Image

മധുരയുടെ വിപ്ലവവിഹായസ്സിൽ ഉദിച്ചുയർന്ന ചെന്താരകം (പി.ടി. പൗലോസ്)

Published on 10 April, 2025
മധുരയുടെ വിപ്ലവവിഹായസ്സിൽ ഉദിച്ചുയർന്ന ചെന്താരകം (പി.ടി. പൗലോസ്)

എം. എ. ബേബി പുതിയ അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്ന പ്രഖ്യാപനത്തോടെ മധുരയിൽ മാർക്സിസ്റ്റു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപത്തിനാലാം പാർട്ടികോൺഗ്രസ്സിന്റെ കൊടിയിറങ്ങി. സൈദ്ധാന്തികൻ, അച്ചടക്കമുള്ള പാർട്ടിപ്രവർത്തകൻ, വിഷയങ്ങൾ പഠിച്ചു പ്രവർത്തിക്കുവാനും സൗമ്യതയോടെ പ്രതികരിക്കുവാനുമുള്ള അസാധാരണ കഴിവ്. അതിനെല്ലാമപ്പുറം ഒരു മലയാളി. നമുക്ക് അഭിമാനിക്കാം, അഭിനന്ദനങ്ങൾ നേരാം.

ഫാസിസം വിഷസർപ്പമായി ഭാരതത്തിന്റെ ബഹുസ്വരതയെ വരിഞ്ഞുമുറുക്കുന്ന വർത്തമാനകാലത്ത് ബേബി എന്ന വിപ്ലവനേതാവിന് വെല്ലുവിളികൾ ഏറെയാണ്. ഒരു ഭ്രാന്താലയം എന്ന് വിവേകാനന്ദൻ പണ്ട് പറഞ്ഞ കേരളത്തിന് ഇത്രയും ഭ്രാന്ത് ഇല്ലായിരുന്നു. പൊതിക്കാൻ പറ്റാതെ മുഴുവൻ തേങ്ങ തട്ടിക്കളിക്കുന്ന ബിജെപി.,  ശിവരാത്രിക്ക് ഭാംഗ് വിഴുങ്ങിയ ഭക്തനെപോലെ മത്തു പിടിച്ചലറുന്ന സെല്ലുലോയിഡ് രാഷ്ട്രീയക്കാരന്റെ അടുത്ത ജന്മത്തിൽ ഭ്രാഹ്മണപൂണൂൽ ഇടാനുള്ള ഈ ജന്മത്തിലെ ഉറഞ്ഞുതുള്ളുന്ന തെരുവുനാടകങ്ങൾ, ''ഞാനോ നീയോ നേതാവ് '' എന്ന് സ്ഥാപിച്ചെടുക്കാനുള്ള യുഡിഫ് നേതാക്കന്മാരുടെ പകിടകളി, രാഷ്ട്രീയക്കാറ്റില്‍ ഇടത്തോട്ടും വലത്തോട്ടും ആടിയുലയുന്ന മുസ്ലിംലീഗ്. ലീഗിന്റെ ഇപ്പോഴത്തെ മൗനം കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാകാം. ഭരണം ഇപ്പോൾ ഇടതുപക്ഷത്തിന്റെ ആയതുകൊണ്ട് അതവിടെ നിൽക്കട്ടെ. നമുക്ക് പോകാം ബംഗാളിലേക്ക്. അതെ, ഇടതുപക്ഷം പതിറ്റാണ്ടുകൾ ഭരിച്ചു മടുത്ത പശ്ചിമബംഗാളിലേക്ക് .

