷകാഹാര പദ്ധതിയിൽ നിന്നു പനമെടുക്കുക എന്ന കോടതികളുടെ നിർദേശം പക്ഷെ ഭരണകൂടം സ്വീകരിച്ചിട്ടില്ല. ആ പണം തിരിച്ചു നൽകാൻ കോൺഗ്രസ് തയ്യാറാവുമോ എന്ന സംശയം ഉയർന്നിരുന്നു. സ്നാപ്പിനു എടുക്കാവുന്ന പണമല്ല അതെന്നു കാർഷിക വകുപ്പ് ചൂണ്ടിക്കാട്ടി.

സ്നാപ്പിനു നവംബർ 1 മുതൽ പണം നൽകില്ലെന്ന കാർഷിക വകുപ്പിന്റെ അറിയിപ്പ് വന്നപ്പോൾ ഡെമോക്രാറ്റിക് ഭരണമുള്ള 25 സ്റ്റേറ്റുകളാണ് കോടതിയിൽ  പോയത്.

നവംബറിലെ സഹായം ഇനി എന്നാണ് എത്തുക എന്ന് വ്യക്തതയില്ല.

തിങ്കളാഴ്ചയോടെ 34 ദിവസമെത്തിയ ഷട്ട്ഡൗൺ തീർക്കാനുള്ള യാതൊരു ഒത്തുതീർപ്പും ഉണ്ടായിട്ടില്ല. ആരോഗ്യ പദ്ധതികൾക്കു പണം നൽകിയാൽ മാത്രമേ ഫണ്ടിങ് ബിൽ പാസാക്കാൻ സഹായിക്കൂ എന്ന നിലപാടിൽ ഡമോക്രാറ്റുകൾ ഉറച്ചു നിൽക്കുമ്പോൾ അങ്ങിനെയൊരു വ്യവസ്ഥ സ്വീകരിക്കില്ല എന്നാണ് ട്രംപിന്റെ നിലപാട്.  

Trump pledges partial funding for SNAP

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക