വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിൻറെ പിറ്റേ ദിവസം തന്നെ ആർ. എസ്. എസ് മുഖപത്രമായ "ഓർഗനൈസർ" പ്രസിദ്ധീകരിച്ച ലേഖനത്തിൽ, കത്തോലിക്കാ സഭയുമായി താരതമ്യം ചെയ്യുമ്പോൾ വഖഫ് ഭൂമി നിസ്സരമാണെന്നും, ഭാരത സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്നത് കത്തോലിക്ക സഭയാണെന്നുള്ള പരാമർശം അത്രക്കു "നിഷ്കളങ്കമാണെന്നു" പ്രഥമദൃഷ്ട്യാ തോന്നുന്നില്ല. എന്നാൽ രാഷ്ട്രീയമായി മുനമ്പത്തു കിട്ടിയ "മുൻതൂക്കം" നഷ്ടപ്പെടുമെന്നുള്ള ആരുടെയോ ഉപദേശപ്രകാരം, വെബ് സൈറ്റിൽ നിന്നും ലേഖനം പിൻവലിച്ചെങ്കിലും, അത് "എഴുതിയവരുടെ" മനസ്സിൽ നിന്നും മായ്ച്ചുകളയാൻ കഴിയില്ലല്ലോ ? 2012 ൽ എഴുതിയ ലേഖനമാണെന്നും "അബദ്ധത്തിൽ" പ്രസിദ്ധീകരിച്ചതാണെന്നുള്ള ന്യായീകരണം ഉടനെ തന്നെ വന്നു. അപ്പോൾ 2012 മുതലേ, ആർ. എസ്. എസിൻറെ ചിന്തയിൽ ഈ വിഷയമുണ്ടെന്നു അനുമാനിക്കാം. ആർ. എസ്. എസ് പോലെ കേഡർ സ്വഭാവമുള്ള ഒരു സംഘടനയുടെ മുഖപത്രത്തിൽ യാതൊരു അവധാവനയും കൂടാതെ ഇത്തരത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുമെന്നു കരുതാൻ കഴിയുമോ?
വഖഫ് ആക്റ്റിന്റെ "ചിറകുകൾ" അരിയണമെന്ന് ഇൻഡ്യയിലെ ക്രിസ്ത്യാനികളോ പ്രത്യേകിച്ച് കത്തോലിക്ക സഭയോ ആവശ്യപ്പെട്ടില്ല. എന്നാൽ വഖഫ് ആക്ടിലെ ചില കാലഹരണപ്പെട്ട വകുപ്പുകളിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരണമെന്ന്, മുനമ്പം നിവാസികൾ ഉൾപ്പെടെ അത്തരം വകുപ്പുകളുടെ ഇരകളായായി, സ്വന്തം കിടപ്പാടംപ്പോലും നഷ്ട്ടപ്പെടുമെന്നുള്ളവർ ആവശ്യപ്പെട്ടിരുന്നു. അത് തികച്ചും ന്യായവുമാണ്. പണം കൊടുത്തു ഭൂമി വാങ്ങി, തലമുറകളായി താമസിക്കുന്നവർക്ക് "വഖഫ്" എന്ന് പറഞ്ഞു ഒരു നിമിഷംകൊണ്ട് എല്ലാം നഷ്ടപ്പെടുമെന്ന അവസ്ഥ ഒരു ജനാധിപത്യ രാജ്യത്തു ഭൂഷണമല്ലല്ലോ.
ഇൻഡ്യയുടെ ഭരണഘടന മത ന്യൂനപക്ഷങ്ങൾക്കു ചില പ്രത്യേക പരിഗണകൾ നൽകുന്നുണ്ട്. അത് അവരുടെ നിലനിൽപ്പിനു വേണ്ടിയാണ്. ഇൻഡ്യയിൽ മുസ്ലിം സമുദായം ഏതാണ്ട് പതിനഞ്ചു ശതമാനത്തോളും വരും. ക്രിസ്‌ത്യാനികൾ എല്ലാവരും ചേർന്ന് വെറും രണ്ടു ശതമാനം മാത്രമാണുള്ളത്. ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് എൻപതു ശതമാനത്തോളും വരും. അതുപോലെ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടാനായതു, ആകെ പോൾ ചെയ്‌തതിന്റെ മുപ്പത്തേഴു ശതമാനം വോട്ടാണ്. കോൺഗ്രസിന് ഇരുപത്തൊന്നു ശതമാനം വോട്ടും കിട്ടി. എന്നാൽ ബിജെപിക്ക് ചില നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശരാശരി നാൽപ്പതു ശതമാനം വോട്ടു നേടാനായി. പക്ഷെ കേരളത്തിൽ പതിനാറു ശതമാനവും തമിഴ്‌നാട്ടിൽ പതിനൊന്നു ശതമാനമേ നേടാനുമായുള്ളൂ. അതായതു സൗത്ത് ഇൻഡ്യ, ബിജെപിക്ക് ഇപ്പോഴും ഒരു ബാലികേറാമലതന്നെയാണ്.
ബിജെപിക്കു നോർത്ത് ഇന്ത്യയിലെ വോട്ടുശതമാനം നിലനിർത്തണമെങ്കിൽ, അവിടെ ഹിന്ദു വർഗീയത പറയുക തന്നെ വേണം. ഹിന്ദുവിശ്വാസികൾ പൊതുവേ എല്ലാവരേയും ഉൾക്കൊള്ളുന്ന, വളരെയേറെ സഹിഷ്ണുതയുള്ള ജന വിഭാഗമാണ്. എന്നാൽ എല്ലാവിഭാങ്ങളിലെന്നപോലെ, വിശ്വ ഹിന്ദു പരിഷിത്, ബജ്രങ് ദൾ തുടങ്ങി ചില തീവ്ര വിഭാഗങ്ങളുമുണ്ട്. പലപ്പോഴും ഇവർ ന്യുനപക്ഷങ്ങൾക്കു നേരെ നടത്തുന്ന അക്രമങ്ങളെ, ബിജെപിക്ക് ന്യായീകരിക്കേണ്ടതായോ, അതല്ലങ്കിൽ ഈ അക്രമങ്ങൾക്കു നേരെ കണ്ണടക്കേണ്ടതായോ വരുന്നു. കാരണം, ഈ വിഭാഗങ്ങൾ ബിജെപിയുടെ "ഫിക്സഡ് ഡിപ്പോസിറ്റ്" വോട്ടുകളാണ്. നോർത്ത് ഇന്ത്യയിലെ ബിജെപിയുടെ ജൈത്ര യാത്രയുടെ പിന്നിലും ഇത്തരം ശക്തികളുടെ പിൻബലമാണുള്ളത്. അതുകൊണ്ടു ഒരു കാരണവശാലും ബിജെപി സർക്കാരുകൾ അവർക്കെതിരെ ശക്തമായ ഒരു നടപടിയും സ്വീകരിക്കില്ല.
ബിജെപി, ക്രിസ്ത്യൻ സ്നേഹം കേരളത്തിൽ പറയുമ്പോഴും, നോർത്തത് ഇൻഡ്യയിൽ വൈദികരും, കന്യാസ്ത്രീകളും, അല്മമായരുമൊക്കെ സ്‌ഥിരമായി ആക്രമിക്കപ്പെടുന്നു. തിരിച്ചിടയ്ക്കാത്തവരെ മർദ്ദിദ്ധിക്കുക വളരെ എളുപ്പമാണല്ലോ !! കേരളത്തിൽ ക്രിസ്ത്യാനികളെ, പ്രത്യേകിച്ച് മുനമ്പംകാരെ ബിജെപി "നെഞ്ചോടു" ചേർത്തുനിർത്തിയ ദിവസംതന്നെയാണ്, മധ്യപ്രദേശിലെ ജബൽപ്പൂരിൽ വലിയ നോമ്പിന്റെ ഭാഗമായി തീർഥാടനം നടത്തിക്കൊണ്ടിരുന്ന അൻപതോളും വരുന്ന, സ്ത്രീകളും കുട്ടികളും അടങ്ങിയ കത്തോലിക്കരെ, ബജ്രങ് ദൾ പ്രവർത്തകർ ആക്രമിച്ചത്!! അതിനു പരാതിപറയാൻ പോലീസ് സ്റ്റേഷനിൽ ചെന്ന ഫാ. ഡേവിഡ് ജോർജ്, ഫാ. ജോർജ് തോമസ് എന്നീ മലയാളികളായ കത്തോലിക്ക വൈദികരെ പോലിസിന്റെ മുന്നിലിട്ടും മർദ്ദിച്ചു. വിവിധ ഇടങ്ങളിൽ നിന്നും സമ്മർദ്ദമുണ്ടായപ്പോൾ, പേരറിയാത്ത, കണ്ടാൽ തിരിച്ചറിയൻ സാധിക്കാത്ത രണ്ടോ മൂന്നോ പേർക്കെതിരെ കേസെടുത്തു. അത്രയേയുള്ളൂ ശിക്ഷ!!! അന്നേദിവസം തന്നെ ഒഡീസയിലും മലയാളിയായ ഫാ. ജോഷി ജോർജും ആക്രമിക്കപ്പെട്ടു. ഇതൊരു തുടർക്കഥയാണ്. കഴിഞ്ഞവർഷം മാത്രം എണ്ണൂറിലധികം അക്രമങ്ങളാണ് ക്രിസ്ത്യാനികൾക്ക് നേരെ ഇന്ത്യയിൽ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ഏതെങ്കിലും കേസിൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ടോ എന്ന് ചോദിക്കേണ്ട കാര്യംപോലുമില്ല!!.
മുസ്ലിം സമുദായത്തിൽ, ചെറിയ ന്യുനപക്ഷമാണെങ്കിൽ കൂടി, ഉണ്ടായിട്ടുള്ള തീവ്രവാദ പ്രവണതകൾ , ആ സമുദായത്തിൻറെ തന്നെ സൽപ്പേരിനു വളരെ കളങ്കമുണ്ടാക്കിയിട്ടുണ്ട്. അത് അവർ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. പക്ഷെ ഇത് മുതലാക്കാൻ പലരും നന്നായി ശ്രമിക്കുന്നുണ്ട്.
കേരളത്തിൽ കളം പിടിക്കാൻ വേണ്ടി ബിജെപി പല പ്രീണനങ്ങളും നടത്തും. മുസ്ലിം സമുദായം, ബിജെപിയുമായി ഒരിക്കലൂം സന്ധിചെയ്യാത്തതുകൊണ്ടു ക്രിസ്ത്യാനികളുമായി കൂടുതൽ അടുക്കുവാൻ അവർ ശ്രമിക്കും. കേരളത്തിൽ ബിജെപിയുടെ വോട്ടു ശതമാനം കൂട്ടാനുള്ള ഒരു ശ്രമമാണത്. അവരുടെ വിജയത്തിന് ക്രിസ്ത്യാനികളുടെ വോട്ടു ഒരു പ്രധാന ഘടകമല്ലായെന്നുവരുമ്പോൾ, ഉത്തരേന്ത്യയിലെന്ന പോലെ ഇവിടെയും, നമ്മൾ വെറും ഇരകൾ മാത്രമാകും.
ഈ അവസരത്തിൽ, നാസികളെപ്പറ്റി ദൈവശാസ്ത്ര പണ്ഡിതനായ ഫ്രഡ്രിച് മാർട്ടിൻ നിമോള്ളർ പറഞ്ഞ വാക്കുകൾ ഇപ്പോഴും പ്രസക്തമാണ്.
(ദൈവശാസ്ത്ര പണ്ഡിതനും, ലുഥേറൺ സഭയുടെ പാസ്റ്ററും ആയിരുന്ന മാർട്ടിൻ നിമോള്ളർ, അഡോഫ് ഹിറ്റ്ലറെ ജർമനിയിൽ അധികാരത്തിൽ കൊണ്ടുവരുവാൻ മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിയാണ്, എന്നാൽ അധികാരത്തിൽ വന്നപ്പോൾ ഹിറ്റ്ലറുടെ സ്വഭാവം മാറി. ലക്ഷകണക്കിന് നിരപരാധികളെ കൊന്നൊടുക്കി. ലോകം കണ്ട ഏറ്റവും വലിയ നരഹത്യ. മാർട്ടിൻ നിമോള്ളരിനെ പോലുള്ളവർ ഹിറ്റ്ലർക്ക് എതിരായി മാറി. പിന്നീട് മാർട്ടിൻ നിമോള്ളർ "നാസി'കളെ കുറിച്ച് എഴുതിയ വാക്കുകൾ വളരെ പ്രസിദ്ധമാണ്.)
"ആദ്യം അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു; ഞാൻ പ്രതികരിച്ചില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ലായിരുന്നു.
പിന്നെ അവർ തൊഴിലാളികളെ തേടിവന്നു; ഞാൻ പ്രതികരിച്ചില്ല, കാരണം ഞാനൊരു തൊഴിലാളി ആയിരുന്നില്ല
പിന്നീടവർ ജൂതൻമാരെ തേടിവന്നു ; അപ്പോഴും ഞാൻ പ്രതികരിച്ചില്ല; കാരണം ഞാനൊരു ജൂതൻ ആയിരുന്നില്ല
അവസാനം അവർ എന്നെ തേടിവന്നു ; അപ്പോൾ എനിക്കുവേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിരുന്നില്ല !!!