കുന്നിനു മുകളിലുള്ള ദേവാലയത്തിന്റെ പടിഞ്ഞാറുവശത്തെ വിശാലമായ മുറ്റത്തു നിന്നുകൊണ്ടു വികാരിയച്ചൻ താഴേക്കു നോക്കി. നീണ്ടു കിടക്കുന്ന കൽപ്പടവുകൾ ചവുട്ടി രണ്ടു ചെറുപ്പക്കാർ കയറിവരുന്നു. ആ മുറ്റത്തു നിന്നു നോക്കിയാൽ ചുറ്റും മനോഹരമായ ഭൂപ്രകൃതിയാണ്. അനേക മൈൽ ചുറ്റളവിൽ വിശാലമായ റബർ തോട്ടങ്ങളും തെങ്ങിൻ തോപ്പുകളും നെൽപ്പാടങ്ങളും ചെറിയ കുന്നുകളും അതിനിടയിൽ കൂടി ഒഴുകുന്ന പുഴയും. വീശിയടിക്കുന്ന ഇളംകാറ്റിനു സ്വാന്തനത്തിന്റെ സ്പർശമുള്ളതുകൊണ്ടു മനസ്സ് എത്ര പ്രക്ഷുബ്‌ധമായാലും അവിടെയിരുന്നാൽ നല്ല കുളിർമയാണ്. ചെറുപ്പക്കാർ അച്ചന്റെ അടുത്തേക്ക് വന്നു.
"എന്റെ പേര് ബെന്നി. എന്റെ പേര് സാബു." ചെറുപ്പക്കാർ സ്വയം പരിചയപ്പെടുത്തി.
"വരൂ, ഇരിക്കൂ." ചുറ്റുമതിലിനടുത്തായി പണിതിട്ടിരിക്കുന്ന ഒരു ബഞ്ചിൽ ഇരിക്കാൻ അച്ചൻ ആംഗ്യം കാണിച്ചു.
"അച്ചനോട് ഒരു കാര്യം സംസാരിക്കാനാണ് ഞങ്ങൾ വന്നത്."
"പറയൂ. ഞാൻ എന്താണ് ചെയ്യേണ്ടത്?"
"ഞങ്ങളുടെ പിതാവ് മരിച്ചിട്ട് നാളെ ഏഴു വർഷം തികയുകയാണ്. അതുകൊണ്ടു നാളെ അപ്പന്റെ കല്ലറയയിൽ ധൂപം അർപ്പിച്ചു പ്രാർത്ഥിക്കണം."
"അതിനെന്താ, നാളെ രാവിലെ കുർബ്ബാനയുണ്ട്. അതുകഴിഞ്ഞാലുടൻ ധൂപപ്രാർത്ഥനയും നടത്താം. ആവട്ടെ, ആരാണ് നിങ്ങളുടെ പിതാവ്?"
"തെങ്ങുംതോപ്പിൽ പൈലി!"
"അയ്യോ, പൈലിച്ചേട്ടനോ?"
"അതെന്താ അച്ചാ, പെട്ടെന്നൊരു ശബ്‌ദ വ്യത്യാസം?"
"മക്കളേ, കാര്യം ശരിയാണ് സെമിത്തേരിയിൽ ഉയർന്നു നിൽക്കുന്ന മനോഹരമായ കല്ലറയാണ് പൈലിച്ചേട്ടന്റെത്. പക്ഷേ, പൈലിച്ചേട്ടൻ മരിച്ചെന്നെന്താണുറപ്പ്?"
"എന്താണച്ചാ, ഇങ്ങനെയൊക്കെ പറയുന്നത്? കഴിഞ്ഞ ഏഴു വർഷമായി ആൾ പിന്നെ മരിക്കാതിരിക്കയാണോ?"
"പൈലിച്ചേട്ടൻ മരിച്ചിട്ട് നിങ്ങൾ ആദ്യമാണല്ലോ വരുന്നത്."
"അതെ. അച്ചാ, ഞങ്ങൾ അമേരിക്കയിലാണ്. ഭാര്യയ്ക്കും മക്കൾക്കുമൊക്കെ സൗകര്യം ഒത്തുവരണ്ടേ? പിന്നെ, എല്ലാവർക്കും കൂടി വരണമെങ്കിൽ വളരെ പണച്ചെലവില്ലേ!"
"എന്തൊക്കെയായാലും കല്ലറയ്ക്കുള്ളിൽ ശവശരീരം അടക്കം ചെയ്തിട്ടില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ധൂപം അർപ്പിച്ച് ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നത്?"
"അച്ചൻ എല്ലാ കാര്യങ്ങളും അറിയുന്ന ആളല്ലേ? പിന്നെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?"
അച്ചൻ അൽപ്പനേരം ആലോചിച്ചിരുന്നു.
"നിങ്ങൾ പോയിട്ട് നാളെ വരൂ. ഏതായാലും രാവിലെ കുർബ്ബാനയുണ്ടല്ലോ."
"ശരി. അങ്ങനെയാവട്ടെ." ചെറുപ്പക്കാർ പടിയിറങ്ങി.
അച്ചൻ എഴുന്നേറ്റ് മതിലിനോടു ചേർന്നു നിന്ന് വടക്കുവശത്തുള്ള സെമിത്തേരിയിലേക്കു നോക്കി. വളരെയധികം കല്ലറകളുണ്ടെങ്കിലും കൂട്ടത്തിൽ മനോഹരമായി ഉയർന്നു നിൽക്കുന്നത് പൈലിച്ചേട്ടൻറെ കല്ലറ തന്നെയാണ്. പൂർണ്ണമായും ഗ്രാനൈറ്റിൽ പണി കഴിപ്പിച്ചിരിക്കുന്ന കല്ലറയുടെ മുൻഭാഗം ഒരു മിനി ദേവാലയത്തിന്റെ പ്രവേശനകവാടത്തിന്റെ മാതൃകയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പൈലിച്ചേട്ടന്റെ ആഗ്രഹമായിരുന്നു മനോഹരമായ ഒരു കല്ലറയിൽ അന്തിയുറങ്ങണമെന്ന്. രണ്ട് ആൺ മക്കളും മൂന്നു പെൺമക്കളുമാണ്. എല്ലാവരും വിദേശത്തു കുടുംബമായി കഴിയുന്നു.
പൈലിച്ചേട്ടന്റെ എൺപത്തിനാലാം ജന്മദിനം ശതാഭിഷേകമായി എല്ലാ മക്കളും കൂടി വന്ന് ആഘോഷമായി നടത്തി മടങ്ങി. അതുകഴിഞ്ഞപ്പോഴാണ് പൈലിച്ചേട്ടന് താൻ അന്ത്യ വിശ്രമം കൊള്ളേണ്ട കല്ലറ താൻ തന്നെ പണിയുന്നതായിരിക്കും നല്ലത് എന്ന് തോന്നിയത്. ഭാര്യ വളരെ വർഷൾക്കു മുൻപേ മരിച്ചു പോയതുകൊണ്ട് ഒറ്റയ്ക്കായിരുന്നു താമസം.
കല്ലറ പണിതതിനു ശേഷം പലപ്പോഴും പൈലിച്ചേട്ടൻ പള്ളിമുറ്റത്ത് വന്നു സെമിത്തേരിയിലെ കല്ലറയിലേക്കു നോക്കി ദീർഘനേരം ഇരിക്കും. പലപ്പോഴും പൈലിച്ചേട്ടനുമായി അച്ചൻ സംഭാഷണത്തിലേർപ്പെടാറുണ്ട്. പൈലിച്ചേട്ടന് രണ്ടുനില വീടാണുള്ളതെങ്കിലും അതിലെ വാസം ഒട്ടും സമാധാനം നൽകുന്നില്ലെന്നു മിക്കവാറും പറയാറുണ്ട്. ഒറ്റയ്ക്കൊരു വലിയ വീട്ടിൽ! വലിയ മതിലും അതിനേക്കാൾ ഉയരമുള്ള ഗേറ്റും! അയൽക്കാരുമായി യാതൊരു ബന്ധവുമില്ല.
