
വാഷിങ്ടണ്‍: കൊലപാതകക്കുറ്റത്തിന് നാല് പതിറ്റാണ്ടിലേറെ ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ വംശജനായ സുബ്രഹ്മണ്യം വേദത്തിന്റെ നാടുകടത്തല്‍ നിര്‍ത്തിവെയ്ക്കാന്‍ ഇമിഗ്രേഷന്‍ വകുപ്പിനോട് നിര്‍ദേശിച്ച് യുഎസ് കോടതികള്‍. ചെയ്യാത്ത കുറ്റത്തിനാണ് സുബ്രഹ്മണ്യം ജയിലില്‍ കിടന്നതെന്ന് തെളിയുകയും കൊലപാതകക്കുറ്റം റദ്ദാക്കപ്പെടുകയും ചെയ്തുവെങ്കിലും ഇന്ത്യയിലേയ്ക്ക് നാടുകടത്തണമെന്നായിരുന്നു ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.
എന്നാല്‍ ഇപ്പോള്‍ നാടുകടത്തലിന് എതിരായിട്ടുള്ള സുബ്രഹ്മണ്യത്തിന്റെ പോരാട്ടം വിജയം കണ്ടിരിക്കുകയാണ്. 64 കാരനായ സുബ്രഹ്മണ്യത്തെ നാടുകടത്താന്‍ ലൂസിയാനയിലെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പെന്‍സില്‍വാനിയ സ്വദേശി സുബ്രഹ്മണ്യം വേദം എന്ന സുബു 1982ലാണ് കൊലപാതകകുറ്റത്തിന് അറസ്റ്റിലാകുന്നത്. അന്ന് പ്രായം 19 വയസ്. 19 വയസുകാരനായ തോമസ് കിന്‍സര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഇന്ത്യയില്‍ ജനിച്ച സുബു 9 മാസം പ്രായമുള്ളപ്പോഴാണ് യുഎസിലെത്തിയത്. 1980 ഡിസംബറില്‍ സുബുവിന്റെ സുഹൃത്തുകൂടിയായ തോമസ് കിന്‍സറിനെ കാണാതായി. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെത്തി. കിന്‍സറിനൊപ്പം അവസാനമായി കണ്ട വ്യക്തി സുബുവായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ സുബു അറസ്റ്റിലായി. 1983ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. നിരപരാധിത്വം തെളിയിക്കാന്‍ സുബ്രഹ്മണ്യം ശ്രമിച്ചെങ്കിലും എല്ലാ അപ്പീലുകളും നിരസിക്കപ്പെട്ടിരുന്നു.

2022ല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. കൊലപാതകത്തിന് സുബു ഉപയോഗിച്ചെന്ന് പറയുന്ന തോക്കിലെ വെടിയുണ്ട കൊണ്ട് ഉണ്ടാവുന്നതിനേക്കാളും ചെറിയ മുറിവാണ് കിന്‍സറുടെ തലയിലേതെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ, 43 വര്‍ഷത്തിലധികം നീണ്ട സുബുവിന്റെ ജയില്‍വാസത്തിന് അവസാനമായി. ഒക്ടോബര്‍ 3 ന് സുബു ജയില്‍ മോചിതനായി. എന്നാല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) അദ്ദേഹത്തെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. 19 ആം വയസില്‍ ലഹരിമരുന്ന് കൈവശം വെച്ച കുറ്റത്തിന് അദ്ദേഹത്തെ നാടുകടത്താന്‍ ശിക്ഷ നിലന്നിരുന്നുവെന്നും കൊലപാതകക്കേസിലെ വിധി റദ്ദായാലും ലഹരിക്കേസ് നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിഇ നാടുകടത്തല്‍ നീക്കങ്ങള്‍ ആരംഭിച്ചത്.

എന്നാല്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ അപ്പീല്‍ പുനഃപരിശോധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വരെ കോടതി നാടുകടത്തല്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അമ്മയും അച്ഛനും മരിക്കുകയും സഹോദരി, മരുമക്കള്‍, പേരക്കുട്ടികള്‍ തുടങ്ങി സുബ്രഹ്മണ്യത്തിന്റെ ബന്ധുക്കള്‍ എല്ലാവരും യുഎസ് പൗരന്മാരാണെന്നും അമേരിക്കയിലും കാനഡയിലുമാണ് താമസിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബത്തിന്റെ നിയമ പോരാട്ടം. സുബ്രഹ്മണ്യത്തിന്റെ നിരപരാധിത്വം തെളിയിക്കാനും അദ്ദേഹത്തിന്റെ കുടുംബം നിരന്തരം പരിശ്രമിച്ചിരുന്നു.
ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ ഇന്ത്യ വിട്ട അദ്ദേഹത്തിന്, ഇന്ത്യ തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ്. അദ്ദേഹത്തിന് ഇന്ത്യയില്‍ ആരെയും അറിയില്ല എന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പെന്‍സില്‍വാനിയയിലെ ജയിലിനുള്ളില്‍ വെച്ച് സുബു മൂന്ന് ബിരുദങ്ങള്‍ നേടി, അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തിരുന്നു.