
പതിവുപോലെ ഇത്തവണയും, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയുള്ള വിവാദത്തിന് ഒട്ടും കുറവില്ല. സ്വതന്ത്ര സിനിമകളെ അവഗണിച്ചുവെന്നാണ് ഒരു വിമര്‍ശനം. 'മഞ്ഞുമ്മല്‍ ബോയ്സി'ന് വാരിക്കോരി അവാര്‍ഡ് നല്‍കിയെന്ന അഭിപ്രായമുള്ളവരുമുണ്ട്. ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ പരാമര്‍ശവും ചര്‍ച്ചയാവുന്നു. അതേസമയം, സ്ത്രീ പീഡനത്തിനും കഞ്ചാവ് കേസിലും പ്രതിയായ റാപ്പര്‍ വേടന് മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കൊടുത്തതില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
മഞ്ഞുമ്മേല്‍ ബോയ്സിലെ 'കുതന്ത്രം' എന്ന ട്രാക്കില്‍ 'വിയര്‍പ്പു തുന്നിയ കുപ്പായം...'എന്ന് തുടങ്ങുന്ന ഗാനരചനയ്ക്കാണ് വേടന് അവാര്‍ഡ്. 'കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ... കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ...' എന്നൊക്കെയാണ് അവാര്‍ഡ് കിട്ടിയ പാട്ടിലെ വരികള്‍. ''അവാര്‍ഡ് കിട്ടിയവനാണോ കൊടുത്തവര്‍ക്കാണോ കഞ്ചാവ്...'' എന്ന് ട്രോളിയവരുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും ഇന്നും മലയാള ചലചിത്ര ഗാന പ്രേമികളുടെ മനസില്‍ വസന്തം വിരിയിക്കുന്ന 'എവര്‍ഗ്രീന്‍' പാട്ടുകളെ സ്നേഹിക്കുന്നവര്‍ക്ക് ഈ 'കുതന്ത്രം' ഒന്നും ദഹിക്കില്ല.
വയലാറും പി ഭാസ്‌കരനും ഒ.എന്‍.വിയും പുതിയ കാലത്തിലെ ഗിരീഷ് പുത്തന്‍ ചേരിയുമൊക്കെ എഴുതിയ വരികളുടെ അര്‍ത്ഥവും വ്യാപ്തിയും കാവ്യഭംഗിയും അവകാശപ്പെടാന്‍ പുതു തലമുറ ഗാനരചയിതാക്കള്‍ക്ക് വകയില്ല. കാലം എന്നും അടയാളപ്പെടുത്തുന്ന മരണമില്ലാത്ത അവരുടെ പാട്ടുകള്‍ പക്ഷേ, അവാര്‍ഡിന്റെ പേരിലല്ല ജനപ്രിയമായത്. സാധാരണക്കാരില്‍ സാധാരണക്കാരുടെ പ്രതിനിധിയായ റാപ്പര്‍ വേടന് അവാര്‍ഡ് കൊടുത്തപ്പോള്‍ ഈ പുരസ്‌കാര നിര്‍ണയത്തിന്റെ മാനദണ്ഡമെന്താണെന്ന് പലര്‍ക്കും സംശയമുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരുടെ പ്രതിനിധിയാണത്രേ വേടന്‍.
പ്രണയവും, വിരഹവും, കാത്തിരിപ്പും, കാമനകളും നിറഞ്ഞ വരികളുടെ ലോകത്തേക്ക് സാധാരണക്കാരന്റെ വ്യാഹുലതകള്‍ പറഞ്ഞുള്ള ഗാനത്തിനാണ് വേടന്‍ എന്ന പേരിലറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെന്ന തൃശൂരുകാരന്‍ പുരസ്‌കാരം നേടിയത്. 2004-ല്‍ റിലീസായ ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലെ ''ലജ്ജാവതിയെ നിന്റെ കള്ളക്കടക്കണ്ണില്‍... എന്ന ഗാനത്തോടെ ജാസി ഗിഫ്റ്റ് മലയാള പിന്നണി ഗാനരംഗത്ത് പ്രശസ്തനായെങ്കില്‍ വേടനുമാവാം. പുതു തലമുറ പാട്ടുകളെ തള്ളാനും കൊള്ളാനുമുള്ള അവകാശം വ്യക്തി നിഷ്ടമാണ് എന്നുമാത്രം. 21 വര്‍ഷമായിട്ടും 'ലജ്ജാവതി'യെ ആരും മറന്നിട്ടില്ല. വേടന്റെ അവാര്‍ഡ് പാട്ടിന്റെ ആയുസ് കാലം നിശ്ചയിക്കട്ടെ.
വേടന്‍ പാവപ്പെട്ടവന്റെ ജാതീയതയുടെ ശബ്ദമാണെങ്കില്‍, സ്ത്രീയുടെ മോചനം ആര്‍ത്ഥിക സമത്വത്തിലൂടെ മാത്രമേ സാക്ഷാത്ക്കരിക്കാനാകൂ എന്നു വ്യക്തമാക്കിയ 'ആയിഷ' എന്ന കവിത രചിച്ച വ്യക്തിയാണ് മോഹന ഗാനങ്ങളുടെ രാജശില്‍പിയായ വയലാര്‍ രാമവര്‍മ. കവിയും ജനപ്രിയ ചലച്ചിത്ര, നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയമായ ഗാനങ്ങളാണ്. പ്രവാചകന്‍മാരേ പറയൂ.., ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം.., കേരളം കേളികൊട്ടുയരുന്ന.., ദേവലോക രഥവുമായ്.., കള്ളി പാലകള്‍ പൂത്തു.., പ്രേമ ഭിക്ഷുകീ.., സന്യാസിനി.., ആമ്പല്‍ പൂവേ.., സംഗമം ത്രിവേന്ന് മെച്ചമാണ്.
ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, ചലച്ചിത്രനടന്‍, ആകാശവാണി പ്രൊഡ്യൂസര്‍, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പി ഭാസ്‌കരന്‍ എന്ന ഭാസ്‌കരന്‍ മാഷിന്റെ ഗാനരചനാ സാമ്രാജ്യവും അതിരുകളില്ലാത്തതാണ്. അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകള്‍ക്കപ്പുറത്ത്.., പുലര്‍കാല സുന്ദര സ്വപ്നത്തില്‍.., എന്റെ സ്വപ്നത്തില്‍.., പ്രാണ സഖി തുടങ്ങിയ ഗാനങ്ങള്‍ ആസ്വാദകരെ എത്തിക്കുന്നത് മാമലകള്‍ക്കപ്പുറത്തെ ഏതോ ഒരു വിസ്മയ ലോകത്തേയ്ക്കാണ്.
കവിയും അധ്യാപകനുമായ ജ്ഞാനപീഠ ജേതാവ് ഒ.എന്‍.വി കുറുപ്പിന്റെ ഗാനങ്ങളും നിത്യഹരിതമാണ്. 'ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി.., ആരെയും ഭാവ ഗായകനാക്കും.., ഒരു ദലംമാത്രം വിടര്‍ന്നൊരു.., ശ്യാമസുന്ദരപുഷ്പമേ.., സാഗരങ്ങളേ.., നീരാടുവാന്‍ നിളയില്‍.., കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത.., മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ച്ചാര്‍ത്തി.., ഓര്‍മകളേ, കൈവള ചാര്‍ത്തി..,അരികില്‍ നീയുണ്ടായിരുന്നെങ്കില്‍..,വാതില്‍പ്പഴുതിലൂടെന്‍മുന്നില്‍.., ആദിയുഷസന്ധ്യപൂത്തതിവിടെ.., ഒരുവട്ടംകൂടെയെന്‍ ഓര്‍മ്മകള്‍മേയുന്ന തുടങ്ങിയ ഒ.എന്‍.വിയുടെ ഗാനങ്ങള്‍ ആരെയും ഭാവ ഗായകരാക്കും.
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രഗാന രചയിതാവും കവിയും തിരക്കഥാകൃത്തുമായിരുന്ന ഗീരീഷ് പുത്തഞ്ചേരിയുടെ വിയോഗ നഷ്ടവും നികത്തപ്പെടാനാവാത്തതാണ്. സൂര്യകിരീടം വീണുടഞ്ഞു..,പിന്നെയും പിന്നെയും ആരോ.., ആരോ വിരല്‍മീട്ടി.., കണ്ണുംനട്ട് കാത്തിരുന്നിട്ടും.., ആകാശദീപങ്ങള്‍ സാക്ഷി.., ഇന്നലെ, എന്റെ നെഞ്ചിലെ.., നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ.., ഒരു രാത്രികൂടെ വിടവാങ്ങവേ.., ഹരിമുരളീരവം.., ശാന്തമീ രാത്രിയില്‍.., അമ്മ മഴക്കാറിന്.., കളഭം തരാം.., രാത്തിങ്കള്‍ പൂത്താലിചാര്‍ത്തി.., കൈക്കുടന്ന നിറയെ.., നിലാവേ മായുമോ... ഇനിയുമേറെയെഴുതാന്‍ ബാക്കിവെച്ചാണ് പുത്തഞ്ചേരിയും വിടയൊല്ലിയത്.
''ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടുനോട്ടമിഷ്ടമല്ലടാ
കാര്യമില്ലെടാ ഒരു കാര്യവുമില്ലെടാ
എന്റെ പിറകെ നടന്ന് കാര്യമില്ലെടാ
കൊച്ചുകള്ളനെ എടാ എടാ വേണ്ട മോനെ
വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ...'' ഗാനരചയിതാവും കവിയും സംഗീത സംവിധായകനും ഗായകനും നടനുമായ കൈതപ്രം കണ്ണാടി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി എന്ന കൈതപ്രം, സ്വപ്നക്കൂട് എന്ന ചിത്രത്തിനെഴുതിയ ഈ ഗാനവും മലയാളി നെഞ്ചേറ്റിയിട്ടുണ്ട്.
മലയാളത്തിലെ ആദ്യത്തെ സിനിമാ പിന്നണി ഗാനം റെക്കോഡ് ചെയ്തത് 1948-ല്‍ ആര്‍ട്ടിസ്റ്റ് പി.ജെ ചെറിയാന്‍ നിര്‍മിച്ച 'നിര്‍മല' എന്ന സിനിമയിലാണ്. 1928-ലാണ് ജെ.സി ദാനിയലിന്റെ 'വിഗതകുമാരന്‍' ഇറങ്ങിയത്. 1938-ല്‍ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ 'ബാലന്‍' റിലീസ് ചെയ്ത സമയത്ത് പിന്നണി സംഗീത സാങ്കേതിക വിദ്യ മലയാള സിനിമയ്ക്കുണ്ടായിരുന്നില്ല. മറ്റു ഭാഷാചിത്രങ്ങളില്‍ ഇതുണ്ടായിരുന്നു. ബാലനിലെ പാട്ട് പിന്നണിഗാനമായിരുന്നില്ല. 1950-കളുടെ മധ്യത്തോടെയാണ് മലയാളത്തിലെ കാവ്യസമ്പുഷ്ടമായ പാട്ടുകളുടെ കാലം ആരംഭിക്കുന്നത് അതിനുമുമ്പ് മികച്ച പാട്ടുകള്‍ ഇല്ലായിരുന്നുവെന്ന് അര്‍ത്ഥമാക്കുന്നില്ല.
കാലം മാറുന്നതിനനുസരിച്ച് മലയാള ചലചിത്ര ഗാന രംഗത്തും പല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് അനസ്യുതം തുടരുകയും ചെയ്യും. ഇന്ന് 50 വയസിന് മുകളിലുള്ളവര്‍ പഴയ ഗാനങ്ങളുടെ നൊസ്റ്റാള്‍ജിയയും പേറി ജീവിക്കുന്നവരാണ്. ഇവര്‍ക്ക് പുതിയ ട്രാക്കുകള്‍ രുചിക്കണമെന്നില്ല. എന്നാല്‍ അപൂര്‍വം ചില പാട്ടുകള്‍ മനസില്‍ ചിരപ്രതിഷ്ഠ നേടുന്നുമുണ്ട്. സിനിമയുടെ വാണിജ്യ താത്പര്യങ്ങള്‍ക്കൊപ്പം വ്യത്യസ്ത ഭാവുകത്വത്തോടെയും സ്വഭാവവ്യതിയാനങ്ങളോടെയുമാണ് പിന്നണി ഗാനങ്ങളും രചിക്കപ്പെടുന്നത്. രചനയിലും സംഗീതത്തിലുമെല്ലാം മലയാള സിനിമാ പാട്ടിന്റെ പഴയ നിര്‍വചനമൊക്കെ മാറിമറിഞ്ഞിട്ട് കാലങ്ങളേറെയായി. ബെസ്റ്റ് സോങ് എന്നതില്‍ നിന്ന് ഹിറ്റ് സോങ്ങിലേക്ക് മാറി. വേടന്റെ അവാര്‍ഡ് ലബ്ധിയിലൂടെ ഹിറ്റ് സോങ്ങ് റാപ്പിലേയ്ക്ക് ട്രാക്ക് മാറ്റുകയാണ്.