കുറെ ഏക്കർ റബ്ബർ വെട്ടാനുള്ളതു കൊണ്ട് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ല. മക്കൾ അവധിക്കു വരുമ്പോഴും അയലത്തെ ഒരു വീട്ടിലും പോകാറില്ല. വീട്ടിൽ അത്യാവശ്യം പണിയൊക്കെ ചെയ്യാൻ വേലക്കാരുണ്ട്. വീട്ടിലും പറമ്പിലും പണിക്കു വരുന്നവരൊക്കെ സന്ധ്യയാകുമ്പോൾ തിരിച്ചു പോകും. രാത്രിയിൽ പൈലിച്ചേട്ടൻ തനിച്ചാണ്. വീട്ടുകാവലിന് ഒരു നായയുണ്ട്. അതിന് മുറ്റത്തിന്റെ ഒരു വശത്തായി ഒരു കൂട് പണിതുകൊടുത്തിട്ടുണ്ട്. പറമ്പിൽ എന്തെങ്കിലും ഒരനക്കം കേട്ടാൽ മതി അവൻ കുരയ്ക്കും. അപ്പോൾ പൈലിച്ചേട്ടൻ ടോർച്ച് കയ്യിലെടുത്തു വരാന്തയിലേക്ക് വന്ന് മുറ്റത്തേക്ക് ലൈറ്റ് അടിച്ചു നോക്കും. കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടാണ് കിടക്കുന്നത്. കിടക്കുന്നതിനു മുൻപ് പട്ടിയെ കൂട്ടിൽ നിന്നും അഴിച്ചു വിടും. രാത്രിയിൽ അവൻ പറമ്പിൽ സ്വൈര്യവിഹാരം നടത്തും. ഉയർന്ന മതിലായതുകൊണ്ട് പുറത്തു പോകുമെന്നു പേടിക്കണ്ട.
പൈലിച്ചേട്ടൻ ഒരിക്കൽ പള്ളിമുറ്റത്തിരുന്നു കല്ലറയിലേക്കു നോക്കിയ ശേഷം അച്ചനോടു പറഞ്ഞു, "അച്ചാ, കല്ലറയ്ക്കകത്തു ഭയങ്കര ഇരുട്ടാ, അല്ലേ?"
അച്ചൻ ചിരിച്ചു. "പിന്നെ, കല്ലറ അടച്ചു കഴിഞ്ഞാൽ ഇരുട്ടല്ലേ? എന്താ പൈലിച്ചേട്ടാ, അങ്ങനെ ചോദിച്ചത്?"
"അല്ല, അച്ചാ ഞാൻ ഓർക്കുകാരുന്നു, ഞാൻ അതിൽ കിടക്കുമ്പോൾ ഒരു പക്ഷേ, മാലാഖമാർ എന്റെ അടുത്തു വന്നാൽ ഞാൻ എങ്ങനെ കാണും? അപ്പോൾ അതിൽ ഒരു ലൈറ്റിട്ടാൽ നന്നായിരിക്കും, അല്ലേ?"
"പൈലിച്ചേട്ടാ, മരിച്ചുകഴിഞ്ഞാൽ നമുക്കൊന്നും കാണാൻ കഴിയില്ലല്ലോ." അച്ചൻ ചിരിച്ചുകൊണ്ടു പറഞ്ഞു.
"അപ്പോൾ പിന്നെ നമ്മളൊക്കെ മരിച്ചു കഴിഞ്ഞാൽ ദൈവത്തെ കാണും എന്ന് അച്ചൻ പ്രസംഗിക്കുന്നതോ?"
"അത് നമ്മുടെ ആത്മാവാണ് പൈലിച്ചേട്ടാ."
"പക്ഷേ, അദ്ദേഹത്തിന് തൃപ്തിയായില്ല. അടുത്ത ദിവസം പൈലിച്ചേട്ടൻ അച്ചന്റെ മുൻപിൽ ഒരു കാര്യം അവതരിപ്പിച്ചു. കല്ലറയ്ക്കുള്ളിൽ ഒരു ലൈറ്റിടണം!
അച്ചൻ ചിരിച്ചു.
പക്ഷേ, പൈലിച്ചേട്ടൻ ഗൗരവമായിത്തന്നെ ഈ വിഷയം വീണ്ടും വീണ്ടും അവതരിപ്പിച്ചു. പള്ളിയിൽ നിന്നും കണക്‌ഷൻ എടുത്തു കല്ലറയ്ക്കുള്ളിൽ ഒരു ലൈറ്റിടണം!
"എന്ത് വിഡ്ഢിത്തമാണ് പൈലിച്ചേട്ടൻ പറയുന്നത്? മരിച്ചു കഴിഞ്ഞാൽ ആര് എന്തു വെട്ടം കാണാനാണ്?" അച്ചന് അദ്ദേഹത്തോടു യോജിക്കാനായില്ല.
"അച്ചാ, അതെന്റെ ഒരാഗ്രഹമാണ്."
"പൈലിച്ചേട്ടൻ മരിച്ചു കഴിഞ്ഞാൽ പിന്നെ കറന്റിനാരാണ് കാശു കൊടുക്കുന്നത്?" അദ്ദേഹത്തെ ഒഴിവാക്കാനായി അച്ചൻ പറഞ്ഞു.
"അതിനച്ചൻ വിഷമിക്കണ്ട. ഞാൻ ഒരു തുക പള്ളിയിൽ ഏൽപിക്കാം. അതിന്റെ പലിശ മതിയാകും കറന്റു ബില്ലടയ്‌ക്കാൻ."
"പൈലിച്ചേട്ടൻ മുറ്റത്തു നിന്നും നടന്നു നീങ്ങി കഴിഞ്ഞപ്പോൾ അച്ചൻ ചിന്തിച്ചു. 'പൈലിച്ചേട്ടൻ മരിച്ചു കല്ലറയിൽ അടക്കി കഴിഞ്ഞാൽ പിന്നെ ആരാണ് നോക്കുന്നത് ലൈറ്റ് കത്തിച്ചോ എന്ന്! ഏതായാലും സംഭാവന കിട്ടുന്നതല്ലേ, അത് പള്ളിക്കിരിക്കട്ടെ!'
അടുത്ത ദിവസം പൈലിച്ചേട്ടൻ വന്നപ്പോൾ അച്ചൻ പറഞ്ഞു, " ഞാൻ പള്ളിക്കമ്മിറ്റിയിൽ ഒന്നവതരിപ്പിച്ചു നോക്കട്ടെ. പൈലിച്ചേട്ടൻ എത്രയാണ് സംഭാവന കൊടുക്കാനുദ്ദേശിക്കുന്നത്?"
"അൻപതിനായിരം മതിയാകുമോ അച്ചോ?"
"ഓ, മതി. ഞാൻ അടുത്തയാഴ്ച പറയാം."
"ശരി, അങ്ങനെയാവട്ടെ."
അടുത്തയാഴ്ച്ച അച്ചൻ കാര്യം കമ്മറ്റിയിൽ അവതരിപ്പിച്ചു. ആദ്യം കമ്മറ്റിയിലുള്ളവർ ചിരിച്ചെങ്കിലും പിന്നീട് ചിലർ എതിർത്തു. ലോകത്തെങ്ങും കേൾക്കാത്ത കാര്യം. ഈ പള്ളിയിലത് വേണോ? ചർച്ച പുരോഗമിച്ചെങ്കിലും പൈലിച്ചേട്ടന്റെ സംഭാവനയുടെ മുൻപിൽ കമ്മറ്റി സമ്മതം മൂളി.
പറഞ്ഞ തുക പൈലിച്ചേട്ടൻ അച്ചനെ ഏൽപിച്ചു.
അടുത്ത ദിവസം തന്നെ കല്ലറയിൽ ലൈറ്റിട്ടു. അടുത്ത് നിന്ന് അത് കത്തിച്ചു കണ്ടപ്പോൾ പൈലിച്ചേട്ടന് സന്തോഷം തോന്നി.
പൈലിച്ചേട്ടൻ പറഞ്ഞു, "അച്ചാ, എല്ലാ ഞായറാഴ്ച്ചയും ആ കല്ലറയിൽ ധൂപപ്രാർത്ഥന നടത്തണം."
"അത് നടക്കുമോ, പൈലിച്ചേട്ടാ? ഞായറാഴ്ച്ച ഞാൻ തിരക്കായിരിക്കും."
"എന്നാലും അച്ചാ... "
"പൈലിച്ചേട്ടാ ഞാൻ ശ്രമിക്കാം. ഒരു ഗാരന്റിയുമില്ല. ഞാൻ വർഷത്തിൽ ഒരിക്കൽ ധൂപം അർപ്പിച്ചു പ്രാർത്ഥിക്കാം."
"അപ്പോൾ എന്റെ ആത്മാവ്...?"
"എന്റെ പൈലിച്ചേട്ടാ, ഇതൊക്കെ വെറും മിഥ്യയല്ലേ? ഞാൻ എല്ലാ ദിവസവും ധൂപം വീശിയാലും പൈലിച്ചേട്ടൻ എങ്ങനെ ജീവിച്ചു എന്നതിനാശ്രയിച്ചായിരിക്കും പൈലിച്ചേട്ടനു ദൈവം തരുന്ന പ്രതിഫലം! അല്ലാതെ പൈലിച്ചേട്ടന്റെ കല്ലറയുടെ മുകളിൽ ഞാൻ അൽപ്പം ധൂപം വീശിയാലുടൻ പൈലിച്ചേട്ടൻ സ്വർഗ്ഗത്തിലേക്കു കയറും എന്നൊക്കെ വിശ്വസിക്കാൻ വിഡ്ഢിയാണോ?"
"അപ്പോൾ പിന്നെ, അച്ചൻ എപ്പോഴും പറയുന്നത് മരിച്ചുകഴിഞ്ഞാൽ ധൂപ പ്രാർത്ഥന നടത്തുന്നതനുസരിച്ചായിരിക്കും ആത്മാവിനു പുണ്യം കിട്ടുന്നതെന്നാണല്ലോ."
"അതൊക്കെ സഭയുടെ പഠിപ്പീരല്ലേ പൈലിച്ചേട്ടാ? നമ്മുടെ കാര്യങ്ങളൊക്കെ നടക്കണ്ടേ? സഭയുടെ സ്ഥാപനങ്ങളൊക്കെ ഓടണ്ടേ? അതുകൊണ്ട് അങ്ങനെയൊക്കെ പഠിപ്പിച്ചല്ലേ പറ്റൂ."
"അത് ശരി."
ഏതാനും ആഴ്ചകൾക്കു ശേഷം ഒരു ദിവസം അച്ചനുമായി പൈലിച്ചേട്ടൻ മുറ്റത്തു സംസാരിച്ചിരുന്നപ്പോൾ അച്ചൻ പറഞ്ഞു, "കഴിഞ്ഞ കുറെ ദിവസങ്ങളായി മഴ തോർന്നിട്ടില്ല. ഇന്നേതായാലും അൽപ്പം തെളിഞ്ഞു. താഴെ നോക്കിയാൽ കാണാം പുഴ കര കവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കമുണ്ടാകുമോ ആവോ?
"ഇതൊന്നും വലിയ സാരമുള്ള കാര്യമല്ലച്ചോ. ഞാൻ എത്ര വെള്ളപ്പൊക്കം കണ്ടിരിക്കുന്നു! എത്ര വെള്ളം വന്നാലും എന്റെ പറമ്പിലോട്ടു കയറില്ല." പൈലിച്ചേട്ടൻ ഇറങ്ങി നടന്നു.
അൽപ്പം നടന്നതിന് ശേഷം അയാൾ തിരിച്ചു വന്ന് അച്ചനോട് പറഞ്ഞു, "അച്ചാ, എനിക്കൊരാഗ്രഹമുണ്ട്. എന്നെ അടക്കുമ്പോൾ കല്ലറയിൽ കുറെ പൂവ് വിതറണം. അതിന്റെയൊക്കെ മണമടിച്ചു കിടക്കാൻ തന്നെ ഒരു രസമുണ്ടാകും."
അച്ചൻ ചിരിച്ചുകൊണ്ടു പൈലിച്ചേട്ടനെ നോക്കി. "പൈലിച്ചേട്ടാ, ആരൊക്കെ ഒടുവിൽ എവിടെയൊക്കെ കിടക്കുമെന്നാരറിയുന്നു? എല്ലാം തീരുമാനിക്കുന്നത് ദൈവമല്ലേ!”
"അടുത്ത മഴയ്ക്കു മുൻപേ വീട്ടിലെത്താൻ നോക്കട്ടെ അച്ചോ." പൈലിച്ചേട്ടൻ തലകുലുക്കികൊണ്ട് നടന്നകന്നു.
അയാൾ വീട്ടിലെത്തിയപ്പോഴേക്കും വേലക്കാർ പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു.
"എന്താ ഇന്ന് നേരത്തെ പോകുകയാണോ?"
"ഭയങ്കര മഴ വരുന്നു. പുഴ കര കവിഞ്ഞൊഴുകുകയാണ്. ഇനിയും വെള്ളം കയറിയാൽ വീട്ടിൽ പോകാൻ ബുദ്ധിമുട്ടാകും."
"അങ്ങനെയൊന്നും വെള്ളം കയറില്ല. ഞാൻ എത്ര വെള്ളപ്പൊക്കളം കണ്ടിരിക്കുന്നു!"
വേലക്കാർ പോയിക്കഴിഞ്ഞപ്പോൾ പൈലിച്ചേട്ടൻ ഗേറ്റ് പൂട്ടിയിട്ടു വന്ന് വരാന്തയിൽ ഇട്ടിരിക്കുന്ന കസേരയിൽ ചാരി കിടന്നു. മഴ പതുക്കെ കനക്കാൻ തുടങ്ങി. മാനത്തു കാർമേഘങ്ങൾ വീണ്ടും ഉരുണ്ടു കൂടുകയാണ്. എന്തോ ഒരു പന്തിയില്ലായ്മ! അയാൾ എഴുന്നേറ്റു കുളി കഴിഞ്ഞു വന്നപ്പോഴേക്കും പറമ്പിൽ വെള്ളം കയറിത്തുടങ്ങി. കുറെ നേരം അത് നോക്കിയിരുന്നിട്ട് അടുക്കളയിൽ പോയി ഭക്ഷണം കഴിച്ചിട്ട് തിരിച്ചു വന്നു. വെള്ളം കയറുകയാണ്. ആദ്യമായാണ് തിണ്ണയുടെ പടിവാതിലിൽ വരെ വെള്ളം എത്തുന്നത്. അതുകൊണ്ട് ഇന്നു രാത്രി പട്ടിയെ അഴിച്ചു വിടണ്ടായെന്നു തീരുമാനിച്ചിട്ട് അയാൾ കിടക്കാൻ പോയി.
രാത്രിയിൽ എപ്പോഴോ മൂത്രശങ്ക ഉണ്ടായതുകൊണ്ട് ഉണർന്നു. കട്ടിലിൽ നിന്നും എഴുന്നേറ്റു കാൽ നിലത്തു ചവുട്ടിയപ്പോൾ തറയിൽ വെള്ളം! ടോർച്ചു തെളിച്ചു നോക്കിയപ്പോൾ ഏതാണ്ട് മുട്ടറ്റം വെള്ളം! ലൈറ്റിട്ടു നോക്കിയപ്പോൾ വീടിനകം നിറയെ ആ ലെവലിൽ വെള്ളം കയറിയിരിക്കുന്നു! പട്ടി നിർത്താതെ കുരച്ചുകൊണ്ടിരിക്കയാണ്. പട്ടിയുടെ കൂടിനകത്തും വെള്ളം കയറിയിരിക്കുന്നു. ഇനിയും വെള്ളം കയറുമോ, ആവോ! ഏതായാലും ഇവിടെ കിടക്കാൻ പറ്റില്ലല്ലോ.
അയാൾ പടികൾ കയറി മുകളിലത്തെ നിലയിലെത്തി ബാൽക്കണിയിൽ നിന്ന് ചുറ്റും നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല. കനത്ത ഇരുട്ടിൽകൂടി അയാൾ ടോർച്ചടിച്ചു നോക്കി. വെള്ളം എല്ലായിടത്തും നിരന്നൊഴുകുകയാണ്. പട്ടിയെ ഇനി അഴിച്ചു വിടാനും കഴിയില്ല. സാരമില്ല, ഇനി വെള്ളം ഇറങ്ങുമായിരിക്കും. മനോഗതം ചെയ്‌ത് അയാൾ കിടന്നു. നേരം വെളുത്ത് എഴുന്നേറ്റു ബാൽക്കണിയിൽ വന്നു നിന്ന്. ചുറ്റും നോക്കിയ പൈലിച്ചേട്ടന് തൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല. വീടിന്റെ ഒന്നാം നില പൂർണ്ണമായി മുങ്ങിയിരിക്കുന്നു! വെളിയിൽ പട്ടിയുടെ കൂടു കാണാനേയില്ല. അതിലെത്രയോ മുകളിൽ വെള്ളം എത്തിയിരിക്കുന്നു! ആ പാവം ജന്തുവിനെ രക്ഷിക്കാനായില്ലല്ലോ, അയാൾ ഓർത്തു.
മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും വെള്ളത്തിന്റെ ലെവൽ വീണ്ടും ഉയർന്നു. മുകളിലത്തെ ബാൽക്കണിയിൽ നിന്നു കൊണ്ട് താഴേക്കു കൈ നീട്ടിയാൽ വെള്ളത്തിൽ തൊടാമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഇവിടെനിന്നും എങ്ങനെ രക്ഷപെടും? വളരെ ഗുരുതരമായ നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നയാൾക്ക് ബോധ്യമായി.
അയാൾ അമേരിക്കയിലുള്ള മകനെ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചു. അവിടെ അവൻ ടീവിയിൽ കാര്യങ്ങൾ കണ്ടുകൊണ്ടിരിക്കയാണെന്നു പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണെന്നും പല സ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന നൂറു കണക്കിനാളുകളെ മത്സ്യത്തൊഴിലാളികൾ അവരുടെ വള്ളങ്ങളുമായി വന്നു ജീവൻ പണയം വച്ച് രക്ഷപ്പെടുത്തുന്നതായും വാർത്തയിൽ കാണിക്കുന്നു എന്നു പറഞ്ഞു.
"സാരമില്ല, വേണ്ടി വന്നാൽ ഞാൻ നീന്തിക്കൊള്ളാം." പൈലിച്ചേട്ടൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
"അതുവേണ്ട. സർക്കാരിന്റെ ഹെൽപ് ലൈൻ ഉണ്ട്. ഞങ്ങൾ വിളിച്ചു പറഞ്ഞുകൊള്ളാം. അവർ അവിടെ വരും. അവരുടെ കൂടെ ഷെൽട്ടറിലേക്കു പോയാൽ മതി." മകൻ പറഞ്ഞു നിർത്തി.
അടുത്ത ദിവസം ഉച്ചകഴിഞ്ഞിട്ടും വെള്ളത്തിന്റെ ലെവലിനു കുറവൊന്നുമില്ല. അടുക്കളയിൽ നിന്നും തലേന്ന് എടുത്തുകൊണ്ടുവച്ച ആഹാര സാധനങ്ങളൊക്കെ തീർന്നിരിക്കുന്നു! ഇനി ഇവിടെനിന്നും രക്ഷപെട്ടേ മതിയാവൂ. രാവിലെ മുതൽ ഉച്ചത്തിൽ വിളിച്ചു കൂവിയിട്ടും ആരും പ്രതികരിച്ചില്ല. അയൽപക്കത്തെ വീടുകളിലെ ആളുകളൊക്കെ രക്ഷപെട്ടു കാണുമോ, ആവോ! വീട്ടിൽ ലൈറ്റും ഫോണും ഇന്നലെ ഉച്ചമുതൽ ഇല്ല. ആരെയും വിളിക്കാനോ സഹായം അഭ്യർത്ഥിക്കാനോ പറ്റില്ല. തന്റെ അവസാനം അടുത്തിരിക്കുന്നതായി അയാൾക്ക് തോന്നി.
ഏതാണ്ട് നാല് മണിയായപ്പോൾ അടുത്തുകൂടി ഒരു ബോട്ട് പോകുന്നത് ശ്രദ്ധയിൽ പെട്ടു. ഉടനെ അയാൾ ഉച്ചത്തിൽ വിളിച്ചു കൂവി. ബോട്ടിൽഉണ്ടായിരുന്നവർ കയ്യുയർത്തി കാണിച്ചു. 'പോയിട്ട് വരാം', എന്ന് പറഞ്ഞവർ വേഗം ഓടിച്ചുപോയി. ഉദ്ദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ബോട്ടിൽ രണ്ടു പേർ തന്റെ വീട് ലക്ഷ്യമാക്കി അടുക്കുന്നതു കണ്ടപ്പോൾ പൈലിച്ചേട്ടന്റെ മുഖത്ത് പ്രത്യാശയുടെ കിരണങ്ങൾ മിന്നി. അതിവേഗം വന്ന ബോട്ട് വീട്ടു മുറ്റത്തേക്ക് കയറാറായപ്പോൾ എന്തിലോ ഇടിച്ചിട്ടു വട്ടം തിരിഞ്ഞു.
"ഈ വെള്ളത്തിനടിയിൽ മതിലുണ്ടോ?' ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ചോദിച്ചു.
"ഉണ്ട്. മതിലും വലിയ ഗേറ്റും ഉണ്ട്."
"അതിൽ ഇടിച്ചാണ്. ബോട്ടിന്റെ എഞ്ചിൻ പോയി."
പൈലിച്ചേട്ടൻ ഒന്നും മിണ്ടിയില്ല.
"ഞങ്ങൾ ഈ ബോട്ട് അടുത്തുള്ള ഏതെങ്കിലും മരത്തിൽ കെട്ടിയിട്ടിട്ട് അങ്ങോട്ട് വരാം. അവിടെത്തന്നെ നിൽക്കുക."
"എനിക്കു നീന്താനറിയാം. ഞാൻ അങ്ങോട്ട് വരാം."
"വേണ്ട, വേണ്ട. ഭയങ്കര അടിയൊഴുക്കാണ്."
"സാരമില്ല. ഞാൻ നല്ലതുപോലെ നീന്തും." രണ്ടാം നിലയിൽ നിന്നും ടെറസ്സിലേക്കു കയറുന്ന പടികളിൽ കൂടി പൈലിച്ചേട്ടൻ താഴേക്കിറങ്ങി.
കഴുത്തു വരെ ആഴത്തിലേക്കിറങ്ങിയ അയാളെ കണ്ടു മത്സ്യത്തൊഴിലാളികൾ ഉറക്കെ വിളിച്ചു പറഞ്ഞു, “ഇറങ്ങരുത്! ഭയങ്കര അടിയൊഴുക്കാണ്. തിരിച്ചു കയറിപ്പോകൂ."
അപ്പോഴേക്കും പൈലിച്ചേട്ടൻ വെള്ളത്തിലേക്ക് ചാടി ബോട്ടിനെ ലക്ഷ്യമാക്കി നീന്തി.
"അരുത്, അരുത്!" മത്സ്യത്തൊഴിലാളികൾ വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴേക്കും പൈലിച്ചേട്ടൻ അടിയൊഴുക്കിൽ പെട്ടു കഴിഞ്ഞിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.
വികാരിയച്ചൻ ആകാശത്തേക്ക് നോക്കി. പടിഞ്ഞാറ് നിന്നും കാർമേഘങ്ങൾ കുന്നിൻമുകളിലേക്കു പാഞ്ഞടുക്കുന്നു. അച്ചൻ ഓർത്തു, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം താണ്ഡവമാടിയിട്ട് ഇന്ന് ഏഴു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ വർഷവും വയനാട്ടിലും മറ്റും അധിക നാശം വിതച്ചാണ് മഴക്കാലം കടന്നു പോകുന്നത്.
അച്ചൻ കല്ലറയിലേക്കു നോക്കി. കുത്തൊഴുക്കിൽ എങ്ങോട്ടോ ഒലിച്ചു പോയിട്ട് ഇന്നും കണ്ടു കിട്ടിയിട്ടില്ലാത്ത ഉടമസ്ഥനെ പ്രതീക്ഷിച്ച് ശൂന്യമായ കല്ലറ ഇന്നും കാത്തിരിക്കുന്നു. ആരും ഒരിക്കലും എത്തി പ്രാർത്ഥിക്കാത്ത കല്ലറയിൽ നിലത്തുനിന്നും പായൽ വളർന്നു കയറി തുടങ്ങിയിരിക്കുന്നു! മഴത്തുള്ളികൾ ദേഹത്തു വീണപ്പോൾ അച്ചൻ പള്ളിമേടയിലേക്കു കയറിപ്പോയി. ഇനി ഒരു പ്രളയം ഉണ്ടാകുമോ, ആവോ!
________________________