Image

താരിഫ് യുദ്ധ മാഹാത്മ്യം (നടപ്പാതയിൽ ഇന്ന് -132: ബാബു പാറയ്ക്കൽ)

Published on 12 April, 2025
താരിഫ് യുദ്ധ മാഹാത്മ്യം (നടപ്പാതയിൽ ഇന്ന് -132: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, ചിരിച്ചുകൊണ്ടു നടക്കുന്നത്?"

"എങ്ങനെ ചിരിക്കാതിരിക്കുമെടോ?"

"അതെന്താ, ട്രംപിന്റെ കാര്യമോർത്തിട്ടാണോ ചിരിക്കുന്നത്?"

"ഹേയ് അല്ല. ട്രംപിനെ വട്ടനായി കാണുന്ന ഇവിടത്തെ ചില എക്കോണമിസ്റ്റുകളെ ഓർത്തു ചിരിച്ചു പോയതാ."

"അതെന്താ പിള്ളേച്ചാ, ഈ എക്കോണമിസ്റ്റുകൾ പറയുന്നത് ശരിയല്ലേ? അങ്ങേർക്കു വട്ടു തന്നെയാണെന്നതിനെന്താ സംശയം?"

"ഇയാൾ അങ്ങനെ പറയാൻ എന്താ കാര്യം?"

"എന്റെ പിള്ളേച്ചാ, ട്രംപ് ഈ കാണിക്കുന്നതു മുഴുവൻ വിഡ്ഢിത്തമല്ലേ? ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത തരത്തിൽ ഇറക്കുമതിച്ചുങ്കം എല്ലാ രാജ്യങ്ങൾക്കും ഏർപ്പെടുത്തി നാണം കെട്ടിരിക്കയല്ലേ? താമസിയാതെ അങ്ങേര് രാജി വച്ചൊഴിയേണ്ടി വരും. അല്ലെങ്കിൽ പണ്ട് വാട്ടർഗേറ്റിൽ പെട്ട നിക്‌സൺ പോയതുപോലെ നാണം കെട്ടിറങ്ങേണ്ടി വരും. നോക്കിക്കോ!"

"എടോ, തനിക്കു കുറച്ചുകൂടിയൊക്കെ ബുദ്ധിയുണ്ടെന്നാ ഞാൻ കരുതിയിരുന്നത്."

"അതെന്താ പിള്ളേച്ചാ, അങ്ങനെയൊക്കെ പറയുന്നത്?"

"പിന്നെയല്ലാതെ?"

"അപ്പോൾ ഈ രാജ്യങ്ങൾക്കൊക്കെ ഇതുപോലെ 'ടാരിഫ്' എന്നു വിളിക്കുന്ന ഇറക്കുമതിച്ചുങ്കം അടിച്ചേൽപ്പിച്ചു സാധനങ്ങളുടെ വില കുതിച്ചു കയറി സാധാരണക്കാർക്കു ജീവിക്കാൻ വയ്യാത്ത വിധത്തിൽ ആക്കിത്തീർത്തതു ന്യായീകരിക്കയാണോ പിള്ളേച്ചൻ?"

"എടോ, കാര്യങ്ങൾ വിശദമായ രീതിയിൽ കാണാത്തതുകൊണ്ടാണ് ഇയാൾക്കങ്ങനെ തോന്നുന്നത്. വ്യാപാര ബന്ധത്തിൽ മറ്റു രാജ്യങ്ങളുമായുള്ള അന്തരം മനസ്സിലായത് ട്രംപിന് മാത്രമാണ്. കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് 150 ബില്യൺ ഡോളർ മൂല്യമുള്ള സാധനങ്ങൾ അമേരിക്കയിൽ നിന്നും ചൈന വാങ്ങിയപ്പോൾ ചൈനയിൽ നിന്നും അമേരിക്ക വാങ്ങിയത് 450 ബില്യൺ ഡോളറിന്റെയാണ്. ഇത് ഒരു വർഷത്തെ മാത്രമായപ്പോൾ കഴിഞ്ഞ 20 വർഷത്തെ കമ്മി എത്രമാത്രമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചൈന ഇത്രയും വളർന്നു വൻശക്തിയായത് അമേരിക്കയുടെ പണം കൊണ്ടാണ്. അതിനൊരു കടിഞ്ഞാണിടേണ്ടത് ആവശ്യമല്ലേ?"

