നമുക്കറിയാം ആഗോളതലത്തിൽ ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്ത, സംസാര വിഷയം . അമേരിക്കയിൽ ഇറക്കുമതി നികുതി വർദ്ധിപ്പിച്ചതിനാൽ, എന്തോ ഉടനെ ലോകമവസാനിക്കുവാൻ പോകുന്നു.
ആ രീതിയിൽ കാണുന്ന നല്ലൊരു കൂട്ടം അമേരിക്കയിലും കാണാം. പ്രധാനമായും ഇവിടത്തെ ഇടതുപക്ഷ മാധ്യമങ്ങളും ഡെമോക്രാറ്റ് പാർട്ടിയും .
വാസ്തവംതന്നെ, ഓഹരിവിപണി ചന്തയിൽ, വലിയ ഇടിവ് പലേ ഓഹരികൾക്കും വന്നിരിക്കുന്നു. ഓർക്കുക, ഓഹരി വിപണിയിലെ ഏറ്റവും കുറയലും അതാണല്ലോ അവിടത്തെ ബിസിനസ്. അതിനെ മുതലെടുത്തു പലരും ഉപജീവനം കാണുന്നു നിരവധി പണം സമ്പാദിക്കുന്നു .മിച്ചമുള്ള പണമാണല്ലോ പലരും ഓഹരി മാർക്കറ്റിൽ മുടക്കുന്നത്?
രാജ്യങ്ങൾ ഇറക്കുമതി നികുതി വർദ്ധിപ്പിക്കുക ഒരു അപൂർവ്വ സംഭവമല്ല എന്നാൽ നാമാരും ശ്രദ്ധിക്കാറില്ല എന്നുമാത്രം.
പിന്നെ എന്തു കാരണത്താൽ അമേരിക്ക അതിനു മുതിരുമ്പോൾ, പലരും കുപിതരാകുന്നു? ഈസമയം, എന്താണ് ട്രംപ് ഭരണം പറയുന്നത് . രാജ്യങ്ങൾ അന്യോന്യം ചാർത്തുന്ന വാണിജ്യ നികുതികളിൽ ഒരു സാമാന്യത കൊണ്ടുവരുക. അല്ലാതെ ആർക്കും അമേരിക്കൻ വിപണി നിരസിക്കുന്നില്ലല്ലോ . ഇപ്പോൾ നടക്കുന്നതുപോലെ ഒരുപാടൊന്നും ഇവിടെ ആർക്കും തള്ളിക്കയറ്റുക എളുപ്പമായിരിക്കില്ല.
ഇവിടെ ആരും പണമോ സമ്പത്തോ ഇല്ലാതാക്കുന്നില്ല. പണം ആരും കട്ടിലിനടിയിൽ സൂഷിക്കുന്നില്ല അത് എപ്പോഴും ചുറ്റിസഞ്ചരിക്കുന്നു ഒരു കരത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് പോകുന്നു, കിട്ടുന്നു.കൈമാറുന്നു അത്രമാത്രം. 401K ഇടിയുന്നു അതും ഒരു വാർത്തയാണല്ലോ . പത്തു ഓഹരി വിറ്റിട്ടുവേണം, ഇന്ന് ഒരു ഗ്യാലൻ പാലു വാങ്ങാൻ എന്ന നില ഉള്ളവർക്ക് തീർച്ചയായും വിലയിടിവ് പ്രതികൂലമായി ബാധിക്കും.
ആരെങ്കിലും ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിബന്ധനകളിൽ വായിച്ചുകാണും ഒരു ഉറപ്പുമില്ലാത്ത ഒരുനിക്ഷേപമെന്ന് .
നാം ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നു. അതിനാൽ തൽക്കാലം പ്രസിഡന്റ് ട്രംപ് നടപ്പാക്കുന്ന ഇറക്കുമതി നികുതി വർദ്ധന സാധാരണക്കാരായ അമേരിക്കക്കാരെ എങ്ങിനെ ബാധിക്കുന്നു അത് പ്രാധാന്യമുള്ളത് . നേരത്തെ സൂചിപ്പിച്ചതുപോലെ ഓഹരി വിപണിയെ ആശ്രയിച്ചു നിത്യ ചിലവുകൾ നടക്കേണ്ട സാഹചര്യം ഇല്ലെങ്കിൽ ഇതൊന്നും ഗൗരവമായി എടുക്കേണ്ട . ഉറച്ചു നിൽക്കുക വിപണി ശാന്തമാകും വീണ്ടും മുന്നോട്ടു കുതിക്കും.
അമേരിക്കയുടെ സമ്പൽ വ്യവസ്ഥിതി ഇപ്പോഴും പ്രബലമായത് . പ്രധാനമായും സാധാരണ ജനതയെ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുള്ള കാര്യങ്ങൾ എന്തൊക്കെ?ആദ്യമെ ഭക്ഷണം , അതിനു ശേഷമേ മറ്റു ആവശ്യങ്ങൾ ഉദിക്കുന്നുള്ളു. ഭക്ഷ്യപദാർത്ഥങ്ങൾക്ക് അമേരിക്ക മറ്റൊരു രാജ്യത്തെ ആശ്രയിക്കേണ്ട കാര്യം തൽക്കാലമില്ല. രണ്ടാമത് ഇന്ധനം അതിലും നാം സ്വയംപര്യാപത്മത നേടിയിട്ടുണ്ട്. ഇതു രണ്ടും മിതമായ വിലക്ക് ലഭിക്കുന്നുണ്ടെങ്കിൽ അധികം ബേജാറായിട്ടു കാര്യമില്ല.
യൂറോപ്പിൽ നിന്നും വരുന്ന ആഡംബര വാഹനങ്ങളുടെ വില കൂടിയെന്നു വരും അതുപോലതന്നെ ചൈനയിൽ നിർമ്മിച്ചു വരുന്ന പലേ ചപ്പുചവറുകളുടെയും .
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത്രയും കാലം അമേരിക്ക, ആഗോളതലത്തിൽ ഇങ്ങോട്ടുള്ള ഇറക്കുമതി കാര്യമായി നിയന്ധ്രിച്ചിട്ടില്ല. അതിനെ മുതലെടുത്തു അമേരിക്ക മറ്റു പലേ രാജ്യങ്ങൾക്കും ഒരു ഡമ്പിങ് സ്ഥലമായി മാറി. ഒരു പരിധിവരെ അതിൽ കുഴപ്പമില്ല. എന്നാൽ അത് കൈവിട്ടു പോകുന്നു എന്നൊരു അവസ്ഥ സംജാതമാകുന്നു.
കേട്ടിട്ടുണ്ടല്ലോ "തുണി മുറുക്കിയുടുക്കേണ്ട സമയം വന്നിരിക്കുന്നു". അമേരിക്ക സമ്പന്നമായ രാജ്യം. എന്നാൽ ഇവിടത്തെ ഭരണം മുന്നോട്ടു പോകുന്നത് കടത്തിലും. കൂടാതെ പണം അമിതമായി അച്ചടിച്ചുമാണ്. കടത്തിൽ ഒരു വൻ തുക നാം എടുത്തിരിക്കുന്നത് ചൈനപോലുള്ള രാജ്യങ്ങളിൽ നിന്നും. അവർക്കെല്ലാം ഇപ്പോൾ നാം നൽകുന്ന പലിശ മാത്രം ഒരു വർഷം ആയിരം ബില്യനടുത്തു .
ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും രാഷ്ട്രീയക്കാർ ഇതെല്ലാം കൊട്ടിഘോഷിക്കുന്നതും ചൈനയെ പഴിക്കുന്നതും എല്ലാം കേൾക്കാം എന്നാൽ കാര്യത്തോടടുക്കുബോൾ പറഞ്ഞതെല്ലാം മറക്കും.
കയിപ്പു കഷായം കുടിച്ചെങ്കിലേ ദിനം മാറു എന്ന അവസ്ഥയിലാണ് അമേരിക്കയുടെ ഇന്നത്തെ സാമ്പത്തികനില. അതു മനസ്സിലാക്കി ട്രംപ് മുന്നോട്ടു വന്നിരിക്കുന്നു. നിരവധി ഡെമോക്രാറ്റ് നേതാക്കൾക്ക് ഇതെല്ലാം അറിയാം. എന്നാൽ ട്രംപ് ഈ രാജ്യത്തെ സമ്പൽ സ്ഥിതി മെച്ചമാക്കുവാൻ ശ്രമിക്കുന്നു അത് അനുവദിച്ചുകൂട. അതുതന്നെ നിരവധി മാധ്യമങ്ങളുടെയും നിലപാട്. എന്നാൽ ഇവരാരും മറ്റൊരു വഴി കാണുന്നുമില്ല കാട്ടുന്നുമില്ല. കുട്ടിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമെന്നറിയാം എന്നാൽ വൈദ്യനെ ചികിത്സക്ക് അനുവദിക്കുവാൻ പാടില്ല .