
ആധുനിക കാലഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവും കരുത്തനായ വൈസ് പ്രസിഡന്റായി കരുതപ്പെടുന്ന ഡിക്ക് ചേനി 84 വയസിൽ അന്തരിച്ചു. 46ആം വൈസ് പ്രസിഡന്റായി ജോർജ് ഡബ്ലിയു ബുഷിനു കീഴിൽ 2001 മുതൽ 2009 വരെ സേവനമനുഷ്ഠിച്ച ചേനി പിൽക്കാലത്തു റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും പ്രസിഡന്റ് ട്രംപിൽ നിന്നും അകന്നു നിന്നിരുന്നു.
9/11 ആക്രമണത്തെ തുടർന്ന് യുഎസ് തുടങ്ങിവച്ച ഭീകര വിരുദ്ധ യുദ്ധങ്ങളുടെ പ്രധാന ശില്പിയായാണ് ചേനിയെ പലരും കണ്ടിരുന്നത്. അൽ ഖൈദയുടെ വേരുകൾ തേടി അഫ്‌ഗാനിസ്ഥാനിൽ പോയതും ഇല്ലാത്ത സർവ്വനാശ ആയുധങ്ങളുടെ പേരിൽ ഇറാഖിൽ നടത്തിയ ആക്രമണവും അതിൽ പെടുന്നു.
ട്രംപിനെ ഭീരുവെന്നു വിളിച്ച ചേനി അദ്ദേഹം യുഎസിന് എക്കാലത്തെയും വലിയ ഭീഷണിയാണെന്നും പറഞ്ഞു വച്ചിരുന്നു. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തത് കമലാ ഹാരിസിനാണ്.
ഹൃദ്രോഗിയായ ചേനി നിരവധി ഹൃദയാഘാതങ്ങൾ അതിജീവിച്ചു. 2012ൽ ഹാർട്ട് ട്രാൻസ്‌പ്ലാന്റും നടത്തി.
നെബ്രാസ്കയിൽ ജനിച്ചു വയൊമിങ്ങിൽ വളർന്ന റിച്ചാർഡ് ബ്രൂസ് ചേനി യുഎസ് ഹൗസ് അംഗവും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫും ഡിഫൻസ് സെക്രട്ടറിയും ആയി രണ്ടു പ്രസിഡന്റുമാരുടെ കീഴിൽ ജോലി ചെയ്ത ശേഷമാണ് ബുഷിന്റെ വി പി ആയത്.
കോടതിയിൽ പോയി തിരഞ്ഞെടുപ്പ് ജയിച്ച ബുഷിന്റെ കീഴിൽ ആ പരിചയ സമ്പത്തു കൊണ്ട് ചേനി മികച്ചു നിന്നു.
കോൺഗ്രസ് അംഗമായിരുന്ന പുത്രി ലിസ് ചേനിയും ട്രംപിനെതിരെ തുറന്ന യുദ്ധത്തിലായിരുന്നു. കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ പ്രൈമറിയിൽ അവർ തോറ്റു.
Dick Cheney passes away at 84