നമുക്കൊന്നുമാവില്ല, സത്യം
ഗ്രഹിച്ചതു പാലിക്കുവാൻ.
നാമൊക്കെയാരെന്നു സ്വയം
ചോദിക്കുവാൻ നമുക്കാമോ?
'അതിനിപ്പോളിതെന്തു കാര്യം?'
മറുചോദ്യം കേൾക്കുന്നു ഞാൻ.
ഉത്തരം കേൾക്കുവാൻ നിൽക്കാതെ
ചോദ്യങ്ങൾ ചോദിപ്പൂ നമ്മൾ
എന്താണു ഹേ ജാട,യഹന്ത!
എന്നാണിതിത്രയുമായി?
പാവമത്തന്തയെത്ര ശുദ്ധൻ
എന്നോർക്കുവാൻ നാണമെന്നോ?
കുടുംബചരിത്രം തിരുത്തി
കേമനായ് മേവും ജളനേ,
നിന്നാടകളെല്ലാമുരിഞ്ഞ്
നഗ്നനായൊന്നു കാണട്ടെ.
ആരെ പഴിക്കാ,നിന്നതിന്ന്
അധികാരമെന്ത് നമുക്ക്?
ഇവിടെ നാം വീണുമരിക്കും,
സ്വയമേ ശപിച്ചുനീറി.
സാത്വികമാവാതെ ചിമ്മുമാ
വെണ്മ ഉടുപ്പിന്റെമാത്രം.
എന്തിനിതൊക്കെയെന്നോർക്ക,
ഒന്നു വിചിന്തനം ചെയ്ക.
ആരാരോടു ചൊല്ലാനിതൊക്കെ?
ഞാനാരിതൊക്കെ പറയാൻ?
പാട്ടൊന്നുപോലുമേ കാലിക-
മാക്കാനുമാവാതെ ഞാൻ,
പുതുലോകക്കാഴ്ച്ചകൾ കണ്ട്
അവയിലാത്മമില്ലെന്നു കണ്ട്
പഴംപാട്ടിനീയും പാടാതെ
പഴയ നെൽവരമ്പുകൾ തേടി,
കേൾപ്പവർ കേൾക്കട്ടയെന്നും
അവരെന്തേലും ചെയ്യുമെന്നും
നിനച്ചല്ലൊ പാടിയേയിന്നും
അലയുന്നു പാവമീ പാണൻ●