ആറ്
അയാളുടെ പിന്നിലൂടെ പാഞ്ഞു വന്നിരുന്ന ആ കാര്‍ സഡന്‍ ബ്രേക്കിട്ടു. അത് ഡ്രൈവു ചെയ്തിരുന്നത് സുന്ദരിയായ ഒരു യുവതിയായിരുന്നു. ഒപ്പം അവളുടെ അച്ഛനെന്നു തോന്നിക്കുന്ന ഒരാളും.
അവര്‍ ഇരുവരും കാറില്‍ നിന്നിറങ്ങി. പിന്നെ ആകാംഷയോടെ റോഡില്‍ വീണുകിടക്കുന്ന ആ ചെറുപ്പക്കാരന്റെ സമീപത്തേയ്ക്കു ചെന്നു.
ഒരു യുവസുന്ദരന്‍. അയാള്‍ക്കെന്തു പറ്റി?
''ബോട്ടിലില്‍ നിന്ന് അല്പം വെള്ളമെടുത്ത് മുഖത്തേയ്ക്കു തളിച്ചു നോക്കൂ മോളേ.'' ആ വൃദ്ധന്‍ മകളോടും പറഞ്ഞു.
അവള്‍ അതനുസരിച്ചു. മുഖത്ത് ജലകണികകള്‍ വീണപ്പോള്‍ മധു ഞെട്ടി കണ്ണു തുറന്നു. മുന്നില്‍ അപ്‌സരസ്സിനെപ്പോലെ നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ കണ്ടു. പിന്നെ അവര്‍ക്കു പിന്നില്‍ നില്‍ക്കുന്ന ആ വൃദ്ധനെയും. അവന്‍ അവരെ മാറി മാറി നോക്കി.
''ദാ ഇതു കുടിക്കൂ...'' അവള്‍ വെള്ളം നിറച്ച ആ ബോട്ടില്‍ അവന്റെ നേരെ നീട്ടി.
അവന്‍ ആര്‍ത്തിയോടെ അതു കുടിച്ചു. അപ്പോള്‍ ക്ഷീണവും അവശതയുമൊക്കെ വിട്ടകന്ന പ്രതീതി. അവന്‍ കാവല്‍മാലാഖയപ്പോലെ പ്രത്യക്ഷപ്പെട്ട ആ യുവതിയേയും അവളോടൊപ്പമുള്ള ആ വൃദ്ധനേയും കൃതജ്ഞതാപൂര്‍വ്വം നോക്കി.
പെട്ടെന്ന് ആ മുഖം അവന്‍ തിരിച്ചറിഞ്ഞു.
''കുറുപ്പു സാര്‍...?''
''മധു-അല്ലേ?'' അദ്ദേഹം തിരക്കി.
''അതേ സര്‍.''
''ങും. എന്റെ വീടിവിടെ അടുത്താണ്. മധു വരണം. നമുക്കവിടെ പോയിരുന്ന് സംസാരിക്കാം.'' കുറുപ്പുസാര്‍ പറഞ്ഞു. അനന്തരം വിസ്മയത്തോടെ നില്‍ക്കുന്ന മകളുടെ നേരെ തിരിഞ്ഞു.
''എന്റെ ഫ്രണ്ടിന്റെ മകനാണ്.''
അവരെല്ലാവരും കാറിനുള്ളില്‍ കയറി. ആ വാഹനം വീണ്ടും മുന്നോട്ടു നീങ്ങി. അല്പ സമയത്തിനുള്ളില്‍ അത് കുറുപ്പുസാറിന്റെ താമസ സ്ഥലത്തെത്തി-വലിയൊരു രണ്ടുനില ബംഗ്ലാവ്.
മധു കാറില്‍ നിന്നിറങ്ങി ഒരു അപരിചിതനെ പോലെ നിന്നു.
വിസിറ്റേഴ്‌സ് റൂമിലെ സെറ്റിയിലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് കുറുപ്പുസാര്‍ പറഞ്ഞു:
''മധു ഇരിക്കൂ. ഞാനുടനെ വരാം.''
അദ്ദേഹം മുകളിലേയ്ക്കു കയറിപ്പോയി. ഒപ്പം സിനിമാനടിയെപ്പോലെ സുന്ദരിയായ ആ യുവതിയും.
മധു അവിടെ ഏകനായി ഇരുന്നു. അപരിചിതരുടെ നഗരത്തിലാണ് എത്തിയിരിക്കുന്നത് എന്ന് ആശ്വസിച്ചിരിക്കയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ഇവിടെയും പരിചയക്കാര്‍.
കുറുപ്പുസാര്‍ കോളജില്‍ അദ്ധ്യാപകന്‍ ആയിരുന്നു. പിന്നീട് മാനേജ്‌മെന്റുമായി എന്തോ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍ മാന്യമായി രാജിക്കത്തെഴുതി നല്‍കി. പിന്നീടാണ് ചെന്നൈയിലെത്തി ബിസ്സിനസ് ആരംഭിക്കുന്നത്. ആ നിലയിലാണ് അച്ഛനുമായി പരിചയം. നാട്ടില്‍ വരുമ്പോഴെല്ലാം അദ്ദേഹം തങ്ങളുടെ വീട്ടിലും വരുമായിരുന്നു.
മുന്നില്‍ കാലൊച്ച കേട്ടപ്പോള്‍ അദ്ദേഹമായിരിക്കുമെന്നു കരുതി. ശിരസ്സ് ഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് ആ മനോഹര രൂപമാണ്-ആ യുവതി. അദ്ദേഹത്തിന്റെ പുത്രി.
അവള്‍ കൂള്‍ഡ്രിങ്ക്‌സുമായി എത്തിയിരിക്കയാണ്.
പാനീയവും ലഘുഭക്ഷണവും അവന്‍ ആര്‍ത്തിയോടെ കഴിച്ചു. സമീപത്ത് മറ്റൊരാള്‍ നില്‍ക്കുന്നു എന്ന സത്യംപോലും വിസ്മരിച്ചു.
എല്ലാം കാലിയാക്കിയ ശേഷമാണ് മുഖമുയര്‍ത്തി നോക്കുന്നത്. അപ്പോഴുണ്ട്, തന്നെത്തന്നെ ഉറ്റുനോക്കി ഒരു ഊറിച്ചിരിയോടെ അവള്‍ നില്‍ക്കുന്നു! ഭക്ഷണം കഴിച്ചിട്ട് എത്രനാളായി എന്നല്ലേ അവളുടെ മുഖത്തെ ആ ചിരിയുടെ അര്‍ത്ഥം?
മധു ലജ്ജിച്ചു പോയി.
''ഇനിയും വല്ലതും വേണോ?'' കൂട്ടത്തില്‍ അവളുടെ ആ ചോദ്യം കൂടി ആയപ്പോള്‍ അവന്‍ ശരിക്കും വിയര്‍ത്തുപോയി.
''വേണ്ട, താങ്ക്‌സ്.'' അവളുടെ മുഖത്തേയ്ക്കു നോക്കാതെ തന്നെയാണ് മധു അങ്ങനെ പറഞ്ഞത്.
അവള്‍ അവന് അഭിമുഖമായി ഇരുന്നു. മധു അപ്പോള്‍ മാത്രമാണ് ആ മോഹനവിഗ്രഹത്തെ ശരിക്കും കണ്ടത്. സിനിമാനടി നയന്‍താരയെപ്പോലെ തോന്നിക്കുന്ന ഒരു സുന്ദരി. ഏതൊരു യുവഹൃദയത്തെയും വികാരതരളിതമാക്കുന്ന മേനിയഴക്.
''മധുവിനെക്കുറിച്ച് ഡാഡി പറഞ്ഞിരുന്നു. അതിനാല്‍ ഇനിയൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.'' സംസാരത്തിന് അവള്‍ തന്നെ തുടക്കമിട്ടു.
''ഇനി എന്നെ പരിചയപ്പെടുത്താം. ഞാന്‍ ഡാഡിയുടെ ഒരേയൊരു മകള്‍. പേര് രാജലക്ഷ്മി. എല്ലാവരും 'ലക്ഷ്മി ലക്ഷ്മി' എന്നു വിളിക്കും.''
''ലക്ഷ്മി-ലക്ഷ്മി എന്നു വിളിക്കുമോ, അതോ വെറും ലക്ഷ്മി എന്നു മാത്രം വിളിക്കുമോ?''
ആ അന്വേഷണം കേട്ട് അവള്‍ പൊട്ടിച്ചിരിച്ചു പോയി.
''ആളൊരു രസികനാണെന്നു തോന്നുന്നല്ലോ! എന്നെയാരും ലക്ഷ്മി-ലക്ഷ്മിയെന്നു വിളിക്കാറില്ല. രാജലക്ഷ്മി എന്ന പേരിന്റെ ദൈര്‍ഘ്യം കൂടിപ്പോയതുകൊണ്ടാണ് വെറും 'ലക്ഷ്മി' എന്നു വിളിക്കുന്നതു തന്നെ.''
''എന്തായാലും നല്ല ഐശ്വര്യമുള്ള പേരാണ്. അതിരിക്കട്ടെ ലക്ഷ്മി ഇപ്പോള്‍ എന്തു ചെയ്യുന്നു? പഠിക്കയാണോ?''
''അല്ല-ഞാനിപ്പോള്‍ നിങ്ങളുമായി സൊള്ളിക്കൊണ്ടിരിക്കുകയാണ്!''
എടുത്തടിച്ചതുപോലെത്തെ മറുപടി!
അപ്പോഴേക്കും കുറുപ്പുസാര്‍ കടന്നു വന്നു. അദ്ദേഹവും സെറ്റിയില്‍ മധുവിനോടൊപ്പം ഇരുന്നു.
''നിങ്ങള്‍ ഇരുവരും പരിചയപ്പെട്ടു കഴിഞ്ഞിരിക്കുമല്ലോ?''
''ഉവ്വു ഡാഡീ. ആവശ്യത്തിനുള്ള പരിചയം ആയിക്കഴിഞ്ഞു.''
''അതുമതി. അതു ധാരാളം മതി.'' കുറുപ്പുസാര്‍ കുലുങ്ങിച്ചിരിച്ചു. ''കേട്ടോ മധൂ, എനിക്ക് ആണും പെണ്ണുമൊക്കെ ആയിട്ടുള്ള ഏക സന്താനമാണിത്-ലക്ഷ്മി.''
''ഡാഡിയെന്നെ ആണും പെണ്ണും കെട്ടവളാക്കിക്കളഞ്ഞല്ലോ!'' ലക്ഷ്മിയുടെ പരിഭവം ആ സദസ്സില്‍ ചിരി ഉയര്‍ത്തി.
കുറുപ്പുസാര്‍ തുടര്‍ന്നു:
''കേട്ടോ മധൂ, ഇവളുള്ള സദസ്സില്‍ നിന്ന് പൊട്ടിച്ചിരി ഉയരാതെ വരില്ല. ഇവളോടൊപ്പം കഴിയുന്ന ആരുടെ ഹൃദയത്തിലും ആഹ്ലാദം നിറഞ്ഞു നില്‍ക്കും. അത് എന്റെ മകള്‍ക്ക് ദൈവം നല്‍കിയ ഒരു അനുഗ്രഹീത സിദ്ധി തന്നെയാണ്: ലക്ഷ്മി ഈ വീട്ടിലെ മഹാലക്ഷ്മിയാണ്.''
''അച്ഛന്‍ നമ്മുടെ അതിഥിയോട് എന്നെക്കുറിച്ചു തന്നെ പറഞ്ഞു ബോറടിപ്പിക്കാതെ...''
''അതും ശരിയാണ്. ആട്ടെ മധൂ, ഇനി പറയൂ, നിങ്ങള്‍ക്കെന്തു പറ്റി? എന്തിനാണ് ചെന്നൈയിലേക്കു വന്നത്?''
കഴിഞ്ഞ ഏതാനും നിമിഷങ്ങള്‍ ഉല്ലാസകരമായി പറന്നകലുകയായിരുന്നു. അതിനിടയിലാണ് കുറുപ്പുസാറിന്റെ ചോദ്യം. അതോടെ അവന്റെ ഹൃദയത്തില്‍ വീണ്ടും ഇരുള്‍ വീശി.
എന്തു പറയണമെന്നോ എവിടെ നിന്നും തുടങ്ങണമെന്നോ അറിയാതെ വിഷമിക്കുന്നതിനിടയില്‍ വീണ്ടും കുറുപ്പുസാറിന്റെ ചോദ്യം:
''അച്ഛനു സുഖമല്ലേ? കൃഷ്ണപിള്ളയെ കണ്ടിട്ട് വളരെ നാളുകളായി...''
കണ്ണുകള്‍ താനെ നിറഞ്ഞുപോയി. പറയുമ്പോള്‍ ഗദ്ഗദം ഉണ്ടായിരുന്നു.
''അച്ഛന്‍ മരിച്ചു പോയി സാര്‍...''
''ങേ! കൃഷ്ണപിള്ള മരിച്ചു?''
''.....................''
''എന്ന്? എങ്ങനെ?''
മധു ആ ചരിത്രം പറഞ്ഞു. ശേഖരപിള്ളയുമായുള്ള കേസിന്റെ വിവരങ്ങളെല്ലാം കുറുപ്പുസാറിനും അറിയാമായിരുന്നു. അതിന്റെ വിധിയെക്കുറിച്ചും അച്ഛന്റെ മരണത്തെക്കുറിച്ചും താന്‍ അനാഥനായതിനെക്കുറിച്ചും മാത്രമെ മധുവിന് അദ്ദേഹത്തോടു പറയേണ്ടി വന്നുള്ളൂ.
എല്ലാംകേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. പിന്നെ ഒരു തത്ത്വജ്ഞാനിയെപ്പോലെ പറഞ്ഞു:
''നല്ല മനുഷ്യര്‍ക്കു ജീവിക്കാന്‍ പറ്റിയതല്ല മധൂ ഈ ലോകം. നിന്റെ അച്ഛന്‍ ഒരു നല്ല മനുഷ്യനായിരുന്നു.''
മധു നിശബ്ദനായി ഇരുന്നു. അച്ഛന്‍ മാത്രമല്ല താനും ജീവിതത്തിന്റെ നല്ല വശങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളൂ. അതിന്റെ മറുപുറത്തുള്ള ബീഭത്സമായ രൂപത്തെക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല. പക്ഷെ ഒടുവിലൊടുവില്‍ ആ പരുപരുത്ത വശങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്.
''ഇനി മധുവിന്റെ ലക്ഷ്യമെന്താണ്? അതു കേള്‍ക്കട്ടെ-'' കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം കുറുപ്പു സാര്‍ തിരക്കി.
''ജീവിക്കാന്‍ ഒരു തൊഴില്‍ കണ്ടുപിടിക്കണം. മറ്റൊരു ലക്ഷ്യവും ഇന്നെനിക്കില്ല സാര്‍.'' മധു പറഞ്ഞു.
''മധുവിന് ഞാനൊരു ജോലി വാങ്ങിത്തരാന്‍ ശ്രമിക്കാം.'' ആ നല്ല മനുഷ്യന്‍ പറഞ്ഞു: ''ഈ വീട്ടില്‍ ഞാനും ലക്ഷ്മിയും ഒരു വേലക്കാരനും മാത്രമേ താമസമുള്ളൂ. വിരോധമില്ലെങ്കില്‍ നിങ്ങള്‍ക്കും തല്‍ക്കാലം ഇവിടെ താമസിക്കാം.''
''അങ്ങേയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല...''
അദ്ദേഹം ലക്ഷ്മിയുടെ നേരെ തിരിഞ്ഞു.
''മോളെ മധുവിന് ഒരു റൂം തുറന്നു കൊടുത്തേക്കൂ.''
അതു കേള്‍ക്കാത്ത താമസം താക്കോല്‍ എടുക്കുന്നതിനുവേണ്ടി അവള്‍ മുകളിലേക്കോടി.
''മധൂ, ഉച്ചകഴിഞ്ഞ് എനിക്ക് ഒരുറക്കം പതിവുള്ളതാണ്. സമയമിപ്പോള്‍ ഇത്രയുമായി. ഞാന്‍ ചെറുതായിട്ടൊന്ന് മയങ്ങാന്‍ പോവുകയാണ്.''
കുറുപ്പുസാറും സ്റ്റെയര്‍കേസ് കയറി മുകളിലേക്കു പോയി.
അയാള്‍ ഏകനായി നില്‍ക്കുമ്പോള്‍ അവള്‍ കടന്നു വന്നു-ലക്ഷ്മി. ഒരു അപ്‌സരസ്സിനെപ്പോലെ!
(തുടരും)
Read More: https://emalayalee.com/writer/304