ഒരു നാള്... 
ആഴി തന്നടിത്തട്ടിലെങ്ങോ 
എന്നമ്മതന്‍ ഗര്‍ഭ ഗേഹത്തിന് 
ശാന്തിയും ചൂടും നുകര്‍ന്നു
കഴിഞ്ഞിരുന്നൊരു കൊച്ചു ചിപ്പി ഞാന്‍. 
ചുറ്റുമാഞ്ഞടിക്കും ശീതവാതങ്ങളും 
മുറ്റി നീണ്ടുവരും ക്രൂര ദംഷ്ട്രങ്ങളും 
ശത്രുവിന് കുടില തന്ത്രങ്ങളും 
തിരിച്ചറിയാനാവാത്തൊരിളം മനവുമായി  
ഉണ്ടും, കളിച്ചും, ചിരിച്ചുമുറങ്ങിയും 
കഴിഞ്ഞിരുന്നൊരു കൊച്ചു ചിപ്പി ഞാന്‍ 
ഏതോ 
കുസൃതിത്തിര
യെടുത്തെറിഞ്ഞെന്നെയെന് 
ഗര്‍ഭ ഗൃഹത്തിന്നേകാന്തതയില്നിന്നും.
    
ഇന്ന് ... 
തീരത്തടിഞ്ഞു പോയൊരു  ചിപ്പി ഞാന്‍
തിരകള്തന്നാരവങ്ങള്ക്കും 
തീരത്തിനപ്പുറം നാഗരികതള്ക്കും മദ്ധ്യേ 
വീണുറഞ്ഞു പോയൊരു 
നിസ്സഹായനാം ചിപ്പി ഞാന്‍. 
ആഴിയാമമ്മതന് ഗര്‍ഭഗൃഹത്തിന്റെ 
സാന്ത്വന സൗഖ്യങ്ങളില്ല  
ചുട്ടു പഴുത്ത മണല്പ്പരപ്പിന് 
പൊള്ളല്‍ മാത്രം.  
കടലിന്നിന്ദ്ര നീലിമയില്ല 
ചുറ്റിലും 
കത്തുന്നഭ്രാന്തിന് ചുവപ്പുമാത്രം.
എത്തി, 
അവിടെയുമൊരു 
കുസൃതിക്കുരുന്നപ്പോള്
ഉള്ളിലുറങ്ങുമുണ്ണിതന് 
കൗതുകത്താലുള്ളം 
കയ്യില്‍ വെച്ചവനാസ്വദിച്ചെന് 
പുറം ഭാഗഭംഗികളല്പ്പനേരം.
പിന്നെയുണര്ന്നൊരു 
ശാസ്ത്ര കൗതുകത്താലോ  
പുത്തന്‍ തിയറികള്‍ 
രചിക്കാനുള്ളൊരുത്ക്കട                                                                                                
ദാഹത്താലോ
എന്തിനെന്നറിയില്ല  
ഒരു കല്ലില്‍ വച്ചെന്നെയവന് 
മറ്റൊരു കല്ലിനാലിടിച്ചുടച്ചു
 
വിറയാര്‍ന്നു തുടിക്കുമെന്‍ 
സ്വത്വമവനുള്ളം 
കയ്യില്‍ വെച്ച് നോക്കീ തിരിച്ചും മറിച്ചും.         
മടുത്തപ്പോഴവനെറിഞ്ഞു 
നഗ്നമാമെന്മേനി മണല്‍പ്പരപ്പില്‍. 
ഇപ്പോള്‍... 
ചുട്ടുപൊള്ളുന്നൊരീ നാഗരിഗതതന് 
മണല്പ്പരപ്പിലര്ദ്ധപ്രാണനും പേറി 
പുളയുന്നൊരു മാസപിണ്ഡം ഞാന്‍, 
ചിപ്പിയുമല്ല, തോടുമല്ല, സ്വത്വവുമില്ലാതെ 
വല്ലാത്തൊരു പരുവത്തില്‍
ഭ്രാന്ത ജനപഥങ്ങള്തന്
കാല്ക്കീഴിലിഴയും 
പുഴു പോലൊരു സത്വം  മാത്രം. 
ഇന്നു ഞാന്‍...  
ശാന്തിതന്‍ ഗേഹം വെടിഞ്ഞൊരു ചിപ്പി,
നാഗരികതയെ പുല്കാനാവാത്ത ചിപ്പി,
ഭാവനകള്‍ മരവിച്ചൊരു ചിപ്പി, 
പേടിസ്വപ്നങ്ങള്‍ മാത്രം കാണുന്ന ചിപ്പി. 
എന്നാലുമൊരു ചെറുചിരിയോടെ 
ശയിക്കുന്നു ഞാനീ സാഗരതീരത്തു 
മാനവും നോക്കി. 
എന്‍ ചിപ്പിയുമായോ ഗേഹവുമായോ 
ഒന്നിക്കും
ധന്യ നിമിഷവും കാത്തേക്കാനായ്. 
മമ ജീവിതമേതോ 
ആകസ്മികതകള്‍ തന്നാകെത്തുകയോ?
വികൃതിക്കുരുന്നുകള്‍ 
തന് കയ്യിലെ കളിപ്പാട്ടമോ?
ഉത്തരം തേടിപ്പരതുന്നു  
ഞാനിപ്പൊഴുമീ 
ചുട്ടുപൊള്ളും മണല്‍പ്പരപ്പില്‍
  
(കോഴിക്കോട്  പാപ്പിയോണ്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച "തിരുമുറിവിലെ തീ" എന്ന കവിതാ സമാഹാരത്തില്‍ നിന്നും.)