"അതു പറഞ്ഞിട്ടു കാര്യമില്ല. കാരണം ചൈനയെ വളർത്തി രാക്ഷസ തുല്യമാക്കിയത് അമേരിക്ക തന്നെയല്ലേ? ലോക നിലവാരത്തിൽ ഒന്നുമല്ലാതിരുന്ന ചൈനയെ വളർത്താൻ തുടങ്ങിയത് പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ആണ്. വില കുറഞ്ഞു സാധനങ്ങൾ കിട്ടാനായി അമേരിക്ക ചൈനയെ ആശ്രയിച്ചു. അവർ അത് മുതലാക്കി വളർന്നു. ഫലമോ, അമേരിക്കൻ വ്യവസായങ്ങൾ തളർന്നു, ചൈന വളർന്നു. ഇന്ന് ചൈനയാണ് അമേരിക്കയുടെ ഏറ്റവും വലിയ ഭീഷണി."

"അങ്ങനെ ഭീഷണിയാണെങ്കിൽ അത് നേരിടേണ്ട ഉത്തരവാദിത്തം പ്രെസിടെന്റിനില്ലേടോ? അതേ, ട്രംപ് ചെയ്‌തുള്ളൂ."

"എങ്കിൽ പിന്നെ എന്തിനാ പിള്ളേച്ചാ, ഈ വട്ടു കയറിയ പോലെ എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് കാനഡയ്ക്കും മെക്‌സിക്കോയ്ക്കും എല്ലാം ഈ ടാരിഫ് ഏർപ്പെടുത്തിയത്?"

"എടോ, ഒരു നിയമം കൊണ്ടുവരുമ്പോൾ അത് ചൈനയ്ക്കു മാത്രമാണെന്നു പറഞ്ഞാൽ അത് വളരെ പ്രത്യാഘാതങ്ങളുണ്ടാക്കും. പിന്നെ, ഈ രാജ്യങ്ങൾ മാത്രമല്ല യൂറോപ്പിലെ രാജ്യങ്ങളും അമേരിക്കയുമായുള്ള വാണിജ്യത്തിൽ യാതൊരു തുല്യതയും സൂക്ഷിക്കാറില്ല. അതുകൊണ്ട് അവരെയും ഒന്ന് വിരട്ടാൻ തീരുമാനിച്ചു.”

"പക്ഷേ, കളി കാര്യമായപ്പോൾ കണ്ടോ, കാനഡയും പകരത്തിനു പകരം ടാരിഫ് കൂട്ടിയത്. അത് ട്രംപ് പ്രതീക്ഷിച്ചില്ലെന്നു തോന്നുന്നു."

"കാനഡ അമേരിക്കയെക്കൊണ്ടല്ലേടോ ജീവിക്കുന്നത്? അമേരിക്കയെ പിണക്കി അവർക്ക് എത്ര നാൾ പിടിച്ചു നിൽക്കാനാകും?”      

"അമേരിക്കയുടെ ജീവശ്വാസമായി കാനഡ ഒന്നും നൽകുന്നില്ല. കുറച്ചു തടിയും എണ്ണയും. അത്രയേ ഉള്ളൂ. അത് അമേരിക്കയിൽ വേണ്ടവോളമുണ്ട്. പക്ഷേ, യൂറോപ്പിന്റെ കാര്യത്തിൽ അങ്ങനെയല്ലല്ലോ, പിള്ളേച്ചാ. യൂറോപ്പിന് അമേരിക്കയെ ആവശ്യമുള്ളതുപോലെ തന്നെ അമേരിക്കയ്ക്ക് യൂറോപ്പിനെയും ആവശ്യമുണ്ട്. മെക്സിക്കോയുടെ കാര്യത്തിൽ വ്യത്യാസം ഉണ്ടെങ്കിലും."

“കാര്യം കുറെയൊക്കെ ശരിയാണ്. ഇന്നത്തെ ലോകക്രമത്തിൽ ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തെ ഒട്ടും ആശ്രയിക്കാതെ കഴിയാനാവില്ല. അമേരിക്കയ്ക്ക് യൂറോപ്പിനെ ആവശ്യമുള്ളതിനേക്കാൾ യൂറോപ്പിന് അമേരിക്കയെ ആവശ്യമുണ്ട്. യൂറോപ്പിന്റെ സംരക്ഷണമാണ് അതിൽ മുഖ്യം. അതുകൊണ്ടാണല്ലോ നേറ്റോയ്ക്ക് ഇത്രയും പ്രസക്തിയുള്ളത്. പിന്നെ മെക്സിക്കോയുടെ കാര്യം. അമേരിക്കയില്ലാതെ അവർക്ക് 24 മണിക്കൂർ ജീവിച്ചിരിക്കാനാവില്ല. നാളെ മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി അമേരിക്ക നിരോധിച്ചാൽ തീർന്നു.  കഴിഞ്ഞ വർഷം മെക്സിക്കോയിൽ നിന്നും അമേരിക്ക ഇറക്കുമതി ചെയ്‌ത ‘ടെക്വില’ എന്ന മദ്യം മാത്രം 4.5 ബില്യൺ ഡോളറാണ്.. ഇവരൊക്കെ തമ്മിലുള്ള വ്യാപാര കമ്മി വലുതാണെങ്കിലും ഇവരെയൊന്നുമല്ല ട്രംപ് ലക്‌ഷ്യം വയ്ക്കുന്നത്."

"പിന്നെ എന്താണ് ട്രംപ് യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്?"

"എടോ, ചൈനയെ വളർത്തിയത് അമേരിക്കയാണെങ്കിലും ഇന്ന് ചൈന എന്ന് പറയുന്നത് കുടത്തിൽ നിന്നും പുറത്തിറങ്ങിയ ഭൂതമാണ്. ഇന്ന് അമേരിക്കയ്ക്ക്  ശാസ്ത്രീയമായോ സാങ്കേതികമായോ മിലിട്ടറിപരമായോ ചൈനയെ തോൽപ്പിക്കാൻ എളുപ്പമല്ല. 2000 ൽ ലോക ഉത്പന്നങ്ങളുടെ 6 ശതമാനം മാത്രമാണ് ചൈനയിൽ നിർമ്മിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് 32 ശതമാനമായിരിക്കയാണ്. ചൈന അതിശീഘ്രം വളരുന്നു എന്ന് മാത്രമല്ല, യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാത്ത ചൈന പല അയൽരാജ്യങ്ങളെയും വിഴുങ്ങാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ നേവൽ ശക്തിയായ അമേരിക്കയെ പോലും കടത്തിവെട്ടിയാണ് ഇപ്പോൾ ചൈന ഭീമാകാരമായ എയർക്രാഫ്റ്റ് കാരിയർ കപ്പലുകൾ പോലും സ്വയമായി നിർമ്മിച്ചു  നീറ്റിലിറക്കുന്നത്. സ്പേസ് റിസേർച്ചിലും രാജ്യത്തുടനീളമുള്ള ഇൻഫ്രാസ്ട്രക്ചറുകളിലും ചൈന അതിവേഗം മുൻപിലെത്തിക്കഴിഞ്ഞു."

"അതൊക്കെ ശരിയാണ് പിള്ളേച്ചാ, പക്ഷേ, ടാരിഫ് കൂട്ടിയതു കൊണ്ട് നഷ്‌ടം അമേരിക്കയ്ക്ക് തന്നെയല്ലേ? സ്റ്റോക്ക് മാർക്കറ്റ് കൂപ്പുകുത്തി പോകുന്നത് കണ്ടില്ലേ? ബില്യണുകൾ അല്ല, ട്രില്യണുകൾ ആണ് അമേരിക്കയ്ക്ക് നഷ്ടപ്പെട്ടത്. ട്രംപ് അല്ലെങ്കിൽ പിന്നെ ആരാണ് അതിനുത്തരവാദി?”

"എടോ, സ്റ്റോക്ക് മാർക്കറ്റിലെ നഷ്‌ടം എന്നു പറയുന്നത് കടലാസിൽ മാത്രമല്ലേ? ആരുടേയും പോക്കറ്റിൽ നിന്നും  ഒന്നും പോയിട്ടില്ല. നൂറു ഡോളറിന്റെ ഓഹരി വാങ്ങി കുറെ നാൾ കഴിയുമ്പോൾ ആ ഓഹരിക്ക് ആയിരം ഡോളർ എന്നറിയുമ്പോൾ മുഖത്തൊരു ചിരി വരും. സന്തോഷം! അത് പിന്നെ കുറച്ചു താഴോട്ടു പോയി എഴുനൂറ് ആയെന്നറിഞ്ഞപ്പോൾ നെഞ്ചത്തടിക്കുന്നു. ആർക്കാണ് നഷ്ടം വന്നത്?"

“ഇവിടെ സാധനങ്ങളുടെ വില കുതിച്ചു കയറുകയല്ലേ? ചൈനയില്ലെങ്കിൽ വേറെ എവിടെ നിന്നാണ് ഇത്ര വില കുറഞ്ഞു സാധനങ്ങൾ കിട്ടുക?"

"ഇയാൾ പറഞ്ഞതു ശരിയാണ്. ഒരു കാര്യം ഓർക്കണം. ഒരു മരുന്ന് കുത്തിവയ്ക്കുമ്പോൾ അൽപം നോവും. അതനുഭവിച്ചെങ്കിലേ മരുന്നു ഫലിച്ചു രോഗം മാറുകയുള്ളൂ. ചൈനയുടെ ഉത്പാദനത്തിന്റെ 70 ശതമാനം അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും അമേരിക്കൻ കമ്പനികളുമാണ്."

"ഇങ്ങോട്ടു ടാരിഫ് കൂട്ടിയാൽ അവർ അത് വേറെ രാജ്യങ്ങളിലേക്കയയ്ക്കും. അതുകൊണ്ട് അവർക്കു യാതൊരു പ്രശ്നവുമില്ല."

"അതാടോ തെറ്റിധാരണ. അമേരിക്കൻ കമ്പനികൾ തിരിച്ച്‌ അമേരിക്കയിലേക്ക് തന്നെയോ ഇന്ത്യ പോലെയുള്ള മറ്റു രാജ്യങ്ങളിലേക്കോ പറിച്ചു നട്ടാൽ ചൈനയുടെ നടുവൊടിയും. പിന്നെ, ഇപ്പോഴുള്ള വരുമാനം തുടർന്നും ചൈനയ്ക്കു കിട്ടാതായാൽ അവരുടെ പല കാര്യങ്ങളും മുടങ്ങും. ഇപ്പോൾ പല ലോകരാജ്യങ്ങളിലും പണം കൊടുത്തു നിർമ്മാണ പ്രവർത്തനം നടത്തി ആ രാജ്യങ്ങളെ ചൊൽപ്പടിയിൽ നിർത്തുന്നതുപോലെ നടക്കില്ല. ചൈനയിലെ തന്നെ പല നിർമ്മാണ പ്രവർത്തനങ്ങളും നിർത്തേണ്ടതായി വരും. കഴിഞ്ഞ 50 വർഷം കൊണ്ട് അമേരിക്ക പടുത്തു വലുതാക്കിയ ചൈനയെ അടുത്ത 5 വർഷം കൊണ്ട് ശ്വാസം മുട്ടിക്കാനും അമേരിക്കയ്ക്കു സാധിക്കും."

"ഏതായാലും ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവർണാവസരമാണ്. സമയത്തിനൊത്തുയർന്നാൽ മാത്രം മതി."

"താൻ പറഞ്ഞത് ശരിയാണ്. പക്ഷേ, നടക്കില്ലെടോ.  കാരണം, അഭ്യസ്തവിദ്യരായ ചുറുചുറുക്കുള്ള യുവാക്കൾ ധാരാളമുണ്ടെങ്കിലും നാടിനെ നിയന്ത്രിക്കുന്നത് അളിഞ്ഞ മതങ്ങളും നാറുന്ന രാഷ്ട്രീയവുമാണ്. പണ്ടുകാലത്ത്  ആരോ സൃഷ്ടിച്ച ദൈവങ്ങളുടെ പേരിൽ തമ്മിൽ വെട്ടി മരിച്ച്‌ ആരും കണ്ടിട്ടില്ലാത്ത സ്വർഗത്തിലേക്ക് കയറാൻ വെമ്പൽ കൊള്ളുന്ന ജനങ്ങളും അതിലേക്ക് അവരെ തള്ളി വിട്ടു മറ്റു വിഷയങ്ങളിൽ നിന്നും തടിയൂരാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരും ഭരിക്കുന്ന നാട്ടിൽ ആർക്കു വേണം നാടിന്റെ ഗതി മാറ്റാൻ കഴിവുള്ള ഈ സംരംഭകരെ! പിന്നെ, മോദി ഭരിക്കുന്നതു കൊണ്ട് കേരളം ഒഴിച്ച് മറ്റു സംസ്ഥാനങ്ങളിൽ ഒരു പക്ഷേ ഇതിന്റെ ഗുണം ഉണ്ടായെന്നിരിക്കും. കേരളത്തിന് ഇതൊക്കെ ഇച്ചീച്ചിയല്ലേ? പിന്നെ കാണാമെടോ.""

"ശരി പിള്ളേച്ചാ, പിന്നെ കാണാം."
__________________
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക