
ന്യൂ യോർക്ക് മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ കോമോയ്‌ക്കു വോട്ട് ചെയ്യാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഹ്വാനം ചെയ്തു. 'കമ്യൂണിസ്റ്റ്' സ്ഥാനാർഥി സോഹ്രാൻ മാംദാനി നഗരത്തെ നശിപ്പിക്കുമെന്നും അയാളെ തടയാൻ കോമോയ്ക്കു മാത്രമേ കഴിയൂ എന്നും വോട്ടിങ്ങിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രസിഡന്റ് ട്രൂത് സോഷ്യലിൽ കുറിച്ചു.
റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലിവയ്ക്കു വോട്ട് ചെയ്താൽ അത് മാംദാനിക്ക് നൽകുന്ന വോട്ടാവുമെന്നു ട്രംപ് പറഞ്ഞു. സ്ലിവ പിന്മാറിയാൽ കോമോയ്ക്കു വിജയസാധ്യത ഉണ്ടെന്നു സർവേകൾ വരുന്നുണ്ടെങ്കിലും അദ്ദേഹം അതിനു തയാറായിട്ടില്ല.
മാംദാനി ജയിച്ചാൽ ന്യൂ യോർക്ക് ഒരു സാമ്പത്തിക-സാമൂഹ്യ ദുരന്തമായി മാറുമെന്നാണ് ട്രംപിന്റെ അഭിപ്രായം. "ഞാൻ ഫെഡറൽ ഫണ്ടുകൾ നൽകില്ല. അയാൾ കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് ഈ മഹാ നഗരത്തിനു നിലനിൽപ്പു തന്നെ അപകടത്തിലാണ്.
"രാജ്യത്തിന്റെ ഉത്തരവാദിത്തം എനിക്കായതിനാൽ ദുരന്തമാവാൻ പോകുന്ന നഗരത്തിലേക്കു ഞാൻ പണം അയക്കില്ല."
മാംദാനിക്കു പരിചയ സമ്പത്തൊന്നും ഇല്ലെന്നു ട്രംപ് ചൂണ്ടിക്കാട്ടി. "ഡെമോക്രാറ്റ് ആണെങ്കിലും വിജയങ്ങളുടെ റെക്കോർഡ് ഉള്ളയാളാണ് മുൻ ഗവർണർ കോമോ. അദ്ദേഹം ജയിക്കുന്നതാണ് എനിക്കിഷ്ടം.
"നിങ്ങൾക്കു വ്യക്തിപരമായി കോമോയെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും മറ്റൊരു വഴിയില്ല. നിങ്ങൾ അദ്ദേഹത്തിനു വോട്ട് ചെയ്യണം. അദ്ദേഹം മികച്ച മേയറാവും. മാംദാനിക്കു അത് സാധ്യമല്ല."
ട്രംപ് യഥാർഥത്തിൽ തന്നെ പിന്തുണയ്ക്കുന്നില്ലെന്നു കോമോ പറഞ്ഞു. അദ്ദേഹം മാംദാനിയെ എതിർക്കുന്നു എന്നതാണ് കാര്യം.
വോട്ടിങ്ങിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അറ്റ്ലസ്ഇന്റൽ നടത്തിയ സർവേയിൽ മത്സരം നന്നേ കടുത്തുവെന്നു കണ്ടെത്തി. മാംദാനിയുടെ ലീഡ് 4 പോയിന്റ് മാത്രമായി കുറഞ്ഞുവെന്നാണ് സർവേ പറയുന്നത്. അദ്ദേഹത്തിന് അവർ 43.9% പിന്തുണ കാണുമ്പോൾ കോമോയ്ക്കു 39.4% ആണുള്ളത്. സ്ലിവ പിന്മാറിയാൽ കോമോ 49.7% -- 44.1% ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അവർ പറയുന്നു.
സ്ലിവയുടെ പിന്തുണ 24% ൽ നിന്ന് 15.5% ആയി കുറഞ്ഞെന്നു മാറിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പോളിംഗിൽ കണ്ടെത്തി.
Vote for Cuomo, urges Trump