"കർണ്ണികാരം പൂത്തു തളിർത്തു കൽപ്പനകൾ താലമെടുത്തു നീ മാത്രം വന്നില്ലല്ലോ, നിന്നെ മാത്രം കണ്ടില്ലല്ലോ". വിഷുവിന്റെ വരവ് ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂങ്കുയിലുകൾ മരക്കൊമ്പുകളിലിരുന്നു പാടുന്നു. പ്രകൃതിയുടെ സ്വർണ്ണാഭരണശാലയിൽ പത്തരമാറ്റിൽ തിളങ്ങുന്ന പ്രണയഹാരമാണ് കണിക്കൊന്നകൾ. എത്ര മനോഹരമായ കാഴ്ചയാണ് അത് നൽകുന്നത്.അവ പണ്ട് ശ്രീകൃഷ്ണന്റെ അരഞ്ഞാണമായിരുന്നത്രെ. മേടപ്പുലരിയിൽ സൂര്യനെന്ന തട്ടാൻ അതിനെ ഒരു കൊലുസ്സ് ആക്കി മാറ്റുന്നു. അതണിഞ്ഞാണ് വിഷുപ്പക്ഷികൾ അടിവച്ചടിവച്ച് വരുന്നത്. കാതിനെ കുളിർപ്പിക്കുന്ന ആ മഞ്ജീരശിഞ്ജിതം വിഷു വരുന്നുവെന്ന അറിയിപ്പാണ്. കൈനീട്ടത്തിന്റെ കിലുക്കം അതിനു താളം പിടിക്കുന്നു. മലയാളഭാഷ പുളകിതയാകുന്നു. മണ്ണിൽ പൊന്നു വിളയിച്ച കർഷകന്റെ കണി കാണാൻ ആ കന്നുകാലി ചെറുക്കനും ഓടകുഴലുമായി എത്തുന്നു. അവൻ പക്ഷെ ദേവനാണെന്നു വിശ്വസിക്കാൻ ഭക്തർക്ക് ഉത്സാഹം.
അപ്പോൾ പൊൻവെയിൽ മഞ്ഞനീരാളം ചുറ്റിയുടുത്തു ഒരു മലയാളിപ്പെണ്ണിനെപ്പോലെ സുന്ദരിയാകുന്നു. ശീതള നിശ്വാസങ്ങൾ പൊഴിച്ച് വൃക്ഷലതാതികൾ ചുറ്റിലും കൊതിപൂണ്ട് നിൽക്കുന്നു. ഒരപ്പൂപ്പൻ താടി പറന്നുവന്നു കാതിൽ ഏതോ രഹസ്യം പറഞ്ഞു വീണ്ടും മൂപ്പര് മുകളിലോട്ട് പോയി.
ആരോ കൊടുത്തയച്ച സന്ദേശം പറഞ്ഞിട്ടും മറുപടി കിട്ടാത്തപോലെ വീണ്ടും താഴെ എന്റെ അരികിലേക്ക് വന്നു. സന്ദേശം വീണ്ടും കേൾപ്പിച്ചു, "പ്രിയ മാനസാ നീ വാ വാ". എവിടേക്ക് എന്ന് ചോദിക്കുമ്പോഴേക്കും വീണ്ടും പറന്നകന്നു. ഏതോ കാമുകിയുടെ സ്വരം. പി ഭാസ്കരൻ മാഷേ ഓർത്തു. “അനാദികാലം മുതലേ ഈ അജ്ഞാത കാമുകനകലെ, ഏകാന്തതയുടെ മൗനഗാനമായി ഏതോ കാമുകിയെ കാത്തിരുപ്പു.” പ്രണയാദ്രമായ മനസ്സുകളിൽ എന്നും ഉത്സവമേളം. “വെളുപ്പാൻ കാലത്ത് കണി കണ്ടു കണ്ണ് തുറന്നപ്പോൾ പ്രിയമുള്ളവൾ നൽകിയ വിഷുക്കൈനീട്ടങ്ങൾ മനസ്സിലെ മടിശീലയിൽ എപ്പോഴും കിലുങ്ങിക്കൊണ്ടിരിക്കുന്നു. വളയൊച്ചകൾ കേൾപ്പിക്കാതെ പാദസരങ്ങൾ അനക്കാതെ അവൾ വരുമ്പോൾ വീണ്ടും മനസ്സിളകുന്നു. പ്രണയം കാലത്തെ തോൽപ്പിക്കുന്നു. നിത്യയൗവ്വനത്തിനുള്ള ഔഷധമാണ് പ്രണയം.
ഒരു വിഷുകൂടി എത്തിച്ചേർന്നു. പ്രായമാകുന്നതിനേക്കാൾ മനുഷ്യർക്കെല്ലാം സങ്കടം ബാല്യം നഷ്ടപെട്ടതിലാണ് അല്ലെങ്കിൽ നഷ്ടപെടുന്നതിലാണ്. വിഷുവിനു പ്രിയപ്പെട്ടവരൊത്ത് കണികാണലിൽ പങ്കുചേരാൻ ഹ്ര്യസ്വസന്ദർശനത്തിന് എത്തിയ എന്നെ തൊടികളിലെ കിളികൾ കൂട്ടിനു വിളിക്കുന്നു. വീട്ടിൽ നിറയെ അതിഥികളും അവർക്കായി ഒരുക്കുന്ന ഭക്ഷണങ്ങളുടെ സ്വാദിഷ്ടമായ ഗന്ധവും അവരെയും ഉത്സാഹഭരിതരാക്കുന്നു. മരക്കൊമ്പുകളിൽ പറന്നുവന്നിരുന്നു ചിറകുകൾ അനക്കി ചുറ്റിലും നോക്കിയിരിക്കുന്ന കിളികളെ കണ്ടു എന്റെ കുട്ടിക്കാലം എത്രയോ മോഹിച്ചിരുന്നു അവരെപ്പോലെ ഒന്ന് പറക്കാൻ. അപ്പോഴാണ് തുഞ്ചന്റെ തത്ത വന്നു പറഞ്ഞത് സ്വപ്നം കാണു സങ്കൽപ്പങ്ങളിൽ മുഴുകു എങ്കിൽ എവിടെ വേണേലും പറക്കാം. കൂട്ടിനു ആ ബാലഗോപാലനെ വിളിച്ചോ? പശുക്കളെ മേക്കുമ്പോൾ പ്രണയകുടങ്ങളുമായി ദാഹം തീർക്കാൻ സുന്ദരിമാരായ ഗോപികമാർ വരും. പഞ്ചവർണ്ണക്കിളികളെ കാണാം. തുഷാരബിന്ദുക്കളിൽ ലോകം പ്രതിബിംബിക്കുന്നത് കാണാം. ഞാനും പറന്നു വായനയുടെ ലോകത്തേക്ക്.
ഒരു ഉരുളിയും അതിൽ ഐശ്വര്യത്തിന്റ പ്രതീകമായ വസ്തുക്കളും അരികിൽ വേണു ഊതുന്ന ഗോപാലകൃഷ്ണനും മറ്റു വിശേഷങ്ങളിൽ നിന്ന് വിഷുവിനെ വ്യത്യസ്തമാക്കുന്നു. തൊടിയിൽ സമൃദ്ധിയുടെ നിറവ് കാണിച്ചുകൊണ്ട് ചക്ക, മാങ്ങ, വിവിധതരം വാഴപ്പഴങ്ങൾ വിളഞ്ഞു കിടക്കുന്നു.കുട്ടികളായിരുന്നപ്പോൾ മാവിൻ ചുവട്ടിൽ നിന്ന് അണ്ണാറക്കണ്ണനോട് കെഞ്ചിയിരുന്നു. അണ്ണാറക്കണ്ണാ തൊണ്ണൂറു മൂക്കാ ഒരു മാമ്പഴം തന്നേ പോ. കുട്ടികളുടെ ആർപ്പു വിളിയും പാട്ടും കേട്ട് പരിഭ്രാന്താനായി അണ്ണാൻ ഓടുന്നു ഒരു മാമ്പഴം വീഴുന്നു. ആഹ്‌ളാദത്തോടെ അത് പെറുക്കിയെടുത്ത് മുത്തശ്ശിയുടെ അടുത്തേക്ക് ഓടുന്നു. മുത്തശ്ശി അതിന്റെ തൊലി ചെത്തി പൂളി തരുമ്പോൾ സ്വാദോടെ കഴിച്ച ഓർമ്മ നാവിൽ അതിന്റെ രുചി. പ്രഭാതത്തിലെ നീളുന്ന നിഴലിൽ കൊഴിഞ്ഞ പൂക്കൾ ആശ്വാസം കൊള്ളുന്നു. മുത്തശ്ശി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ വീണു കിടക്കുന്നുണ്ട് പൂക്കൾ. ഉണ്ണിയുടെ കാലൊച്ച കേട്ട് മുത്തശ്ശി എണീറ്റ് വരുമെന്ന ഒരു ആഗ്രഹം. കുറച്ചുനേരം നിശ്ചലമായ ആ മണ്ണിലേക്ക് നോക്കി നിന്നപ്പോൾ കണ്ണുനീർ ഒഴുകി. അവിടെ നിൽക്കാൻ കഴിഞ്ഞില്ല. വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ചെറിയമ്മക്ക് മനസ്സിലായി. "നീ എന്തിനാ ഇപ്പോൾ പറമ്പിലേക്ക് പോയത്" എന്ന് ചോദിച്ചു. വികാരനിർഭരമായ നിമിഷങ്ങൾ.ആണ്ടറുതികൾ പിരിഞ്ഞുപോയ പ്രിയപ്പെട്ടവരേ കൂടുതൽ ഓർമ്മിപ്പിക്കുന്നു.
സഹോദരി കണിയൊരുക്കുന്നതിന്റെ തിരക്കിലാണ്. ബ്രാഹ്മമുഹൂർത്തത്തിലാണ് കാണേണ്ടത്. കൃത്യമായി ബ്രാഹ്മമുഹൂർത്തം നിശ്ചയിക്കുക എളുപ്പമല്ലെങ്കിലും ഇത് കണക്കാക്കുന്നത് സൂര്യോദയത്തിനു മുന്നേയുള്ള 48 മിനിറ്റിനു മുന്നേയുള്ള 48 മിനിട്ടാണ് ബ്രാഹ്മമുഹൂർത്തം. അതായത് സൂര്യോദയം ആറു മണിക്കാണെങ്കിൽ ബ്രാഹ്മമുഹൂർത്തം 4 .24 നു. ). 5 .12 നു ഇതവസാനിക്കും ഒരു മുഹൂർത്തം 48 മിനിട്ടാണ്. 24 മണിക്കൂർ ദിവസത്തിൽ 30 മുഹൂർത്തങ്ങൾ. (പകൽ 15 രാത്രി 15. ഈ സമയത്താണ് വിഷുക്കണി കാണുന്നത്.
കണികണ്ടുണരാമെന്ന സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു. മുറി പുതുക്കി പണിതെങ്കിലും ഇവിടെയാണ് വർഷങ്ങൾക്ക് മുമ്പ് മുത്തശ്ശിയോടൊപ്പം കിടന്നിരുന്നത്. എന്തെല്ലാം സംശയങ്ങൾ, ചോദ്യങ്ങൾ. എല്ലാറ്റിനു മുത്തശ്ശിക്ക് മറുപടി ഉണ്ടായിരുന്നു. ഇന്നിപ്പോൾ ഉത്തരങ്ങൾ സ്വയം കണ്ടെത്തണം. കണികാണാൻ സഹോദരിയുടെ വിളിയും ഓർത്തുകൊണ്ട് ഉറക്കത്തിലേക്ക്. എല്ലാവർക്കും ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ.
ശുഭം