Image

ഗുജറാത്തിലെ ഗോധ്രയും എമ്പുരാനിലെ ഗോധ്രയും ( എമ്പുരാൻ ചർച്ചകളുടെ പിന്നാമ്പുറങ്ങൾ - 3 : പ്രകാശൻ കരിവെള്ളൂർ )

Published on 07 April, 2025
ഗുജറാത്തിലെ ഗോധ്രയും എമ്പുരാനിലെ ഗോധ്രയും ( എമ്പുരാൻ ചർച്ചകളുടെ പിന്നാമ്പുറങ്ങൾ - 3 : പ്രകാശൻ കരിവെള്ളൂർ )

ഗുജറാത്തിലെമ്പാടും മുസ്ളിം സമുദായത്തിനെതിരെ വർഗീയ കലാപം നടത്താൻ സംഘപരിവാരം നടത്തിയ ഗൂഢാലോചനയാണ് ഗോധ്രയിൽ 2002 ൽ നടന്ന സബർമതി ട്രെയിനിലെ തീ പിടുത്തം . അത് കൃത്യമായി പറയാൻ സിനിമ സന്നദ്ധമായിരുന്നെങ്കിൽ തീ തനിയേ കത്തുമായിരുന്നില്ല . കത്തിച്ചതാര് എന്ന് വ്യക്തമായി ചിത്രീകരിക്കുമായിരുന്നു . 

ട്രെയിനിലെ ഹിന്ദുക്കൾ പൊള്ളി മരിച്ചതിന് കാരണം സ്റ്റേഷൻ്റെ പരിസരവാസികളായ മുസ്ലീങ്ങളാണ് എന്ന് മോഡി സർക്കാർ ആരോപിക്കും പോലെ ആണെന്ന് തോന്നുന്നവർക്ക് അങ്ങനെ തോന്നാം എന്ന പാകത്തിലാണ് ആ ദൃശ്യം അവതരിപ്പിച്ചത് . അങ്ങനെയെങ്കിൽ ഹിന്ദു കലാപകാരികൾ മുസ്ലീങ്ങളെ സംഘടിതമായി വേട്ടയാടുമെന്ന് ഉറപ്പല്ലേ ? ആ വേട്ടയാടൽ ആർ എസ് എസിൻ്റെ ക്രൂരതകൾ വ്യക്തമാക്കുന്നത് തന്നെ .

ഗർഭിണിയെയടക്കം ബലാത്സംഗം ചെയ്ത് കൊല്ലുന്ന ദൃശ്യം ഉണ്ട് . പക്ഷേ , ആ കലാപം അരമണിക്കൂറിലധികം സമയമെടുത്ത് വിശദമായി ചിത്രീകരിച്ചതിൽ കഥയ്ക്ക് വേറൊരു ലക്ഷ്യമുണ്ട് . ഈ കൂട്ടക്കൊലയിൽ ബാപ്പയും ഉമ്മയും സഹോദരനും നഷ്ടപ്പെട്ട സെയിദ് മസൂദ് എന്ന കൗമാരപ്രായക്കാരൻ പാകിസ്താനിൽ പോയി ഒരു തീവ്രവാദിയായി ഇന്ത്യ എന്ന രാജ്യത്തോടും ഹിന്ദുക്കളോടുമുള്ള പ്രതികാരദാഹവുമായി തിരിച്ചു വരുന്നതാണ് എമ്പുരാൻകഥയുടെ ഒരു നിർണായകഘടകം .

പാകിസ്താൻ്റെ പിന്തുണയോടെ ഇന്ത്യയ്ക്കെതിരെ ഇസ്ളാമിക പടയൊരുക്കം ആസൂത്രണം ചെയ്യുന്നുണ്ട് എന്ന സിനിമയുടെ നിരീക്ഷണം ആർ എസ് എസിനെ പ്രീതിപ്പെടുത്തുന്ന ഒന്നാണ് . ഒപ്പം , സിനിമയിൽ കാണിച്ച കലാപത്തിൻ്റെ വിശദാംശം , തങ്ങൾ ഇരകളാക്കപ്പെട്ടതിൻ്റെ ഓർമ്മ മുസ്ലീം സമുദായത്തിൽ വീണ്ടുമുണർത്തി അവരെയും വൈകാരികമായി ഇളക്കി വിടാനുള്ള ഒന്നാണ് . 

എന്നാൽ കേരളം ഇതൊന്നും ഗൗനിക്കാതെ സിനിമ കണ്ടേനേ . പക്ഷേ , കോടാനുകോടികളുടെ ബിസ്സിനെസ്സ് നടക്കില്ലല്ലോ . അതു കൊണ്ട് സിനിമയുടെ സ്രഷ്ടാക്കൾ സെൻസർ ബോർഡ് ദൃശ്യങ്ങൾ വെട്ടി മാറ്റാൻ ആവശ്യപ്പെട്ടു എന്ന് ഫാൻസ് അസോസിയേഷൻ്റെ നവ മാധ്യമ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു . അതോടെ എമ്പുരാൻ ചർച്ച ഗോധ്രാചർച്ചയായി മാറി . അനുബന്ധമായി സംഘപരിവാർ രാഷ്ട്രീയവും ഇസ്ളാമിക തീവ്രവാദവും കടന്നു വന്നു . കേൾക്കുമ്പോൾ തോന്നുക സിനിമ സമകാലീന രാഷ്ട്രീയ ചർച്ചയ്ക്ക് തീ കൊളുത്തി എന്നാണ് . സത്യത്തിൽ വർഗീയഭരണകൂടത്തെ  രാഷ്ട്രീയമായി ചെറുക്കുമ്പോഴല്ലേ സംഗതി രാഷ്ട്രീയമാവുക ? 

സംഘപരിവാർ ഫാഷിസത്തിനെതിരെ ഇസ്ളാമിക തീവ്രവാദം എന്ന എമ്പുരാൻ്റെ സമർത്ഥിക്കൽ ആളിക്കത്തിച്ചത് രാഷ്ട്രീയത്തെയല്ല , വർഗീയതയെയാണ് . സിനിമക്കാർ സെൻസറിങ്ങ് നടക്കാൻ പോകുന്നു പറഞ്ഞതും അവരുടെ തന്നെ നിർദ്ദേശപ്രകാരം രണ്ട് മൂന്ന് മിനുട്ട് ദൃശ്യങ്ങൾ വെട്ടിമാറ്റിയതും എല്ലാം ഇങ്ങനെയൊരു വിവാദാന്തരീക്ഷമുണ്ടാക്കാൻ വേണ്ടിയാണെന്ന് ഒരാഴ്ച്ചയ്ക്കകം നാട്ടുകാർക്കെല്ലാം ബോധ്യപ്പെട്ടും കഴിഞ്ഞു . 

എന്നാലും ഈ ചർച്ചകൾ പുറത്തേക്ക് വമിച്ച വിഷപ്പുക പെട്ടെന്ന് കെട്ടടങ്ങില്ല . സിനിമ ഒരു ആയിരം കോടിയൊക്കെ നേടുന്നത് വരെ അത് നിലനിൽക്കണമല്ലോ .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക