
ഒരു ദിവസത്തെ 
വിലയിരുത്താന്‍ സന്ധ്യ കഴിയുവോളം  കാത്തിരിക്കണം എന്ന് സോഫോക്ളീസ് 
പറഞ്ഞിട്ട് രണ്ട് സഹസ്രാബ്ദങ്ങളായി.  ഐ.എ.എസിനെക്കാള്‍ വലുതായി പരിണമിച്ച 
ഐ.എ.എസുകാരനായിരുന്ന വി.  രാമചന്ദ്രനെക്കുറിച്ച് ഇനി ധൈര്യമായി പറയാം. 
കഴിഞ്ഞുപോയ ജീവിതകാലം  മനോഹരമായിരുന്നു. ഇംഗ്ളീഷില്‍ വായിച്ചിട്ടുള്ളത് 
ആവര്‍ത്തിക്കട്ടെ. One must wait until the evening to see how splendid 
the day had been  എന്നാണ് സോഫോക്ളീസ് ഉദ്ധരിക്കപ്പെടുന്നത്. വി. 
രാമചന്ദ്രന്റെ ധന്യമായ  ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ നാം 
പറഞ്ഞുപോകുന്നു,The day has indeed been splendid.
ജിയോളജി പഠിച്ച് ബിരുദാനന്തര ബിരുദം നേടിയിട്ടാണ് രാമചന്ദ്രന് സിവില്‍  
സര്‍വീസില്‍ പ്രവേശിച്ചത്. പില്ക്കാലത്ത് സാമ്പത്തികശാസ്ത്രത്തിലും  
ആസൂത്രണ വിജ്ഞാനീയത്തിലും അതുല്യ പ്രതിഭയായി വാഴ്ത്തപ്പെട്ട ഈ  
ശാസ്ത്രവിദ്യാര്‍ത്ഥി. നന്നെ ചെറുപ്പത്തില്‍ കേരളത്തിന്റെ ധനകാര്യ  
സെക്രട്ടറിയായ രാമചന്ദ്രന് പതിനാറുവര്‍ഷം മാത്രം സര്‍വീസ്  
പൂര്‍ത്തിയാക്കിയ കാലത്തായിരുന്നു ആ നിയമനം.  അതിന് തൊട്ടുമുന്‍പാണ്  
ഗൗരവബുധ്യാ സാമ്പത്തികശാസ്ത്രം ശ്രദ്ധിക്കാന്‍ തുടങ്ങിയത് എന്ന് അദ്ദേഹം  
ഒരിക്കല്‍ പറഞ്ഞത് ഓര്‍മ്മിക്കുന്നു. പിന്നെ അത് ഹരമായി. സാമ്പത്തിക  
ശാസ്ത്രവും ആസൂത്രണവും സംബന്ധിച്ച് കണ്ണില്‍ പെടുന്നത് എല്ലാം വായിക്കുന്ന 
 സ്വഭാവം തന്റെ ബൗദ്ധിക കൗതുകങ്ങളുടെ കേന്ദ്രഭാവം ആ ഭൂമികയിലാണ് തേടേണ്ടത് 
 എന്ന ബോദ്ധ്യത്തിലേക്ക് നയിച്ചു. സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥികള്‍  
നിഷ്പാദുകരായി ആദരപൂര്‍വം കടന്നുചെല്ലുന്ന ശ്രീകോവിലായ സെന്റര്‍ ഫോര്‍  
ഡെവലപ്മെന്റ് സ്റ്റഡീസില്‍ ശ്രേഷ്ഠഗുരുവായി രാമചന്ദ്രന്. സാധാരണ  
കലാലയങ്ങളില്‍ പ്രൊഫസര്‍ എന്നതുപോലെ സി.ഡി.എസില്‍ ഫെലോ.
ഫിനാന്‍സ് സെക്രട്ടറി ആയിരുന്ന രാമചന്ദ്രനെ അന്നത്തെ ചീഫ് സെക്രട്ടറി  
പുറത്താക്കിയത് പ്രായം കുറവായിരുന്നു എന്ന ന്യായത്തിലായിരുന്നു.  
ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അദ്ധ്യക്ഷനായി രാമചന്ദ്രന് നിയമിക്കപ്പെട്ടത് 
 എന്‍ജിനിയര്‍മാര്‍ ഐ.എ.എസുകാരുമായി അപ്രഖ്യാപിതയുദ്ധം നടത്തിയിരുന്ന  
കാലത്താണ്. ഒന്നാലോചിച്ചാല്‍ അദ്ദേഹത്തെക്കുറിച്ചുള്ള മതിപ്പാണ്  
അസ്മാദൃശന്മാരായ പിന്മുറക്കാരെ അംഗീകരിക്കാന്‍ എന്‍ജിനിയറിംഗ് സമൂഹത്തെ  
പ്രേരിപ്പിച്ചത് എന്ന് പറയാം. മസ്തിഷ്കസിദ്ധി, അറിവ് ആഗിരണം ചെയ്യുന്നതിലെ
  ഗതിവേഗം, മനുഷ്യബന്ധങ്ങളിലെ സൗമ്യത, സഹപ്രവര്‍ത്തകരുടെ ആശയങ്ങള്‍  
അംഗീകരിക്കാനും അംഗീകരിച്ചാല്‍ അവരെക്കാള്‍ ഭംഗിയായി അവ അവതരിപ്പിക്കാനും  
ഉള്ള കഴിവ് എന്നിങ്ങനെ ആരിലും ആദരവ് ഉണര്‍ത്തുന്ന അനേകം സംഗതികള്‍ ആ  
മഹദ്വ്യക്തിത്വത്തില്‍ അന്തര്‍ലീനമായിരുന്നു.
അച്യുതമേനോന് എന്നെ ഇടുക്കി പദ്ധതിയുടെ ചുമതല ഏല്പിക്കുമ്പോള്  
രാമചന്ദ്രന് ആയിരുന്നു ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍. പദ്ധതി  
പ്രദേശത്ത് അപ്പപ്പോള്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കാതെ എല്ലാം  
തിരുവനന്തപുരത്തേക്ക് എഴുതി അയയ്ക്കുന്ന സമ്പ്രദായത്തെക്കുറിച്ച്  
കേന്ദ്രമന്ത്രി കെ.എല്‍. റാവുവിന് നിരാശയും തൊഴിലാളി നേതാക്കള്‍ക്ക്  
പരാതിയും ഉണ്ടായിരുന്ന കാലം. തീരുമാനങ്ങള്‍ വൈകുന്നതല്ല,  
തങ്ങള്‍ക്കിഷ്ടമുള്ള തീരുമാനങ്ങളല്ല വരുന്നത് എന്നതാണ് യഥാര്‍ത്ഥ പ്രശ്നം 
 എന്ന് രാമചന്ദ്രന് വാദിച്ചത് അദ്ദേഹത്തെ എന്‍ജിനിയര്‍മാര്‍ക്ക്  
പ്രിയങ്കരനാക്കിയെങ്കിലും പദ്ധതി പ്രദേശത്ത് താമസിച്ച് ധൈര്യമായി  
തീരുമാനങ്ങള്‍ വേഗം എടുക്കാന്‍ കഴിയുന്ന ഒരു കോ ഓര്‍ഡിനേറ്റര്‍ വേണം എന്ന് 
 മുഖ്യമന്ത്രി പറഞ്ഞതിനെ എന്‍ജിനിയര്‍മാര്‍ എതിര്‍ത്തപ്പോള്‍ രാമചന്ദ്രന് 
 അവരെ പിന്തുണച്ചില്ല. വസ്തുനിഷ്ഠമായിരുന്നു എന്നും അദ്ദേഹത്തിന്റെ  
തീരുമാനങ്ങള്‍. എനിക്ക് അദ്ദേഹം നല്കിയ നിര്‍ലോഭമായ പിന്‍ബലവും ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ചെയര്മാന് കഴിഞ്ഞാല്‍ ഇടുക്കിയെ  
സംബന്ധിച്ച അവസാന വാക്ക് കോ ഓര്‍ഡിനേറ്ററുടേതായിരിക്കും എന്ന്  
അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്ന ആ പ്രവര്‍ത്തനശൈലിയും ആണ്  
എന്റെ സതീര്‍ത്ഥ്യര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍ ആയിരുന്ന ആ  
ഘോരകാന്താരത്തില്‍ എന്റെ ഇടം നിര്‍വചിച്ചത്. നാലുവര്‍ഷം കൊണ്ട് ട്രയല്‍  
റണ്‍ നടത്താന്‍ കഴിയുമാറ് കാര്യങ്ങള്‍ മുന്നോട്ടുപോയതില്‍  
അച്ചുതമേനോന്റെയും എം.എന്‍. ഗോവിന്ദന് നായരുടെയും പിന്തുണ പോലെ തന്നെ പ്രധാനമായിരുന്നു  
രാമചന്ദ്രന്റെ ഈ മാനേജ്മെന്റ് പ്രഭാവം. ഇന്ദിരാഗാന്ധിയുടെ ഓഫീസില്‍  
ജോയിന്റ് സെക്രട്ടറി ആയി അദ്ദേഹം പോയിട്ടും അദ്ദേഹം രൂപപ്പെടുത്തിയ  
സമവാക്യങ്ങള്‍ തെറ്റിയില്ല.
ഇടുക്കി ജില്ലയ്ക്ക് ആപേര് നല്‍കിയത് വി.രാമചന്ദ്രന് ആയിരുന്നു. എ.കെ.കെ. 
 നമ്പ്യാര്‍ അവസാനവട്ട ചര്‍ച്ചകള്‍ക്കായി മൂലമറ്റം പ്രദേശത്ത് വന്ന  
സായാഹ്നം. രാമചന്ദ്രനും യാദൃശ്ചികമായി അവിടെ ഉണ്ടായിരുന്നു. ജില്ല  
ഉറപ്പായും വരുമെന്നോ ഞാന്‍ ആകും കളക്ടര്‍ എന്നോ ഒന്നും നിശ്ചയമില്ലാത്ത  
കാലം. ഞങ്ങള്‍ മൂന്നുപേരും മൂലമറ്റം സര്‍ക്യൂട്ട് ഹൗസില്‍  
സംസാരിച്ചിരിക്കവേ മലനാട് ജില്ല എന്ന പേര് കടന്നുവന്നു. അപ്പോള്‍  
രാമചന്ദ്രനാണ് ജില്ലയുടെ ആസ്ഥാനം ഇടുക്കി ആവണം, ആസ്ഥാനത്തിന്റെ പേരിലാവണം  
ജില്ല അറിയപ്പെടുന്നത് എന്നിങ്ങനെ ചരിത്ര നിര്‍മ്മിതിയുടെ ഘടകമായി മാറിയ  
രണ്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇടുക്കിയില്‍ നിന്ന് റേഡിയല്‍  
റോഡുകള്‍ വഴി ദേവിക്കുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളിലെ മിക്ക  
ജനങ്ങള്‍ക്കും രണ്ട് മണിക്കൂര്‍ കൊണ്ട് ഇടുക്കിയിലെത്താന്‍ കഴിയും എന്ന്  
അദ്ദേഹം പറഞ്ഞതാണ് വഴിത്തിരിവായത്. ആറോഡുകള്‍ എല്ലാം അന്നുതന്നെ  
ഉണ്ടായിരുന്നു. കട്ടപ്പന, പുളിയന്മല വഴി കയറി ഇടത്തോട്ട് തിരിഞ്ഞാല്‍  
ഉടുമ്പഞ്ചോലയും വലത്തോട്ട് തിരിഞ്ഞാല്‍ കുമളിയും, ഏലപ്പാറയും  
അയ്യപ്പന്‍കോവിലും വഴി പീരുമേട് പ്രദേശം, ഇടുക്കിയില്‍ നിന്ന് കരിമ്പന്‍  
വഴി കല്ലാര്‍കുട്ടി, അടിമാലി, പള്ളിവാസല്‍. പറഞ്ഞുകേട്ടപ്പോള്‍  
ഇതെന്തുകൊണ്ട് മുന്‍പേ തോന്നിയില്ല എന്ന മട്ടായിരുന്നു കേട്ടിരുന്ന ഞങ്ങള്‍
  ഇരുവര്‍ക്കും.
ആസ്ഥാനം താത്കാലികമായി കോട്ടയത്താവണം എന്നുപറഞ്ഞതും രാമചന്ദ്രന് തന്നെ  
ആയിരുന്നു. പദ്ധതി പൂര്‍ത്തിയാക്കാതെ ബോര്‍ഡിന്റെ സൗകര്യങ്ങള്‍  
വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് താത്കാലികമായി ആസ്ഥാനം  
വേറെ കാണണം. തൊടുപുഴക്കാര്‍ കിട്ടിപ്പോയി എന്ന മട്ടില്‍ നില്ക്കുന്നു.  
കട്ടപ്പനക്കാരും പീരുമേടുകാരും മുദ്രാവാക്യങ്ങള്‍ രചിച്ചുതുടങ്ങി.  
രാമചന്ദ്രന് പറഞ്ഞു: ജില്ലയ്ക്കകത്ത് താത്കാലികമായ ആസ്ഥാനം നിശ്ചയിച്ചാല്‍
  അത് സ്ഥിരമാവും. പിന്നെ മാറ്റാനാവില്ല. അതുകൊണ്ട് ജില്ലയ്ക്ക് പുറത്ത്  
മതി. രാംനാട് കളക്ടര്‍ മധുരയില്‍ കഴിയുമ്പോലെ. അത് കോട്ടയം ആകണം എന്ന്  
പറഞ്ഞതും അദ്ദേഹം തന്നെ. അതിനും മറുവാദമില്ലാത്ത ന്യായം ഉണ്ടായിരുന്നു.  
പുതിയ ജില്ലയില്‍ നാല് താലൂക്കുകളാണ് ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട്,  
തൊടുപുഴ. ആദ്യത്തെ മൂന്ന് താലൂക്കുകളിലെ ജനത്തിനും കോട്ടയം ആണ് പരിചിതമായ  
ആസ്ഥാനം. പിന്നെ തൊടുപുഴ. അവര്‍ക്ക് എറണാകുളവും കോട്ടയവും ഒരുപോലെ. ഏതാണ്ട്
  ഒരേ ദൂരം. നല്ല യാത്രാസൗകര്യവും.
രണ്ട് നിര്‍ദ്ദേശങ്ങളും നമ്പ്യാര്‍ സ്വീകരിച്ചു. പിന്നീട് അച്ചുതമേനോന് അംഗീകരിക്കുകയും ചെയ്തു.
ഇന്ദിരയുടെയും മൊറാര്‍ജിയുടെയും കൂടെ ജോലി ചെയ്തെങ്കിലും പില്ക്കാലത്ത്  
രാമചന്ദ്രന് ഡല്‍ഹിക്ക് പോകാന്‍ കഴിഞ്ഞില്ല. ഷാ കമ്മിഷനിലെ ഇന്ദിരാ വിരുദ്ധ 
 പ്രസ്താവനകളാണ് അതിന്റെ കാരണം എന്നാണ് സര്‍വീസിലെ വിലയിരുത്തല്‍.  
അല്ലെങ്കില്‍ രാമചന്ദ്രനെ പോലെ ഒരു പ്രതിഭാധനന് കേന്ദ്രത്തിലെ സെക്രട്ടറി  
സ്ഥാനമോ ഒരുപക്ഷേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി തന്നെയോ അന്യമാകേണ്ടതല്ല.
ചീഫ് സെക്രട്ടറി ആയി വിരമിച്ചതിനുശേഷം കാലം കുറെക്കൂടെ തെളിഞ്ഞു  
എന്നുപറയാം. പത്തുവര്‍ഷം അദ്ദേഹം ക്യാബിനറ്റ് റാങ്കോടെ സംസ്ഥാനത്തെ ആസൂത്രണ
  ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷന്‍ ആയിരുന്നു. തമിഴ്നാട് രാഷ്ട്രപതി  
ഭരണത്തിലായപ്പോള്‍ രാമചന്ദ്രന് ഗവര്‍ണറുടെ അഡ്വൈസറായി നിയമിക്കപ്പെട്ടു.  
തമിഴ്നാട്ടുകാരനായി ജനിച്ചയാള്‍ സ്വന്തം നാട്ടില്‍ തന്നെ ദിവാനായി  
എന്നര്‍ത്ഥം. ഡല്‍ഹി ആസ്ഥാനമായ രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ മസ്തിഷ്ക്  
സമുച്ചയം തിങ്ക് ടാങ്ക് എന്ന് സായിപ്പ് രാമചന്ദ്രനെ ഡയറക്ടറായി  
നിശ്ചയിച്ചു. നാല് കൊല്ലം. അവരുടെ ഒരു ടാസ്ക് ഫോഴ്സിന്റെ  
അദ്ധ്യക്ഷനുമായിരുന്നു. ഏതാണ്ട് ഒരു വ്യാഴവട്ടം. കേന്ദ്രസര്‍ക്കാരിന്റെ  
ജലവിനിയോഗ കമ്മിഷനിലും നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലും ആനന്ദിലെ  
ഇര്‍മയുടെ ഭരണസമിതിയിലും ദീര്‍ഘകാലം അംഗമായിരുന്ന രാമചന്ദ്രനാണ്  
തിരുവനന്തപുരത്തെ മാനേജ്മെന്റ് ഡെവലപ്മെന്റ് സെന്ററിനെ കാല്‍ശതാബ്ദം  
(1983- 2009) അഗ്രാസനാധിപനായിരുന്ന് നയിച്ചതും. ഇതിനെക്കാളൊക്കെ  
ശ്രദ്ധേയമായത് കേന്ദ്രമന്ത്രിയുടെ പദവിയോടെ രണ്ടാം ഭരണപരിഷ്കാര  
കമ്മിഷനില്‍ അംഗമായും ആക്ടിംഗ് ചെയര്‍മാനായും അഞ്ചുവര്‍ഷം  
പ്രവര്‍ത്തിച്ചതാണ്. 2008ല്‍ രാഷ്ട്രം വി. രാമചന്ദ്രനെ പത്മഭൂഷണ്‍ നല്കി  
ആദരിച്ചതും മറന്നുകൂടാ.
മനസി വചസി കായേ പുണ്യപീയൂഷവര്‍ഷാ
സ്ത്രി ഭുവനമുപകാര ശ്രേണി ഭി:പൂരയന്ത:
പരഗുണ പരമാണൂന്‍ പര്‍വ്വതീ കൃത്യനിത്യം
നിജഹൃദി വികസന്ത: സന്തി സന്ത:കിയന്ത: 
എന്ന് ഭര്‍തൃഹരി പറഞ്ഞിട്ടുണ്ട്.
അങ്ങനെ ഒരു സത്പുരുഷന്‍ ആയിരുന്നു വി. രാമചന്ദ്രന്. മനസിലും വാക്കിലും കര്‍മ്മത്തിലും അമൃതൊഴുക്കുന്നവന്‍, ഉപകാര കര്മ്മങ്ങളാല് ലോകത്രയത്തെ പ്രീതിപ്പെടുത്തുന്നവന്‍, അന്യന്റെ നിസാരഗുണത്തെ പോലും വലുതായി കാണുന്നവന്. ധര്‍മ്മശാസ്ത്ര കുശലനും സദ്കുല ജാതനും സത്യവാദിയും ശത്രുവിലും മിത്രത്തിലും ഒരുപോലെ ന്യായദീക്ഷ പുലര്‍ത്തുന്നവനും ആയിരിക്കണം രാജസദസ്യന് എന്ന പ്രമാണം വച്ച് ചിന്തിച്ചാലും താന്‍ ഇരുന്ന കസേരകള്‍ക്കൊക്കെ സുവര്‍ണ ശോഭ പകര്‍ന്നവനായിരുന്നു രാമചന്ദ്രന് എന്ന് സംശയംവിനാ പറയാം. ആ ധന്യാത്മാവ് പുനര്‍ജനിക്കാതെ ഓംകാര നാദത്തില്‍ വിലയം പ്രാപിക്കട്ടെ.