സ്നേഹം
ചിലപ്പോഴെങ്കിലും
ഒരുതരം
ഉന്മാദമാണ്.
അത്ര മേൽ
പ്രിയമാർന്നൊരാളായ്
നീ
കിനാവിലെ
ഓരോ മഴനൂലും
ഇഴ പിരിച്ചു പ്രണയത്തിന്റെ
ഊഞ്ഞാൽ കെട്ടുമ്പോൾ
ഒഴുകുന്ന
പുഴയായിട്ടും
എന്നിലേക്കെത്താതെ
നീയൊരു തടാകത്തിന്റെ
നിശ്ചലതയിൽ
നട്ടം തിരിയുമ്പോൾ.
നീ ഒരു മഴവിൽക്കൂടാരത്തിലും
ഞാൻ ഒരു മൺകുടിലിലും
തനിച്ചാകുമ്പോൾ
നീ വാനവും
ഞാൻ ഭൂമിയുമാകുമ്പോൾ
ഋതുക്കളോരോന്നും
നിന്നെ കാത്തു കാത്തു
വെറുതെ
പെയ്തൊഴിയുമ്പോൾ
നീ വകഞ്ഞു മാറ്റി നടന്നിരുന്ന
വേനൽക്കാടുകൾ
എന്നിൽ തീയായ്
നിന്നു കത്തുമ്പോൾ.
പ്രിയനേ
ഏതു ഋതുവിലും
നിന്റെ സ്നേഹം
എനിക്ക് ഉന്മാദമാണ്.