മണ്ഡലക്കാലമായ് രുദ്രാക്ഷ മാലകള്‍ 
കണ്ഠത്തില് ചാര്‍ത്തേണ്ട  കാലമായി!
കോടിക്കണക്കിനു  ഭക്ത ജനങ്ങളെ 
മാടി  വിളിപ്പു  ശബരിമല !
പൊന്മല, പൂമല,  ശരണം  വിളികള്‍  തന് 
പൂമഴ  പെയ്യുന്ന  പൂങ്കാവനം!
ശാദ്വല  ഭൂമിയാം  പൊന്നമ്പല മേടു
ശബ്ദായമാനമായ് മാറ്റിടുവാന്‍,
അയ്യപ്പസ്വാമിതന്‍ ദര്‍ശനം  നേടുവാന്‍ 
ആ  പുണ്യ  ദേവനെ  കൈവണങ്ങാന്‍, 
ഇഷ്ട  ഭഗവാന്റെ  മന്ദസ്മിതം  കാണ്മാന് 
നിഷ്ഠയോടെത്തുന്നു  ഭക്ത വൃന്ദം !
ഹരിഹര  പുത്രനായ് ഉള്ളം  കവരുമാ 
ഹരിതാഭയോലുന്ന  കാനനത്തില്‍,
ജന്മമിയന്ന  ഭഗവാന്റെ  ഹൃത്തെന്നും 
നന്മകള്  വര്‍ഷിക്കും  പാരിജാതം!
പ്രതിവര്ഷമേറുന്നു  ഭക്തര്‍തന്‍  സംഖ്യയും 
പ്രതിപത്തിയുമൊപ്പം നാള്‍ക്കു  നാളില്‍!
എങ്ങും സമാധാനം, സന്തോഷം, സൗഹൃദം 
ഏവര്‍ക്കുമെന്നും അരുളണമേ!
അയ്യപ്പാ! ആരാധ്യ  ദേവനേ, നിന്‍കൃപ 
വയ്യകമാകെ ചൊരിയണമേ!
ശാന്തിയു,മൈശ്വര്യം, ദീര്ഘായുസ്സാരോഗ്യം 
സന്തോഷം,സര്വ്വമരുളേണമേ!
ആനന്ദമെങ്ങും  പരത്തേണമേ, അന്ന
ദാന പ്രഭുവേ,ഭൂപാലകനേ!
ആരണ്യവാസാ,പൊന്നമ്പലവാസാ,നിന് 
കാരുണ്യമെങ്ങും  പരക്കേണമേ!
കാനന  ഭൂവിലെ  കല്ലുകള്‍  മുള്ളുകള്‍,
കാലിനു  മെത്തയായ് മാറ്റുന്നു  നീ!
കഷ്ടങ്ങള്‍, ക്ലേശങ്ങള്‍,കാറ്റില്‍ പറത്തുന്നു 
അഷ്ടദിക്  പാലകര്‍ രക്ഷിക്കുന്നു!
എങ്ങും  മുഴങ്ങും  ശരണം  വിളികളില്‍ 
എങ്ങോ  മറയുന്നു  ദുഃഖമെല്ലാം!
"എല്ലാമെന്നയ്യപ്പന് മാത്രമെന്‍ ജീവനില്‍"
എന്നുള്ള  ചിന്ത  ജ്വലിച്ചു  നില്ക്കും!
******  
വയ്യകം =ഭൂമി, ലോകം.