സംസാരസാഗര തിരകൾ മുറിച്ചൊരു
സാഗരകന്യക വന്നു
അവൾക്ക് പാർക്കാൻ അറബികടലന്നിത്തിരി
ഭൂമി ദാനം നൽകി
അവൾക്ക് വരവേൽപ്പാനായെങ്ങും
നിരന്നുനിന്നു അഭൗമഭംഗി
തെങ്ങോലകളുടെ മുത്തുക്കുടയും
പൂഞ്ചോലകളുടെ പാദസരവും
വയലേലകളുടെ സമൃദ്ധികതിരും
പാടാനെത്തും പൂങ്കുയിലിണയും
പച്ചപ്പട്ടും ചുറ്റി ചുറ്റും
കാവൽനിൽക്കും കുന്നിൻനിരയും
മഴയും മഞ്ഞും മകരനിലാവും
താരും തളിരും പൂമ്പാറ്റകളും
കായൽതീരം പുൽകും നുരയും
വെന്മേഘത്തിൻ മന്ദസ്മിതവും
മഴവില്ലൊന്നു പിടിച്ചു കുലുക്കാൻ
മണ്ണിൽ ചുറ്റും മന്ദാനിലനും
സ്വപ്നങ്ങളങ്ങനെ മായാലോകം
തീർക്കേ, ഞൊടിയിൽ കന്യക കേട്ടു
യക്ഷിപ്പാലകൾ പൂക്കും കാവിൽ
തിറയാട്ടത്തിൻ കൊട്ടും പാട്ടും
മനുഷ്യഗന്ധം വരവായ് മണ്ണിൽ
ദുഃഖം കരിനിഴലാകുകയായി
പൂണുലിട്ട, കൊന്തയണിഞ്ഞ
തൊപ്പി ധരിച്ചവർ തമ്മിലിടഞ്ഞു
എന്നെ തിരികെ വിളിക്കു
കന്യക ഇപ്പോൾ കേണീടുന്നു
ശുഭം