
വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വന്തം ഭാര്യയുടെ ഹിന്ദു വിശ്വാസത്തെ കുറിച്ചു നടത്തിയ പ്രസ്താവനയെ യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് അംഗം റെപ്. രാജാ കൃഷ്ണമൂർത്തി അപലപിച്ചു.
രാജ്യത്തു ഹിന്ദുക്കൾക്കെതിരായ അധിക്ഷേപം പതിവായ അന്തരീക്ഷത്തിൽ അതിനു ആക്കം കൂട്ടുന്ന സമീപനമായിപ്പോയി വാൻസ് കൈക്കൊണ്ടതെന്നു അദ്ദേഹം പറഞ്ഞു.
ഹിന്ദു-ഇന്ത്യൻ അമേരിക്കൻ സമൂഹങ്ങൾക്കെതിരെ വംശവെറി വർധിച്ചു വരികയും നാടുകടത്തണമെന്ന ആവശ്യം വരെ ഉയരുകയും ചെയ്യുന്ന സമയത്താണ് വാൻസ് അങ്ങിനെയുള്ള അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്. "അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നു തന്നെ ആ വിദ്വേഷം ഉയരുന്നുണ്ട്. അങ്ങിനെയൊരു അന്തരീക്ഷത്തിൽ അന്തരീക്ഷം വഷളാക്കുന്ന പ്രസ്താവന വൈസ് പ്രസിഡന്റ് നടത്തിയത്‍ ഏറെ നിരാശാജനകമാണ്. വിദ്വേഷ ആക്രമണങ്ങളെ കുറിച്ച് അദ്ദേഹം മൗനം പാലിക്കയും ചെയ്യുന്നു."
യൂണിവേഴ്സിറ്റി ഓഫ് മിസിസ്സിപ്പിയിൽ വധിക്കപ്പെട്ട ചാർളി കിർക്കിന്റെ ടെർണിങ് പോയിന്റ് യുഎസ്എ സംഘടിപ്പിച്ച ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് കത്തോലിക്കാ സഭാംഗമായ വാൻസ് ഉഷയുടെ മത വിശ്വാസത്തെ പരാമർശിച്ചത്.
"ഇപ്പോൾ മിക്ക ഞായറാഴ്ചകളിലും ഉഷ പള്ളിയിൽ വരാറുണ്ട്," വാൻസ് പറഞ്ഞു. "ഞാൻ അവളോട് പറഞ്ഞിട്ടുള്ളതു പോലെ, പരസ്യമായി പറഞ്ഞിട്ടുള്ളതു പോലെ, ഇപ്പോൾ എന്റെ ഏറ്റവും അടുത്ത 10,000 സുഹൃത്തുക്കളുടെ മുന്നിൽ ആവർത്തിക്കുന്നത് പോലെ, അവളെയും ഒരു ദിവസം സഭയിൽ എന്നെ സ്പർശിച്ച കാര്യങ്ങൾ സ്പർശിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.
"അതേ, ഞാൻ സത്യമായും അങ്ങിനെ വിശ്വസിക്കുന്നു. കാരണം, ഞാൻ ക്രിസ്തുവിന്റെ വചനങ്ങളിൽ വിശ്വസിക്കുന്നവനാണ്. ആ നിലയ്ക്ക് എന്റെ ഭാര്യയും വിശ്വസിക്കും എന്നു ഞാൻ കരുതുന്നു."
Rep. Krishnamoorthi slams Vance over remarks on wife's faith