
തവിട്ടു നിറത്തിലെ
ചടച്ചൊരു വഴി.
പൂക്കാത്ത മരങ്ങളും 
ഉണക്കപ്പുല്ലുകളും മാത്രമുള്ളത്.
എങ്കിലുമത് 
നമ്മുടെ വഴിയാണ് 
നമ്മൾ മാത്രം നടന്ന വഴി .
രാത്രികളിൽ  ഇതിലേ  
ഒരിക്കലും വന്നിട്ടില്ല.
ഒരിക്കൽ വരണം , 
ആകാശത്തേക്ക് നോക്കണം , 
ചടച്ച വഴികളിൽ നിന്നു നോക്കിയാലും 
നക്ഷത്രങ്ങളെ കാണാമെന്ന് 
വവ്വാലുകൾ തൂങ്ങുന്ന 
മരത്തിൽ കോറി വയ്ക്കണം. 
ഉള്ളിലെന്തോ കരയുന്നുണ്ട് 
തൽക്കാലമതിനെ 
ആഞ്ഞു തുപ്പിക്കളഞ്ഞ് ,
തണുത്ത വെള്ളത്തിൽ 
മുഖം കഴുകി , 
നീ വന്നേക്കാവുന്ന 
വഴികളെല്ലാമടച്ച് 
ഉറക്കത്തെ പ്രാകിക്കൊല്ലണം. 
പറയേണ്ടെന്ന് കരുതിയതാണ്.
എനിക്കിഷ്ടമല്ല എന്നെ .
നിന്നെയും .
POEM - NEETA JOSE