
ഒറ്റപ്പെടലിനോളം സ്വാതന്ത്ര്യം
മറ്റെന്തിനുണ്ട്?
ഏതു ദിശയിലേക്കും
വീശുന്ന കാറ്റാകാം
ഏതു മരത്തേയും
ഉമ്മ വെച്ചുലയ്ക്കാം
ഒഴുകുന്ന നദിയും
പുണരുന്ന തീരവുമാകാം
ഉദയസൂര്യനോടൊപ്പം
ഉണരണമെന്നില്ല
അന്തിവാനത്തോളം
ചുവക്കണമെന്നില്ല
വേണമെങ്കിൽ
മദഭരിതമായ
ഒരു സ്വപ്നത്താൽ
ഉള്ളം നിറയ്ക്കാം
പ്രിയതരമായ
ഒരോർമ്മയുടെ
ആകാശമാകാം.
അവിടെ തോന്നുന്ന നേരത്തു
നിലാവാകാം
നക്ഷത്രമാകാം
ആരുമറിയാതെ
താഴേക്കടരാം.
കാറ്റായി വീശുമ്പോൾ
ദിശ തെറ്റരുതെന്നും
പുഴയായൊഴുകുമ്പോൾ
ദിശ മാറരുതെന്നും
സ്വയം നിരന്തരം
ഓർമ്മിപ്പിക്കുക
മാറി മാറി വരുന്ന
ഓരോ ഋതുവിനോടും
ഉള്ളം നോവാതെ
പൊരുത്തപ്പെടുക.
ഒന്നോർത്താൽ
ഒറ്റപ്പെടലിനോളം
മനോഹാരിത
മറ്റെന്തിനുണ്ട്?