
അമേരിക്കൻ മലയാളി കുട്ടികൾക്ക് മലയാളഭാഷയുമായി ബന്ധപ്പെടാൻ മുംബൈയിൽ നിന്നും അമ്പിളി ടീച്ചർ ഈ ആഴ്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് അമ്പിളി ടീച്ചർ. പാട്ടോർമ്മകൾ എന്ന പംക്തിയിലൂടെ അമേരിക്കൻ മലയാളി വായനക്കാർക്ക് സുപരിചിതയായ എഴുത്തുകാരി, ഗ്രന്ഥകാരി, സംഘാടക, അധ്യാപിക, അഭിനേത്രി എന്നീ നിലകളിലും അറിയപ്പെടുന്നു. മുംബൈ മലയാളി സാഹിത്യരംഗത്ത് പ്രമുഖ സാന്നിധ്യം. -editor
ഈ ആഴ്ച നമുക്ക് കേരളത്തെക്കുറിച്ചുള്ള അറിവുകൾ പങ്കിടാം
1. കേരളത്തിന്റെ ഇരട്ടപ്പേര് ഇപ്പോൾ ഉപയോഗിക്കുന്നത്.
= ദൈവത്തിന്റെ സ്വന്തം നാട്
2. കേരളത്തിന്റെ തലസ്ഥാനം
= തിരുവനന്തപുരം
3. കേരളത്തിന്റെ ദേശീയോത്സവം
= ഓണം
4. കേരളത്തിന്റെ ഔദോഗിക ഭാഷ
= മലയാളം
5. കേരളത്തിലെ പ്രധാന നദികൾ
=പേരാർ, പെരിയാർ, ചാലക്കുടി, പമ്പ, ചാലിയാർ
6 . കേരളത്തിന്റെ ലോഗോ

7 . കേരളത്തിലെ ഉത്സവങ്ങൾ
ഓണം
വിഷു
തൃശ്ശർ പൂരം
തെയ്യം
അർത്തുങ്കൽ പെരുന്നാൾ
8. കേരളത്തിലെ ഹിന്ദു, കൃസ്ത്യൻ, മുസ്ലിം എന്നീ പ്രമുഖ മതങ്ങളിലെ പ്രധാന വാക്യങ്ങൾ
1. ഗീത - നിഷ്കാമ കർമ്മം
2 . കൃസ്ത്യൻ : തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
3.ഖുറാൻ - നന്മകൾ ചെയ്യുക, നന്മകൾ ചെയ്യുന്നവരെ അള്ളാഹു അനുഗ്രഹിക്കുന്നു.
9. കേരളത്തിൽ നിന്നും ആദ്യമായി അർജുന അവാർഡ് കിട്ടിയ വ്യക്തി
= ടി സി യോഹന്നാൻ
10. ആദ്യത്തെ മലയാള നിഘണ്ടു തയ്യാറാക്കിയ വ്യക്തി
ഹെർമൻ ഗുണ്ടർട്ട്
അപ്പൂപ്പൻതാടി (കഥ)
കലപില കൂട്ടി നടന്നു വരുന്ന ചിത്രശലഭങ്ങളെപ്പോലെ തോന്നിക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോൾ,
ഈ പുറംതോടിനുള്ളിൽ നിന്നെത്രയും പെട്ടെന്നു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നെങ്കിലെന്ന ചിന്തയേ എനിക്കുണ്ടായിരുന്നുള്ളൂ.
ജനിക്കുമ്പോൾ തന്നെ അപ്പൂപ്പൻ ' എന്ന പേരുണ്ടെങ്കിലും കുട്ടികളുടെ കൂടെയാണല്ലോ ഞാനെപ്പഴും കളിക്കുന്നത് എന്ന ചിന്തയിൽ ആ പേരിൻ്റെ ഇഷ്ടമില്ലായ്മയെ തൽക്കാലം മറക്കാം ... കുട്ടികൾക്കെന്നെ കാണാൻ എന്തിഷ്ടമാണെന്നോ.? അവരെന്നെ ഊതി പറപ്പിച്ച് എവിടെല്ലാം കൊണ്ടു പോകും.. മടുക്കുന്നതു വരെ കളിക്കാം...
സ്ഥലങ്ങൾ കാണാം...
ഇങ്ങനെയുള്ള സുഖകരമായ അനേകം മനോരാജ്യങ്ങളിൽ മുഴുകിയിരിക്കെ ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ അതു സംഭവിച്ചു... പുറംതോടു പൊട്ടി ഞാനീ മനോഹര ലോകത്തേയ്ക്കു കൺമിഴിച്ചുനോക്കി പുറത്തു വന്നു!
കുറേ നേരം രമണീയ കാഴ്ചകളൊക്കെ കൺ കുളിർക്കെ കണ്ടാസ്വദിച്ച് കുട്ടികൾ കളിക്കാൻ വരുന്നതും പ്രതീക്ഷിച്ചിരുന്നു..
ഇന്നാരും വരുന്നില്ലല്ലോ എന്തുപറ്റിയാവോ ? ആത്മഗതത്തിനുത്തരമെന്നോണം ഒരു മന്ദമാരുതൻ മൃദുവായി തഴുകി കടന്നുപോയി. ഒപ്പം കുറേ കുട്ടികൾ അതാ നടന്നു വരുന്നു...
അവരിപ്പോൾ അടുത്തു വന്ന് എന്നെയെടുത്ത് ഓമനിക്കാനും കാണാനും പതുപതുത്ത എന്നെ തൊട്ടുനോക്കാനും മൽസരിക്കും..
എന്നിട്ട് മതിയാവോളം ഊതി പറത്തി ഓടികളിക്കും..
പക്ഷേ, എൻ്റെ സകലപ്രതീക്ഷകളേയും തകിടം മറിക്കുന്ന കാഴ്ചകളായിരുന്നു പിന്നെയവിടെ നടന്നത്. അവരിലൊരു കുട്ടിപോലും എൻ്റെടുത്തേയ്ക്കു വരികയോ എന്നെ കണ്ടതായി ഭാവിക്കുക പോലുമോ ചെയ്തില്ല.!അവർ എന്തൊക്കെയോ തിരക്കിട്ട ചർച്ചകളിലും വാഗ്വാദങ്ങളിലും അകപ്പെട്ട് കുട്ടികളുടേതായ യാതൊരു കുസൃതിത്തരങ്ങളുമില്ലാതെ വലിയ വായിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് നടന്നകലുന്നു...
ഇനി അവരെന്നെ കണ്ടു കാണില്ലായിരിക്കുമോ? അതായിരിക്കാനേ തരമുള്ളൂ.. കുട്ടികൾക്കെന്നെ വലിയ ഇഷ്ടമാണെന്നാണല്ലോ എൻ്റെ മുതുമുത്തച്ഛൻമാർ വരെ പറഞ്ഞ് പുറംതോടിനുള്ളിൽ വച്ചേ കേട്ടറിഞ്ഞത്..
പിന്നെന്താ ഈ കുട്ടികൾ മാത്രമിങ്ങനെ? അസ്തമയ സൂര്യൻ ആഴിയിലേയ്ക്കാഴ്ന്നിറങ്ങുന്ന സമയം വരെ കാത്തിരുന്നിട്ടും അന്നൊരു കുട്ടി പോലും കളിക്കാൻ വന്നില്ല.. ഇനിയെന്തു ചെയ്യും? കുട്ടികൾക്കിന്നു പരീക്ഷയോ മറ്റോ ആയിരുന്നിരിക്കാം.
അതു കഴിയുമ്പോൾ അവരെന്തായാലും എൻ്റടുത്തു വരാതിരിക്കില്ല.
ഉറപ്പ്.
ഓടികളിക്കാൻ ഇഷ്ടമില്ലാത്ത ഒരു കുട്ടിയും ഈ ലോകത്തുണ്ടാകുകയില്ല. എന്തായാലും സ്കൂൾ അടച്ചാൽ കുട്ടികൾ തീർച്ചയായും കളിക്കാനായി പുറത്തു വരും.
അതുവരെ കാത്തിരിക്കുക തന്നെ...
അങ്ങനെ പ്രക്ഷുബ്ദമായ മനസും ആകാംക്ഷാഭരിതമായ ദിനങ്ങൾക്കുമവസാനം പരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടി എന്നാരോ പറയുന്ന കേട്ടു .
പാവം കുട്ടികൾ ...
പഠിക്കാനൊക്കെ എത്ര കഷ്ടപ്പാടായിരിക്കും ? പഠിക്കാനൊന്നും പോകണ്ടാത്ത ഞാനെന്തു മണ്ടൻ..!
അപ്പോൾ അച്ഛനിന്നലെ പറഞ്ഞ ഒരു കാര്യമോർമ്മ വന്നു. മനുഷ്യനിപ്പോൾ 'മൊബൈൽഫോൺ' എന്നൊരു സാധനം ഉണ്ടത്രേ..! അതിൽ വിരൽ തൊട്ടാൽ ലോകത്തുള എന്തും കാണാം, കേൾക്കാം , ആസ്വദിക്കാം, കളിക്കാം.!
അത്ഭുതം തോന്നുന്നുവല്ലേ ? സത്യമാണുപോലും. എല്ലാത്തിനും പോന്ന ഒരേയൊരു വസ്തു! അതിൽ 'ഫേസ്ബുക്ക് ' എന്നൊരു ആപ്പുണ്ടു പോലും അതിൽ ഏതോ ഒരു മനുഷ്യൻ ...
''എനിക്കൊരു അപ്പൂപ്പൻതാടി പോലെ ആകാശത്ത് പറന്ന് പറന്ന് നടക്കാനിഷ്ടം"
..എന്നെഴുതി വച്ചത് ഒരാൾ പറഞ്ഞു പോകുന്ന കേട്ടുവെന്ന്..!
അപ്പൂപ്പൻ താടിയായി ജനിച്ച ഞാനിവിടെ ഒരു മനുഷ്യനാകാൻ ആഗ്രഹിക്കുന്നു.. അപ്പഴാ...
എന്തൊരു വിരോധാഭാസം !... അല്ലേ..?
ഇങ്ങനെ വിവിധ തരം ചിന്തകളിൽ മുഴുകിയിരുന്ന എനിക്കു മുന്നിൽ അതാ കുറേ കുട്ടികൾ...
അവർ കളിക്കാൻ വന്നതാണെന്നു തോന്നുന്നു. കുറേക്കൂടി അടുത്ത് അവർ കാണുന്നിടത്തു ചെന്നു നിൽക്കാമെന്നു മനസ്സിലുറപ്പിച്ച് മെല്ലെ അവരുടെ അടുത്തേയ്ക്കു പോയി നിന്നു.
പക്ഷേ...
അവരിലൊരാൾപോലും തന്നെ എന്നെ കണ്ട മട്ടേയില്ല. അവർ എന്തോ കൈയ്യിൽ വച്ച് വെറ്റിലയിൽ ചുണ്ണാമ്പു തേയ്ക്കുന്ന പോലെ ചെയ്തിട്ട് അതിൽ നോക്കി ചിരിക്കുന്നു. ഓരോന്നൊക്കെ പറഞ്ഞ് ആസ്വദിക്കുന്നു. ഒട്ടുമിക്ക കുട്ടികളുടേയും കൈയിൽ അതുണ്ട്. ഇല്ലാത്തവർ ഉള്ളവരുടേതിലേയ്ക്കെത്തിനോക്കുന്നു. ഇതായിരിക്കും അച്ഛൻ പറഞ്ഞ ആ സാധനം. മൊബൈൽ ഫോൺ!.. ഞങ്ങളെ കുട്ടികളിൽ നിന്നകറ്റിയ ആ സാധനത്തെ ഞാൻ അത്യധികം വെറുപ്പോടെ നോക്കി..
പരസ്പരം ഒരുപാടു മിണ്ടിയിരുന്ന കുട്ടികളെല്ലാമിന്നു ഫോണിൽ നോക്കി കുനിഞ്ഞിരിക്കുന്നു.. നടക്കുന്നു..
തമ്മിൽ മാത്രമല്ല, പൂവിനോടും കിളികളോടും കല്ലിനോടും മലയോടും പുഴയോടും ഈ എന്നോടും എന്തോരം മിണ്ടിപ്പറഞ്ഞിരുന്ന കുട്ടികളാ ഇവരൊക്കെ..!!
ഇന്ന് മിണ്ടലെല്ലാം മെസേജുകളും പോസ്റ്റുകളും കമന്റുകളും റിപ്ലെകളുമാണ്. പിന്നെ അതിന്റെ പേരിൽ അടിയുണ്ടാക്കലും.
കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് അതിനൊപ്പം മനസ്സും പാകപ്പെടുത്താൻ കൂട്ടാക്കാത്ത തന്റെ കുഴപ്പമാണെല്ലാം. അവരുടെ തന്റൊപ്പമുള്ള കളികളുടെയൊക്കെ കാലം കഴിഞ്ഞു. ഇനിയവർ ഉയരെ പറക്കട്ടെ. പുതിയ ആകാശങ്ങൾ തേടിപ്പിടിക്കട്ടെ. തന്റെ പിൻഗാമികൾ കാറ്റിനൊപ്പം കാഴ്ചകൾ കണ്ടു കളിക്കട്ടെ.
അങ്ങനെ അത്യധികം വിഷണ്ണനായി, നിസ്സംഗനായി, ഓരോന്നോർത്ത് വെറുതേയിരുന്ന എന്നെ ഒരു ചെറു കാറ്റു വന്ന് മൃദുവായി ഇളക്കിക്കൊണ്ടു പോയി... ചെറുകാറ്റ് വലിയ കാറ്റായി മാറുകയും ഞാൻ അതിൽപ്പെട്ട് ദിക്കറിയാതെ, ദിശയറിയാതെ ആ കാറ്റിനൊപ്പം ആടിയാടി...
ആ ഗഗനസഞ്ചാരം പച്ചിലക്കാടുകളിൽ തട്ടി തടഞ്ഞ് അംബരചുംബികളായ മാമലകൾക്കും നീലത്തടാകങ്ങൾക്കും മുന്നിലൂടെ....
അങ്ങനെയങ്ങനെ നഗര വാതായനങ്ങളിലൂടെ ജനത്തിരക്കുള്ള വഴികളിലൂടെ, താഴ്വരകളിലൂടെ, ശുഭ്രവസ്ത്രത്തിൻ്റെ മൂടുപടത്തിൽ മുഖം മറച്ച ഹിമശൈലങ്ങളിലൂടെ
ദേവദാരുവും കങ്കുമവും ഗുൽമോഹറുമൊക്കെ പൂത്ത താഴ്വാരങ്ങളിലൂടെ :....
സുഖകരമായ ഇത്തരം കാഴ്ചകൾക്കു ശേഷം ജനത്തിരക്കുള്ള നഗര പ്രദേശങ്ങളിലെത്തിയപ്പോൾ അവിടുത്തെ കാഴ്ചകൾ ഒട്ടും തന്നെ സുഖകരമായിരുന്നില്ല. തൻ്റെ മൃദുല ഹൃദയത്തെ ചുട്ടു പൊള്ളിച്ച കലികാല കാഴ്ചകളിൽ മനസ്സു മടുത്ത് കാറ്റിൻ്റെ ഗതിക്കനുസരിച്ച് എവിടേയ്ക്കെങ്കിലും എത്തിപ്പെടാൻ കൊതിച്ചു.
അങ്ങനെ ഭാരമില്ലാതെ പറന്നു പറന്ന് ആ അനന്ത മഹാസാഗരത്തിലേയ്ക്ക് .... അതിൻ്റെ തിരക്കൈകളിലൂയലാടിയങ്ങനെയങ്ങനെയങ്ങനെ. (By Ambili Krishnakumar)
(അടുത്ത ആഴ്ചയിലെ വിവിധ വിവര വിഭവങ്ങൾക്കായി കാത്തിരിക്കുക)....…