2019 മെയ് 19 ഞായറാഴ്ച. പശ്ചിമ ബംഗാളിൽ പതിനേഴാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന ദിവസം കൊൽക്കത്തയിലെയും ചില ഉൾനാടൻ ഗ്രാമങ്ങളിലെയും ബൂത്തുകളിലൂടെ ഒരു മിന്നൽ സന്ദർശനം നടത്താൻ ഈ ലേഖകന് അവസരമുണ്ടായി. പലരോടും ആശയവിനിമയം നടത്തി. മുഖ്യമന്ത്രി മമത ബാനർജിയുടെ ഗുണ്ടായിസത്തോടുള്ള അമർഷം പലയിടങ്ങളിലും കാണാൻ കഴിഞ്ഞു. ആ അമർഷം വോട്ടായാൽ അത് ബിജെപിക്ക് മാത്രം ഗുണം ചെയ്യും എന്ന് കണക്കുകൂട്ടി. കാരണം കോൺഗ്രസ്സിന്റെയും സിപിഎം ന്റെയും രാജകീയകാലത്ത് പാർലമെന്ററി മോഹത്തിന്റെ ചക്കരഭരണിയിൽ അള്ളിപ്പിടിച്ച് അവർ സ്വയം ശവക്കുഴി തോണ്ടുകയായിരുന്നു. ഒരു കാലത്ത് തെരഞ്ഞെടുപ്പുവേളകൾ സിപിഎംന് ഉത്സവകാലമായിരുന്നു. പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത്  സിപിഎം ബൂത്തുകളിൽ ആളനക്കമില്ല. ഇല്ലിമുളകളിൽ കെട്ടിയുയർത്തിയ അരിവാൾ ചുറ്റിക ചെങ്കൊടികൾക്കു താഴെ വിദൂരതയിലേക്ക് കണ്ണുനട്ടിരിക്കുന്ന തല നരച്ച് കവിളൊട്ടിയ ചില വൃദ്ധസഖാക്കളെ കണ്ടു. അവരുടെ വിഷാദചിന്തകൾ എഴുപതുകളിലെ എരിഞ്ഞടങ്ങിയ വിപ്ലവവീര്യത്തെക്കുറിച്ചായിരിക്കാം. കാലത്തിന്റെ ചാരക്കൂന വീണു മൂടിയെങ്കിലും അവരുടെ കുഴിഞ്ഞ കണ്ണുകളിൽ ഇന്നും കാണാം വിപ്ലവത്തിന്റെ കെടാത്ത ചില കനൽക്കട്ടകൾ വിഫലമായ കുറെ  സ്വപ്നങ്ങളുടെ അവശിഷ്ടങ്ങളായി....

തെരുവ് രാഷ്ട്രീയത്തിൽ നിന്നും മുഖ്യമന്ത്രിക്കസേരയിലെത്തിയ മമതയുടെ പ്രധാന ലക്ഷ്യം ബംഗാൾ നന്നാക്കുക എന്നതല്ലായിരുന്നു, മാർക്സിസ്റ്റു കോട്ട തകർക്കുക എന്നതായിരുന്നു. അതിലവർ വിജയിച്ചു. ഇടതുപക്ഷത്തിന് ജ്യോതിബാസുവിനു ശേഷം കഴിവുള്ള നേതാവില്ലായിരുന്നു എന്നതും കാരണമായി. സോംനാഥ് ചാറ്റർജിയെ പോലുള്ളവരെ പാർട്ടിതന്നെ മൂലക്കിരുത്തി .  അധികാരം കയ്യിലമർന്ന മമതയുടെ കീഴിൽ ഗുണ്ടായിസം വളർന്നപ്പോൾ കാൽച്ചുവട്ടിലെ മണ്ണൊലിക്കാൻ തുടങ്ങി. ഇന്ത്യ എന്ന വൈവിദ്ധ്യങ്ങളുടെ മഹാരാജ്യത്ത് മതേതരമാനവികതയുടെ കടക്കൽ കത്തി വയ്ക്കാനെന്നവണ്ണം കപടദേശീയതയുടെ വന്മരമായി ബിജെപി വളർന്നു. മരത്തിന്റെ ശാഖകൾ അശാന്തിയുടെ മണ്ണിലേക്ക് ചാഞ്ഞ അനുകൂലസാഹചര്യത്തിൽ ആ കമ്പിലൂടെ പിടിച്ചുകയറാൻ പശ്ചിമബംഗാളിലെ വോട്ടർമാർ ശ്രമിച്ചു. അതിന്റെ ഫലമാണ് പതിനേഴാം ലോകസഭയിൽ പശ്ചിമബംഗാളിൽ നിന്നുള്ള ബിജെപി അംഗസംഖ്യ 4 ല്‍ ഇന്നും 18 ലേക്ക് ഉയർന്നത്. ബംഗാൾ ജനതയുടെ ബിജെപി യിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ അടയാളമാണ് പതിനെട്ടാം ലോകസഭയിൽ ബിജെപി അംഗസംഖ്യ 18 ല്‍ നിന്നും 12 ലേക്ക് താണതും. ഈ അവസരം മുതലെടുക്കുവാൻ കോൺഗ്രസ്സിന് മതിയായ നേതൃത്വവുമില്ല. ഇവിടെയാണ് സിപിഎംന് പുനർജനിച്ച് വളരുവാൻ വളക്കൂറുള്ള മണ്ണുള്ളത്. ഇപ്പോൾ വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന വൃദ്ധസഖാക്കളുടെ വിഷാദചിന്തകളിൽ സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടലംകൃതമായ ഒരു 'സുവർണ്ണബംഗാൾ ' ന്റെ മോഹമുണ്ട്.
ആ മോഹങ്ങൾ അവരുടെ യുവതലമുറയിലൂടെ ബംഗാളിന്റെ വിപ്ലവമണ്ണിൽ മുളപൊട്ടി വളരട്ടെ ! 
ബംഗാളിൽ ക്ഷുഭിതയവ്വനങ്ങൾ പടക്കിറങ്ങിയ ഒരു കാലത്തിന്റെ സാക്ഷി എന്ന നിലയിൽ ഈ ലേഖകനും ഉറപ്പുണ്ട് അഞ്ചുവർഷത്തിനകം ഇടതുപക്ഷം ബംഗാളിൽ അധികാരത്തിലേറുമെന്ന് . ഇവിടെയാണ് ബേബി സഖാവിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ പ്രസക്തി.

