Image

എഫ്ബി കല്യാണം ( കഥ : രമണി അമ്മാൾ )

Published on 10 April, 2025
എഫ്ബി കല്യാണം ( കഥ : രമണി അമ്മാൾ )

ഡിസംബറു ബാക്കിവെച്ച കുറച്ചു മഞ്ഞുവീഴ്ചയും
തണുപ്പുമൊക്കെ ജനുവരിയുടെ തുടക്ക നാളുകളിലുണ്ടെങ്കിലും
പകലുകളിൽ ഉഷ്ണം പുകയുകയാണ്.
ഇരുളാൻ തുടങ്ങിയാലും ആറിത്തണുക്കാത്ത സൂര്യകോപം..!
പകൽച്ചൂടിൽ പഴുത്തുകിടക്കുന്ന കോൺക്രീറ്റു വീടുകളിൽ  രാവേറിയാലും പങ്കകൾ വീശിയെറിയുന്നതു ചുടുകാറ്റും....!

രണ്ടാം ശനിയാഴ്ചയുടെ ആലസ്യം, അല്പംകൂടി കിടന്നുകളയാം..
ഫോണിലെ അലാറം ഓഫാക്കി തലവഴിയെ പുതപ്പുമൂടി ചുരുണ്ടു കിടന്നു..

അവധി ദിവസമാണെങ്കിലും വീട്ടിലെ അടുക്കളയുണരുന്നത് എന്നത്തെയുംപോലെതന്നെ..!
പാത്രങ്ങളുടെ തട്ടലുകളും മുട്ടലുകളും...
അമ്മ ആരോടാണാവോ  ഇത്ര രാവിലെ ഫോണിൽ..?
സത്യംപറഞ്ഞാൽ രാത്രി അസമയത്തും, നേരം വെളുത്തുവരുമ്പോഴുമുളള
ഫോൺവിളികൾ ശുഭകരമല്ലാത്തതു കേൾക്കാനാവരുതേയെന്നു പ്രാർത്ഥിക്കും..

സംസാരം വ്യക്തമല്ലെങ്കിലും ഫോണിലൂടെ എന്തോ കാര്യമായ കാര്യമാണ് സംസാരം..
ആരായിരിക്കും..?

"നേരം വെളുത്തു, നീ പിന്നേം കിടന്നുറങ്ങുവാണോ.?...."
തലവഴിമൂടിയ ഷീറ്റ് വലിച്ചുമാറ്റി..അമ്മ.
"നീയൊന്നെണീറ്റേ...
ഫെയ്സ് ബുക്കിലൂടെ പരിചപ്പെട്ട ഏതോ ഒരുത്തന്റെകൂടെ ഗോപിയണ്ണന്റെ മോളു ശിവാനി ഇറങ്ങിപ്പോയെന്ന്..!
ഇന്നലെ രാവിലെ  അമ്പലത്തിലേക്കെന്നു പറഞ്ഞു 
കുളിച്ചൊരുങ്ങി വീട്ടിൽ നിന്നിറങ്ങിയതാണുപോലും..
ഇന്ന്
കല്യാണവേഷത്തിൽ  അവനോടൊപ്പം
നില്ക്കുന്ന ഫോട്ടോകൾ,  അവളുടെ  ഫെയ്സുബുക്കിലുണ്ടെന്ന്ഇപ്പോൾ വിമല വിളിച്ചു പറഞ്ഞു.
നീയാ ഫെയ്സ് ബുക്ക് ഒന്നെടുത്തേ.."

ഷൈലജേടെ സഹോദരന്റെ മകളാണു ശിവാനി…ശിവാനിക്കിളയവൾ ശ്രീനന്ദ.
ഇരട്ടകളാണെന്നുതോന്നും ഒരുമിച്ചുകണ്ടാൽ... പക്ഷേ അവരുതമ്മിൽ ഒന്നരവയസ്സിന്റെ വ്യത്യാസമുണ്ട്..
ഫിഷറീസ് വകുപ്പിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയ തുകകൊണ്ട്  രണ്ടുപേരുടേയും കല്യാണം ഒരുമിച്ചോ, അല്ലാതെയോ നടത്താനുളള തിടുക്കത്തിലായിരുന്നു ഗോപിനാഥൻ..
അതിനിടയിലാണീ ഒളിച്ചോട്ടം....!
ഇന്നലെ ഒളിച്ചോടിപ്പോയി ഇന്നലെത്തന്നെ കല്യാണവും നടത്തിയോ..? 
കല്യാണത്തിനു കരുതിവെച്ച ആഭരണങ്ങൾ എടുത്തുകൊണ്ടാണോ പോയത്?
പട്ടുസാരിയുടുത്ത്, ആഭരണങ്ങളൊക്കെയിട്ട്ഭർത്താവിനോടു ചേർന്നുനില്ക്കുന്ന ശിവാനിയുടെ
ഫോട്ടോകൾ...!
" ഈ ചേട്ടനെ കാണാൻ സുന്ദരനാണല്ലോ..?.
രണ്ടുപേരുംകൂടി നല്ല ചേർച്ച."
"അല്ലാ..നിനക്കിവരുടെ ബന്ധത്തെക്കുറിച്ച്  നേരത്തെ അറിയാമായിരുന്നോ?"
അറിയാമായിരുന്നുവെന്നതാണ് നേര്.. പക്ഷേ...പറഞ്ഞുകൂടല്ലോ..
"ഇല്ല.." 
മാമനും കുടുംബവുമങ്ങു കോഴിക്കോടായതു ഭാഗ്യം..
അങ്ങോട്ടേക്ക് എടുപിടീന്ന് ചാടിത്തുളളിപ്പോകാൻ അമ്മയ്ക്കു കഴിയില്ല. നേരത്തോടുനേരമുണ്ട് ട്രെയിൻ യാത്ര..!
പാടത്തിനക്കരെ കുന്നിന്റെ നെറുകയിലേക്ക് പൊങ്ങിവരുന്നുണ്ട് ചുവന്ന സൂര്യൻ. 
പത്രമെടുക്കാൻ  പുറത്തിറങ്ങിയപ്പോൾ
താഴത്തെ വീട്ടിലെ  ആന്റി നടക്കാൻപോയിട്ടു വരുന്നു.. 
"ഇനി ശിവരാത്രി കഴിഞ്ഞേ മഴയൊളളായിരിക്കും.
അല്ലേ മോളേ.." 
"അതേന്നാ തോന്നണത്."
മഴയെക്കുറിച്ചും,  ചൂടിനെക്കുറിച്ചുമല്ലാതെ കുശലംപറയാൻ മറ്റെന്തു വിഷയം..?

"ചേട്ടനെന്താ ശിവാനീടെ കല്യാണം ഞങ്ങളോടു പറയാതെ രഹസ്യമായി
നടത്തിയത്..?
ഫെയ്സ്ബുക്കിൽ  കല്യാണഫോട്ടോ കണ്ടുവേണോ ഞങ്ങളറിയാൻ..?" 
ഫോണിലൂടെയാണെങ്കിലും അമ്മ ഉച്ചത്തിലേ സംസാരിക്കൂ..
"അവൾടെ തന്തയും തളളയുമായ ഞങ്ങളുപോലും അറിഞ്ഞില്ല.. പിന്നാ നീയ്..
അമ്പലത്തിലേക്കെന്നു പറഞ്ഞു പോയവൾ വരാൻ വൈകുന്നതുകണ്ടു ഫോണിൽ വിളിച്ചപ്പോൾ, കൂട്ടുകാരിയോടൊപ്പം  അത്യാവശ്യമായി എവിടേയ്ക്കോ പൊയ്ക്കൊണ്ടിരിക്കുവാണെന്നു പറഞ്ഞു.
എന്തിനുപോകുന്നു,? ആരെക്കാണാൻ പോകുന്നു,..?
പറഞ്ഞിട്ടു പൊയ്ക്കൂടാരുന്നോ.?
ഇത്യാദി ചോദ്യങ്ങൾ മനസ്സിൽ കുരുങ്ങിയതേയുളളൂ.അടുത്ത ക്ഷണം അവളുടെ ഫോൺ സ്വിച്ചോഫ്..!
എഫ്ബിയിൽ ഫോട്ടോ കണ്ടെന്ന് വിമലതന്നെയാ  ഞങ്ങളോടും പറഞ്ഞത്...
അവളുടെ കൂടെ ആ ഫോട്ടോയിൽ നില്ക്കുന്നവനെക്കുറിച്ച് ഞങ്ങൾക്ക് ഒരറിവുമില്ല.
ചേച്ചിയും അനിയത്തിയും കൂട്ടുകാരികളെപ്പോലെയല്ലായിരുന്നോ. എന്നിട്ടും ഇങ്ങനെയൊരു റിലേഷൻഷിപ്പുണ്ടായിരുന്നത് അനിയത്തി അറിഞ്ഞില്ലാന്ന്.!.
ഒരു നല്ല ആലോചനവന്നത്ഏതാണ്ടുറപ്പിച്ച പോലായിരുന്നു.    
ഒരിഷ്ടക്കേടും  അവളു കാണിച്ചുമില്ല, പറഞ്ഞുമില്ല. "
"അതെങ്ങനെയാ ചേട്ടന്റെ പരുക്കൻസ്വഭാവംവച്ച്....?
കുറ്റം കണ്ടുപിടിക്കാനും
ശകാരിക്കാനും മാത്രമല്ലേ ചേട്ടൻ വായതുറക്കൂ.. പേടിച്ചാവും.. പറയാഞ്ഞത്..
ഇനിയിപ്പോൾ ചെയ്യാനൊരു വഴിയേയുളളൂ..
കൂടുതലാൾക്കാർ അറിഞ്ഞു തുടങ്ങുന്നേനുമുമ്പ് രണ്ടിനേംകൂടി വിളിച്ചുകൊണ്ടുവന്ന് നാലുപേരറിയെ കല്യാണം നടത്തിക്കൊടുക്ക്..
അവൾക്കുതാഴെ ഒരെണ്ണം കൂടിയുളളതല്ലേ.."

ഫോൺ കട്ടായതോ?കട്ടാക്കിയതോ..? സംസാരം നിലച്ചിരിക്കുന്നു.

"വിദ്യാഭ്യാസവും വിവരവുമൊക്കെയുളള പെമ്പിള്ളേര് ഇങ്ങനെയൊക്കെ തുടങ്ങിയാൽ
പാവം മാതാപിതാക്കളെന്നാ ചെയ്യാനാ...?പത്തിരുപത്തിയാറു വയസ്സുവരെ ചൊല്ലും ചോറും കൊടുത്തു പൊന്നുപോലെ  വളർത്തിയവരെ വിട്ട് ഇന്നലെക്കണ്ട ഒരുത്തന്റെ
കൂടെ ഇറങ്ങിപ്പോയിരിക്കുന്നു..
ഞാനാണെങ്കിൽ പോയവഴിയെ പോകട്ടേന്നു വിചാരിക്കും..
അണ്ണൻ പോയി വളിച്ചുകൊണ്ടുവരും, അതെനിക്കുറപ്പാ.."
ഈ അമ്മയ്ക്ക് എത്ര മുഖങ്ങളാ..?
നാട്ടുകാരറിഞ്ഞു തുടങ്ങുന്നതിനുമുമ്പ് രണ്ടിനേം സ്നേഹത്തോടെ വിളിച്ചു കൊണ്ടുവരണമെന്നു
പറഞ്ഞ് ഫോൺവച്ചതേയുളളൂ..
"അമ്മയെ സമ്മതിച്ചിരിക്കുന്നു…ഈ നിറംമാറ്റം..ഒരു വല്ലാത്ത കഴിവാണു കേട്ടോ..."
"നീ പോടീ.."
താനതല്ല ചിന്തിച്ചത്.. 
വിദൂരഭാവിയിൽ ഒരു ഒളിച്ചോട്ടം
തനിക്കും അനിവാര്യമായേക്കും..
ജാതി വേറെ, മതംവേറെ,
ഭാഷയും വേറെ..! 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക