Image

മുസ്തഫയുടെ ശാപവും ഒരു മുഖചിത്രവും (ഹാസ്യകഥ: ഡോ. ജോർജ്ജ് മരങ്ങോലി)

Published on 13 April, 2025
മുസ്തഫയുടെ ശാപവും ഒരു മുഖചിത്രവും (ഹാസ്യകഥ: ഡോ. ജോർജ്ജ് മരങ്ങോലി)

'വിനാശകാലേ വിപരീതബുദ്ധി' എന്നാണല്ലോ!  ഗൾഫിൽ ഒരു ഷെയ്ക്കിന്റെ പ്രൈവറ്റ്  സെക്രട്ടറി ആയിട്ട്  നല്ല ഒരു  ജോലി ഉണ്ടായിരുന്നതാണ് ചാർലിക്ക് .  പക്ഷെ എന്തുചെയ്യാം? 'കണിയാനും വരും കഷ്ടകാലം' എന്നുപറഞ്ഞതുപോലെ ചാർളിക്കും തോന്നിയൊരു ദുർബുദ്ധി!   ഷെയ്ക്കിന്റെ ബംഗ്ളാവിൽ കയറിയിറങ്ങി നടന്നകൂട്ടത്തിൽ ഒരു വള്ളി ചാർലിയുടെ കാലിൽ ചുറ്റി!  വിവാഹമേ വേണ്ടെന്ന് പറഞ്ഞ് നടന്ന ചാർലിയുടെ അടിതെറ്റി!  'അടിതെറ്റിയാൽ ആനയും വീഴും' എന്നാണല്ലോ! ചാർലിയും വീണു! 

ഷെയ്ക്കിന്റെ ഡ്രൈവർ, മുസ്തഫയുടെ ഭാര്യ ലൈലയായിരുന്നു  ബംഗ്ളാവിലെ വേലക്കാരി.  ലൈലയുമായി അറിഞ്ഞോ അറിയാതെയോ ചാർലി ലൈൻ  ആയിപ്പോയി!  സംഭവമറിഞ്ഞ് മുസ്തഫ അയാളുടെ ഭാര്യ ലൈലയെ മൂത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചുവെങ്കിലും,   മുസ്തഫയെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു ആ വേർപാട്! ഷെയ്ക്കിന് ചാർലിയുടെ ഈ ചതി ഇഷ്ടപ്പെട്ടില്ല;  രണ്ടുപേരെയും അയാൾ ജോലിയിൽ നിന്ന്  പിരിച്ചുവിട്ടു! അങ്ങനെയാണ് ചാർലി കേരളത്തിൽ തിരിച്ചെത്തുന്നത്.  ചാർലിക്ക് സ്വന്തമായി  ഒരു വീട് ഉണ്ടായിരുന്നതുകൊണ്ടും ഗൾഫിൽ കുറെനാള് ജോലി ചെയ്ത്  ബാങ്ക് ബാലൻസ് ഉണ്ടായിരുന്നതുകൊണ്ടും നാട്ടിലെ ജീവിതം വലിയ കുഴപ്പമില്ലായിരുന്നു.   സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് തന്നെ സ്നേഹിച്ച്‌  തൻറെ കൂടെ വിശ്വസിച്ചു ഇറങ്ങിപ്പോരാൻ ധൈര്യം കാണിച്ച ലൈലക്കുവേണ്ടി എന്തെങ്കിലുമൊരു  നല്ലകാര്യം ചെയ്യണമെന്ന് ചാർലി മനസ്സിലോർത്തു.  "ഞാനൊരു ഷാജഹാൻ ആയിരുന്നെങ്കിൽ ഒരു താജ്മഹൽ പണിതേനേ"  എന്നൊന്നും ചാർലി പറഞ്ഞില്ല, എങ്കിലും അതുപോലെ എന്തെങ്കിലും ചെയ്യാനുള്ള ഒരു  ഫീലിംഗ്! 

'വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്' എന്ന് പറഞ്ഞതു പോലെയാണ് അന്നൊരു ദിവസം ചാർലി തന്റെ സഹപാഠിയായ മാത്യുവിനെ കാണാനിടയായത്.  അദ്ദേഹം നാട്ടിലെ അറിയപ്പെടുന്ന "മാനസം"  മാസികയുടെ പത്രാധിപരാണ്.  പെട്ടെന്നൊരു  ചിന്ത ചാർലിയുടെ മനസ്സിൽ ക്ലിക്ക് ചെയ്തു;  ലൈലയുടെ ഒരു ഫോട്ടോ മാനസം മാസികയുടെ മുഖചിത്രമാക്കിയാലോ എന്ന്!  സാധാരണയായി സിനിമ താരങ്ങളുടെ ഫോട്ടോയാണ് വരാറുള്ളത് എങ്കിലും,  ഇത്തവണ കൂറേ പണം മുടക്കി അല്പം വ്യത്യസ്തമാക്കിക്കൂടെയെന്ന ചാർലിയുടെ  ആഗ്രഹത്തിന് മാത്യു സമ്മതം മൂളിയതോടുകൂടിയാണ് കഥ ആരംഭിക്കുന്നത്.

ലൈലയെ ചാർലി  ഒരു സ്റ്റുഡിയോയിൽ കൊണ്ടുപോയി സാമാന്യം നല്ല രീതിയിൽത്തന്നെ മേക്കപ്പിട്ട്, കുറേ നല്ല പോസ്റ്റുകളിലുള്ള ഫോട്ടോകൾ എടുത്തു. ലൈല  എന്ന പേരിനർത്ഥമുള്ള കറുത്ത സുന്ദരി വെളുത്ത കത്രീനയെപ്പോലെ ആയപ്പോൾ ചാർലിക്കുപോലും  വിശ്വസിക്കാൻ കഴിഞ്ഞില്ല!

മാത്യൂവിന്റെ അടുത്തലക്കം മാസികയുടെ കവർ ലൈലയുടെ ഫോട്ടോ വച്ച് അച്ചടിക്കുകയും ചെയ്തു.  കൊള്ളാവുന്ന ഒരു നേതാവിനെകൊണ്ട് ഒരു പൊതുപരിപാടിയിൽ മാസിക പ്രകാശനം ചെയ്യണമെന്നു ചാർലിക്കൊരു നിർബന്ധം.  അങ്ങനെ ഒരു പതിവു ഇല്ലായിരുന്നെങ്കിൽകൂടി ചാർലിയുടെ ധനദാനത്തിനു മുമ്പിൽ മാത്യു പിന്നെയൊന്നും ആലോചിച്ചില്ല! ആ കർമ്മം ആര് നിർവഹിക്കും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലായിരുന്നു. കാരണം ആ നാട്ടിലെ ഏതു പരിപാടിക്കും സ്ഥിരം അധ്യക്ഷനാകാറുള്ള  പഞ്ചായത്ത് പ്രസിഡന്റ് കുറുക്കൻ മത്തായി തന്നെ മാനസം മാസികയുടെ  ആ ലക്കം വലിയൊരു ജനാവലിയുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു! 

മാനസം മാസിക പതിവിലും ഭേഷായി ചൂടപ്പംപോലെ വിറ്റുപോയിക്കൊണ്ടേയിരുന്നു!  പക്ഷേ ചാർലിയുടെ കാര്യമാണ് കട്ടപ്പൊകയായത്!  മാസിക ന്യൂസ് സ്റ്റാൻഡിൽ എത്തിയത് മുതൽ അതിൻറെ കവർ ചിത്രത്തിലുള്ള ലൈലയെ തിരക്കി സിനിമക്കാരും പരസ്യക്കമ്പനിക്കാരും   ചാർലിയുടെ വീട്ടിൽ ഇടിച്ചുകയറി!  ആ നാടുമുഴുവൻ കാറുകളുടെ സംസ്ഥാന സമ്മേളനംപോലെയായി! ആദ്യമൊക്കെ ചാർലി ക്ക്  തന്റെ ഭാര്യയെക്കുറിച്ച് അഭിമാനവും സന്തോഷവുമായിരുന്നു. ഭാര്യ സുന്ദരിയാണെന്നുള്ള അഹങ്കാരം കൊണ്ടാണല്ലോ ഒരുപാട്  പണം മുടക്കിയാണെങ്കിലും മാസികയുടെ കവറിൽ ഫോട്ടോ അച്ചടിപ്പിച്ചത്! വരുന്നവരോടും പോകുന്നവരോടും, കടയിലും, കമ്പോളത്തിലും, പള്ളിയിലും,  എന്നുവേണ്ട നാലാള് കൂടുന്നിടത്തെല്ലാം ചാർലി ലൈലയെക്കുറിയിച്ചു  പൊക്കിപ്പറഞ്ഞുകൊണ്ടേയിരുന്നു! ആദ്യ സിനിമയുടെ ഷൂട്ടിന് പോയപ്പോൾ ചാർലി ലൈലയോടൊപ്പം പോയിരുന്നു. പക്ഷെ പ്രൊഡ്യൂസർക്കും ഡയറക്ടർക്കും അതത്ര  ഇഷ്ടപ്പെട്ടില്ലയെന്ന് അവരുടെയൊക്കെ വളിച്ച മോന്ത കണ്ടപ്പോൾ മനസ്സിലായി! ചാർലിയെക്കാണുന്നത് അവർക്ക് ചെകുത്താൻ കുരിശു കാണുന്നതുപോലയായിരുന്നു!  എന്നുകരുതി ഹീറോയിനിന്റെ  ഭർത്താവിനെ  പിണക്കാൻ പറ്റുമോ? അവർ ചാർലിയെ  നന്നായി സുഖിപ്പിച്ചുകിടത്തി!  

'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന് പറഞ്ഞതുപോലെ  ഈ  സിനിമാക്കളി  ചാർലിക്ക്‌ തീരെ  പിടിച്ചില്ല!  ആദ്യം ഇഷ്ടക്കുറവ് കാണിച്ചിരുന്ന ലൈലപോലും ആ നക്ഷത്രത്തിളക്കം പെട്ടെന്ന് ഇഷ്ടപ്പെടാൻ തുടങ്ങിക്കഴിഞ്ഞു!  എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാൻ വേണ്ടി പല സിനിമ കമ്പനിക്കാരുടെയും ഫോൺ വന്നത് ചാർലി ലൈലയോടു പറഞ്ഞില്ല!  ഭർത്താവിന്റെ അസുഖം മനസ്സിലാക്കിയ സിനിമ കമ്പനിക്കാർ ലൈലക്ക് ഒരു ഐ ഫോൺ തന്നെ വാങ്ങി സമ്മാനിച്ചു!  

ലൈലയുടെ പ്രസിദ്ധി ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്കും, ഒരു പരസ്യത്തിൽ നിന്ന് ഒരുപാട് പരസ്യങ്ങളിലേക്കും,  മലയാളത്തിൽ നിന്ന് തമിഴ് കന്നഡ തെലുങ്ക് ഹിന്ദി ഭാഷകളിലേക്കും പറന്നുയർന്നപ്പോൾ  ചാർളിക്ക്  ആദ്യമുണ്ടായിരുന്ന സന്തോഷവും അഭിമാനവും അഹങ്കാരാവുമെല്ലാം  പൊട്ടിത്തകർന്നു  പാളീസായി! അതൊക്കെ ചാർലി സഹിച്ചു! പക്ഷെ "ചാർലിക്ക"  എന്ന് വാതോരാതെ വിളിച്ച് തന്നോട് പറ്റി കൂടെനടന്ന ലൈല സിനിമാ നടിയായാതോടുകൂടി പഴയതെല്ലാം പാടെ മറന്നത് ചാർളിക്ക് സഹിക്കാൻ കഴിഞ്ഞില്ല! ലൈല  ഇപ്പോൾ വീട്ടിൽ വരാറേയില്ല; വല്ലപ്പോഴും ഒന്നു വിളിച്ചെങ്കിലായി! ഒരു സെറ്റിൽ  നിന്ന് മറ്റൊരു സെറ്റിലേക്കു പോകുന്നതിനിടയിൽ, സ്റ്റാർ ഹോട്ടലുകളിലും, ലക്ഷുറി  റിസോർട്ടുകളിലുമൊക്കെ അന്തിയുറങ്ങുന്ന ലൈല, തന്റെ  വീടിനെക്കുറിച്ച് മറന്നു; പാവം ചാർലിയെക്കുറിച്ചും! 
'മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി' എന്ന് പറഞ്ഞ അവസ്ഥയായിരുന്നു ചാർലിയുടേത് ! അണ്ടിപോയ അണ്ണാനെപ്പോലെ വിഷണ്ണനായി  ലൈലയെയും കാത്ത് പൂമുഖത്തു കുത്തിയിരിന്നുകൊണ്ടു ചാർലി  അന്തംവിട്ടു ചിന്തിച്ചു.  പണ്ട് ഒരു പാവം  മുസ്തഫായുടെ ഭാര്യയായിരുന്ന ലൈലയെ താൻ  പ്രേമിച്ചു വശത്താക്കി, അടിച്ചോണ്ടുപോന്നതാണ് ! അന്നയാളുടേ  ഹൃദയംപൊട്ടിയുള്ള കരച്ചിലിന്‌ പുല്ലുവിലപോലും കൊടുത്തില്ല! ഇപ്പോൾ ഒരുകാര്യം  ചാർലിക്ക് മനസ്സിലാലായി, "അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻതന്നെ അനുഭവിക്കും" എന്ന്!  ഇത് മുസ്തഫായുടെ ശാപമായിരിക്കും!
വേലിയേലിരുന്ന പാമ്പിനെയെടുത്തു പോക്കറ്റിൽ വച്ചതുപോലെയുള്ള  അവസ്ഥ യിലായിപ്പോയി ചാർലി! ലൈലയുടെ  ഫോട്ടോയുള്ള  സിനിമാ പോസ്റ്ററുകൾ റോഡ്‌സൈഡിലുള്ള ഭിത്തികളിൽ ഒട്ടിച്ചുവച്ചിരുന്നത്, ചാർലിയെനോക്കി പല്ലിളിക്കുന്നതുപോലെ തോന്നി! അതുകണ്ട ചാർലി വീണ്ടും വേദനിച്ചു!  ഒരു  കവർചിത്രം വരുത്തിവച്ച വിനകളേ!      
      
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക