
ഓട്ടവ : രാഷ്ട്രീയ അരക്ഷിതാവസ്ഥയും ആരോഗ്യ പരിപാലന രംഗത്തെ പിരിച്ചുവിടലുകളും കാരണം അസംതൃപ്തരായ യുഎസ് ഡോക്ടർമാർ കൂട്ടത്തോടെ കാനഡയിലേക്ക് ചേക്കേറുന്നു. ആരോഗ്യ സംരക്ഷണം, പ്രത്യേകിച്ച് ട്രാൻസ്ജെൻഡർ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ നയങ്ങളിൽ പ്രതിഷേധിച്ചാണ് യുഎസിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. രാജ്യത്ത് ഫാമിലി ഫിസിഷ്യൻമാരുടെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ യുഎസിൽ നിന്നുള്ള ഡോക്ടർമാർ കൂട്ടത്തോടെ എത്തുന്നതോടെ രാജ്യത്തെ ആരോഗ്യ സംരക്ഷണ സൗകര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കാനഡയിലെ പ്രവിശ്യകളും ആരോഗ്യ സംരക്ഷണ ഏജൻസികളും.
കാനഡയിലെ ഡോക്ടർ ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പ്രവിശ്യകൾ അമേരിക്കൻ ഡോക്ടർമാരെ ലക്ഷ്യമിട്ട് റിക്രൂട്ട്‌മെൻ്റ് കാമ്പെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ട്. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷ, ന്യൂബ്രൺസ്വിക്, സസ്കാച്വാൻ പ്രവിശ്യകൾ സമാനമായ റിക്രൂട്ട്‌മെൻ്റ് കാമ്പെയ്‌നുകൾ നടത്തുന്നുണ്ട്. അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസ്, അമേരിക്കൻ ബോർഡ് ഓഫ് ഫാമിലി മെഡിസിൻ, അമേരിക്കൻ ഓസ്റ്റിയോപതിക് ബോർഡ് ഓഫ് ഫാമിലി ഫിസിഷ്യൻസ് എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കേഷൻ ഉള്ള ഡോക്ടർമാരാണ് ഭൂരിഭാഗവും കാനഡയിൽ എത്തുന്നത്.
മാനിറ്റോബയിൽ മാത്രം 33 യുഎസ് ഫിസിഷ്യൻമാർ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലാണെന്ന് അധികൃതർ അറിയിച്ചു. യു.എസിൽ നിന്നുള്ള ഡോക്ടർമാരുടെ ഈ ഒഴുക്ക് കാനഡയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്‍റെ മികവിനെയാണ് സൂചിപ്പിക്കുന്നതെന്ന് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. മാർഗോ ബർണൽ പറയുന്നു.