സര്‍ക്കുലര്‍ ഡ്രൈവേയുള്ളത് നന്നായി, ഇല്ലായിരുന്നെങ്കില്‍ രാവിലെ 
ധൃതിയില്‍ കാര്‍ പുറകോട്ടെടുക്കുമ്പോള്‍ ഇരുവശത്തും നില്ക്കുന്ന 
ചെടികളില്‍ കയറ്റുമായിരുന്നു. പ്രിയയുടെ അമ്മയില്‍ നിന്നും മുരളിയുടെ 
ഭാര്യയില്‍ നിന്നും തനിക്ക് ഡോക്ടര്‍ മാധുരി വര്‍മ്മയിലേക്കുള്ള പരിണാമം 
നടക്കുന്നത് രാവിലെ ഏഴരയോടടുത്താണ്. 
തലേന്ന് രാത്രിയില്‍  വൈകിയാണ് ഫോണടിച്ചത്. പ്രിയയെ ഉണര്ത്താതിരിക്കുവാന്
 പെട്ടെന്ന് ഫോണെടുത്ത മുരളിയുടെ മുഖത്ത് സുഖകരമല്ലാത്തതെന്തോ കേള്‍ക്കുന്ന
 ഭാവമായിരുന്നു.
'നാളെ ജെസിക്കക്ക് ബേബിസിറ്റിങ്ങ് പറ്റില്ലത്രെ, പെട്ടന്ന് ഒരു പനിയും 
കുളിരും. *സ്വയിന് ഫ്ളൂ പടര്‍ന്നു പിടിക്കുന്നതിനാല്‍ ഒരു ചാന്‍സ് 
എടുക്കേണ്ടന്ന് വെച്ചു. പനി തോന്നിയപ്പോഴെ വിളിച്ചു പറയുകയാണത്രെ. 
രാത്രിയായാലും പകലായാലും ഉദ്യോഗസ്ഥയായ ഒരു അമ്മയില്‍ അങ്കലാപ്പ് 
ഉണ്ടാക്കുന്ന വിവരങ്ങള്‍ ഫോണ്‍ ഓഫ് ആക്കുമ്പോള്‍ മുരളി മാധുരിയോട് പറഞ്ഞു. 
മാധുരി ഭര്‍ത്താവിനെ ദയനീയമായി നോക്കി. 
'നാളെ എന്തായാലും എനിക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുവാന്‍ പറ്റില്ല. വളരെ 
പ്രധാനമായ മീറ്റിങ്ങ് നടക്കുന്നു. ഞങ്ങളുടെ ജെര്‍മന്‍ ഫെസിലിറ്റിയില്‍ 
നിന്ന് ആള്ക്കാര് എത്തിയിട്ടുണ്ട്.'
മാധുരിയുടെ മനസാകെ കറങ്ങി. ആദ്യമായിട്ടല്ല ഇങ്ങനെ ഒരു പ്രതിസന്ധി 
നേരിടുന്നത്. അപ്പോഴൊക്കെ മുരളി വീട്ടിലിരുന്ന് ജോലിചെയ്ത്  പ്രിയയുടെ 
ബേബിസിറ്റിങ്ങ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നു. സുഹൃത്തുക്കളില്‍ 
വളരെക്കുറച്ചുപേര്‍ മാത്രം പുറത്ത് ജോലിക്കുപോവാതെ വീട്ടമ്മയായി 
വീട്ടിലിരിക്കുന്നു. ഇത് അമേരിക്കയല്ലേ, ഓടിനടന്ന് ജോലിയെടുത്ത് പണം 
സമ്പാദിച്ചാലല്ലേ വലിയ വീടും വലിയ കാറും സ്വന്തമാക്കാനാവു, വീടിന്റെയും 
കാറിന്റെയും കടം അടയ്ക്കാനാവു. രാത്രി വൈകിയാണെങ്കിലും ഒന്നുരണ്ടു 
കൂട്ടുകാരെ വിളിച്ചുനോക്കി, കൂടുതല്‍ നിരാശപ്പെടുവാന്‍ മാത്രം. 
മുരളിയാണ് ഐഡിയയുമായി വന്നത് 'നമ്മുക്ക് അഛനോട് ചോദിക്കാം, 
കുറച്ചുനേരത്തേക്ക് മതിയല്ലോ. മീറ്റിങ്ങ് കഴിഞ്ഞാലുടന്‍ എനിക്ക് വീട്ടില്‍ 
വരികയും ചെയ്യാം.' മുരളിയുടെ അഛന് നാട്ടില്‍ നിന്ന് വന്നിട്ട് 
അധികനാളായിരുന്നില്ല. അതുകൊണ്ട് അഛനെ ബുദ്ധിമുട്ടിക്കുന്നതില്‍ മാധുരിക്ക് 
വിഷമം തോന്നി.
കുറച്ചുനേരം ആലോചിച്ച് നോക്കിയപ്പോള്‍ മാധുരിക്ക് ആ ഐഡിയ സ്വീകാര്യമെന്ന് 
തോന്നി. വേറൊരു മാര്‍ഗവും കണ്ടെത്താനാവുന്നില്ല. പ്രിയയുടെ 
എല്ലാകാര്യങ്ങളും റെഡിയാക്കിയാല്‍ അഛന് കുറച്ചുസമയത്തേക്ക് പ്രിയയുമായി 
കളിച്ചിരുന്നാല്‍ മതി, രാവിലത്തെ മീറ്റിങ്ങിന്റെ തിരക്കൊഴിഞ്ഞാല്‍ മുരളി 
വീട്ടിലെത്തുകയും ചെയ്യും.
അവള് ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ പ്രിയ മുരളിയുടെ കൈകളില്‍ ഇരുന്ന് അമ്മയെ 
നോക്കി കരയുകയായിരുന്നു. അവള് ഓഫീസില്‍ പോയിക്കഴിഞ്ഞിട്ടാണ് മുരളി സാധാരണ 
ഓഫീസിലേക്ക് തിരിക്കുന്നത്. എന്നും രാവിലെ ഈ കരച്ചില് കണ്ടുകൊണ്ടാണ് അവള്
 ജോലിക്കിറങ്ങുന്നത്. മാതൃത്വം ചീന്തപ്പെടുന്ന നിമിഷങ്ങള്‍!
 
എത്ര ശ്രമിച്ചാലും രാവിലെ എട്ടു മണിക്കത്തെ പേഷ്യന്റ് അവള്‍ക്കു മുമ്പേ 
ഓഫീസില്‍ എത്തുന്നു. ആ ദിവസത്തെ ആദ്യത്തെ പേഷ്യന്റ് ഒരു വര്‍ഷം മുമ്പ് 
തന്നെ വിട്ട് വേറെ ഏതോ ഡോക്ടറെ കണ്ടതിന് ശേഷം തിരികെ വരികയാണ്. 
ആക്സിലറേറ്ററില്‍ കാല് അമര്ത്തിച്ചവുട്ടി. വീതികുറഞ്ഞ വഴിയിലൂടെ കാര്‍ 
വേഗത്തിലോടി.  മറഞ്ഞിരിക്കുന്ന പോലീസ് കാര്‍ കണ്ണില്‍ പെട്ടില്ല. 
പെട്ടെന്നാണ് സൈറണ്‍ മുഴക്കി ലൈറ്റ് ഫ്ളാഷ്ചെയ്ത് പോലീസ് പുറകെ കൂടിയത്. 
റോഡിന്റെ ഒരുവശത്തേക്ക് കാര്‍ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അവള് അറിയാതെ 
വാച്ചിലേക്ക് നോക്കിപ്പോയി.
 
'ഈശ്വരാ, ഇനി പോലീസ്, കാറിന്റെ പേപ്പേര്‍സ്  എല്ലാം പരിശോധിച്ച് സ്പീഡിങ്ങ്
 റ്റിക്കറ്റ് തന്നതിനുശേഷം ഓഫീസില്‍ എത്തുമ്പോഴേക്കും ആദ്യത്തെ പേഷ്യന്റിന്
 നീക്കിവെച്ചിരിക്കുന്ന പകുതി സമയവും കഴിഞ്ഞിട്ടുണ്ടാവും. അവള് ആകെ 
വിയര്‍ത്തു. 
പോലീസുകാരന് അടുത്തുവന്നു. അവള് കാറിന്റെ ജനാല താഴ്ത്തിയിട്ടു. 
രെജിസ്ട്രേഷനും ഇന്‍ഷുറന്‍സ് പേപ്പേര്‍സും ചോദിച്ചു. പേപ്പേര്‍സ് എല്ലാം 
തിരയുന്നതിനിടയിലാണ് സെല്‍ ഫോണടിച്ചത്. കോള്‍ ഓഫീസില്‍ നിന്നാണന്ന് കോളര്‍ 
ഐഡി അറിയിച്ചു. ഓഫീസില്‍ എത്തുവാന്‍ വൈകിയിരിക്കുന്നതിനാല്‍ റിസപ്ഷനിസ്റ്റ്
 തനിക്കെന്തുസംഭവിച്ചു എന്ന് വ്യാകുലപ്പെടുന്നുണ്ടാവും. 'ഹലോ, ഡോക്ടര്‍ 
വര്‍മ്മ ഹിയര്‍. റാന്‍ ഇന്റു സം പ്രോബ്ളംസ്. യേസ്, യേസ്, ഐ ആം ഒകെ. വില്‍
 ബി ദെയര്‍ സൂണ്‍. മെയ്ബി ഇന്‍ റ്റ്വന്റി മിനിറ്റ്സ്.'
പോലീസുകാരന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
'ഡോക്ടര്‍ ആണല്ലേ? നിങ്ങള്‍ കുട്ടികളുടെ സൈക്കിയാറ്റ്രിസ്റ്റ് ഡോക്ടര്‍ വര്‍മ്മ ആണോ? പോലീസുകാരന്റെ മുഖത്തെ ഗൗരവം അലിഞ്ഞു.
അതെയെന്ന് മറുപടി കൊടുത്തു. 
എന്റെ ഇളയ അനിയന് ഡോക്ടറുടെ പേഷ്യന്റാണ്. അയാള്‍ അനിയന്റെ പേരു പറഞ്ഞു.
അമേരിക്കയിലെ പ്രൈവസി പ്രൊട്ടെക്ഷന്‍ ആക്റ്റ് അനുസരിച്ച് പേഷ്യന്റ്സിന്റെ
 വിവരങ്ങള്‍ പുറത്തുപറയുവാന്‍ അനുവാദമില്ല . കുട്ടികള്‍ 
പതിനെട്ടുവയസിനുമേലായാല്  അവര്‍ രേഖാമൂലം അനുവദിച്ചാല്‍ മാത്രമെ 
പേരന്റ്സിന് സ്വന്തം മക്കളുടെ  വിവരങ്ങള്‍ ഡോക്ടേര്‍സില്‍ നിന്ന് 
അറിയുവാന്‍ സാധിക്കയുള്ളു. അതുകൊണ്ട് അയാള്‍ പറയുന്നത് കേട്ടിരുന്നു, 
തിരികെയൊന്നും പറയാതെ.
'എന്റെ പേരന്റ്സിന് ഡോക്ടറോട് വളരെ നന്ദിയുണ്ട്. ഡോക്ടറുടെ മരുന്നുകളാണ് 
അവനെ ഈ വര്‍ഷ്ം ഹൈസ്കൂള്‍ പാസാകുവാന്‍ സഹായിക്കുന്നത്.' അയാള്‍ അല്പ സമയം 
എന്തോ ഓര്‍ത്തുകൊണ്ട് എവിടേക്കോ നോക്കിനിന്നിട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ 
തിരികെ വന്നു. 
പോലീസുകാരന്റെ അനിയന് അവളുടെ പേഷ്യന്റാണ്. പക്ഷെ അവള്‍ക്കത് അയാളോട് 
പറയുവാന്‍ നിയമം അനുവദിക്കില്ല.  സ്കൂളിലെ ഒന്നാം നമ്പര്‍ ചട്ടമ്പി. 
അറ്റെന്‍ഷ്യന്‍ ഡെഫെസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍ ആയതുകൊണ്ട് 
അവന് ഒന്നിലും ശ്രദ്ധചെലുത്താന്‍ കഴിയുന്നില്ല. എല്ലാ ഏടാകൂടങ്ങളിലും 
എടുത്തുചാടുകയും ചെയ്യും. അവന് സ്കൂളില്‍ നിന്നും രണ്ടാഴ്ചത്തെ 
സസ്പെന്ഷന് കിട്ടിയ സമയത്താണ് അവളുടെ പേഷ്യന്റ് ആയി വന്നത്.         
'ശരി ഡോക്ടര്‍ പൊയ്ക്കോളു, ഇനി ഞാന്‍ വൈകിപ്പിക്കുന്നില്ല. ഈ ചെറിയ 
വഴിയിലൂടെ പോവുമ്പോള്‍ സ്പീഡ് കുറയ്ക്കാന്‍ മറക്കണ്ട, 
കൊച്ചുകുട്ടികള്‍ക്കായി സ്കൂള്‍ബസുകള്‍ നിര്‍ത്തുന്ന വഴിയല്ലേ. അനിയന്റെ 
കാര്യത്തില്‍ വളരെ നന്ദിയുണ്ട് ഡോക്ടര്‍.' അയാള്‍ മാധുരി നീട്ടിയ 
രെജിസ്ട്രേഷന് പേപ്പറിലേക്ക് അലസമായി കണ്ണുകളെറിഞ്ഞ് പറഞ്ഞപ്പോള്‍ 
സ്പീഡിങ്ങ് റ്റിക്കറ്റ് കിട്ടാതിരുന്നതിന്റെ ആശ്വാസത്തിലായിരുന്നു 
അവളപ്പോള്‍. 
ഓഫീസില്‍ എത്തുമ്പോഴേക്കും പതിനഞ്ചുമിനിറ്റ് വൈകിയിരുന്നു. ആദ്യത്തെ 
പേഷ്യന്റ് കാത്തിരിക്കുന്നു. തലേന്ന് കിട്ടിയ പേഷ്യന്റ് ലിസ്റ്റില്‍ 
നിന്നും അവളുടെ പേര് ഓര്മ്മിച്ചുവെച്ചിരുന്നു. 'ഗുഡ്മോര്‍ണിങ്ങ് ഹെലെന്,
 ഹൗ ആര് യു? വരൂ നമുക്ക് ഓഫീസിലേക്ക് പോവാം.' ഒരു പുഞ്ചിരിയെറിഞ്ഞ് 
പറഞ്ഞു. പെട്ടന്ന് തിരിച്ചറിയുവാന്‍ കഴിഞ്ഞ നീലക്കണ്ണുകളും ചുരുണ്ട 
സ്വര്‍ണ്ണത്തലമുടിയും. 
'ഞാനിതാ ഡോക്ടറുടെ മുന്നില്‍ വീണ്ടും എത്തി. ഇനിയിപ്പോള്‍ നിങ്ങള്‍ 
തീരുമാനിക്കൂ ഞാന്‍ എങ്ങനെയുണ്ടന്ന്.' അവള് ചിരിച്ചു, ഒരു കൂട്ടം 
*മാര്‍ബിളുകള്‍ തറയില്‍ വീണ് തുള്ളിക്കളിക്കുമ്പോലെ.
ഓഫീസില്‍ അവള്‍ക്ക് അഭിമുഖമായി സോഫയില്‍ ഇരുന്നു. 
'ഡോക്ടര്‍, നിങ്ങള്‍ ഇപ്പോഴും ഒരു ക്യാമലിനെ ഓര്‍മ്മിപ്പിക്കുന്നു. 
നിങ്ങളുടെ റിസപ്ഷനിസ്റ്റ് കുരങ്ങിനെയും.' അവള് മനുഷ്യരില്‍ എപ്പോഴും 
മൃഗങ്ങളുടെ സാദൃശ്യം കണ്ടെത്തുന്നു.  അവളുടെ ഓമനത്വം തോന്നുന്ന ബ്രിട്ടീഷ് 
ആക്സെന്റ്.  അവള് ചിരിച്ചപ്പോള്‍ ശരീരമാകെ കുലുങ്ങി, ചിരിയുടെ 
മാര്‍ബിളുകള്‍ വീണ്ടും തുളുമ്പി.  ചന്തമുള്ള കുട്ടിയായിരുന്നു. ഇപ്പോള്‍ 
കഴിക്കുന്ന മരുന്നുകള്‍ നിമിത്തം വല്ലാതെ തടിച്ചിരിക്കുന്നു.    
'എന്റെ ശരീരം മാത്രമല്ല എന്റെ ഹാര്‍ട്ടും ചീര്‍ത്തു വലുതായി വരുന്നു. 
അടുത്ത മാസം ഹാര്‍ട്ട് സര്‍ജറിയാണ്. ഞാന്‍ കഴിച്ച  മരുന്നുകളുടെ സൈഡ് 
ഇഫെക്റ്റാണ്.' ഭംഗിയുള്ള നീലക്കണ്ണുകളില്‍ ഒരു കുസൃതിച്ചിരി അപ്പോഴും 
ഒളിച്ചുകളിക്കുന്നു. മാധുരിക്കവളോട് സഹതാപം തോന്നി. 
'നിന്റെ അമ്മ?' മാധുരി ആകാംക്ഷയോടെ അവളെ നോക്കി. അവരും ഒരിക്കല്‍ 
മാധുരിയുടെ പേഷ്യന്റ് ആയിരുന്നു. സുഖം പ്രാപിക്കുവാന്‍ സാധ്യതയില്ലാത്ത ഒരു
 മെന്റല്‍ പേഷ്യന്റ്. 
'അമ്മ ഇപ്പോള്‍ ഒരു മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റഡ് ആണ്. കഴിഞ്ഞ ആഴ്ച  
വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. എനിക്കറിയാം ഒരിക്കല്‍ അവര്‍ 
വിജയിക്കുമെന്ന്. . ഒരു പക്ഷെ അതാവും അവര്‍ക്ക് നല്ലത്. കടുത്ത 
ഡിപ്രഷ്യനിലാണിപ്പോള്. അവര്‍ക്ക് എന്റെ ദുഃഖവും കാണണമല്ലോ!'
അവളുടെ കണ്ണിലെ ചിരി മാഞ്ഞു
'ഡോക്ടര്‍ അറിഞ്ഞില്ലല്ലോ, ഞാന്‍ ഇതിനിടയില്‍ ഒരു വിവാഹം കഴിച്ചിരുന്നു.'
മാധുരിക്ക് വിശ്വസിക്കാനായില്ല. വളരെയധികം  മാനസികവിഭ്രാന്തികള്‍ ഉള്ള ഇവളെ
 വിവാഹം കഴിക്കുവാന്‍ തുനിഞ്ഞ ആ ധൈര്യശാലി ആരായിരുന്നു എന്ന ആകാംക്ഷയോടെ 
മാധുരി അവളെ ഉറ്റുനോക്കി.
'ഹൊസെ എന്നാണ് അവന്റെ പേര്, സൗത്ത് അമേരിക്കക്കാരനാണ്. എന്റെ 
മാനസികപ്രശ്നങ്ങളെക്കുറിച്ചെല്ലാം അവനറിയാമായിരുന്നു. എന്നോട് വലിയ 
സ്നേഹമാണന്നും അകന്ന് താമസിക്കുവാന്‍ അവന് അസാധ്യമാണന്നും പറഞ്ഞതുകൊണ്ടാണ്
 പരിചയപ്പെട്ട് അധികമാസങ്ങള്‍ കഴിയും മുമ്പെ ഞങ്ങളുടെ വിവാഹം നടന്നത്'.
അവള് എഴുന്നേറ്റ് ഫിഷ് റ്റാങ്കിലെ മീനുകളെ നോക്കി കുറെ സമയം നിന്നു. അവരുമായി മൗനസംവേദനം നടത്തുമ്പോലെ.
'താമസിയാതെ ഒരു പ്രഭാതത്തില്‍ അവന്റെ സ്നേഹമെല്ലാം ഒലിച്ചുപോയി, ഏപ്രില്‍ 
മാസത്തില്‍ മഞ്ഞുരുകി ഒലിച്ചുപോവുമ്പോലെ. ഞാന്‍ അമേരിക്കന്‍ സിറ്റിസണ്‍ 
അല്ല എന്ന സത്യം അന്നാണവന് കണ്ടുപിടിച്ചത്. അവന് അമേരിക്കന്‍ 
വീസക്കുവേണ്ടിയായിരുന്നു എന്നെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും. 
അല്ലെങ്കില്‍ അവന് താമസിയാതെ സൗത്ത്അമേരിക്കയിലേക്ക് തിരികെ 
പോവണമായിരുന്നു. ഞാന്‍ ഇപ്പോഴും ബ്രിട്ടീഷ് സിറ്റിസണ്‍ ആണ്. ഞാന്‍ 
അമേരിക്കന്‍ സിറ്റിസണ്‍ ആയിരുന്നെങ്കില്‍ അവന് വിവാഹത്തോടെ അമേരിക്കന്‍ വീസ
 കിട്ടുമായിരുന്നു. ഭ്രാന്തുള്ള ഞാനുമായുള്ള വിവാഹജീവിതം തുടര്‍ന്നതുകൊണ്ട്
 പ്രയോജനം ഇല്ലെന്നു മനസിലാക്കിയ അവന് ഒരാഴ്ച കഴിഞ്ഞ് വീടുവിട്ടു. 
വിവാഹമോചനത്തിനുള്ള നോട്ടീസും അയച്ചു. ഒരു അമേരിക്കന്‍ പെണ്‍കുട്ടിയെ 
വിവാഹം കഴിച്ചു എന്ന് കേട്ടു. അമേരിക്കന്‍ വീസ കിട്ടുമല്ലോ' അവള് 
കരയുകയായിരുന്നു.'
'ഡോക്ടര്‍ എങ്ങനെയുണ്ട് എന്റെ കഥ ഇതുവരെ?' അവള് നഗ്നമായ മോതിര വിരലില്‍ വിരലുകള്‍ ഓടിച്ചു.
മാധുരി എഴുന്നേറ്റ് അവളിരുന്ന സോഫയില്‍ ചെന്നിരുന്ന് ചുമലില്‍ കൈ വെച്ചു.'
അവള് ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു, എന്തോ കണ്ടതുപോലെ.
'ഡോക്ടര്‍ അതാ എന്റെ മുത്തശ്ശന് ജനാലക്ക് വെളിയില്‍. മുത്തശ്ശന് ഞാന്‍ കരയുന്നത് ഒരിക്കലും ഇഷ്ടമല്ല.'
പുറത്ത് കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന പാര്ക്കിങ്ങ്ലോട്ടിലേക്ക് മാധുരിയും നോക്കി, അവിടെയാരും ഇല്ലെന്ന് അറിയാമെങ്കിലും.
'ഒരു മാസം മുമ്പ് ഒരു രാത്രിയില്‍ മുത്തശ്ശന് ജനാലക്കരുകില്‍ വന്ന് 
എന്നെവിളിച്ചു. ഞാന്‍ ഇറങ്ങിപ്പോയി. ഞാന്‍ അയാളെ വെറുക്കുന്നു. എങ്കിലും 
അയാളുടെ ശബ്ദത്തിന് എന്റെ മേല്‍ അത്ര സ്വാധീനം ഉണ്ട്. എത്ര തടുക്കാന്‍ 
ശ്രമിച്ചാലും. മനസ് അപ്പോള്‍ പരിപൂര്‍ണ്ണമായും എനിക്ക് നഷ്ടപ്പെടുന്നു. 
അടുത്ത റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് ട്രെയിന്‍ കയറി മുത്തശ്ശന് പറഞ്ഞ 
സ്ഥലത്ത് ഇറങ്ങി. അവിടെ എത്തിയപ്പോഴാണ് എന്താണ് ചെയ്തതെന്ന് എനിക്ക് തന്നെ 
ബോധ്യമായത്. തിരികെ വരുവാന്‍ പൈസ ഇല്ലാതിരുന്നതിനല് അമ്മ അവിടെ വന്ന് 
എന്നെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.' അവളിപ്പോഴും വര്‍ഷങ്ങള്‍ക്ക് 
മുമ്പ് മരിച്ചുപോയ മുത്തശ്ശനെ കാണുന്നു. അയാളുടെ ശബ്ദം കേള്‍ക്കുന്നു.
'നീ കഴിഞ്ഞ കാലത്തിന്റെ ഖബറുകളില്‍ ജീവിക്കുന്നു. ഖബറുകള്‍ 
മരിച്ചവര്‍ക്കുള്ളതാണ്.  ഈ നിമിഷങ്ങളില്‍  ജീവിക്കണം. നിന്നില്‍ നിമിഷമാം 
പറവകളുടെ ചിറകുകള് ഒടിയുന്നു.   '
മാധുരി ഹെലന്റെ ചാര്‍ട്ട് മറിച്ച് ആദ്യമായി തന്നെ കാണുവാന്‍ വന്ന ദിവസത്തെ 
നോട്ടുകള്‍ നോക്കി. ഹെലന് കുടുംബസമേതം വെക്കേഷനു 
പോയിവന്നതിനുശേഷമായിരുന്നു ആദ്യമായി മാധുരിയെ കാണുവാന്‍ വന്നത്. ആ അവധിക്ക്
 കുതിരക്കാരന് റേപ്പ് ചെയ്തതിന്റെ ആഘാതത്തിലായിരുന്നവള്. മാധുരി 
അന്നെഴുതിയ നോട്ടുകള്‍ വായിക്കുവാന്‍ തുടങ്ങി.
 'അന്ന് രാവിലെ അമ്മക്ക് കഠിനമായ ഡിപ്രഷ്യന് അനുഭവപ്പെട്ടതിനാല്‍ 
കിടക്കവിട്ട് എഴുന്നേക്കാനായില്ല. ഡാഡിക്ക് ഓഫീസ് സംബന്ധമായ ചില ജോലികള്‍ 
അടിയന്തരമായി ചെയ്യേണ്ടതുണ്ടായിരുന്നു. ഞാന്‍ തനിയെയാണ് കുതിര സവാരി 
പഠിക്കുന്നതിനായി കുതിരക്കാരനുമായി പോയത്. കുതിരപ്പുറത്തുനിന്ന് താഴെ വീണ 
എന്നെ കീഴ്പ്പെടുത്തി പീഢിപ്പിക്കുവാന്‍  അയാള്‍ക്ക് അധികം ശ്രമിക്കേണ്ടി 
വന്നില്ല. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 
കുതിരപ്പുറത്തുനിന്ന് വീണപ്പോള്‍ ഉടുപ്പു കീറിയതാണന്ന് ഡാഡിയോട് കള്ളം 
പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ചോദിക്കുവാനുള്ള മാനസികനില അമ്മക്ക് അന്ന് 
ഉണ്ടായിരുന്നില്ല.'
'എന്നിലെ ഞാന്‍ എന്നേ മരിച്ചതാണ് ഡോക്ടര്‍. ഇപ്പോള്‍ ഞാന്‍ എനിക്ക് 
മുഖപരിചയമുള്ളൊരു വ്യക്തി മാത്രം. അടുത്ത സോഫയില്‍ ഇരുന്ന ഹെലന് പറയുന്നത്
 മാധുരി കേട്ടു.
മാധുരി വായന തുടര്‍ന്നു.  
'എനിക്കന്ന് അഞ്ച് വയസ് പ്രായം. മുത്തശ്ശന് ഓര്‍മ്മ തീരെ നഷ്ടപ്പെട്ടസമയം. 
ഞങ്ങളുടെ കൂടെ താമസമായിരുന്നു. ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു, 
പിങ്കില്‍ വെള്ളശലഭങ്ങള് ഉള്ള ഒരു സമ്മര്‍ ഉടുപ്പായിരുന്നു ഞാന്‍ 
ഇട്ടിരുന്നത്. മുത്തശ്ശന്റെ മുറിയിലേക്ക് ഞാന്‍ കയറിച്ചെന്നു. അയാള്‍ 
കട്ടിലില്‍ ഇരിക്കയായിരുന്നു. മുത്തശ്ശന് എന്നെ എടുത്ത് മടിയിലിരുത്തി, 
എന്റെ മുത്തശ്ശനല്ലേ! അയാള്‍ എന്റെ തുടുത്ത കാലുകളില്‍ തടവി. പിന്നെ 
മുകളിലേക്ക് തുടകളില്‍ . എനിക്ക് ഇക്കിളിയായി. ഞാന്‍ ചിരിക്കുവാന്‍ 
തുടങ്ങി. എന്റെ പിങ്ക് സമ്മര്‍ ഉടുപ്പിനുള്ളില്‍ അയാളുടെ കൈകള്‍. പിന്നെ 
അയാളുടെ കൈകള്‍...വേദനിച്ചിട്ട് ഞാന്‍ പിടിവിടുവിച്ച് 
ഇറങ്ങിയോടുകയായിരുന്നു. എന്നില്‍ ഭീതിയും ആത്മനിന്ദയും വിനാശചിന്തകളും 
നിറച്ചത് അയാളാണ്. നാലഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം നേര്സിങ്ന്ഘോമില് വെച്ച്
 അയാള്‍ മരിച്ചു.  ഓര്‍മ്മ അശേഷം ഉണ്ടായിരുന്നില്ല. ഞാന്‍ അയാളുടെ 
ഫ്യുണറലിന് പോയില്ല. അത്രമാത്രം ഞാന്‍ അയാളെ വെറുത്തിരുന്നു. ഫ്യൂണറലിന്  
പോവാതിരുന്നത് അത് താങ്ങുവാനുള്ള മനഃശക്തി ഇല്ലാത്തതിനാലാവും എന്ന് 
വീട്ടുകാര്‍ വിചാരിച്ചു. ഞാന്‍ അവരോട് ഒന്നും പറഞ്ഞിരുന്നില്ല. 
അയാളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അറപ്പും വെറുപ്പുമാണ്. അതിനുശേഷം നരച്ച 
തലമുടിയുള്ളവരെ  കാണുന്നത് ഭയമായിരുന്നു.' 
ഹെലെന് സംസാരം തുടര്‍ന്നുകൊണ്ടിരുന്നു. മാധുരിയുടെ മനസ് പറന്നുപോയി 
പ്രിയയില്‍ ചെന്നു നിന്നു. അവളെ അന്നുരാവിലെ  ഇടുവിച്ച സമ്മര്ഫ്രോക്കിന് 
പിങ്ക് നിറം, പിങ്കില്‍ വെളുത്ത പൂക്കള്‍ ഉള്ളത്.   രണ്ടുവയസ്സുള്ള പ്രിയ 
മുത്തശ്ശന്റെ അടുത്തിരുന്ന് കളിക്കുന്നത് മാധുരി മനസില്‍ കണ്ടു. പ്രിയ 
എന്തിനോ കരയുന്നു. മുത്തശ്ശന് എടുത്ത് മടിയില്‍ ഇരുത്തി അവളുടെ കാലില്‍ 
തടവുന്നു. പിന്നെ .........
മാധുരിയുടെ കണ്ണില്‍ ഇരുട്ട് കയറി. ഹെലെന് പറയുന്നതൊന്നും ശ്രദ്ധിക്കാനാവുന്നില്ല.
'ഡോക്ടര്‍ ഞാന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാതെ നിങ്ങള്‍ എന്താ വെളിയിലേക്ക്
 തുറിച്ച് നോക്കിയിരിക്കുന്നത്? നിങ്ങളും എന്റെ മുത്തശ്ശനെ ജനാലക്ക് 
വെളിയില്‍ കാണുന്നുവോ?
ഹെലെന്റെ ചോദ്യം കേട്ടപ്പോള്‍ കൈവിട്ട് പോയ മനസിനെ തിരികെപ്പിടിച്ച് മാധുരി
 വാച്ചില്‍ നോക്കി. അവള്‍ക്ക് വേണ്ടി അനുവദിച്ചിരുന്ന സമയം അത്രയും 
അവള്‍ക്ക് കിട്ടിയിരിക്കുന്നു. ധൃതിയില്‍ മരുന്നുകളുടെ 
പ്രിസ്ക്രിപ്ഷ്യന്സ് എഴുതി. മുത്തശ്ശനെക്കുറിച്ച് ഹെലന് വരച്ചിട്ട  
ചിത്രങ്ങള്‍! സുഖകരമല്ലാത്ത ചിന്തകള്‍ മനസിലാകെ! അവള്‍ക്ക് ആകെ മനം 
പുരട്ടുന്നതുപോലെ.
'ഹെലന്, നീ വിഷമിക്കാതിരിക്കു, നമ്മുക്ക് ഈ അസുഖം  അണ്ടര്‍ കണ്ട്രോള് 
ആക്കാം. ഈ മരുന്നുകള്‍ എടുത്തിട്ട് ഒരു മാസം കഴിയുമ്പോള്‍ എന്നെ വീണ്ടും 
കാണു. പോവും മുമ്പ് അടുത്ത അപ്പോയിന്റ്മെന്റ് എടുക്കുവാന്‍ മറക്കേണ്ട.' 
വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെക്കുറിച്ച് അറിയാമെങ്കിലും 
പ്രിസ്ക്രിപ്ഷ്യന് അവള്‍ക്കുനേരെ നീട്ടി വാതില്‍ തുറക്കുമ്പോള്‍ മാധുരി 
പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവള് കഴിക്കുന്ന കുഞ്ഞു ഗുളികകള്‍ക്ക് 
അവളുടെ മനസിനെ തിരികെപ്പിടിച്ച് സ്വസ്ഥമാക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ! അവള്
 പോവും മുമ്പ് കെട്ടിപ്പിടിച്ച് യാത്രപറയുവാന്‍ മാധുരി ഓര്‍മ്മിച്ചു. 
ചിലപ്പോള്‍ സ്നേഹപൂര്‍വമുള്ള ഒരു തലോടല്‍, ഹൃദയം തുറന്ന ഒരു ചിരി, 
വാത്സല്ല്യത്തോടെയുള്ള ഒരു ആലിംഗനം ഇവ ഒരു കുപ്പി ഗുളികകളേക്കാളേറെ 
പ്രയോജനം ചെയ്യുമെന്ന് മാധുരിക്കറിയാം. 
അടുത്തപേഷ്യന്റിനെ കാണുവാന്‍ ഒരു മൂഡും ഉണ്ടായിരുന്നില്ല. ഒരു വിധത്തില്‍ 
മനസിനെ പിടിച്ചിരുത്തി. വീട്ടിലേക്ക് വിളിച്ചു നോക്കി. ആരും ഫോണ്‍ 
എടുത്തില്ല. കാടുകയറി ചിന്തിക്കുവാന്‍ അധികമൊന്നും വേണ്ടല്ലോ! മുരളിയെ 
ഓഫീസില്‍ വിളിച്ചാലോ എന്നാലോചിച്ചു. മുരളിയുടെ അഛനെക്കുറിച്ചുള്ള തന്റെ 
അകാരണമായ ചിന്തകള്‍ അറിയാതെ പറഞ്ഞേക്കുമോ എന്ന് ഭയപ്പെട്ടു. കൂടുതല്‍ 
ചിന്തിച്ചപ്പോള്‍ മുരളിയെ വിളിക്കേണ്ടന്ന് തീരുമാനിച്ചു.  
'ഷാനന്, രാവിലെ പത്തര കഴിഞ്ഞുള്ള പേഷ്യന്റ്സിനെയെല്ലാം  ക്യാന്‍സല്‍ 
ചെയ്യു. അവരോട് ഇന്നോ നാളയോ അഞ്ചുമണികഴിഞ്ഞ് വരാന്‍ പറയു.' മാധുരി 
റിസെപ്ഷ്യനിസ്റ്റിനോട് പറഞ്ഞു. ഹെലന് വരച്ചിട്ട ചിത്രങ്ങള്‍  മനംപുരട്ടല്‍
 ഉണ്ടാക്കുന്നു. എങ്ങനെയെങ്കിലും പ്രിയയുടെ അടുക്കല്‍ 
എത്തിയിരുന്നെങ്കില്‍!
'ഡോക്ടര്‍ സുഖം തോന്നുന്നില്ലേ? ഇപ്പോള്‍ സ്വയിന് ഫ്ലൂ ഓടി നടക്കുന്നു.' 
പരിഭ്രമിച്ച് നിന്ന ഷാനന്റെ അന്വേഷണം. 'ഉച്ചകഴിഞ്ഞുള്ള പേഷ്യന്റ്സിനെയോ?'
'അവരെ ക്യാന്‍സല്‍ ചെയ്യേണ്ട'. എല്ലാ പതിനഞ്ചു മിനിറ്റിലും രോഗികളെ 
സ്കെഡ്യൂള്‍ ചെയ്തിരിക്കയാണ്.  പത്തരയ്ക്കത്തെ പേഷ്യന്റ് വന്നുപോയപ്പോള്‍ 
ഇറങ്ങി ഓടുകയായിരുന്നു.
ഹെലന് പ്രപഞ്ചത്തിന്റെ സൃഷ്ടിയാണ്. വിധി കളിക്കുവാന്‍ കണ്ടെത്തിയ 
കളിക്കോപ്പാണ്. സിരകളില്‍ രക്ള്തമോടി, ജീവവായു ശ്വസിച്ച് ജീവിക്കുന്ന, 
വികാരങ്ങളുള്ള,  മനുഷ്യരൂപത്തിലൊരു കളിക്കോപ്പ്.  
വീതികുറഞ്ഞ വഴികളിലുടെ കാറോടിക്കുമ്പോള്‍ രാവിലെ കണ്ട പോലീസുകാരന്റെ 
താക്കീതിനെക്കുറിച്ചോര്ക്കാതെ ആക്സിലറേറ്ററില്‍ അമര്ത്തിച്ചവുട്ടി. 
സ്പീഡിങ്ങിന് പിടിച്ചാല്‍  പോലീസിനോട് ഹെലന്റെ കഥ പേര് മാറ്റി, നിയമം 
ലംഘിച്ച് പറയണം. അവനൊരു പെണ്‍കുട്ടിയുടെ അഛനാണെങ്കില്‍, ഒരു 
കുഞ്ഞുപെങ്ങളുണ്ടെകില് സ്പീഡ് ചെയ്തതില്‍ തന്നോട് ക്ഷമിക്കാതിരിക്കില്ല.
കതക് തള്ളിത്തുറന്ന് അകത്ത് കയറി. അസമയത്ത് വീട്ടില്‍ വന്ന മാധുരിയെക്കണ്ട്
 മുരളി പകച്ച് നിന്നു. മുരളിയുടെ കൈകളിലിരുന്ന് പ്രിയ 
ചിരിക്കുന്നുണ്ടായിരുന്നു.
'ഇന്ന് ഓഫീസില്‍.....?' അവള്‍ക്ക് മുഴുമിക്കാനായില്ല.
'ഓഫീസില്‍ പോയില്ല. ഇന്നത്തെ മീറ്റിങ്ങ് ക്യാന്‍സല്‍ ചെയ്തു. ജര്മ്മന്കാര്ക്കെല്ലാം സ്വയിന് ഫ്ലൂ  പന്നിപ്പനി പിടിപെട്ടു.
കണ്ണീര്‍പുഴയില്‍ അവളൊഴുകി. സ്ത്രീക്ക്, കണ്ണീര് സ്നേഹത്തിന്റെ അളവുകോലാണ്. അത് ഹൃദയത്തില്‍ നിന്ന് ഒഴുകുന്നു. 
*സ്വയിന് ഫ്ളൂ....പന്നിപ്പനി
*മാര്‍ബിളുകള്‍ ....ഗോട്ടികള്‍