
ഒന്റാരിയോ: കാനഡയിലെ ഒന്റാരിയോയിൽ മക്ഡൊണാൾഡ്‌സ് ജീവനക്കാരനായ ഇന്ത്യൻ വംശജന് നേരെ വംശീയ അധിക്ഷേപം. ഓക്ക്‌വില്ലിലെ ഒരു മക്ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിലാണ് സംഭവം. കൗണ്ടറിൽ നിൽക്കുകയായിരുന്ന ജീവനക്കാരനെ ഒരു വെള്ളക്കാരൻ വംശീയ ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയും പ്രകോപിതനായി ആക്രമിക്കാൻ തയ്യാറാകുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. "നീയെന്താ ഇവിടെ വലിയ ആളാകാൻ നോക്കുന്നത്? സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോ!" എന്ന് തൊഴിലാളിയായ ഇന്ത്യൻ വംശജനോട് ആക്രോശിക്കുന്നത് വിഡിയോയിൽ കാണാം.
https://twitter.com/i/status/1984902169204531356
വെള്ളക്കാരൻ കൂടുതൽ പ്രകോപിതനായതോടെ സംഭവം കണ്ടുനിന്ന മറ്റൊരാൾ വന്ന് ഇയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യമൊന്നും ഇയാൾ വഴങ്ങിയില്ല. പിന്നീട് വളരെ നേരം ശ്രമിച്ചശേഷമാണ് ഇയാളെ അവിടെ നിന്ന് മാറ്റുന്നത് . സംഭവം കാനഡയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വർധിച്ചുവരുന്ന വംശീയ വിദ്വേഷത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ആവശ്യം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.