Image

ശ്രീ ഹനുമാൻ കാവ് (വിജയ് സി.എച്ച്)

Published on 09 April, 2025
ശ്രീ ഹനുമാൻ കാവ് (വിജയ് സി.എച്ച്)

മുവായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ശ്രീ ഹനുമാൻ കാവ് ക്ഷേത്രം, മലപ്പുറം ജില്ലയിലെ ആലത്തിയൂർ ഗ്രാമത്തിൽ, തിരൂർ-ചമ്രവട്ടം പാതയിലുള്ള പഞ്ഞൻപടിയിൽ നിന്നു ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി പൊയിലിശ്ശേരി എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്നു. 

സപ്തർഷികളിൽ ഉന്നത ദർശകനും, ശ്രീരാൻ്റെ കുലഗുരുവുമായ വസിഷ്ഠർ പ്രതിഷ്ഠിച്ചതാണ് ആലത്തിയൂരിലെ വിഗ്രഹമെന്നാണ് ഐതിഹ്യം. സീതാ ദേവിയെ അന്വേഷിച്ചു ലങ്കയിലേയ്ക്കു പുറപ്പെടുന്നതിനു മുമ്പു ശ്രീരാമൻ അഭിജ്ഞാന വാക്യം ചൊല്ലിക്കൊടുക്കുന്നതു, തല അൽപം ഭഗവാൻ്റെ ഭാഗത്തേക്കു ചെരിച്ചു അഞ്ജലി ബദ്ധനായി നിന്നു ശ്രദ്ധിക്കുന്ന ആഞ്ജനേയനാണ് രാമവിഗ്രഹത്തിനു സമീപമുള്ളത്. സ്വാഭാവികമായും സീതാ സമേതനല്ല ഇവിടെ ശ്രീരാമൻ. മുഖ്യപ്രതിഷ്ഠ രാമനാണെങ്കിലും, പൊയിലിശ്ശേരിയിലേതു ശക്തിയേറിയ ഹനുമാൻ സ്വാമി ക്ഷേത്രമായി ഭക്തജനങ്ങൾ കരുതിവരുന്നു.

ഗ്രാമക്ഷേത്ര സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് ആലത്തിയൂർ ഗ്രാമ നമ്പൂതിരിയുടെയും, പിന്നീട് വെട്ടത്തുനാട് രാജാവിൻ്റെയും നിയന്ത്രണത്തിലായിരുന്ന അമ്പലമിപ്പോൾ, കോഴിക്കോട് സാമൂതിരി രാജാ എന്നു സ്ഥാനപ്പേരു ലഭിയ്ക്കുന്ന ട്രസ്റ്റിയുടെ ഉടമസ്ഥതയിലും, മലബാർ ദേവസ്വം ബോർഡിൻ്റെ മേൽനോട്ടത്തിലുമാണ്.

🟥 പ്രതിഷ്ഠകൾ വിഭിന്നം

ശ്രീരാമ-ഹനുമാൻ പെരുംതൃക്കോവിലെന്നും അറിയപ്പെടുന്ന ആലത്തിയൂരിലെ പുരാതന ക്ഷേത്രത്തിൽ ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നാലു കൈകളോടുകൂടിയ വിഷ്ണുവിൻ്റെ രൂപത്തിലാണെങ്കിൽ, ഹനുമാൻ പ്രതിഷ്ഠയും മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമാണ്. ഒരു കയ്യിൽ ദണ്ഡ് പിടിച്ചു രാമവചനങ്ങൾ സസൂക്ഷ്മം ശ്രവിക്കുന്ന ഹനുമാനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രാവണൻ അശോകവനികയിൽ തടവിൽ പാർപ്പിച്ചിരുന്ന സീതയെ കാണാനായി ഹനുമാനെ അയക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ രാമൻ നടത്തിയതും, നിർദ്ദേശങ്ങൾ നൽകിയതും ആലത്തിയൂർ അമ്പല പരിസരത്തു വച്ചാണെന്നാണ് പുരാണം.

🟥 ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്ക്

ആലത്തിയൂരിലെ ക്ഷേത്രം ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്ക് ഏറ്റവും ഉത്തമമെന്നാണ് ഭക്തരുടെ വിശ്വാസം. രാമ കാര്യ സാധ്യാർഥം ലങ്കയിലേക്കു തനിയ പുറപ്പെടുന്ന വായുപുത്രന് അടയാള വാക്യവും അംഗുലീയവും നൽകുന്നതാണ് ഇവിടത്തെ പ്രതിഷ്ഠാസങ്കൽപം എന്നതിനാൽ, ദൃഢനിശ്ചയവും ഉറച്ചതീരുമാനവുമുണ്ടെങ്കിൽ എത്ര ദുർഘടമായ ദൗത്യമെങ്കിലും വിജയം സുനിശ്ചതമെന്നൊരു സന്ദേശം ഇവിടെ പ്രതിധ്വനിക്കുന്നു. വ്യക്തം, വിഘ്നങ്ങൾ പലതും തരണം ചെയ്തു നേടാനുള്ള വിജയത്തിന് ത്രിമൂർത്തികളായ ബ്രഹ്മ, വിഷ്ണു, മഹേശ്വന്മാരുൾപ്പെടെയുള്ള മുപ്പത്തി മുക്കോടി ദേവന്മാരുടെയും അനുഗ്രഹം ആഞ്ജനേയന് ഉണ്ടായിരുന്നു. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി ഇങ്ങോട്ടുള്ള ഭക്തജന പ്രവാഹം ഒരിക്കലും നിലക്കുന്നില്ല. ആലത്തിയൂർ ഹനുമാൻ ക്ഷേത്ര ദർശനം നടത്തിയ പ്രശസ്തരിൽ ഒന്നര ദശവർഷം തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയും, നാലു തവണ കേരളം ഭരിച്ച കെ. കരുണാകരനും ഉൾപ്പെടുന്നു! 

🟥 സങ്കൽപ സമുദ്രം ചാടൽ

പെരുംതൃക്കോവിലിൻ്റെ തെക്കു ഭാഗത്തെ മുറ്റത്തു നിർമിച്ചിട്ടുള്ള മണൽ നിറച്ച കളവും, അതിൻ്റെ പടിഞ്ഞാറേ അതിർത്തിയിൽ പതിച്ച നീളമുള്ള കരിങ്കൽകട്ടയും അമ്പലത്തിൽ എത്തുന്നവരുടെ പ്രധാന ആകർഷണമാണ്. കരിങ്കൽകട്ടയെ സമുദ്രമായി സങ്കൽപിച്ചു, അതു സ്പർശിക്കാതെ, പടിഞ്ഞാറു ഭാഗത്തു നിന്നു ഓടിവന്നു, ശിലാഖൺഡത്തിനു മുകളിലൂടെ പൂഴിയിലേയ്ക്കു ഉശിരോടെ ചാടണം. ഹനുമാൻ ഭാരത ഭൂഖൺഡത്തിൽ നിന്നു, ഒറ്റ കുതിപ്പിനു സമുദ്രം ചാടിക്കടന്നു സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്കു പോയതിൻ്റെ സ്മരണാർത്ഥമാണ് കൗതുകമേറിയ ഈ കീഴ്‌വഴക്കം. സമുദ്രതരണം ഫലപ്രദമായ ഒരു പ്രതീകമായിമാറുകയാണിവിടെ! കുട്ടികൾ മാത്രമല്ല, മുതിർന്നവരും കരിങ്കൽകട്ടയ്ക്കു കുറുകെ ഊക്കിൽ എടുത്തുചാടുന്നത് ഭക്തിപൂർവം തന്നെ! ഉദ്ദേശ്യശുദ്ധിയും ആത്മസമർപണവും, ഒപ്പം ഭക്തിയുമുണ്ടെങ്കിൽ, ഉന്നം പിഴക്കില്ലെന്നും, ജീവിത വിജയം നേടാമെന്നുമുള്ളതിൻ്റെ പ്രായോഗിക പരിശീലമാണ് പ്രതീകാത്മകമായ ഈ സമുദ്രലംഘനം. ധനം, ദീർഘായുസ്സ്, ആരോഗ്യം, ഭാഗ്യം എന്നിവ ഈ ചാട്ടം നൽകുമെന്നാണ് ഭക്തരുടെ വിശ്വാസം. 

ഇക്കാരണത്താൽ ആലത്തിയൂരെത്തുന്നവരെല്ലാം ഈ ചടങ്ങു മുടങ്ങാതെ ചെയ്യുന്നു. എന്നാൽ, ഭക്തിയുടെ പരിവേഷമുള്ള സങ്കൽപ സമുദ്രം ചാടൽ കുട്ടികളിൽ വലിയ തോതിലുള്ള ആവേശമാണു ജനിപ്പിക്കുന്നത്. ഒരിക്കൽ ഇവിടെ വന്നു ഔത്സുക്യത്തോടെ ചാടിയവർ തുടർന്നും ഹനുമാൻ കാവിൽ സന്ദർശിക്കാൻ അവരുടെ മാതാപിതാക്കളെ ഓർമപ്പെടുത്തുന്നു! ഒരു കുസൃതി വിളയാട്ടമല്ലല്ലൊ, സീതാദേവിയെത്തേടി ലങ്കയിലെത്താൻ ഹനുമാൻ ചാടിയത് അനുസ്മരിപ്പിക്കുന്നതാണല്ലൊ ആലത്തിയൂരിലെ ഈ കുതിച്ചുചാട്ടം! സമുദ്രം തരണം ചെയ്തു ഹനുമാൻ ഭഗവത് കാര്യം നിർവഹിച്ചതുപോലെ, ഏതു വലിയ പ്രശ്നവും പരിഹരിച്ചു ജീവിതം സുഖകരമാക്കാൻ ഈ സ്വയം വഴിപാടു കൊണ്ടു സാധിക്കുമെന്നാണു ദൃഢവിശ്വാസം.

🟥 പേടിസ്വപ്നം കാണരുതേ...

'ആലത്തിയൂർ ഹനുമാനേ, പേടിസ്വപ്നം കാണരുതേ, പേടിസ്വപ്നം കണ്ടാലോ, വാലുകൊണ്ട് തട്ടി ഉണർത്തേണമേ...,' ഇതൊരു ലഘുവായ പ്രാത്ഥനാമന്ത്രമാണ്. രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പേ ഈ മന്ത്രം ഉരുവിട്ടാൽ പേടിസ്വപ്നവും അലട്ടുന്ന മറ്റു ചിന്തകളും മനസ്സിനെ കീഴ്പെടുത്തുകയില്ലെന്നാണ് വിശ്വാസം. ശ്വാസം മുട്ടലിൽനിന്നു സുഖം പ്രാപിക്കുമെന്നും പലരും പ്രത്യാശിക്കുന്നു. ഇക്കാരണങ്ങളാൽ ഹൈന്ദവ ഗൃഹങ്ങളിലെ മുതിർന്നവരും കുട്ടികളും നിദ്രയിലേക്കു ആണ്ടുപോകും വരെ ലളിതമായ ഈ ഹനുമാൻ മന്ത്രം ഉരുവിടാറുണ്ട്. ഹനുമാനെക്കുറിച്ചുള്ള ചിന്തകളിൽ മാനസിക സംഘർഷങ്ങളും വിഷാദരോഗവും അതിവേഗം വിട്ടുപോകുന്നത് ഭക്തരുടെ അനുഭവമാണ്.

"മനോജവം മാരുതതുല്യ വേഗം

ജിതെന്ദ്രിയം ബുദ്ധിമതാം വരിഷ്ടം

വാതാത്മജം വാനരയൂത മുഖ്യം

ശ്രീരാമദൂതം ശിരസാ നമാമി

ബുദ്ധിർബലം യശോ ധൈര്യം

നിർഭയത്വമാരോഗതാ

ആജാഡ്യം വാക്ക് പടുത്വം ച

ഹനുമത് സ്മരണാത് ഭവേത്," എന്നാണല്ലൊ ഹനുമാൻ സ്തോത്രത്തിലെ വരികൾ. അതെ, മനോജവം മാരുതതുല്യ വേഗം! കാറ്റിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വായുപുത്രൻ ഹനുമാൻ, കരുത്തിൻ്റെയും ധൈര്യത്തിൻ്റെയും പര്യായമായി കണക്കാക്കപ്പെടുന്ന ഹനുമാൻ! പറ്റുമ്പോഴൊക്കെ ആലത്തിയൂർ സന്ദർശിച്ചു ഹനുമാൻ സ്വാമിയെ വണങ്ങി മനശുദ്ധി സൂക്ഷിക്കാനും 'പേടിസ്വപ്നം കാണരുതേ...' എന്നു തുടങ്ങുന്ന ചെറുമന്ത്രം വലിയ പ്രചോദനമായിത്തീരുന്നു. റെയിൽവേ സ്റ്റഷനും, ധാരാളം ബസ് റൂട്ടുകളും ബന്ധപ്പെട്ടുകിടക്കുന്ന തിരൂരിൽ നിന്നു ഒമ്പതു കിലോമീറ്റർ തെക്കുഭാഗത്താണ് ഹനുമാൻകാവ്. കുറ്റിപ്പുറത്തു നിന്നു തിരുന്നാവായ വഴിയും, ചമ്രവട്ടം വഴിയും റോഡു മാർഗം ആലത്തിയൂരെത്താം.

🟥 അവിലും വെറ്റിലമാലയും

കുഴച്ച അവിലാണു ഹനുമാൻ ക്ഷേത്രത്തിൽ ഏറ്റവും പ്രിയപ്പെട്ട നിവേദ്യമായി സമർപ്പിക്കുന്നത്. ലങ്കാധിപതി രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോയതിനെ തുടർന്നു അന്വേഷണത്തിനായി വായു പുത്രനെ നിയോഗിക്കുന്ന സന്ദർഭത്തിൽ ഹനുമാന് ഭക്ഷണമായി ഒരു പൊതി അവിൽ നല്കിയെന്നാണു വിശ്വാസം. അതിൻ്റെ സ്മരണയിലാണു ഹനുമാൻ കാവിൽ ഇഷ്ട നിവേദ്യമായി ഭക്തജനങ്ങൾ അവിൽ സമർപ്പിക്കുന്നത്. കാഴ്ചദ്രവ്യമായി അവിൽ കൊണ്ടുപോകുന്ന പതിവ് വളരെ സ്വീകാര്യമായതുമാകുന്നു. ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു പോയ കുചേലൻ കാഴ്ചദ്രവ്യമായി കൊണ്ടുപോയിരുന്നത് അവിലായിരുന്നു. വെറ്റിലമാലയും വടമാലയും ഹനുമാന് സമർപ്പിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിനു സഹായിക്കുമെന്നു മറ്റൊരു വിശ്വാസവുമുണ്ട്. അശോകവനത്തിൽ ദുഃഖിതയായി കണ്ട സീതാദേവിയോട്, രാമദേവനും സൈന്യവും ഉടനെയെത്തി ദേവിയെ മോചിപ്പിക്കുമെന്ന സന്ദേശം ഹനുമാ൯ നൽകിയപ്പോൾ, സമീപത്തു പടർന്നു നിന്നിരുന്ന വെറ്റിലവള്ളിയിൽ നിന്നു ഇലകൾ നുള്ളിയെടുത്തു, വായുപുത്രൻ്റെ ശിരസ്സിൽ വച്ചു ഹനുമാൻ ചിരഞ്ജീവിയായിത്തീരുമെന്നു ജനകപുത്രി അനുഗ്രഹിക്കുന്നുണ്ട്. ആലത്തിയൂരിൽ വെറ്റില മറ്റൊരു വിശിഷ്ട വഴിപാടായി മറാതാരിക്കുന്നതെങ്ങനെ! കൂടാതെ, ബന്ധങ്ങളിൽനിന്നും ബന്ധനങ്ങളിൽനിന്നുമുള്ള മോചനത്തിനും, ദുഖത്തിൽനിന്നും ഭയത്തിൽനിന്നുമുള്ള രക്ഷയ്ക്കു വേണ്ടിയും പ്രത്യേക വഴിപാടുകൾ ഇവിടെ നടത്തിവരുന്നു. ശ്രീരാമനുള്ള ഇഷ്ടനിവേദ്യം പഞ്ചസാരപായസമാണ്.

🟥 പാതി ഹനുമാന്

ക്ഷേത്രം അറിയപ്പെടുന്നത് ഹനുമാൻ സ്വാമിയുടെ നാമത്തിലാണെങ്കിലും വായുപുത്രന് ഇവിടെ പൂജ നടത്താറില്ല. എന്നാൽ, രാമനുള്ള എല്ലാ സമർപ്പണങ്ങളുടെയും പകുതി ഹനുമാനുള്ളതാണ്. അതിനാലാണ് വഴിപാടുകൾക്ക് കൗണ്ടറിൽ നിന്നു രണ്ടു രശീതികൾ ലഭിക്കുന്നത്. പൂജയ്ക്കു പകരം ഹനുമാന് നിവേദ്യ സമർപണമാണല്ലൊ. അവിലും കദളിപ്പഴവുമായി ധാരാളം ഭക്തർ ഇവിടെ ദിവസവുമെത്തുന്നു. കുട്ടികളിലുണ്ടാവുന്ന ശ്വാസതടസ്സം മാറുവാനായി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചു ഹനുമാന് പാളയും കയറും നിവേദ്യമായി നൽകിയാൽ മതിയെന്നും വിശ്വാസമുണ്ട്. ശത്രുദോഷം മാറുവാനും, ശനി അപഹാരം വിട്ടുപോകുവാനും വിവാഹം, ജോലി, വ്യാപാരം, വിദ്യാഭ്യാസം എന്നിവയിലുള്ള തടസ്സങ്ങൾ നീങ്ങുവാനും ഹനുമാന് ഗദ സമർപ്പിക്കുന്നു.

🟥 ഉപക്ഷേത്രങ്ങൾ

രണ്ടര ഏക്കറോളം വിശാലമായ സ്ഥലത്താണ് ഹനുമാൻ കാവ് സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണു, ലക്ഷ്മണൻ, ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി, നാഗദൈവങ്ങൾ എന്നീ പ്രതിഷ്ഠകൾക്കു ഉപക്ഷേത്രങ്ങളുണ്ട്. നാലമ്പലത്തിനു പുറത്തു പ്രദക്ഷിണ വഴിക്കുള്ളിൽ തെക്കുകിഴക്കു ദിശയിലാണ് മഹാവിഷ്ണുവിൻ്റെ ക്ഷേത്രം. ഈ ക്ഷേത്രത്തിനു കുറച്ചകലെയായി ലക്ഷ്മണ ക്ഷേത്രവുമുണ്ട്. സീതയെത്തേടി പോകുന്ന ഹനുമാനും ശ്രീരാമനും സ്വകാര്യസംഭാഷണത്തിനു വഴിയൊരുക്കി, ലക്ഷ്മണൻ മാറിനിന്നതിനെ അനുസ്മരിച്ചു അല്പം അകലെയാണ് ലക്ഷ്മണക്ഷേത്രം നിർമിച്ചിരിക്കുന്നത്. നാലമ്പലത്തിനകത്ത് കന്നിമൂലയിൽ തന്നെ ഗണപതിയുടെയും അയ്യപ്പസ്വാമിയുടെയും ഉപക്ഷേത്രങ്ങളാണ്. വായു കോണിൽ ദുർഗാദേവിയുടെ സാന്നിധ്യവുമുണ്ട്. ഹനുമാൻ സ്വാമിയുടെ ശ്രീകോവിലിനു തൊട്ടുമുമ്പിലുള്ള ചുമരിൽ ആലേഖനം ചെയ്ത ഭദ്രകാളി രൂപത്തിന് പ്രത്യേക ചൈതന്യമുണ്ടെന്നാണു വിശ്വാസം. 

🟥 ആൽ+അത്തി+ഊർ

ക്ഷേത്രത്തിൻ്റെ മതിൽകെട്ടിനു പുറത്ത് വടക്കുഭാഗത്താണു വിശാലമായ ക്ഷേത്രക്കുളം. കടവിനു സമീപത്തുള്ള ആൽമരവും ചുറ്റുപാടും വളർന്നു നിൽക്കുന്ന ചെറിയ അത്തിമരങ്ങളുമാണ് ആലത്തിയൂരിനെ അന്വർത്ഥമാക്കുന്നത്. 'ആലത്തിയൂർ' എന്ന സ്ഥലപ്പേരിനെ ആൽ+അത്തി+ഊർ എന്ന് പിരിച്ചെഴുതാം. ഈ പ്രദേശത്ത് പണ്ടുകാലത്ത് ഒരാലും ഒരത്തിയും പരസ്പരം കെട്ടിപ്പിണഞ്ഞു വളർന്നു നിന്നിരുന്നുവെന്നു പഴമക്കാർ പറയുന്നു. അതിൽനിന്നു ജന്മം കൊണ്ടതാണ് ആലത്തിയൂർ എന്ന പേരെന്നാണ് വായ്മൊഴി. കുളക്കരയിൽ ഇന്നു കാണുന്ന ആലും അത്തിമരങ്ങളും പദോൽപത്തി സൂചിപ്പിക്കുന്ന വൃദ്ധമരങ്ങളുടെ ഇളംതലമുറക്കാരാണത്രെ!

🟥 സമീപ ക്ഷേത്രങ്ങൾ

തിരൂർ-ചമ്രവട്ടം പാതയുടെ കിഴക്കു ഭാഗത്താണു ഹനുമാൻ കാവെങ്കിൽ, റോഡിൻ്റെ ഏകദേശം അതേ സ്ഥലത്തു നിന്നു രണ്ടു കിലോമീറ്റർ പടിഞ്ഞാറുള്ള വെള്ളാമശ്ശേരിയിലാണു പേരുകേട്ട ഗരുഡൻ കാവ് ക്ഷേത്രം. ആയിരത്തിഎണ്ണൂറു വർഷം പഴക്കമുള്ള ഈ ക്ഷേത്രം ഭാരത്തിൽ ഗരുഡനു അർപ്പണം ചെയ്ത ഏക ആരാധനാലയമാണ്! തൊട്ടടുത്തു തന്നെ തൃപ്രങ്ങോട് ശിവക്ഷേത്രവും, അൽപം അകലെ തിരുന്നാവായ നവമുകുന്ദാ ക്ഷേത്രവുമുണ്ട്. തൃക്കണ്ടിയൂർ ശിവക്ഷേത്രവും, ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രവും ആറു കിലോമീറ്റർ അകലത്തിൽ, യഥാക്രമം വടക്കും തെക്കുമായി നിലകൊള്ളുന്നു.

ശ്രീ ഹനുമാൻ കാവ് (വിജയ് സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക