Image

വിഷു നിലാവിൽ വിരഹ കേരളം (കവിത: ജയൻ വർഗീസ്)

Published on 10 April, 2025
വിഷു നിലാവിൽ വിരഹ കേരളം (കവിത: ജയൻ വർഗീസ്)

ഒരു വശത്തുംഗ

ഗിരി നിരാ ജാലവും

മറുവശത്തലയാഴി

തൻ സംഗവും

മര നിരകളിൽ

തത്തയും മൈനയും

കുറുകി നേദിച്ച

സുപ്രഭാതങ്ങളും

 

ഇവിടെയുണ്ടെന്റെ

കേരളം മകരന്ദ

കുളിരു കോരുന്ന

മഞ്ഞും വിഷുക്കിളി

പുളക രാവിന്റെ

സംഗീത സാന്ദ്രമാം

കവിതയൂറുന്ന

മാമ്പൂ മണങ്ങളും

 

തഴുകി സ്നേഹാർദ്ര

ബന്ധുര സുസ്മിത

പ്പുളക ജീവിത

പ്പൂക്കള ഭംഗിയും,

ഒരു കവി വാക്യ

ഗരിമയിൽ ദൈവത്തിൻ

അരുമ നാടിതു

സർവ്വ ലോകത്തിനും !

 

മധു പുരണ്ടൊരാ

കോരകപ്പുല്ലിനെ

മതി മറന്നു നാ -

വാർത്തിയാൽ നക്കിയ

ശര നിപജ്ഞതാ

മുറിവിൽ നിന്നൊഴുകിയ  

നിണമണിഞ്ഞതോ

വർത്തമാനപ്പുഴ ?

 

കപട നായകർ

കയ്യേറി നിർമ്മലാ

മുനി കുമാരികാ

കന്യകാ  മുത്തിനെ

വിഷ വിസർജ്ജന

ലഹരി ദംഷ്ട്രങ്ങളാൽ

നിണമണിയിച്ച  

കാല പ്രവാഹമേ,

 

ഒരു മതത്തിനും

നീതിശാസ്ത്രത്തിനും

പരിണയിക്കുവാൻ

വേണ്ടായെന്നാകിലും

തെരുവിൽ വിൽക്കുന്ന

പെൺ ശരീരങ്ങളായ്

വിടുകയില്ലെന്റെ

തങ്കക്കുടത്തിനെ !

 

വരിക, കാലവും

കണ്വാശ്രമങ്ങളും

തഴുകി വാഴിച്ചൊ -

രോമൽത്തിടമ്പിനെ

പെരു വഴിയിലെ

യോടയിൽ  തള്ളുമീ

കലിയുഗത്തിന്റെ

കണ്ണുകൾ കുത്തുവാൻ.

 

അകലെ നീലച്ച

മല നിരകളിൽ

കിരണ താലത്തിൽ

പൂവും പ്രസാദവും

വരിക സുന്ദരീ -

യരികിൽ മൽ ജിവിത -

പ്പകുതി പങ്കിടാനീ

സ്വർഗ്ഗ വേദിയിൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക