ഒരു മനുഷ്യായുസ്സിൽ
ഒരാൾക്കെന്തുമാകാം
ബുൾഡോസറാകാം
ബുൾഡോഗാകാം.
മരിക്കാൻ നേരത്ത് മെച്ചം
ഒരു ബുൾബുളാവുന്നതാകും
ഹൃദയത്തിൽ
ഒരീണം ബാക്കിയുണ്ടൊ
ആരെങ്കിലും കേട്ടാലും
കേട്ടില്ലെങ്കിലും പാടാം
അനാഹതഗാനത്തിലൂടെ
ശാശ്വതമായ ജീവനിലേക്ക്
ഒരു പൊന്നൂഞ്ഞാലിടാം!
സ്വകേന്ദ്രിതവും ആയാസകരവുമായ
ചെയ്തികളൊക്കെ
പൂർണ്ണതയെ ഹനിക്കുമെന്നു രക്തക്കുഴലുകളറിയുമ്പോൾ
അന്ത്യനേരത്തെ ഗാനം
ഗായകനെ അപ്രസക്തമാക്കും വിധം
ഹൃദയഭേദകമാകുമത്രെ!
തന്നിഷ്ടങ്ങളാണ്
കുരുക്കുന്ന വലയെന്നറിഞ്ഞാൽ
ഇഷ്ടാനിഷ്ടങ്ങളോട് വിട ചൊല്ലാം
വലയ്ക്കു വെളിയിലാണ്
സ്വാതന്ത്ര്യം കമ്മിയെന്ന അറിവോടെ
ഒരു പക്ഷിവേട്ടക്കാരന്റെ
വലയിൽ കുടുങ്ങാം.
കണിപ്പുലരിയിൽ
ശരീരത്തെ ഇക് താരയാക്കാമെങ്കിൽ
മലയാളിക്കും നിഷ്പ്രയാസം
ഒരു ബവുൾ ഗായകനാകാം!