സിപിഎം ജനറൽ സെക്രട്ടറി സഖാവ് ബേബിയുടെ ശ്രദ്ധയിലേക്ക് ചില വസ്തുതകൾ കൊണ്ടുവരുവാൻ ശ്രമിക്കട്ടെ അദ്ദേഹത്തിന് അറിവുള്ളതാണെങ്കിലും. ഒരു ഓർമ്മപ്പെടുത്തൽ മാത്രമായി ഇതിനെ കണ്ടാൽ മതി. തികച്ചും ആപൽക്കരമായ അവസ്ഥയിലാണ് ഭാരതം എത്തിനിൽക്കുന്നത്. ആരെയാണ് ഇവിടെ പഴിക്കേണ്ടത് ? ജനങ്ങളെയോ ?  ജനങ്ങൾ എന്നും കഴുതകൾ ആയിരുന്നല്ലോ. ഇവിടെ പഴിക്കേണ്ടത് ഇടതുപക്ഷ രാഷ്ട്രീയത്തെ തന്നെ. ഏതാണ്ട് സ്വതന്ത്ര ഇന്ത്യയുടെ പഴക്കമുണ്ട് ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്. സ്വാതന്ത്ര്യത്തിനു ശേഷം ജവഹർലാൽ നെഹ്രുവിന്റെ നേതൃപാടവം കൊണ്ടും അഴിമതിയില്ലാത്ത ഭരണരീതി കൊണ്ടും ഭാരതം പുരോഗതിയുടെ പുത്തൻ മേഖലകളിലെത്തി. പ്രതിപക്ഷത്ത് ശക്തമായ ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള രണ്ടു ദശകങ്ങൾ സ്വതന്ത്ര ഭാരതത്തിന്റെ സുവർണകാലമെന്ന് വേണമെങ്കിൽ പറയാം. അറുപതുകളുടെ ആദ്യപകുതിയിലുണ്ടായ നെഹ്രുവിന്റെ മരണവും കോൺഗ്രസ്സിന്റെ ബലക്ഷയവും പ്രതിപക്ഷശക്തിയായ കമ്മ്യൂണിസ്റ്റ് കോട്ടയിലെ വിള്ളലും ഇന്ത്യയുടെ ക്ഷേമരാഷ്ട്രം എന്ന സങ്കൽപ്പത്തിന് മങ്ങലേൽപ്പിച്ചു. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങൾ വിഷസർപ്പങ്ങളായി ജനമനസ്സുകളിലൂടെ ഇഴയാൻ തുടങ്ങി. മണ്ണിലാണ്ടുകിടന്ന വർഗീയതയുടെ വിത്തുകൾ മുളപൊട്ടി വിഷമുള്ളുകൾ ആയി വളരാൻ തുടങ്ങി. അതോടെ ജനാധിപത്യ സംവിധാനം അഴിമതിയിലധിഷ്ഠിതമായ മറ്റൊരു ദിശയിലേക്ക്‌ തിരിഞ്ഞു. ബഹുഭൂരിപക്ഷം നിരക്ഷരരായ ഉത്തരേന്ത്യൻ ജനങ്ങളിൽ കമ്മ്യൂണൽ പൊളിറ്റിക്സിന്റെ വിത്തിട്ടാൽ അത് തഴച്ചുവളരുവാനുള്ള വളക്കൂറുള്ള മണ്ണാണ് ഇന്ത്യ എന്ന് ബിജെപി മനസ്സിലാക്കി. അവരുടെ കണക്കുകൾ തെറ്റിയില്ല. അദ്വാനി രാമക്ഷേത്രം എന്ന സങ്കൽപ്പത്തിലേക്ക് നിരക്ഷരരുടെ നെഞ്ചിലൂടെ രഥമുരുട്ടി ഇന്ദ്രപ്രസ്ഥത്തിലേക്ക് വഴിതെളിച്ചു.

മതേതര ഭാരതത്തിന്റെ ഹൃദയഭൂമിയിൽ ബിജെപി പാകിയ വർഗീയതയുടെ വിഷമുള്ളുകൾ  തഴച്ചുവളരുന്നത് കാണാതെ നാല് പതിറ്റാണ്ടുകൾ ഇന്ത്യയുടെ ഇടതുപക്ഷ പാർട്ടികൾ പ്രത്യേകിച്ചും മാർക്സിസ്റ്റു കമ്മ്യൂണിസ്റ്റ് പാർട്ടി എവിടെ ആയിരുന്നു ?  ത്രിപുരയും ബംഗാളും മാറി മാറി കേരളവും ഉണ്ടെന്ന അഹങ്കാരമല്ലായിരുന്നോ ? അധികാരത്തിന്റെ അകത്തളങ്ങളിലെ ചക്കരഭരണികൾ തുടർഭരണത്തിലൂടെ നക്കി സുഖിച്ചപ്പോൾ ശരാശരി ഭാരതീയന്റെ ആത്മാവിൽ ആശങ്കയുടെ അഗ്നി പടരുകയായിരുന്നു. ബിജെപി അവസരം മുതലാക്കുകയും ചെയ്തു. നിരക്ഷരരും ദരിദ്രരുമായ ജനങ്ങളുടെ ഭിക്ഷാപാത്രങ്ങളിലേക്ക് അവർ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങളിൽ വർഗീയതയുടെ വിഷം പുരണ്ടിട്ടുണ്ട് എന്ന് പാവം ജനങ്ങൾ അറിഞ്ഞില്ല.

''നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെയാകും പൈങ്കിളിയെ....'' എന്ന പ്രതീക്ഷയുടെ പാട്ട്‌ പഠിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി വടക്കേ ഇന്ത്യയിലെ നിരക്ഷരരെ അക്ഷരം പഠിപ്പിക്കാൻ എന്ത് ചെയ്തു ? 
1978 ഏപ്രിൽ 8 മുതൽ 14 വർഷം മാർക്സിസ്റ് ആചാര്യനും സൈദ്ധാന്തികനുമായിരുന്ന ഇ. എം. എസ്‌. നമ്പൂതിരിപ്പാട് മാർക്സിസ്റ്റു
പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്നു. 1979 ല്‍ പശ്ചിമബംഗാളിലെ സാൽക്കിയയിൽ
നടന്ന ഹൗറ പ്ലീനം കവർ ചെയ്യുവാൻ കേരളത്തിലെ ഒരു പ്രാദേശിക പത്രത്തിനുവേണ്ടി ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ഈ ലേഖകനും അവസരം ഉണ്ടായി. ഹൗറ പ്ലീനത്തിന്റെ അവസാന  പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി നമ്പൂതിരിപ്പാടിന്റെ പ്രസംഗത്തിലെ ശ്രദ്ധേയമായ ഒരു വാചകമിതാ - ''ഞാൻ സെക്രട്ടറി ആയിരിക്കുമ്പോൾ എന്റെ ആദ്യത്തെ ശ്രദ്ധ ഇന്ത്യയിലെ ഹിന്ദി സ്പീക്കിങ് ബെൽറ്റിലെ ജനങ്ങളുടെ ഇടയിൽ പുരോഗമന ആശയങ്ങളുമായി മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു മുഖപത്രം ഇറക്കുക എന്നതായിരിക്കും'' എന്നാൽ ഇന്നുവരെ ഒരു ബിറ്റ് നോട്ടീസ് പോലും അവിടങ്ങളിൽ ഇറങ്ങിയതായി ഈ ലേഖകന് അറിവില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ തൊണ്ണൂറുകളിൽ എൽ. കെ. അദ്വാനിക്ക് രാമന്റെ രഥമുരുട്ടാൻ ധൈര്യം ഉണ്ടാകയുമായിരുന്നില്ല എന്ന് വേണം വിശ്വസിക്കാൻ. ഈ അവസരത്തിൽ ഏഴാം ലോകസഭയിലെ (1980 - 84) കഷിനില ഒന്ന് പരിശോധിക്കാം. കോൺഗ്രസ്സ് 353
ജനതാ (S)     41
സിപിഎം      37
ജനതാ പാർട്ടി  31
ഡിഎംകെ       16
CPI                 10
Cong (S)         13
RSP                 4
ബിജെപി          2
ചെറു പാർട്ടികൾ 27

ബിജെപിക്ക് അന്ന് വെറും 2 എം പി
മാർ മാത്രമേ ഇന്ത്യൻ പാർലമെന്റിൽ
ഉണ്ടായിരുന്നുള്ളു. സിപിഎംന് 37 ഉം.
സിപിഎം അന്ന് അത്ര ചെറിയ പാർട്ടി
അല്ലായിരുന്നു.

ജനാധിപത്യത്തെ മുഖ്യധാരയിൽ നിന്ന് സൗകര്യപൂർവ്വം തള്ളിയകറ്റിയ വർത്തമാനകാല രാഷ്ട്രീയദുര്യോഗത്തിൽ, ഒരു സാംസ്കാരിക പരിവർത്തനമല്ലേ ഇവിടെ അഭികാമ്യം. അതിനു ജാടയും പേടിയുമായി ആരുടെയോ ഒക്കെ മാളങ്ങളിൽ മയങ്ങിക്കിടക്കുന്ന സാംസ്കാരിക നായകന്മാരെ ആദ്യം ഊതി ഉണർത്തുക. അവരുടെ വളഞ്ഞ നട്ടെല്ലുകൾ ഇടതിന്റെ ചെങ്കോലിനാൽ നിവരട്ടെ !  അത് ഒരു പടയൊരുക്കത്തിന്റെ പള്ളിയുണർത്തൽ ആകട്ടെ !!

 

Join WhatsApp News
K V Padman 2025-04-10 17:09:04
Well said.
(ഡോ.കെ) 2025-04-10 20:13:21
മധുരയുടെ വിപ്ലവവിഹായസ്സിൽ ഉദിച്ചുയർന്ന ചെന്താരകം ‘വി’ യിൽ ‘ പ്ലവ’മായി (വിപ്ലവം ) പിന്നാമ്പുറകഥകൾ യു ടുബിൽ കിടക്കുന്നുണ്ട്.കേരളം ഭ്രാന്താലയമെന്ന് വിവേകാനന്ദൻ ഒരിക്കലും പറഞ്ഞിട്ടില്ല. വിവേകാനന്ദൻ വരുന്ന സമയത്ത് കേരളമില്ല.അന്ന് വിവേകാനന്ദൻ ഏത് സ്ഥലത്തെ ചൂണ്ടി കാണിച്ചു കൊണ്ട് ഭ്രാന്താലയമെന്ന് പറഞ്ഞു,എന്തുകൊണ്ട് പറഞ്ഞു എന്നത് അക്ഷരസ്‌നേഹി അന്വേഷിച്ചു കണ്ടുപിടിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക.
josecheripuram@gmail.com 2025-04-11 00:07:35
The article shed light to the CPM party's history in Kerala and Bengal. It also shows the failure in other states, where the Party failed to root. Baby "Sakhave" has to learn the pulse of the Public to uplift the party's spirit. The party has swayed away from poor and average citizen, to gain the confidence back it's not an easy task. Mr; Paulose, you have given us a well narration of the situation.
ജെ. മാത്യു വാഴപ്പള്ളിൽ 2025-04-11 01:09:09
കമ്മ്യൂണിസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത് . കേരളത്തിൽ കമ്മ്യൂണിസം ഉണ്ട് എന്നാൽ കമ്മ്യൂണിസ്റ്കാരില്ല എന്ന സ്ഥിവിശേഷം ആണ് .മുതലാളിത്ത കമ്മ്യൂണിസമാണ് ഇപ്പോൾ ഉള്ളത് . പണ്ടത്തെ കമ്മ്യൂണിസ്റ്റുകാർ ഫാസിസത്തെ എതിർക്കുകയും സാധാരണകാർക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുമായിരുന്നു . എന്ന് അവർ ഫാസിസത്തിനും മതത്തിനും അടിമകളായി മാറി . നിലനിൽപിന് വേണ്ടി കമ്മ്യൂണിസ്റ്റ് ആദര്ശനങ്ങളെ അടിയുറ വെച്ച് മതാധിപത്യത്തിനു അടിമകൾ ആയി ജനാധിപത്യം ഇല്ലാതെ ആയി . പാവപെട്ട കമ്മ്യൂണിസ്റ്റുകാർ ഇപ്പോഴും പരിപ്പുവടയും കട്ടൻ കാപ്പിയും കുടിച്ചു ജീവിക്കുന്നുണ്ട് . നേതാക്കന്മാർ ബിരിയാണി തിന്നും ജീവിക്കുന്നു . നമ്മുടെ നാട്ടിൽ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ നാട് വിട്ട് വിദേശങ്ങളിൽ പോകുന്നതിന്റെ കാരണം എന്താണ് ? Mr .പൗലോസിന്റെ ആഗ്രഹം പോലെ ഇനി കമ്മ്യൂണിസ്റ്റുകാർ തിരിച്ചു വരുമെന്നത് ഒരു സ്വപ്‌നം മാത്രം ആകാനാണ് സാധ്യത .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക