
തെരുവുകളങ്ങനെയാണ്
പഞ്ചറ് കടക്കാരന്റെ കണ്ണ് 
ചക്രങ്ങൾക്കൊപ്പം 
ഉരുളുകയെ ഉള്ളൂ... 
വണ്ടിയെയോ നിങ്ങളെയോ
അയാൾ കാണില്ല
ചെരുപ്പ്കുത്തിയുടെ 
നോട്ടത്തിൽ ,
കടന്നു പോവുന്ന 
ചെരുപ്പുകളിൽ ഒരു ജോഡി
മാത്രമായിരിക്കും നിങ്ങൾ,
നൂലിഴ പൊട്ടിയത് കണ്ട 
അതേ സൂചിക്കണ്ണുകൾ പക്ഷെ
കാലിലെ പാണ്ട് കണ്ടേക്കില്ല
ക്ഷുരകന്റെ നോട്ടം
വളരുന്ന രോമങ്ങളിലും
തയ്യൽക്കാരൻ
വസ്ത്രങ്ങളിലും 
കുരുങ്ങിക്കിടക്കും പോലെ
ഇന്നിന്റെ തെരുവിനൊരു മുഖമുണ്ട്
നിങ്ങളുടെ 'മത'മല്ലാതെ
മറ്റൊന്നും കാണാത്ത,
നിങ്ങളുടെ നടപ്പിലോ...
ഇരിപ്പിലോ..
ഉടുപ്പിലോ....
ശ്വാസത്തിൽ പോലുമോ 
വംശീയതയുടെ വേരുകൾ തിരയുന്ന,
ഞങ്ങടെതെന്നും
നിങ്ങടെതെന്നും 
ചാപ്പ കുത്തി മാറ്റി നിർത്തുന്ന
അടയാളങ്ങളുള്ള മനുഷ്യരുടെ 
കൂട്ടങ്ങളാണത്....!
എന്റെ തെരുവുകളിൽ
ഇനിയെന്നാണ് മനുഷ്യൻ 
മനുഷ്യനെ കാണുന്നതെന്നോർത്ത്
നിരാശയോടെ നിൽക്കവേ
അവർ നിങ്ങൾക്ക്
രാജ്യ സ്നേഹത്തിന്
ക്ലാസ്സെടുക്കും
വെട്ടിത്തിരുത്തിയ
ചരിത്ര പുസ്തകം തരും 
നിസ്സഹായരായ ഒരു കൂട്ടം
'ശത്രു'ക്കളെ കാണിച്ചു തരും.. 
പത്തായം തുരക്കുന്ന
എലികളെ പോലെ 
നിസ്സാര ജീവനുകളെന്നവരെ
തോന്നിപ്പിക്കും 
നാടു കടത്തുകയോ 
കൊന്നുകളയുകയോ 
ആവാമെന്നു 
തിരഞ്ഞെടുക്കാനുള്ള
അവസരം തന്ന് 
സഹൃദയരാവും.. 
അവരുടെ കുഞ്ഞുങ്ങളെ
കടൽമീനുകളെ പോലെ
യഥേഷ്ടം പിടിച്ചു തിന്നാമെന്നും
അവരിലെ പെണ്ണുങ്ങളുടെ
അടിനാഭിയിൽ
ഇഷ്ടദൈവം പ്രസാദിക്കുമെന്നും
നിങ്ങളും വിശ്വസിക്കുംവരെ 
തെരുവുകളിൽ 
അവസാനത്തെ 'മനുഷ്യനെ' 
കണ്ട് നിങ്ങൾക്ക് മടങ്ങാം..!!