
ഓർമ്മത്താളുകൾ മങ്ങി
പഴയൊരേടിൽ തങ്ങി
അവ്യക്തമധുരമാം
നിൻ പ്രതിരൂപം വീണ്ടും.
നീയെനിക്കെഴുതിയ
അപക്വപ്രണയത്തിൻ
പുളിപ്പാർന്ന ലേഖനം
പൊടിഞ്ഞവ്യക്താക്ഷരം;
പെറ്റിടാനാവാതുയി-
രറ്റുപോയ്, നിറം കെട്ടു,
മരവിച്ചുണങ്ങിയ
ഓർമ്മതൻ മയിൽപ്പീലി
ത്തണ്ടുറങ്ങീടും കാവ്യ
പുസ്തകം പുരാതനം
കണ്ടുവീണ്ടെടുത്തെന്റെ
കൈകളിൽ ചേർത്തു കാലം.
തട്ടിയിട്ടെല്ലാമെല്ലാം
കുപ്പക്കൂനകൾക്കുള്ളിൽ
നെഞ്ചകം ചേർത്തു പിഞ്ചും
പഴംതാളുകൾ മാത്രം.
കണ്ണാടി കണ്ണിൽ ചേർത്തു
കാവ്യദർശനാർത്ഥിയായ്.
കുളിരേകിടും കാവ്യ
തീർത്ഥമെന്നുള്ളം കയ്യിൽ;
തെളിവാർന്നൊഴുകുന്ന
ആത്മാവിൻ വിലാപങ്ങൾ.
അല്പനേരത്തിനുള്ളി
ലാരാരുടെനെഞ്ചകം
പ്രാപിച്ചെന്നറിയുവാ
നാർക്കുമാവാത്ത ലയം.
നീരൊഴുക്കതിലെത്ര
കുറി ഞാൻ മുങ്ങിപ്പൊങ്ങി
നീറുമെന്നത്മാവിലാ
കുളിർകൈ സ്പർശം തേടി...
ഒന്നു ഞാനറിയുന്നു
അതു താൻ പറയുന്നു
പ്രകാശവർഷങ്ങൾക്കു
മപ്പുറം കത്തിത്തീർന്ന
ജീവിതതാരാപഥം
കണ്ടു ഞാനിരുട്ടിലും.
മങ്ങിമാഞ്ഞേ പോവുന്നു
മഞ്ഞളിച്ച നിൻ ചിത്രം*
മങ്ങാതെ മിന്നുന്നുള്ളിൽ
സത്കാവ്യധ്രുവദീപ്തി.
*കാമുകിയുടെ ചിത്രം.
ഈ കവിത കവിയുടെ ശബ്ദത്തിൽ കേൾക്കാൻ: https://www.facebook.com/watch?v=840958131716062